Monday, June 24, 2013

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ 10 ലക്ഷം രൂപയുടെ ചില്ലിച്ചിക്കന്‍ തട്ടിപ്പ്

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ ചപ്പാത്തി നിര്‍മാണ യൂണിറ്റില്‍ ചില്ലിച്ചിക്കന്‍ നിര്‍മാണത്തിനായി ഒരു ദിവസം എത്തിക്കുന്നത്് 300 കിലോ കോഴിയിറച്ചി. എന്നാല്‍, രജിസ്റ്ററുകളില്‍ ഇത് 800 കിലോയായി മാറും. അതായത് 500 കിലോ കോഴിയിറച്ചിയുടെ വിലയായ 54,000 രൂപയുടെ വെട്ടിപ്പ്. ഒരുവിഭാഗം ജയില്‍ ജീവനക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് അയച്ച കത്തിലാണ് വെട്ടിപ്പ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മെയ് മാസത്തിലെ കണക്കുകള്‍ വിശദമാക്കിയാണ് ജീവനക്കാര്‍ ജയില്‍ അധികൃതര്‍ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്. നേരത്തെ ചപ്പാത്തി വില്‍പ്പനയിലും ക്രമക്കേട് നടന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. അഴിമതി ആരോപണത്തേത്തുടര്‍ന്ന് ചപ്പാത്തി യൂണിറ്റിലെ ജീവനക്കാരെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെയും സ്ഥലം മാറ്റിയിട്ടുണ്ട്. സാധാരണ സ്ഥലംമാറ്റം മാത്രമെന്നാണ് ജയിലധികൃതരുടെ ഔദ്യോഗിക അറിയിപ്പ്.

കോഴിയിറച്ചി സപ്ലൈ ചെയ്യുന്ന കരാറുകാരുമായി ഒത്തുകളിച്ചാണ് തിരിമറിയെന്ന് പരാതിയില്‍ പറയുന്നു. ബില്ലുകള്‍ എല്ലാം ചപ്പാത്തി യൂണിറ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ കയ്യിലാണ് എത്തുന്നത്. 300 കിലോ ഇറച്ചി വാങ്ങി 800 കിലോയുടെ ബില്‍ വാങ്ങിക്കും. പിന്നീട് രജിസ്റ്ററില്‍ 3 എന്ന അക്കം 8 ആക്കി തിരുത്തും. ഈ മാസം ജൂണ്‍ ഏഴിന് യാദൃശ്ചികമായി മറ്റൊരു ഉദ്യോഗസ്ഥന്റെ കയ്യിലാണ് ബില്ല് കിട്ടിയത്. തുടര്‍ന്നാണ് ലക്ഷക്കണക്കിന് രൂപയുടെ വെട്ടിപ്പ് വ്യക്തമായത്. വില്‍പ്പനക്കണക്കിലും തിരിമറി നടന്നതായാണ് ആക്ഷേപം. 10 ലക്ഷം രൂപയോളം വെട്ടിപ്പ് നടന്നതായാണ് കണക്ക്. ആരോപണം ഉയര്‍ന്നതിനേത്തുടര്‍ന്ന് ജയില്‍ ഓഡിറ്റ് വിഭാഗം കണക്കുകള്‍ പരിശോധിച്ചുവരികയാണ്. പിടിക്കപ്പെടുമെന്ന് കണ്ട് ഏഴ് ലക്ഷം ഉദ്യോഗസ്ഥന്‍ തിരിച്ചടച്ചതായാണ് അറിയുന്നതെന്നും ജീവനക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.

deshabhimani

No comments:

Post a Comment