Tuesday, June 25, 2013

പട്ടേലരുടെ തൊമ്മി ഭരണം

വീണവര്‍ അസംഖ്യം വാണത് കുഞ്ഞൂഞ്ഞ് മാത്രം

സക്കറിയയുടെ കഥയാണ് വിഖ്യാത ചലചിത്രകാരന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ വിധേയന്‍ എന്ന സിനിമയാക്കിയത്. ഇതിലെ രണ്ട് പ്രധാന കഥാപാത്രങ്ങളാണ് ഭാസ്കര പട്ടേലരും തൊമ്മിയും. ടീം സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് നിയമസഭയില്‍ വിഷയമായപ്പോള്‍ തൊമ്മിയെന്ന കഥാപാത്രത്തെ ഉപമിച്ചത് ആഭ്യന്തരമന്ത്രി തിരുഞ്ചൂര്‍ രാധാകൃഷ്ണനെ തെല്ലൊന്നുമല്ല പൊള്ളിച്ചത്. താന്‍ ആരുടെയും തൊമ്മിയല്ലെന്നാണ് പറയുന്നതെങ്കിലും കാര്യങ്ങളുടെ കിടപ്പ് നോക്കുമ്പോള്‍ അങ്ങനെ പറഞ്ഞവരെ കുറ്റം പറയാന്‍ ഒക്കുമോ? പാമൊലിന്‍ കേസിലേക്ക് പോകാം. ഈ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പങ്ക് അന്വേഷിക്കാന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടപ്പോള്‍ അദ്ദേഹം വിജിലന്‍സ് വകുപ്പ് ഒഴിഞ്ഞു. അന്വേഷണം നടക്കുന്നതിനാല്‍ വകുപ്പ് കൈകാര്യം ചെയ്യുന്നില്ലെന്നായിരുന്നു വിശദീകരണം. പകരം നിയോഗിച്ചത് തിരുവഞ്ചൂരിനെ. തിരുവഞ്ചൂര്‍ എന്ത് ചെയ്തുവെന്നത് പിന്നീടുള്ള ചരിത്രം. വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടില്‍ ഉമ്മന്‍ചാണ്ടിക്ക് ക്ലീന്‍ ചിറ്റ് നല്‍കി. ഇതനുസരിച്ച് വിജിലന്‍സ് കോടതി ഉമ്മന്‍ചാണ്ടിയെ കുറ്റവിമുക്തനാക്കി. (നേരത്തെയുണ്ടായിരുന്ന വിജിലന്‍സ് ജഡ്ജിയെ ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് തെറിവിളിച്ച് ഓടിച്ചതും ഉമ്മന്‍ചാണ്ടിയുടെ തന്ത്രം.) ഈ വിജിലന്‍സ് റിപ്പോര്‍ട്ട് അനുസരിച്ചാണ് ചൊവ്വാഴ്ച ഹൈക്കോടതി ഉത്തരവും വന്നതെന്നത് ശ്രദ്ധേയം.

പാമൊലിന്‍ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി നേരത്തെ ഉത്തരവിട്ടത് രണ്ടാംപ്രതി ടി എച്ച് മുസ്തഫയും നാലാംപ്രതി സഖറിയ മാത്യുവും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജികളുടെ തുടര്‍ച്ചയായാണ്. പാമൊലിന്‍ ഇറക്കുമതി നടന്ന കാലത്ത് ധനമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്ക് ആ ഇടപാടില്‍ അനിഷേധ്യമായ പങ്കുണ്ടെന്നാണ് ഇരുഹര്‍ജിയുടെയും കാതല്‍. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയതുപോലെ തങ്ങളെയും ഒഴിവാക്കണമെന്ന് കൂട്ടുപ്രതികള്‍ കോടതിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്നാണ് തുടരന്വേഷണം എന്ന ആശയംതന്നെ ഉണ്ടായത്. പാമൊലിന്‍ ഇറക്കുമതിക്കാര്യം മന്ത്രിസഭയില്‍ വയ്ക്കണമെന്ന തന്റെ ആവശ്യം അംഗീകരിച്ച ഉമ്മന്‍ചാണ്ടിയെ പ്രോസിക്യൂഷന്‍ പ്രതിയാക്കിയില്ലെന്നും തന്നെ പ്രതിയാക്കിയത് അനീതിയാണെന്നുമാണ് ടി എച്ച് മുസ്തഫ വിജിലന്‍സ് കോടതിയെ ബോധിപ്പിച്ചത്. ഭക്ഷ്യവകുപ്പിന്റെ ചുമതലയുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന സഖറിയ മാത്യുവാകട്ടെ, പാമൊലിന്‍ ഇറക്കുമതിയുടെ ധനപരമായ ഉത്തരവാദിത്തം അന്നത്തെ ധനമന്ത്രി ഉമ്മന്‍ചാണ്ടിക്കാണെന്നും വ്യക്തമാക്കി. പാമൊലിന്‍ ഇടപാടിലെ ക്രമക്കേടുകള്‍ കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ ചെയര്‍മാനായ നിയമസഭയുടെ പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റി 1996ല്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ എണ്ണിപ്പറഞ്ഞതാണ്. 15 ശതമാനം കമീഷന്‍ നല്‍കിക്കൊണ്ടുള്ള ഇറക്കുമതിയെ സിഎജിയും നിശിതമായി വിമര്‍ശിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ച പാമൊലിന്‍ ഇടപാട് തുടക്കംമുതലേ അഴിമതിനിറഞ്ഞതായിരുന്നെന്ന് അന്നത്തെ പ്രതിപക്ഷം ശക്തമായി നിയമസഭയിലും പുറത്തും ഉന്നയിച്ചു. അന്ന്, കോണ്‍ഗ്രസിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായി കെ കരുണാകരനെ കുടുക്കാനുള്ള ആയുധമായാണ് ഉമ്മന്‍ചാണ്ടി കേസിനെ ഉപയോഗിച്ചത്. കരുണാകരന്‍ കുറ്റക്കാരനാണെന്നു സ്ഥാപിക്കാനുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിക്കൊടുക്കാനടക്കം ഉമ്മന്‍ചാണ്ടി തയ്യാറായി. കരുണാകരന്‍ മുഖ്യമന്ത്രിപദം രാജിവച്ചതോടെ കേസ് പിന്‍വലിക്കാനായി ഉമ്മന്‍ചാണ്ടിയുടെ തിടുക്കം. കാരണം അന്വേഷണം തുടര്‍ന്നാല്‍ താനും പ്രതിസ്ഥാനത്താകുമെന്ന് അന്നേ ഉമ്മന്‍ചാണ്ടിക്കറിയാം. ഇപ്പോള്‍ തിരുവഞ്ചൂരിന്റെ വിജിലന്‍സ്, കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് നോക്കിയാല്‍തന്നെ ഉമ്മന്‍ചാണ്ടിയുടെ പങ്ക് സംശയാതീതമായി തെളിയുന്നതാണ്.

പാമോലിന്‍ എത്രയും പെട്ടെന്ന് ഇറക്കുമതി ചെയ്യുന്നത് ജനങ്ങള്‍ക്കും സിവില്‍ സപ്ലൈസ് കോര്‍പറേഷനും ഗുണകരമാണെന്നും അതുകൊണ്ടാണ് ഇറക്കുമതിക്ക് തീരുമാനിച്ചതെന്നും വിജിലന്‍സിന് നല്‍കിയ മൊഴിയില്‍ ഉമ്മന്‍ചാണ്ടി സമ്മതിക്കുന്നു. എന്നാല്‍, ഇറക്കുമതി ചെയ്യേണ്ടുന്ന ഒരു തിടുക്കവും അന്നില്ലായിരുന്നുവെന്ന് ഈ കേസില്‍ സുപ്രീംകോടതിതന്നെ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അതനുസരിച്ച് മറ്റ് പ്രതികള്‍ക്കെതിരെ കേസ് നിലനില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടുപ്രതിയാണെന്ന മുസ്തഫയുടെയും സക്കറിയാമാത്യുവിന്റെയും വാദം ന്യായവുമാണ്. എന്നിട്ടും വിജിലന്‍സ് മറിച്ച് റിപ്പോര്‍ട്ട് നല്‍കിയത് തിരുവഞ്ചൂരിന്റെ "പട്ടേലര്‍ വിധേയത്വം" കൊണ്ടാണെന്നതില്‍ തര്‍ക്കമില്ല. ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്ന അനേകം അഴിമതി ആരോപണങ്ങളില്‍ ഒന്നുമാത്രമാണ് പാമൊലിന്‍ കേസ്. സംസ്ഥാനത്താകെ പരസ്യ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിന് ഉമ്മന്‍ചാണ്ടിസര്‍ക്കാര്‍ നല്‍കിയ അനുമതിയിലൂടെ 500 കോടിയുടെ അഴിമതി നടന്നുവെന്ന് നിയമസഭയില്‍ ആരോപിച്ചത് അന്തരിച്ച യുഡിഎഫ് നേതാവ് ടി എം ജേക്കബ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഉമ്മന്‍ചാണ്ടിയോടൊപ്പം സഹമന്ത്രിയായ ആളാണ് ജേക്കബ്. ജേക്കബ്ബിന്റെ ആരോപണത്തെതുടര്‍ന്ന് നടന്ന അന്വേഷണത്തിലും അഴിമതി തെളിഞ്ഞു. ജേക്കബ് ഉമ്മന്‍ചാണ്ടിക്കെതിരെ 2005 ജൂലെ 19ന് നിയമസഭയില്‍ ഉന്നയിച്ച ആരോപണം ഇങ്ങനെ: സൈന്‍ബോര്‍ഡ് വെക്കാന്‍ അനുമതി നല്‍കിയതിലൂടെ 500 കോടി രൂപയുടെ തിരിമറി നടത്തി. അഴിമതിക്കേസ് പിന്‍വലിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വിസമ്മതിച്ച ഡയറക്ടര്‍ ഉമ്മന്‍ചാണ്ടിയുടെ കണ്ണിലെ കരടായി.

അഞ്ഞൂറുകോടി നഷ്ടം വന്നുവെന്ന ഐജി സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് ഉമ്മന്‍ചാണ്ടി പൂഴ്ത്തി. വിജിലന്‍സ് അന്വേഷണത്തില്‍ ജേക്കബ്ബിന്റെ ആരോപണങ്ങള്‍ ശരിവച്ചു. ദേശീയ പാതയിലും ഇതര റോഡുകളിലും പരസ്യബോര്‍ഡുകള്‍ വയ്ക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നല്‍കിയ കരാര്‍ റദ്ദാക്കണമെന്ന് വിജിലന്‍സ് ശുപാര്‍ശചെയ്തു. ഈ കേസും തിരുവഞ്ചൂര്‍ മുക്കി. ഇനി ടൈറ്റാനിയം കേസ്. ഈ കേസിലെയും "സാക്ഷി" മറ്റാരുമല്ല. ഉമ്മന്‍ചാണ്ടിയുടെ സഹമന്ത്രിയായ കെ കെ രാമചന്ദ്രന്‍. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ: "ട്രാവന്‍കൂര്‍ ടൈറ്റാനിയം പ്രോഡക്ട്സില്‍ കോടികളുടെ അഴിമതിക്ക് കളമൊരുക്കിയത് ഉമ്മന്‍ചാണ്ടി. മാലിന്യസംസ്കരണത്തിന്റെ പേരിലാണ് 226 കോടി രൂപയുടെ വെട്ടിപ്പിന് ശ്രമം നടന്നത്. അതിനു കൂട്ടുനില്‍ക്കാത്തതിനാണ് തന്നെ മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്. നൂറുകോടി രൂപമാത്രം മുതല്‍മുടക്കുള്ള കമ്പനിയിലാണ് 256 കോടിയുടെ തട്ടിക്കൂട്ടിയ പദ്ധതി അടിച്ചേല്‍പ്പിക്കാന്‍ ഗൂഢാലോചന നടന്നത്.

മാലിന്യസംസ്കരണത്തിന് 80 കോടിയുടെ പദ്ധതി കമ്പനി തയ്യാറാക്കിയിരുന്നു. എന്നാല്‍, 30 കോടിക്ക് ഫലപ്രദമായി പ്രശ്നം പരിഹരിക്കാമെന്ന് ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങള്‍ അറിയിച്ചു. ഇതു പരിഗണിക്കാതെ മാലിന്യസംസ്കരണത്തിനൊപ്പം കമ്പനി വികസനംകൂടി ഉള്‍പ്പെടുത്തി 256 കോടിയുടെ വമ്പന്‍ പദ്ധതിക്ക് രൂപംനല്‍കി. 226 കോടി അധികച്ചെലവ് വരുത്തുന്ന പദ്ധതിക്ക് കൂട്ടുനില്‍ക്കാന്‍ തന്നെ കിട്ടില്ലെന്ന് തീര്‍ത്തുപറഞ്ഞു. തുടര്‍ന്നാണ് തന്നെ നീക്കാന്‍ ഗൂഢാലോചന നടന്നത്.

മന്ത്രിപദത്തില്‍നിന്ന് നീക്കിയശേഷം പദ്ധതി മന്ത്രിസഭ അംഗീകരിച്ചതിനുപിന്നില്‍ ഉമ്മന്‍ചാണ്ടിയാണ്. ആസ്തിയുടെ രണ്ടര ഇരട്ടിക്കുള്ള കരാര്‍ കമ്പനിക്ക് നഷ്ടമുണ്ടാക്കുമെന്ന ആശങ്ക ശരിയെന്ന് പിന്നീട് തെളിഞ്ഞു. മലിനീകരണനിയന്ത്രണ സംവിധാനം സമയബന്ധിതമായി പൂര്‍ത്തിയാക്കിയില്ലെന്ന കാരണത്താല്‍ അഞ്ചുകോടി രൂപയുടെ ബാങ്ക് ഗ്യാരന്റി മലിനീകരണ നിയന്ത്രണബോര്‍ഡ് കണ്ടുകെട്ടി." ഇത് രാമചന്ദ്രന്റെമാത്രം വെളിപ്പെടുത്തലല്ല. വിജിലന്‍സ് അന്വേഷണത്തിലും ടൈറ്റാനിയം അഴിമതി തെളിഞ്ഞു. പ്രതിസ്ഥാനത്ത് ഉമ്മന്‍ചാണ്ടിയല്ലാതെ മറ്റാരുമല്ല. ഈ കേസും വിജിലന്‍സ് അട്ടിമറിക്കുകയാണ്. ഇങ്ങിനെ തനിക്കെതിരായ കേസുകള്‍മാത്രമല്ല, ഭരണം നിലനിര്‍ത്താന്‍ എല്ലാ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും ഉമ്മന്‍ചാണ്ടി നേതൃത്വം നല്‍കുന്നു. വിധേയനായി തിരുവഞ്ചൂരും. അഴിമതിക്കേസില്‍ സുപ്രീംകോടതി ശിക്ഷിച്ച ആര്‍ ബാലകൃഷ്ണപിള്ളയെ പുറത്തിറക്കി. സുപ്രീംകോടതി ജഡ്ജി കൈക്കൂലി വാങ്ങുന്നത് നേരില്‍ക്കണ്ടുവെന്ന് പറഞ്ഞ കെ സുധാകരനെതിരായ കേസ് എഴുതിത്തള്ളി.

ടീം സോളാര്‍ കേസില്‍ ഇപ്പോള്‍ സഭയില്‍ ഉമ്മന്‍ചാണ്ടിക്കു വേണ്ടി ഉറഞ്ഞു തുള്ളുന്നത് കോണ്‍ഗ്രസുകാരല്ല, ലീഗുകാരാണ്. അതില്‍ പ്രമുഖന്‍ പി കെ ബഷീറാണ്. ഇത് ഉപകാര സ്മരണയാണ്. കുനിയില്‍ ഇരട്ടക്കൊലക്കേസിലെ പ്രതിയായ ബഷീറിനെ ഉമ്മന്‍ചാണ്ടി "കുറ്റവിമുക്തനാക്കി." ഇനിയുമെത്രയോ കഥകളില്‍ പ്രതിനായക സ്ഥാനത്താണ് ഉമ്മന്‍ചാണ്ടി. കൈയോടെ പിടികൂടപ്പെട്ടിരിക്കുന്നു. ടീം സോളാര്‍ കമ്പനിക്കു വേണ്ടി കത്ത് നല്‍കിയില്ലെന്നാണ് ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചത്. കത്ത് കാണിക്കാന്‍ പ്രതിപക്ഷത്തെ വെല്ലുവിളിക്കുന്നു. ഇപ്പോള്‍ ഉമ്മന്‍ചാണ്ടിയുടെ പൊലീസ് പറയുന്നു. കത്ത് ഉണ്ടെന്ന്. ആ കത്ത് തയ്യാറാക്കിയത് കംപ്യൂട്ടര്‍ സെന്ററിലാണെന്ന് പറഞ്ഞ് ഒരാളെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. ഇങ്ങനെ വ്യാജമായി ഉണ്ടാക്കിയതാണ് ഈ കത്തെന്ന് ഉമ്മന്‍ചാണ്ടിക്ക് നെഞ്ചില്‍ കൈവച്ച് പറയാന്‍ കഴിയുമോ? അതിനു പിന്നില്‍ സ്വന്തക്കാരുടെ പങ്കില്ലേ? മറ്റ് കേസുകള്‍ അട്ടിമറിച്ചതുപോലെ ഇതും അട്ടിമറിതന്ത്രമല്ലേ? (അവസാനിക്കുന്നില്ല)

എം രഘുനാഥ് deshabhimani

No comments:

Post a Comment