ആലപ്പുഴ: സോളാര്‍ കുംഭകോണത്തില്‍ അറിഞ്ഞുകൊണ്ട് ഒരു തെറ്റും ചെയ്തിട്ടില്ലെന്ന് പറയുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കുറ്റസമ്മതം നടത്തിയിരിക്കുകയാണെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഡോ. ടി എം തോമസ് ഐസക് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അറിഞ്ഞാണോ അറിയാതെയാണോ ചെയ്തത് എന്നതല്ല പ്രസക്തം. കുറ്റം ചെയ്തിട്ടുണ്ടോ എന്നതാണ് പ്രധാനം. മുഖ്യമന്ത്രിയുടെ ഓഫീസ് ക്രിമിനല്‍ കുറ്റത്തിന് വേദിയായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും മുഖ്യമന്ത്രിയും രണ്ടല്ല. അതുകൊണ്ട് ഓഫീസില്‍ നടക്കുന്ന കാര്യങ്ങളില്‍ മുഖ്യമന്ത്രിക്ക് ഉത്തരവാദിത്തമുണ്ട്. ഉമ്മന്‍ചാണ്ടിയുടെ സന്തതസഹചാരിയായ ജോപ്പന്റെ അറസ്റ്റ് ഈ കേസിലെ വഴിത്തിരിവാണ്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രി സ്ഥാനത്തു തുടര്‍ന്ന് കൊണ്ട് കേസില്‍ ശരിയായ അന്വേഷണം നടത്താന്‍ സാധ്യമല്ല. കേസില്‍ ഉമ്മന്‍ചാണ്ടിയ ചോദ്യം ചെയ്യണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതിനാല്‍ അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണം നേരിടണം. ഉമ്മന്‍ചാണ്ടി രാജിവെച്ചാല്‍ ബദല്‍ മന്ത്രിസഭയുണ്ടാക്കാന്‍ സിപിഐ എം ശ്രമിക്കുമോയെന്ന ചോദ്യത്തിന് ഭൂരിപക്ഷമുള്ളിടത്തോളം കാലം യുഡിഎഫ് തുടരുമെന്നായിരുന്നു മറുപടി. യുഡിഎഫ് മന്ത്രിസഭ രാജിവെക്കണമെന്നല്ല എല്‍ഡിഎഫ് ആവശ്യപ്പെട്ടതെന്നും ഐസക് ചൂണ്ടിക്കാട്ടി.
അന്വേഷണം അട്ടിമറിക്കാന്‍ മുഖ്യമന്ത്രി ഇടപെടുന്നു
സോളാര്‍ തട്ടിപ്പുകേസില്‍ നിരന്തരം തെളിവുകള്‍ പുറത്തു വന്നിട്ടും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഇടപെട്ട് അന്വേഷണം അട്ടിമറിക്കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിനെ അന്വേഷണത്തില്‍നിന്ന് അന്വേഷണസംഘം ഒഴിവാക്കുകയാണ്. കോന്നിയിലെ വ്യവസായി ശ്രീധരന്‍നായരില്‍ നിന്ന് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണെന്ന് ജോപ്പന്‍ നല്‍കിയ മൊഴി നിലനില്‍ക്കെയാണ് മുഖ്യമന്ത്രി ഇടപെട്ട് കേസ് അട്ടിമറിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുവന്നാല്‍, ഓഫീസിന്റെ കസ്റ്റോഡിയനായ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും ചോദ്യംചെയ്യേണ്ടിവരും. ഇതാണ് അന്വേഷണസംഘത്തെ പിന്തിരിപ്പിക്കുന്നത്.
സരിത എസ് നായരും ബിജു രാധാകൃഷ്ണനും ശ്രീധരന്‍നായരുമായി കരാര്‍ ഉറപ്പിച്ചതും 40 ലക്ഷം രൂപ കൈമാറിയതും മുഖ്യമന്ത്രിയുടെ ഓഫീസിലാണെന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ജോപ്പന്റെ മൊഴി. ഇതോടെ അന്വേഷണം മുഖ്യമന്ത്രിയിലേക്കും അദ്ദേഹത്തിന്റെ ഓഫീസിലേക്കും നീളേണ്ടത് അനിവാര്യമായി. കുറ്റകൃത്യം നടന്ന സ്ഥലത്ത് തെളിവെടുപ്പ് വേണ്ടിവരുമെന്ന് അന്വേഷണസംഘത്തെ കുഴക്കി. എവിഡന്‍സ് ആക്ടുപ്രകാരം ഉമ്മന്‍ചാണ്ടിക്കെതിരെ മൊഴിയെടുക്കണമെന്ന് സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജ് അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസിന് ഇക്കാര്യങ്ങളിലുള്ള പരിമിതിയാണ് ചുവടുമാറ്റത്തിനു കാരണം. കേസിന്റെ ഗൂഢാലോന നടന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലല്ലെന്നും മുഖ്യമന്ത്രിക്ക് ഏതെങ്കിലും തരത്തിലുള്ള ക്രിമിനല്‍ ബന്ധമില്ലെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പുതിയ വാദം.
ശാലുവിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍ കേന്ദ്രമന്ത്രിമാരും
ചങ്ങനാശേരി: സോളാര്‍ തട്ടിപ്പുകേസില്‍ പങ്കാളിയായ സീരിയല്‍ നടി ശാലുമേനോന്റെ അറസ്റ്റ് വൈകുന്നതിനുപിന്നില്‍ രണ്ട് കേന്ദ്രമന്ത്രിമാരെന്ന് സൂചന. മന്ത്രിമാരെ സംബന്ധിച്ച ചില രേഖകള്‍ ശാലുവിന്റെ പക്കലുണ്ടെന്നും അവ പുറത്തുവരുമെന്ന് ഭയക്കുന്നതിനാലുമാണ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്ന് സംസാരമുണ്ട്. ശാലുവിനെ സെന്‍സര്‍ ബോര്‍ഡ് അംഗമാക്കാന്‍ നിര്‍ദേശിച്ചത് താനാണെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് സമ്മതിച്ചിരുന്നു. കെ സി വേണുഗോപാലിനും ശാലുവുമായി അടുത്ത ബന്ധമുണ്ടെന്നത് വെളിപ്പെട്ടിട്ടുണ്ട്. ശാലുവിനെ ചോദ്യം ചെയ്യരുതെന്നും കേസില്‍പ്പെടുത്തരുതെന്നും ആഭ്യന്തര വകുപ്പിന്റെ നിര്‍ദേശം പൊലീസിന് ലഭിച്ചിരുന്നു. എന്നാല്‍ ബിജു രാധാകൃഷ്ണനുമായുള്ള ബന്ധവും ഇടപാടുകളും പുറത്തായതോടെ അന്വേഷണസംഘം ശാലുവിനെ തിരുവല്ലയില്‍ ചോദ്യംചെയ്തു. പിറ്റേന്നുതന്നെ അന്വേഷണ സംഘത്തലവനുമേല്‍ ശക്തമായ സമ്മര്‍ദമുണ്ടായതായി. ബിജു രാധാകൃഷ്ണന്‍ ഒളിവിലാകുന്നതിന് തലേന്ന് തന്റെ ഒപ്പമുണ്ടായിരുന്നൂവെന്ന് ശാലു വെളിപ്പെടുത്തിയിരുന്നു. ബിജു ഉപയോഗിച്ചത് ശാലുവിന്റെ മൊബൈല്‍ ഫോണാണ്. ഇനിയും അറസ്റ്റ് വൈകുന്നത് അന്വേഷണത്തെതന്നെ ബാധിക്കാനിടയുണ്ട്.
ഹൈക്കമാന്‍ഡിന് രോഷം
ന്യൂഡല്‍ഹി: സോളാര്‍ തട്ടിപ്പുവിവാദം യുഡിഎഫ് സര്‍ക്കാരിന്റെ പ്രതിഛായ തകര്‍ത്തെന്ന് ഹൈക്കമാന്‍ഡ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സാധ്യതകളെ തകിടംമറിക്കുംവിധം വിവാദമുയര്‍ന്നതിലും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും അദ്ദേഹത്തിന്റെ ഓഫീസും അഴിമതിയുടെ നിഴലിലായതിലും ഹൈക്കമാന്‍ഡിന് കടുത്ത അതൃപ്തിയുണ്ട്്. നിയമസഭാ സമ്മേളനം പുനരാരംഭിക്കുന്ന എട്ടിനകം മുഖംരക്ഷിക്കല്‍ നടപടിക്ക് ഒരുങ്ങുകയാണ് ദേശീയനേതൃത്വം. യുഡിഎഫ് സര്‍ക്കാരിന്റെ പോക്ക് ശരിയായ ദിശയിലല്ലെന്ന വിലയിരുത്തലിലാണ് നേതൃത്വം. സോളാര്‍ കേസ് പ്രതികളുമായി മുഖ്യമന്ത്രിക്കും ഓഫീസിനുമുള്ള അടുത്ത ബന്ധം ഗൗരവമായാണ് നേതൃത്വം പരിഗണിക്കുന്നത്.
സംസ്ഥാനങ്ങളില്‍ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ കോണ്‍ഗ്രസ് തുടങ്ങിയ ഘട്ടത്തിലാണ് കേരളം തലവേദനയാകുന്നത്. തെരഞ്ഞെടുപ്പില്‍ പകുതി സീറ്റെങ്കിലും കിട്ടുമെന്നാണ് ഈയിടെ സംസ്ഥാനത്തിന്റെ ചുമതലയൊഴിഞ്ഞ മധുസൂദന്‍ മിസ്ത്രി നേതൃത്വത്തെ ധരിപ്പിച്ചത്. സര്‍ക്കാര്‍ അനുദിനം വിവാദങ്ങളില്‍ കുഴയുകയും ഗ്രൂപ്പ്പോര് ശക്തമാകുകയും ചെയ്തതോടെ 2004ലെ തെരഞ്ഞെടുപ്പ് ഫലം ആവര്‍ത്തിക്കുമോയെന്ന ആശങ്കയാണ് നേതൃത്വത്തിന്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച ആന്ധ്രാ പ്രദേശിലും മഹാരാഷ്ട്രയിലും രാജസ്ഥാനിലും കോണ്‍ഗ്രസ് പ്രതിസന്ധിയിലാണ്. കേരളവും ഈ സാഹചര്യത്തിലേക്ക് നീങ്ങുന്നതോടെയാണ് കേരളത്തില്‍ അടിയന്തര ഇടപെടലിന് ഒരുങ്ങുന്നത്
deshabhimani
ഈ ഇടതുപക്ഷ ചിന്താഗതിയില്‍ നിങ്ങളുടെ നേതാക്കളുടെ കുറ്റങ്ങള്‍ ഉള്പ്പെടില്ലേ.നിങ്ങള്‍ ഏതു നാട്ടുകാരനാണാവോ.....കുറച്ചു സംശയം തീര്‍ക്കാനുണ്ടായിരുന്നു.......
ReplyDelete