അവസാനനിമിഷം വരെ പൊതുരംഗത്ത് തന്റെ സാന്നിധ്യമറിയിച്ചാണ് അദ്ദേഹം വിടപറഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് തന്റെ രാഷ്ട്രീയ ഗുരുവായിരുന്ന സികെജിയുടെ അനുസ്മരണ പരിപാടിയില്‍ പങ്കെടുത്തിരുന്നു. ഇതിന് ശേഷം ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്ഥാനത്തെ തലമുതിര്‍ന്ന രാഷ്ട്രീയ നേതാക്കളിലൊരാളായ ഷണ്‍മുഖദാസ് പ്രഗത്ഭനായ നിയമസഭാ സാമാജികനുമാണ്.
ധര്‍മടം സ്വദേശി ചീനാന്‍ കുഞ്ഞിരാമന്റെയും അണിയേരി വെങ്ങിലാട്ട് ശാരദാമ്മയുടെയും മകനായി 1939 ജനുവരി അഞ്ചിനാണ് ജനനം. എരഞ്ഞോളി കാവുംഭാഗം ദേശത്ത് തയ്യുള്ളതില്‍ വീട്ടില്‍ ആണ് തറവാട്. 32 വര്‍ഷം ബാലുശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിച്ചു. നായനാര്‍ മന്ത്രിസഭയില്‍ 1980ല്‍ ജലസേചനമന്ത്രിയായും 87ലും 96ലും ആരോഗ്യമന്ത്രിയായും പ്രവര്‍ത്തിച്ചു.
1970ല്‍ ഇടക്കാല തെരഞ്ഞെടുപ്പിലാണ് ആദ്യമായി ബാലുശ്ശേരിയില്‍ നിന്ന് വിജയിച്ചത്. 1980 മുതല്‍ ബാലുശ്ശേരിയുടെ എംഎല്‍എയായി. തുടര്‍ച്ചയായി ആറുതവണ ഒരേ മണ്ഡലത്തിന്റെ സാമാജികനായെന്ന റെക്കോഡിനുടമയാണ്. 2001ലാണ് അവസാനമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ പ്രവര്‍ത്തനശൈലിയിലും നയത്തിലും വിയോജിച്ച് കോണ്‍ഗ്രസ് വിട്ട ഷണ്‍മുഖദാസ് സഹപ്രവര്‍ത്തകരിലൊരുവിഭാഗം തിരിച്ചുപോയപ്പോഴും ആദര്‍ശത്തില്‍ അടിയുറച്ചുനിന്നു. ഗോവ വിമോചന സമരത്തിലൂടെയാണ് രാഷ്ട്രീയരംഗത്തെത്തിയത്. കെഎസ്യുവിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും സംസ്ഥാന സെക്രട്ടറിയായിരുന്നു.
കോഴിക്കോട്- മലപ്പുറം ഡിസിസി സെക്രട്ടറി, കോഴിക്കോട് ഡിസിസി പ്രസിഡന്റ്, കെപിസിസി സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കോണ്‍ഗ്രസ് എസ് അഖിലേന്ത്യാ ട്രഷററും പാര്‍ലമെന്ററി പാര്‍ടി നേതാവുമായിരുന്നു. മലബാര്‍ മേഖലാ കാന്‍ഫെഡ് ചെയര്‍മാന്‍, സികെജി സിംപോസിയം സ്ഥിരംസമിതി അംഗം, കേരള ഗ്രന്ഥശാലാ സംഘം കണ്‍ട്രോള്‍ ബോര്‍ഡ് അംഗം എന്നീ പദവികളും വഹിച്ചു.
ഭാര്യ: കെ പാറുക്കുട്ടി(റിട്ട. ആയുര്‍വേദ ഡിഎംഒ). മക്കള്‍: ഡോ. ഷറീനാദാസ്(വെങ്കിടരമണ ആയുര്‍വേദ കോളേജ്, ചെന്നൈ), ഷബ്നാദാസ്(ആയുര്‍വേദ ഡോക്ടര്‍, മേത്തോട്ടുതാഴം): മരുമക്കള്‍: ഡോ. ആര്‍ വീരചോളന്‍(ചെന്നൈ കോര്‍പറേഷന്‍ ഹെല്‍ത്ത് സര്‍വീസ്), ടി സജീവന്‍(അസി. പ്രൊഫസര്‍, ജെഡിടി കോളേജ് ഓഫ് ഫിസിയോ തെറാപ്പി)
deshabhimani
No comments:
Post a Comment