മുസ്ലിംപെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആയി കുറച്ച് സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറത്തിറക്കിയതിനു പിന്നാലെ മലപ്പുറത്ത് ശൈശവവിവാഹം രജിസ്ട്രേഷന്‍ തുടങ്ങി. വിവിധ പഞ്ചായത്തുകളിലായി 18 വിവാഹമാണ് ഇതിനകം രജിസ്റ്റര്‍ ചെയ്തത്. 42 എണ്ണത്തിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറും അനുമതി നല്‍കി. രണ്ട് മാസം മുമ്പ് കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്ട്രേഷന്(കില)തദ്ദേശവകുപ്പ് നല്‍കിയ വിശദീകരണത്തിന്റെ അടിസ്ഥാനത്തിലാണ് വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്തിരിക്കുന്നത്. കേരളത്തില്‍ പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യുന്നത് മൂന്ന് നിയമങ്ങളുടെ പിന്‍ബലത്തോടെയാണ്- പൊതുവിവാഹരജിസ്ട്രേഷന്‍ നിയമം-2010, മുസ്ലിം വിവാഹനിയമം, ശൈശവ വിവാഹനിരോധന നിയമം. ഇതില്‍ മുസ്ലിം വിവാഹ നിയമത്തില്‍ പെണ്‍കുട്ടികളുടെ അംഗീകൃത പ്രായം നിഷ്കര്‍ഷിച്ചിട്ടില്ല. രണ്ട് മാസം മുന്‍പ് കില ഇക്കാര്യത്തില്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചു. നിയമവകുപ്പിന്റെ ഉപദേശപ്രകാരം തദ്ദേശവകുപ്പ് നല്‍കിയ മറുപടി 16 കഴിഞ്ഞ മുസ്ലിംപെണ്‍കുട്ടികളുടെ കല്യാണം രജിസ്റ്റര്‍ ചെയ്യുന്നതിന് തടസ്സമില്ല എന്നായിരുന്നു. കില ഇക്കാര്യം എല്ലാ പഞ്ചായത്ത് സെക്രട്ടറിമാരെയും അറിയിച്ചു.
സര്‍ക്കാരിന്റെ മറുപടി പരസ്യമായതോടെ നിരവധിപേര്‍ രജിസ്ട്രേഷനുവേണ്ടി പഞ്ചായത്ത് സെക്രട്ടറിമാരെയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിനെയും സമീപിച്ചു. പല സെക്രട്ടറിമാരും 18 വയസ് പൂര്‍ത്തിയാവാതെ നടന്നതെല്ലാം ശൈശവ വിവാഹമാണെന്ന് ചൂണ്ടിക്കാട്ടി നിരസിച്ചു. എന്നാല്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചതോടെ ഇത് ചെയ്തുകൊടുക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. വിവാഹം നടന്ന് 45 ദിവസത്തിനകം രജിസ്ട്രേഷന്‍ നടത്താത്തവര്‍ക്ക് പിന്നീട് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറുടെ അനുമതിയോടെയെ ഇതിന് അവസരമുള്ളൂ. പുതിയ നിര്‍ദേശവും സര്‍ക്കുലറും പുറത്തിറങ്ങിയതോടെ 16 വയസ് പൂര്‍ത്തിയായ ഏത് വിവാഹവും രജിസ്റ്റര്‍ ചെയ്യാന്‍ നിര്‍ബന്ധിതമായതായി ഉദ്യോഗസ്ഥര്‍ പറയുന്നു. വരുംദിവസങ്ങളില്‍ ശൈശവവിവാഹം രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷകളുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തല്‍. ഒരു പഞ്ചായത്തില്‍ പ്രതിമാസം 50 അപേക്ഷകളെങ്കിലും വരുമെന്നാണ് കണക്കുകൂട്ടല്‍.
വിവാഹപ്രായം 16: സര്‍ക്കുലര്‍ ഇല്ലാത്ത നിയമത്തിന്റെ പേരില്‍
കൊച്ചി: ഇല്ലാത്ത നിയമത്തിന്റെ പേരില്‍ മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 16 ആയി കുറക്കുന്ന സര്‍ക്കുലര്‍ പുറത്തിറക്കിയ തദ്ദേശ വകുപ്പ് വെല്ലുവിളിക്കുന്നത് നിയമവ്യവസ്ഥയെ. 1957ലെ മുസ്ലിം വിവാഹനിയമമാണ് ഉത്തരവിന് പിന്‍ബലമെന്നാണ് സര്‍ക്കുലര്‍ അവകാശപ്പെടുന്നത്. "1957ലെ മുസ്ലിം വിവാഹനിയമത്തില്‍ വിവാഹപ്രായം പുരുഷന് 21ഉം സ്ത്രീക്ക് 18ഉം ആണെന്ന് പറയുന്നില്ല..." എന്നും സര്‍ക്കുലറിലുണ്ട്. എന്നാല്‍, ഇത്തരമൊരു മുസ്ലിം വിവാഹനിയമം ഇന്ത്യയിലൊരിടത്തും പാസാക്കിയില്ലെന്നും ജമൈക്കയില്‍ മാത്രമാണ് നിലവിലുള്ളതെന്നും നിയമവിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ നിയമാനുസൃത വിവാഹപ്രായം 18 ആണ്. ഇത് 16 ആക്കാനാണ് ഇല്ലാത്ത നിയമം കൂട്ടുപിടിച്ച് സര്‍ക്കുലര്‍ ഇറക്കിയത്്. "സ്ത്രീക്ക് 18 വയസ്സു തികയാതെയും പുരുഷന് 21 വയസ്സു തികയാതെയും നടന്ന മുസ്ലിം വിവാഹങ്ങള്‍ക്ക് കേരള വിവാഹങ്ങള്‍ രജിസ്റ്റര്‍ചെയ്യല്‍ പൊതുചട്ടം അനുസരിച്ച് മതാധികാരസ്ഥാപനം നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ചെയ്തു നല്‍കാന്‍ നിയമതടസം കാണുന്നില്ല" എന്ന് സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. നിലവിലുള്ള ബാലവിവാഹ നിരോധനനിയമം, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയല്‍ നിയമം എന്നിവയുംസര്‍ക്കുലര്‍ മറികടക്കുന്നു. 2005ലെ ബാലവിവാഹ നിരോധനിയമ പ്രകാരം 18 വയസ്സിനു താഴെ പ്രായമുള്ളവരുടെ വിവാഹം ക്രിമിനല്‍ കുറ്റമാണ്. വരന്റെയും വധുവിന്റെയും രക്ഷിതാക്കളും ബന്ധുക്കളും മുതല്‍ സദ്യ ഉണ്ണാന്‍ വരുന്നവര്‍വരെ ഈ നിയമത്തിന്റെ പരിധിയില്‍ കുറ്റക്കാരാണ്. രണ്ടുവര്‍ഷംവരെ തടവും പിഴയും ലഭിക്കാം.
കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയല്‍ നിയമം അനുസരിച്ച് ഇത് ജീവപര്യന്തം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ശക്തമായ രണ്ടു നിയമങ്ങള്‍ നിലനില്‍ക്കവെയാണ് വിവാഹപ്രായം 16 ആക്കിയുള്ള ഉത്തരവ്. നടക്കാനിരിക്കുന്ന ശൈശവവിവാഹങ്ങളെയും ഇത് നിയമവിധേയമാക്കുന്നുണ്ട്. തുല്യതയോടെ ജീവിക്കാനുള്ള അവകാശം ഇവര്‍ക്ക് നിഷേധിക്കപ്പെടുമെന്ന് നിയമവിദഗ്ധനും വിവരാവകാശപ്രവര്‍ത്തകനുമായ അഡ്വ. ഡി ബി ബിനു പറഞ്ഞു. വ്യക്തിനിയമവും പ്രത്യേകനിയമവും തമ്മില്‍ തര്‍ക്കമുണ്ടായാല്‍ വ്യക്തിനിയമമാണ് പരിഗണിക്കേണ്ടതെന്ന് കര്‍ണാടകം, ഡല്‍ഹി ഹൈക്കോടതികളുടെ വിധിയുണ്ട്. ഇതനുസരിച്ച് ബാലവിവാഹ നിരോധനനിയമമാണ് നിലനില്‍ക്കുക.നസിക പീഡനങ്ങളും അവഗണനയും കുട്ടികളുടെ ദുരുപയോഗത്തിന്റെ പരിധിയിലാണ്. ഐക്യരാഷ്ട്രസഭയുടെ ഉടമ്പടി അനുസരിച്ച് 18 വയസ്സു തികയാത്ത വ്യക്തികളാണ് കുട്ടികള്‍. ഇവരുടെ വിവാഹം കുട്ടികളുടെ അവകാശലംഘനമാണ്. ലോകാരോഗ്യസംഘടനയുടെ നിയമം അനുസരിച്ച് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക-മാനസിക പീഡനങ്ങളും അവഗണനയും കുട്ടികളുടെ ദുരുപയോഗത്തിന്റെ പരിധിയിലാണ്.
deshabhimani
No comments:
Post a Comment