Saturday, June 29, 2013

വ്യാജ പാസ്പോര്‍ട്ട്: നടപടി ഒഴിവാക്കാന്‍ വിദേശകാര്യ ജോയിന്റ് സെക്രട്ടറി ഇടപെട്ടു

അനധികൃത പാസ്പോര്‍ട്ട് തരപ്പെടുത്തിയവര്‍ക്കെതിരെയുള്ള നിയമനടപടി ഒഴിവാക്കാന്‍ മലപ്പുറം, കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് വിദേശകാര്യ ജോയിന്റ് സെക്രട്ടറിയായ ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ വഴിവിട്ട് ഉത്തരവ് നല്‍കിയതായി സിബിഐ കണ്ടെത്തി. നിയമം ലംഘിച്ച് ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ മുക്തേഷ് കുമാര്‍ പര്‍ദേശി ഇറക്കിയ ഉത്തരവ് സിബിഐ അന്വേഷണസംഘത്തിന് ലഭിച്ചു. ഇതുസംബന്ധിച്ച നിയമം പാര്‍ലമെന്റിനേ ഭേദഗതി ചെയ്യാനാവൂ എന്നിരിക്കെയാണ് രാജ്യത്തെ രണ്ട് പാസ്പോര്‍ട്ട് ഓഫീസുകള്‍ക്ക് മാത്രമായി വിദേശകാര്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന്‍ ഇടപെട്ട് വന്‍ തട്ടിപ്പിന് വഴിയൊരുക്കിയത്. ഇത് വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ ഒത്താശയോടെയാണെന്ന് സൂചനയുണ്ട്.

2012 ഡിസംബര്‍ 12ന് മലപ്പുറത്തെത്തിയ ചീഫ് പാസ്പോര്‍ട്ട് ഓഫീസര്‍ മലപ്പുറം, കോഴിക്കോട് റീജ്യണല്‍ പാസ്പോര്‍ട്ട് ഓഫീസര്‍മാരുടെ യോഗം വിളിച്ചാണ് നിയമവിരുദ്ധ ഉത്തരവ് ഇറക്കിയത്. വിമാനത്താവളത്തില്‍ കൃത്രിമം കണ്ടെത്തി പിടികൂടുന്ന പാസ്പോര്‍ട്ടുകള്‍ തുടര്‍നടപടി സ്വീകരിക്കാതെ പാസ്പോര്‍ട്ട് ഉടമയ്ക്ക് കൈമാറണമെന്നായിരുന്നു ഉത്തരവ്. ഇതേത്തുടര്‍ന്ന് നൂറുകണക്കിന് തട്ടിപ്പ് പാസ്പോര്‍ട്ടുകള്‍ മടക്കി നല്‍കിയിട്ടുണ്ട്. ഡിസംബര്‍വരെ ഇത്തരം 137 കേസ് രജിസ്റ്റര്‍ ചെയ്തിരുന്നിടത്താണ് തുടര്‍ന്ന് ഒരു കേസുപോലും എടുക്കാതിരുന്നത്. സിബിഐ നടത്തിയ മിന്നല്‍പരിശോധനയില്‍ ഏതാനും ദിവസത്തെ റെക്കോഡുകളില്‍നിന്നുതന്നെ അമ്പതോളം പാസ്പോര്‍ട്ടുകള്‍ നടപടി സ്വീകരിക്കാതെ വിട്ടുനല്‍കിയതായി കണ്ടെത്തി. വിശദ പരിശോധനയിലേ തട്ടിപ്പിന്റെ ആഴം വ്യക്തമാകൂ.

പാസ്പോര്‍ട്ടില്‍ കൃത്രിമം ബോധ്യപ്പെട്ടാല്‍ ശക്തമായ നിയമനടപടികളാണ് ചട്ടം വ്യവസ്ഥചെയ്യുന്നത്. ഒരു കാരണവശാലും ഉടമകള്‍ക്ക് മടക്കിനല്‍കാന്‍ പാടില്ലെന്നും ചട്ടമുണ്ട്. ഇക്കാര്യത്തില്‍ ഏതെങ്കിലും പ്രദേശത്തിനോ പാസ്പോര്‍ട്ട് ഓഫീസുകള്‍ക്കോ ഇളവ് നല്‍കാന്‍ നിയമം അനുശാസിക്കുന്നില്ല. തിരിച്ചുനല്‍കിയവയില്‍ ഏറെയും സ്ത്രീകളുടെ പാസ്പോര്‍ട്ടുകളാണെന്നാണ് വിവരം. കേരളംവഴി മനുഷ്യക്കടത്ത് നടക്കുന്നതായും ഇതിലധികവും ലൈംഗിക വാണിഭത്തിനാണെന്നുമുള്ള കേസുകള്‍ പുറത്തുവരുന്ന ഘട്ടത്തില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ പോലും ഇതിനായി ദുരുപയോഗപ്പെടുത്തിയെന്നാണ് തെളിവുകള്‍ വ്യക്തമാക്കുന്നത്.

നെടുമ്പാശേരിവഴിയുള്ള മനുഷ്യക്കടത്ത് പിടിച്ചപ്പോള്‍ മലപ്പുറം, കോഴിക്കോടുവഴി പാസ്പോര്‍ട്ട് എടുത്തവര്‍ രക്ഷപ്പെടുന്ന സാഹചര്യമാണ് ഇതുവഴി ഉണ്ടായത്. പലപ്പോഴും വിദേശത്തുപോയി തിരിച്ചുവന്നിട്ടുള്ളവരുടെ പാസ്പോര്‍ട്ടുകളാണ് ഇത്തരത്തില്‍ കൂടുതലായി പിടിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ ചീഫ് പാസ്പോര്‍ട്ട് ഓഫീസറില്‍ ശക്തമായ രാഷ്ട്രീയസമ്മര്‍ദം ഉണ്ടായിരുന്നതായാണ് സൂചന. കേസില്‍ ചീഫ് പാസ്പോര്‍ട്ട് ഓഫീസറെയും പ്രതിചേര്‍ക്കുമെന്ന് സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. ഇദ്ദേഹത്തെ ചോദ്യംചെയ്യുന്നതിന് കൊച്ചിയിലേക്കു വിളിപ്പിച്ചേക്കുമെന്നും സൂചനയുണ്ട്. മലപ്പുറത്തെ പാസ്പോര്‍ട്ട് ഓഫീസര്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാന്‍ അബ്ദുള്‍റഷീദിനെതിരായ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ റെയ്ഡിലാണ് ദേശദ്രോഹംപോലുമാകാവുന്ന തട്ടിപ്പിലേക്ക് വെളിച്ചംവീശുന്ന തെളിവുലഭിച്ചത്.
(ഷഫീഖ് അമരാവതി)

പാസ്പോര്‍ട്ട് ഓഫീസറെ രക്ഷിക്കാന്‍ ലീഗ്

മലപ്പുറം: അഴിമതി നിരോധന നിയമ പ്രകാരം സിബിഐ കേസെടുത്ത മലപ്പുറം പാസ്പോര്‍ട്ട് ഓഫീസറെ രക്ഷിക്കാന്‍ മുസ്ലിംലീഗ് ഇടപെടുന്നു. കേസെടുത്ത് രണ്ടാഴ്ചയായിട്ടും പാസ്പോര്‍ട്ട് ഓഫീസര്‍ കെ അബ്ദുല്‍ റഷീദ് സര്‍വീസില്‍ തുടരുകയാണ്. സര്‍വീസില്‍നിന്ന് മാറ്റിനിര്‍ത്താനോ ചോദ്യംചെയ്യാനോ ഇതുവരെയും നിര്‍ദേശമുണ്ടായിട്ടില്ല. വെള്ളിയാഴ്ചയും റഷീദ് ഓഫീസിലെത്തി. പാസ്പോര്‍ട്ട് ഓഫീസര്‍ കൈക്കൂലി വാങ്ങിയതിന് വ്യക്തമായ തെളിവ് സിബിഐയുടെ പക്കലുണ്ട്. റഷീദിന്റെ വളാഞ്ചേരിയിലെ വീട്ടിലെ റെയ്ഡില്‍ 2.35 ലക്ഷം രൂപ കണ്ടെടുത്തിരുന്നു. ഓഫീസിലും ട്രാവല്‍ ഏജന്‍സികളിലുമുണ്ടായ പരിശോധനയിലും ക്രമക്കേട് കണ്ടെത്തി. റഷീദിന്റെ രണ്ട് ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു. കരിപ്പൂര്‍ വിമാനത്താവളം വഴിയുള്ള മനുഷ്യക്കടത്ത് സംബന്ധിച്ചും സിബിഐയ്ക്ക് തെളിവ് കിട്ടി. ഇത്രയൊക്കെയായിട്ടും പാസ്പോര്‍ട്ട് ഓഫീസറെ ചോദ്യംചെയ്യാനോ അറസ്റ്റ് ചെയ്യാനോ സിബിഐ തയ്യാറായിട്ടില്ല. കുറ്റക്കാരനാണെന്ന് പ്രാഥമിക തെളിവ് ലഭിച്ചിട്ടും സസ്പെന്‍ഡ് ചെയ്യാനും ഉത്തരവായിട്ടില്ല. കേന്ദ്ര വിദേശകാര്യ മന്ത്രാലയം തുടരുന്ന നിസംഗത സംശയാസ്പദമാണ്. റഷീദ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാസ്പോര്‍ട്ട് ഓഫീസര്‍മാരുടെ യോഗത്തിലും പങ്കെടുത്തു.

മലപ്പുറം ആംഡ് റിസര്‍വ് പൊലീസില്‍ അസിസ്റ്റന്റ് കമാന്‍ഡന്റായിരുന്ന റഷീദ് 2011 ആഗസ്തിലാണ് പാസ്പോര്‍ട്ട് ഓഫീസറായത്. രണ്ടുവര്‍ഷത്തെ ഡെപ്യൂട്ടേഷനിലാണ് വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ ഓഫീസില്‍നിന്ന് നേരിട്ട് നിയമനം നല്‍കിയത്. പി കെ കുഞ്ഞാലിക്കുട്ടിയുടെയും കെ പി എ മജീദിന്റെയും ഗണ്‍മാനായിരുന്ന റഷീദിനെ ചോദ്യംചെയ്യുന്നത് ലീഗ് നേതൃത്വം ഭയപ്പെടുന്നു. റഷീദിന്റെ ഡെപ്യൂട്ടേഷന്‍ അവസാനിക്കുന്ന ആഗസ്ത് വരെ നടപടി നീട്ടിക്കൊണ്ടുപോകാനാണ് വിദേശകാര്യ മന്ത്രാലയത്തിലെ നീക്കമന്നറിയുന്നു.

deshabhimani

No comments:

Post a Comment