Monday, June 24, 2013

മുഖ്യമന്ത്രിയുടെ രാജിക്കായി എല്‍ഡിഎഫ് മാര്‍ച്ച് തുടങ്ങി

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുയര്‍ന്ന ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തെത്തുടര്‍ന്ന് സഭാനടപടികള്‍ നിര്‍ത്തിവെച്ചു. മുഖ്യമന്ത്രിയുടെ കോള്‍സെന്റര്‍ ജീവനക്കാരനെതിരെ ഉയര്‍ന്ന ലൈംഗികാരോപണത്തെക്കുറിച്ച് സഭനിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ഇ പി ജയരാജന്‍ അടിയന്തര പ്രമേയത്തിന് അനുമതി തേടി. മുഖ്യമന്ത്രിയുടെ ഓഫീസ് എത്രമാത്രം തരംതാണെന്നതിന്റെ പുതിയ ഉദാഹരണമാണ് സംഭവം. ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് ലഭിച്ച മുഖ്യമന്ത്രിയുടെ ഓഫീസില്‍ നടക്കുന്നത് ഇത്തരം കാര്യങ്ങളാണെന്നും ഇപി തുടര്‍ന്നു.

മുഖ്യമന്ത്രിക്കെതിരായ ആരോപണമുയര്‍ത്തി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ സംസാരിച്ചതോടെ സ്പീക്കര്‍ വിഎസിന്റെ മൈക്ക് ഓഫ് ചെയ്തു. ഇതോടെ പ്രതിപക്ഷാംഗങ്ങള്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഭരണപക്ഷവും മുദ്രാവാക്യങ്ങളുമായി രംഗത്തെത്തിയതോടെ സഭ നിര്‍ത്തിവെക്കുകയായിരുന്നു.

പരാതി പറയാനായി മുഖ്യമന്ത്രിയുടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററിലേക്ക് വിളിച്ച യുവതിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ജീവനക്കാരനെ ചാനല്‍ വാര്‍ത്ത വന്നതിന് ശേഷമാണ് പുറത്താക്കിയതെന്ന് ഇ പി വ്യക്തമാക്കി. മെയ് 25ന് തന്നെ യുവതി പരാതി നല്‍കിയെങ്കിലും സംഭവം വിവാദമായതോടെയാണ് നടപടി സ്വീകരിക്കാന്‍ തയ്യാറായത്. യുവതിയുടെ പരാതി പൂഴ്ത്തിവെക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായതുകൊണ്ടാണ് പരാതി പൂഴ്ത്തിയതെന്നും രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടുകയാണ് ഉമ്മന്‍ചാണ്ടി ചെയ്യേണ്ടതെന്നും ഇപി വ്യക്തമാക്കി.

ഗിരീഷ് തന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമല്ലെന്നും മീഡിയ ബുക്കില്‍ ഗിരീഷിന്റെ പേര് തെറ്റായി വന്നതാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. ഗിരീഷിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും. തനിക്കെതിരെ പ്രതിപക്ഷം നിരന്തരം ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. തെറ്റ് ചെയ്ത കെ പി ഗിരീഷ് കുമാറിനെതിരെ നടപടയെടുത്തെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മറുപടി നല്‍കി. ഗിരീഷിനെതിരായ ആരോപണത്തെക്കുറിച്ച് പരാതി ലഭിച്ചപ്പോള്‍ത്തന്നെ അന്വേഷണം നടത്തി. 18ന് അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചതോടെ 19ന് തന്നെ ഇയാളെ പിരിച്ചുവിട്ടെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതില്‍ തെറ്റില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഗിരീഷിന്റെ ഫോണിലേക്ക് യുവതിയുടെ ഫോണില്‍ നിന്നാണ് കോള്‍ വന്നത്. അന്വേഷണം പുരോഗിക്കുകയാണ്. അന്വേഷണ റിപ്പോര്‍ട്ട് ലഭിച്ചശേഷം കൂടുതല്‍ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

പരാതിക്കാരിയായ യുവതിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയ ആഭ്യന്തര മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്ലക്കാര്‍ഡുകളും ബാനറുകളുമായാണ് പ്രതിപക്ഷം സഭയിലെത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഒന്നിന് പുറകെ ഒന്നായി പരാതികള്‍ വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അധികാരത്തില്‍ തുടരാന്‍ ഉമ്മന്‍ചാണ്ടിയ്ക്ക് അവകാശമില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.

മുഖ്യമന്ത്രിയുടെ രാജിക്കായി എല്‍ഡിഎഫ് മാര്‍ച്ച് തുടങ്ങി

തിരു: സോളാര്‍ തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ നിയമസഭയിലേക്ക് മാര്‍ച്ച് തുടങ്ങി. രാവിലെ 10ന് പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ജില്ലാ ആസ്ഥാനങ്ങളില്‍ കലക്ടറേറ്റിലേക്കു പ്രവര്‍ത്തകര്‍ മാര്‍ച്ച് തുടങ്ങി. വെള്ളിയാഴ്ച നടത്താനിരുന്ന നിയമസഭാ മാര്‍ച്ച് നിയമസഭാസമ്മേളനം ഉപേക്ഷിച്ചതിനെതുടര്‍ന്നാണ് തിങ്കളാഴ്ചയ്ക്ക് മാറ്റിയത്. സോളാര്‍ തട്ടിപ്പുകേസില്‍ പുതിയ തെളിവുകള്‍ പുറത്തുവന്നിട്ടും രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണത്തെ നേരിടാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാകാത്ത സാഹചര്യത്തിലാണ്് എല്‍ഡിഎഫ് മാര്‍ച്ച്.

deshabhimani

No comments:

Post a Comment