Tuesday, June 25, 2013

ന്യായീകരണം മുഖ്യമന്ത്രിക്കും പങ്കുള്ളതുകൊണ്ട് : പിണറായി

സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുകൂടി പങ്കുള്ളതുകൊണ്ടാണ് ന്യായീകരണവുമായി അദ്ദേഹം രംഗത്തു വരുന്നതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഒരുനിമിഷംപോലും മുഖ്യമന്ത്രിസ്ഥാനത്ത് തുടരാനുള്ള അര്‍ഹത ഉമ്മന്‍ചാണ്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സോളാര്‍ തട്ടിപ്പിന് കൂട്ടുനിന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നടത്തിയ നിയമസഭാമാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.

പൊതുപ്രവര്‍ത്തകര്‍ പാലിക്കേണ്ട സാമാന്യമര്യാദപോലും പാലിക്കാത്ത മുഖ്യമന്ത്രി കൂടെയുള്ളവര്‍ ചെയ്ത തെറ്റുകളെ ന്യായീകരിക്കുകയാണ്. എന്തുകൊണ്ടാണ് അവരെ തള്ളിപ്പറയാത്തതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം എത്രവേഗം പ്രഖ്യാപിക്കുന്നുവോ അത്രയും നല്ലത്. അല്ലെങ്കില്‍ ഇതിലും കടുത്ത പ്രക്ഷോഭത്തെ നേരിട്ട് കസേരയില്‍നിന്ന് ഇറങ്ങേണ്ടി വരും. ജനകീയ പ്രക്ഷോഭത്തെ മര്‍ദിച്ചൊതുക്കാമെന്ന ധാരണ സര്‍ക്കാര്‍ ഉപേക്ഷിക്കണം. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട ആരോപണമായതിനാല്‍ സംസ്ഥാന പൊലീസ് അന്വേഷിച്ചിട്ട് കാര്യമില്ല. ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണം. മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും തട്ടിപ്പിന് കൂട്ടുനില്‍ക്കുകയും സംരക്ഷണം നല്‍കുകയുമാണ് ചെയ്തത്. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ പിടികൂടിയവരെ ഉമ്മന്‍ചാണ്ടി ഇപ്പോഴും സംരക്ഷിക്കുകയാണ്്. അവരെ വകുപ്പുകളിലേക്ക് തിരിച്ചയച്ചതല്ലാതെ സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തിയിട്ടില്ല. മുന്‍പൊന്നും ഇതുപോലൊരു സാഹചര്യം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല.

സോളാര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടന്നത് സാധാരണ തട്ടിപ്പുകേസല്ല. സംസ്ഥാനത്തിനകത്തും പുറത്തും മുഖ്യമന്ത്രിയെയും അദ്ദേഹത്തിന്റെ ഓഫീസിനെയും ഉപയോഗിച്ചാണ് സരിത എസ് നായരും ബിജു രാധാകൃഷ്ണനും തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രിക്ക് ബോധ്യമുള്ള കാര്യമാണിത്. മുഖ്യമന്ത്രിയുടെ കത്ത് കാണിച്ചാണ് കബളിപ്പിച്ചതെന്ന് തട്ടിപ്പിന് വിധേയമായവര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വണ്ടിച്ചെക്ക് നല്‍കിയിട്ടും എന്തുകൊണ്ടാണ് അന്ന് നടപടി സ്വീകരിക്കാതിരുന്നത്. എല്ലാം അറിഞ്ഞിട്ടും വീണ്ടും തട്ടിപ്പിന് കൂട്ടു നിന്നു. തന്റെ പേര് തട്ടിപ്പു നടത്താന്‍ വന്‍തോതില്‍ ഉപയോഗിക്കുന്നതായി മനസിലാക്കിയിട്ടും ജാഗ്രത പുലര്‍ത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറായില്ല. സംശയങ്ങളെയെല്ലാം ബലപ്പെടുത്തുന്ന കാര്യങ്ങളാണ് തുടര്‍ന്ന് നടന്നത്. തെളിവുകളുടെ മലവെള്ളപ്പാച്ചിലാണ് ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. കൊലക്കേസ് പ്രതിയായ ബിജു രാധാകൃഷ്ണനുമായി അടച്ചിട്ട മുറിയില്‍ പൊലീസ് സംരക്ഷണവലയത്തിനുള്ളില്‍ സംസാരിച്ചത് എന്താണ്. ഒരു തട്ടിപ്പുവീരനു വേണ്ടി ഇത്രയേറെ സമയം മുഖ്യമന്ത്രി വിനിയോഗിച്ചത് എന്തിനെന്ന് അറിയാനുള്ള അവകാശം ജനങ്ങള്‍ക്കുണ്ട്. തട്ടിപ്പുകാരന്‍ മുഖ്യമന്ത്രിയുമായി ബന്ധപ്പെടുന്നുണ്ടെങ്കില്‍ ഇന്റലിജന്‍സിന് അതേക്കുറിച്ച് അറിവുണ്ടാകും.

അവരുടെ മുന്നറിയിപ്പ് ലംഘിച്ച് ബിജു രാധാകൃഷ്ണനുമായി വിശദമായ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രിയെ പ്രേരിപ്പിച്ച അസാധാരണമായ നിലപാടിന് കാരണമുണ്ട്. ഇന്റലിജന്‍സ് മേധാവി ടി പി സെന്‍കുമാര്‍ പ്രാഥമികാന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ട് കൈരളി ചാനല്‍ പുറത്തുവിട്ട വാര്‍ത്തകള്‍ ശരിവയ്ക്കുന്നതാണ്. സെന്‍കുമാറിന്റെ റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് താന്‍ വലിയ കുരുക്കില്‍ അകപ്പെട്ടതായി ഉമ്മന്‍ചാണ്ടിക്ക് മനസിലായത്. അതോടെയാണ് ഒരന്വേഷണവും നേരിടില്ലെന്ന നിലപാട് സ്വീകരിക്കാന്‍ മുഖ്യമന്ത്രി തീരുമാനിച്ചതെന്നും പിണറായി പറഞ്ഞു.

deshabhimani

No comments:

Post a Comment