Wednesday, June 26, 2013

മന്ത്രിമാര്‍ കള്ളം പറയുന്നെന്ന് ബദരീനാഥില്‍ കുടുങ്ങിയവര്‍

""ഇന്നു രാവിലെപോലും ഛത്തീസ്ഗഢ് സംസ്ഥാന സര്‍ക്കാരിന്റെ ഹെലികോപ്ടര്‍ എത്തി അവരുടെ നാട്ടുകാരെ തെരഞ്ഞുപിടിച്ച് കയറ്റിക്കൊണ്ടുപോയി. ഞങ്ങളെ അന്വേഷിക്കാന്‍ ആരുമില്ല. മന്ത്രിമാര്‍ മാധ്യമങ്ങളോട് പറയുന്നത് പച്ചക്കള്ളമാണ്. സര്‍ക്കാരിന്റെ ഒരാളും ഞങ്ങളെ രക്ഷിക്കുന്നതിനായി ശ്രമിക്കുന്നില്ല""- ബദരീനാഥില്‍ ജൂണ്‍ 16 മുതല്‍ കുടുങ്ങിപ്പോയ മലയാളികളിലൊരാളായ തിരുവനന്തപുരം മണ്ണന്തല സ്വദേശി വിശ്വംഭരന്‍ ഫോണിലൂടെ "ദേശാഭിമാനി"യോട് പറഞ്ഞു.

ചൊവ്വാഴ്ച ഉച്ചവരെയും ബദരീനാഥില്‍ തെളിഞ്ഞ കാലാവസ്ഥയായിരുന്നു. രണ്ട് ഹെലിപാഡുകളുണ്ട് ഇപ്പോള്‍ ബദരീനാഥില്‍. ഒന്ന് സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ളത്. മറ്റേതില്‍ സ്വകാര്യ ഹെലികോപ്ടറുകളും എത്തുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും സ്വകാര്യ ഏജന്‍സികളുടെയും ഹെലികോപ്ടറുകള്‍ ഡെറാഡൂണിനും ഹരിദ്വാറിനുമപ്പുറത്തേക്ക് പോകുന്നേയില്ലെന്ന മന്ത്രി കെ സി ജോസഫിന്റെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ വിശ്വംഭരന്‍ പറഞ്ഞു, ""ഞങ്ങള്‍ ഇവിടെനിന്ന് ഇതൊക്കെ കാണുന്നതല്ലേ? രണ്ടുദിവസംമുമ്പ് അയ്യായിരം ആളുകളാണ് ടോക്കണ്‍ കിട്ടാന്‍വേണ്ടി ഹെലിപാഡിനടുത്ത് വന്നുനിന്നത്. ഇന്നും ഛത്തീസ്ഗഢിന്റെ ഹെലികോപ്ടര്‍ വന്നു. ആളുകളെ കൊണ്ടുപോവുകയും ചെയ്തു. ഈ വിഷമാവസ്ഥയില്‍നിന്ന് ഞങ്ങള്‍ എന്തിന് കള്ളം പറയണം?"" ബദരീനാഥിലെ കടകളിലൊന്നും ഇനി ഒരു സാധനവും കിട്ടാനില്ല. എല്ലാം പൂട്ടി. സൈനികകേന്ദ്രത്തില്‍നിന്ന് ഇടയ്ക്ക് കിട്ടുന്ന ബിസ്കറ്റാണ് ഏക ആശ്രയം. ആശ്രമത്തിലുള്ളവരും തദ്ദേശീയരും പരമാവധി സഹായിച്ചു. ഇനി എന്താണെന്നറിയില്ല. കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഡെറാഡൂണിലും ഹരിദ്വാറിലും വന്നതായി അറിഞ്ഞു. മറ്റ് സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരാണ് ബദരീനാഥില്‍ വന്ന് നാട്ടുകാരെ കൊണ്ടുപോകുന്നതെന്ന് വിശ്വംഭരന്‍ പറഞ്ഞു.

സംസ്ഥാനം സ്വന്തം നിലയ്ക്കുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് കാലതാമസം വന്നതല്ലേ ഈ അവസ്ഥയ്ക്ക് കാരണമെന്ന് മന്ത്രി കെ സി ജോസഫിനോട് ചോദിച്ചപ്പോള്‍, സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്തുവെന്നായിരുന്നു മറുപടി. ഡല്‍ഹിയിലെ റസിഡന്റ് കമീഷണര്‍ ചൊവ്വാഴ്ചയാണ് ഡെറാഡൂണിലേക്ക് പോയത്. കേരളത്തിലെ ഉദ്യോഗസ്ഥര്‍ ഡെറാഡൂണിലാണ് ക്യാമ്പ് ചെയ്തിരിക്കുന്നത്. ഒരു സംഘം ഹരിദ്വാറിലുമുണ്ട്. ബദരീനാഥിലും മറ്റും കുടുങ്ങിപ്പോയവര്‍ ഇവിടെ എത്തിയാല്‍ അവരെ നാട്ടിലെത്തിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. റോഡുകളെല്ലാം ഒലിച്ചുപോയ ഹരിദ്വാര്‍- ബദരീനാഥ് റോഡുവഴി വാഹനത്തില്‍ എത്താനാകില്ല. ഹെലികോപ്ടറില്‍തന്നെ ഡെറാഡൂണില്‍ എത്തിക്കണം. ഇതിനാണ് സംവിധാനമില്ലാത്തത്. ലക്ഷത്തില്‍പ്പരം ആളുകളില്‍ ഇനി 10,000 പേരെയാണ് രക്ഷിച്ച് സുരക്ഷിതസ്ഥാനങ്ങളില്‍ എത്തിക്കാനുള്ളത്. ബദരീനാഥില്‍ കുടുങ്ങിയ മലയാളികള്‍ തങ്ങളെ രക്ഷിക്കണമെന്ന് ആവശ്യപ്പെടാന്‍ തുടങ്ങിയിട്ട് ഒരാഴ്ചയായി.
(വി ജയിന്‍)

ഉത്തരാഖണ്ഡ് : എ സമ്പത്ത് എം പി കുത്തിയിരുപ്പ് സമരം നടത്തുന്നു

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ അകപ്പെട്ടവരെ രക്ഷിക്കാന്‍ ശ്രമിക്കാത്ത കേരള സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എ സമ്പത്ത് എം പി കുത്തിയിരുപ്പ് സമരം നടത്തുന്നു. ഡല്‍ഹിയില്‍ കേരള ഹൗസിലെ റെസിഡന്റ് കമ്മീഷണറുടെ ഓഫീസിനുമുന്നിലാണ് കുത്തിയിരുപ്പ് സമരം നടത്തുന്നത്. ആറ്റിങ്ങല്‍ില്‍ നിന്നുള്ള സിപിഐ എം എം പിയാണ് എ സമ്പത്ത്.

പ്രളയമേഖലയില്‍ രാഹുലിന്റെ സന്ദര്‍ശന നാടകം

ഡെറാഡൂണ്‍: രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതിനാല്‍ വിഐപി സന്ദര്‍ശനം ഒഴിവാക്കണമെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയുടെ നിര്‍ദേശം അവഗണിച്ച് പ്രളയമേഖലയില്‍ രാഹുലിന്റെ സന്ദര്‍ശന നാടകം. ദുരിതമേഖലയിലിറങ്ങാന്‍ വിഐപികള്‍ക്ക് അനുമതി നല്‍കരുതെന്ന് ഷിന്‍ഡെ കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ദുരന്തത്തില്‍പ്പെട്ടവരെ സാഹസികമായി രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ വിഐപികള്‍ക്ക് സംരക്ഷണം കൊടുക്കുന്നത് സൈന്യത്തിന് ബാധ്യതയാണ്. ഇത് അവഗണിച്ചാണ് രാഹുല്‍ ചൊവ്വാഴ്ച ഗുപ്ത്കാശിയിലും കേദാര്‍നാഥിനും ആകാശവീക്ഷണം നടത്തിയത്. മോശം കാലാവസ്ഥയായതിനാല്‍ കോപ്റ്ററിന് ഇറങ്ങാന്‍ അനുവാദം നല്‍കിയില്ല.

തിങ്കളാഴ്ച സംസ്ഥാനത്ത് എത്തിയ രാഹുല്‍ സേനാക്യാമ്പിലാണ് രാത്രി കഴിഞ്ഞത്. അതേസമയം, രാഹുല്‍ സാധാരണക്കാരനായാണ് അവിടെ പോയതെന്ന് കോണ്‍ഗ്രസ് വക്താവ് രേണുകാചൗധരി പ്രതികരിച്ചു. രാഹുലിന്റെ സന്ദര്‍ശനത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും സുശീല്‍കുമാര്‍ ഷിന്‍ഡെയും കഴിഞ്ഞ ആഴ്ച പ്രളയമേഖലയില്‍ ആകാശവീക്ഷണം നടത്തിയിരുന്നു.

deshabhimani

No comments:

Post a Comment