Wednesday, June 26, 2013

കാലവര്‍ഷക്കെടുതിയില്‍ 45 മരണം, ഒന്നും ചെയ്യാതെ സര്‍ക്കാര്‍

സംസ്ഥാനത്ത് കാലവര്‍ഷക്കെടുതിയില്‍ 45 പേര്‍ മരിച്ചതായി മന്ത്രി അടൂര്‍ പ്രകാശ് നിയമസഭയെ അറിയിച്ചു. 175 വീട് പൂര്‍ണമായും 3029 വീട് ഭാഗികമായും നശിച്ചു. കാര്‍ഷികമേഖലയില്‍ 60 കോടിയുടെ നഷ്ടമുണ്ട്. റോഡുകളും കെട്ടിടങ്ങളും തകര്‍ന്നതിന്റെ നഷ്ടം കണക്കാക്കിയിയിട്ടില്ലെന്നും മന്ത്രി പറഞ്ഞു. ഞായറാഴ്ചവരെയുള്ള കണക്കാണിത്. 116 താല്‍ക്കാലിക ദുരിതാശ്വാസ ക്യാമ്പുകളിലായി 55,000 പേര്‍ കഴിയുന്നുണ്ട്. ആലപ്പുഴ ജില്ലയില്‍ 90 ക്യാമ്പ് പ്രവര്‍ത്തിക്കുന്നു.

2007 നുശേഷം ആദ്യമായാണ് ഇത്രയും ശക്തമായ മഴ ലഭിക്കുന്നത്. ഇതുവരെ ലഭിക്കേണ്ടതിന്റെ 66 ശതമാനം അധിക മഴ ലഭിച്ചു. ദുരിതബാധിതര്‍ക്ക് സൗജന്യ റേഷന്‍ നല്‍കുന്നതിന് 5900 ടണ്‍ അരിയും 652 ടണ്‍ ഗോതമ്പും സൗജന്യ നിരക്കില്‍ നല്‍കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മഴക്കെടുതിമൂലമുണ്ടായ നാശനഷ്ടം കണക്കാക്കിയശേഷം കേന്ദ്രസഹായം തേടും. ദുരിതാശ്വാസ ക്യാമ്പുകളിലെ കുടുംബങ്ങള്‍ക്ക് 2000 രൂപയുടെ ഒറ്റത്തവണസഹായം അനുവദിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും വീടുകളില്‍നിന്ന് മാറി താമസിക്കുന്നവര്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കും ആദിവാസികള്‍ക്കും കയര്‍തൊഴിലാളികള്‍ക്കും രണ്ടാഴ്ചത്തെ റേഷന്‍ നല്‍കും. മഴക്കെടുതി നേരിടുന്നതിന് 6.24 കോടി അനുവദിച്ചു. ക്യാമ്പ് സന്ദര്‍ശിച്ച് നടപടി സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പിന് നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

ഒന്നും ചെയ്യാതെ സര്‍ക്കാര്‍

കാലവര്‍ഷക്കെടുതിയില്‍ സര്‍വവും നശിച്ചവര്‍ക്ക് ദുരിതാശ്വാസക്യാമ്പുകളില്‍ തീരാദുരിതം. ക്യാമ്പുകളിലുള്ളവര്‍ക്ക് ഭക്ഷണം നല്‍കാന്‍ അരി പോലുമില്ലെന്ന് കലക്ടര്‍മാര്‍ക്ക് പറയേണ്ട ദയനീയസാഹചര്യം. മുറപോലെ നടക്കുന്ന മന്ത്രിമാരുടെ ജില്ലാതല അവലോകനയോഗങ്ങളിലും മുഖ്യമന്ത്രിയുടെ വീഡിയോകോണ്‍ഫറന്‍സിലും പ്രഖ്യാപനങ്ങളിലും ഒതുങ്ങുന്നു അടിയന്തര ദുരിതാശ്വാസം. മഴയ്ക്കൊപ്പം പനിയും പകര്‍ച്ചവ്യാധികളും ജനങ്ങളെ വേട്ടയാടുമ്പോള്‍ മാധ്യമങ്ങളെ വിളിച്ചുകൂട്ടിയുള്ള അവലോകനയോഗത്തില്‍ അവസാനിപ്പിക്കുന്നു ആരോഗ്യമന്ത്രിയുടെ നടപടി.
ഉത്തരാഖണ്ഡിലെ പ്രളയക്കെടുതിയിലകപ്പെട്ട മലയാളികളുടെ അവസ്ഥ എന്തെന്ന് ആര്‍ക്കുമറിയില്ല. ഇടയ്ക്ക് ബന്ധുക്കളുമായും മറ്റും ആശയവിനിമയമുണ്ടായിരുന്നു. ഇപ്പോള്‍ അതുമില്ല. ഏറെനാളായി കേദാര്‍നാഥില്‍ കുടുങ്ങിയ ശിവഗിരിയിലെ സന്യാസിവര്യന്മാരെ തിരിച്ചെത്തിക്കാന്‍ എല്ലാം ചെയ്തുവെന്ന് അവകാശപ്പെടാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മന്ത്രി കെ സി ജോസഫിനും ഒരു ലജ്ജയുമുണ്ടായില്ല. മുഖ്യമന്ത്രിയും മന്ത്രിയും പച്ചക്കള്ളം പറയുകയാണെന്ന് കുടുങ്ങിക്കിടക്കുന്ന സന്യാസിമാര്‍ തന്നെ വെളിപ്പെടുത്തിയപ്പോള്‍ പരിമിതി മനസ്സിലാക്കണമെന്ന ന്യായവുമായി സര്‍ക്കാര്‍ രംഗത്തെത്തി. ശിവഗിരിമഠത്തിലെ സന്യാസിവര്യര്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ തെരുവിലിറങ്ങേണ്ടിവന്നു. മറ്റ് സംസ്ഥാനങ്ങള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മേല്‍നോട്ടത്തില്‍ ഉത്തരാഖണ്ഡില്‍ അകപ്പെട്ടവരെ കണ്ടെത്തി സ്വദേശത്തെത്തിക്കാന്‍ എല്ലാ ശ്രമവും നടത്തുമ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ പ്രസ്താവനയിലും പ്രധാനമന്ത്രിക്കുള്ള പതിവ് കത്തെഴുത്തിലും മുഴുകി കണ്ണില്‍ പൊടിയിടല്‍ തുടരുന്നു. മലയാളികളുടെ രക്ഷയ്ക്ക് ഉദ്യോഗസ്ഥരെ അയച്ചു എന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. ഇതിലുള്‍പ്പെട്ട ഒരുദ്യോഗസ്ഥനെ ഇതിനിടയില്‍ സ്ഥലംമാറ്റി. സര്‍ക്കാര്‍ അയച്ചെന്നു പറയുന്ന ഉദ്യോഗസ്ഥരെ കണ്ടിട്ടില്ലെന്ന് ബദരി ബോലാഗിരി ആശ്രമത്തില്‍ കുടുങ്ങിയ ശിവഗിരി മഠത്തിലെ സ്വാമി ഗുരുപ്രസാദ് പറഞ്ഞു. കുടുങ്ങിയവരില്‍ എത്ര മലയാളികളുണ്ടെന്ന് പറയാന്‍പോലും സര്‍ക്കാരിനായിട്ടില്ല.

പ്രകൃതി ദുരന്തത്തിനിരയായവര്‍ക്ക് സഹായമെത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം അമ്പേ പരാജയപ്പെട്ടു. എങ്ങും കനത്ത നാശനഷ്ടമാണ്. സര്‍ക്കാര്‍ കണക്കനുസരിച്ച് മരണം അമ്പത് കവിഞ്ഞു. ഇരുനൂറോളം വീടുകള്‍ പൂര്‍ണമായും മൂവായിരത്തോളം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 3,318 ഹെക്ടറില്‍ കൃഷി നശിച്ചു. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ വീടുവിട്ട് അഭയകേന്ദ്രങ്ങളില്‍ ശരണം പ്രാപിച്ചു. 60 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായെന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. യഥാര്‍ഥ കണക്കിന്റെ പത്തിലൊന്നുപോലുമില്ലിത്. ജില്ലാതലത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഏകോപനമില്ലാത്തതിനാല്‍ കൃത്യമായ നാശനഷ്ടം കണക്കാക്കാന്‍ കഴിഞ്ഞിട്ടില്ല. സൗജന്യറേഷന്‍ പ്രഖ്യാപനത്തില്‍ ഒതുങ്ങുന്നു. ഉത്തരവ് കിട്ടിയില്ലെന്നു പറഞ്ഞ് ഉദ്യോഗസ്ഥര്‍ കൈമലര്‍ത്തുകയാണ്. സൗജന്യറേഷന്‍ നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോട് 5900 ടണ്‍ അരിയും 652 ടണ്‍ ഗോതമ്പും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സര്‍ക്കാര്‍ പറയുന്നു. ഇത് എന്ന് കിട്ടുമെന്ന് ഒരുധാരണയുമില്ല. ദുരന്തനിവാരണത്തിന് മുന്‍കൈയെടുക്കേണ്ട വകുപ്പുകളുടെ ഏകോപനത്തിലും സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു.

deshabhimani

No comments:

Post a Comment