Monday, June 24, 2013

മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ സഭാസമ്മേളനം നിര്‍ത്തി

സോളാര്‍ അഴിമതിയില്‍ ആടിയുലഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും സര്‍ക്കാരിനേയും രക്ഷിച്ചെടുക്കാന്‍ രണ്ടാഴ്ചത്തെ നിയമസഭാ നടപടികള്‍ സ്പീക്കര്‍ വെട്ടിച്ചുരുക്കി. ഇനി സഭ ജൂലൈ എട്ടിന് മാത്രമേ ചേരൂ. സ്പീക്കര്‍ സര്‍ക്കാറിന്റെ ചട്ടുകമായി മാറിയതോടെ അതിരൂക്ഷമായ പ്രതിപക്ഷ പ്രതിഷേധത്തില്‍ നിയമസഭ തിളച്ചുമറിഞ്ഞു. പ്രതിപക്ഷ നേതാവിനെ സംസാരിക്കാന്‍ പോലും അനുവദിക്കാതെ സ്പീക്കര്‍ മൈക്ക് ഓഫ് ചെയ്ത അസാധാരണ സംഭവങ്ങള്‍ക്കും തിങ്കളാഴ്ച നിയമസഭ സാക്ഷ്യം വഹിച്ചു. സഭ രണ്ടര മണിക്കൂറോളം നിര്‍ത്തി.

അധ്യാപികയെ ഫോണില്‍ വിളിച്ച് ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ച മുഖ്യമന്ത്രിയുടെ ഓഫീസ് ജീവനക്കാരന്‍ ഗിരീഷ്കുമാറിനെ മുഖ്യമന്ത്രിയും സര്‍ക്കാറും സംരക്ഷിക്കുന്നത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ശൂന്യവേളയില്‍ ഇ പി ജയരാജന്‍ നല്‍കിയ അടിയന്തിര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അവതരണാനുമതി നിഷേധിച്ചു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഗണ്‍മാന്‍ സലിംരാജിനെ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പരാമര്‍ശം നടത്തിയപ്പോള്‍തന്നെ ഭരണപക്ഷം ആക്രോശവും വെല്ലുവിളിയും തുടങ്ങി.

ഇതിനിടെ പ്രതിപക്ഷ നേതാവിന്റെ മൈക്ക് ഓഫ് ചെയ്തു. ഉടന്‍തന്നെ സ്പീക്കര്‍ സഭ നിര്‍ത്തി. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പരാതിക്കാരിയെ മോശമായി പരാമര്‍ശിച്ചു. നിയമ വ്യവസ്ഥ അനുസരിച്ചല്ലെങ്കിലും നടപടി എടുക്കുമ്പോള്‍ പരാതിക്കാരിയുടെ പേര് വ്യക്തമാക്കേണ്ടി വരുമെന്ന് ന്യായീകരിക്കാന്‍ ആഭ്യന്തര മന്ത്രി ശ്രമിച്ചു. ആരെങ്കിലും എന്തെങ്കിലും പറയുന്നത് കേട്ട് നടപടി എടുക്കാനാകില്ലെന്ന് മുഖ്യമന്ത്രിയും ആവര്‍ത്തിച്ചു. കവടി നിരത്തി സ്ത്രീയുടെ ചാരിത്ര്യം പരിശോധിച്ച് പ്രതികളെ സംരക്ഷിക്കുന്ന നിയമലംഘന കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയെന്ന് ഇ പി ജയരാജന്‍ ചൂണ്ടിക്കാട്ടി. വീട്ടില്‍ക്കയറ്റാന്‍ പോലും കൊള്ളാത്ത സലീംരാജിനെ മുഖ്യമന്ത്രി എന്തിന് തീറ്റിപ്പോറ്റുന്നുവെന്നും ഇ പി ചോദിച്ചു. പതിവുപോലെ മുന്‍ സര്‍ക്കാറിനെ കുറ്റപ്പെടുത്തി പ്രതിരോധിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രിയെ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ വെല്ലുവിളിച്ചു. മുഖ്യമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും മറുപടിക്ക് ശേഷം സ്പീക്കര്‍ അടിയന്തിര പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചു.

ദുസ്സൂചനയോടെ പ്രതിപക്ഷത്തെ നേരിട്ട മുഖ്യമന്ത്രി എന്തുകൊണ്ട് സലിംരാജ് എന്ന പൊലീസുകാരനെ സംരക്ഷിക്കുന്നുവെന്ന് വി എസ് ചോദിച്ചു. സലിംരാജിനെതിരെ മുഖ്യമന്ത്രിയുടെ മരുമകനായിരുന്ന റിച്ചിമാത്യു കുടുംബക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലെ പരാമര്‍ശങ്ങള്‍ വി എസ് വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഭരണപക്ഷം ആക്രോശവുമായി മുന്‍ബെഞ്ചുകളിലേക്ക് പാഞ്ഞടുത്തു. സ്പീക്കര്‍ മൈക്ക് ഓഫ്ചെയ്ത് സഭ തല്‍ക്കാലത്തേക്ക് നിര്‍ത്തി. സഭ നിര്‍ത്തിവെച്ച് ഭരണകക്ഷി നേതാക്കളുമായി മാത്രമായി സ്പീക്കര്‍ ചര്‍ച്ച നടത്തി. വീണ്ടും സമ്മേളിച്ചപ്പോള്‍ സ്പീക്കര്‍ നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി. നടപടികള്‍ വെട്ടിച്ചുരുക്കുന്ന പ്രമേയം അവതരിപ്പിക്കാന്‍ മുഖ്യമന്ത്രിയെ ക്ഷണിച്ചു. ഇതോടെ പ്രതിപക്ഷം സ്പീക്കറുടെ മുന്നിലേക്ക് കുതിച്ചു.

ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രമേയം അംഗീകരിച്ച് സ്പീക്കര്‍ നടപടികള്‍ അവസാനിപ്പിച്ചു. പ്രതിപക്ഷവുമായി ചര്‍ച്ച ചെയ്യാതെ നടപടികള്‍ വെട്ടിച്ചുരുക്കിയത് ചോദ്യം ചെയ്തെങ്കിലും സ്പീക്കറും മുഖ്യമന്ത്രി യും ഒഴിഞ്ഞുമാറി. തുടര്‍ന്ന് പ്രതിപക്ഷം പ്രകടനമായി നിയമസഭാ കവാടത്തില്‍ കുത്തിയിരുന്നു. വി എസ് അച്യുതാനന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, സി ദിവാകരന്‍, മാത്യു ടി തോമസ്, എ എ അസീസ്, എ കെ ശശീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

താക്കീതായി ബഹുജനമാര്‍ച്ച്

തിരു: സോളാര്‍ തട്ടിപ്പിന് കൂട്ടുനില്‍ക്കുന്ന മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് നിയമസഭയിലേക്കും കലക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തി. കേരളത്തെ തട്ടിപ്പുകാര്‍ക്ക് തീറെഴുതുന്ന സര്‍ക്കാരിനെതിരായ പ്രതിഷേധം ആര്‍ത്തിരമ്പിയ മാര്‍ച്ചില്‍ പതിനായിരങ്ങള്‍ അണിനിരന്നു.

കേരളത്തെ വഞ്ചിച്ച മുഖ്യമന്ത്രി ഒഴിയാത്തപക്ഷം കൂടുതല്‍ കരുത്താര്‍ജിച്ച പ്രക്ഷോഭം നേരിടേണ്ടിവരുമെന്നും മാര്‍ച്ച് മുന്നറിയിപ്പ് നല്‍കി. തലസ്ഥാനത്തും ജില്ലാ കേന്ദ്രങ്ങളിലും ആയിരക്കണക്കിനു ബഹുജനങ്ങള്‍ അണിനിരന്ന പ്രതിഷേധപ്രവാഹമാണ് ദൃശ്യമായത്. അഴിമതിക്കാര്‍ക്കും തട്ടിപ്പുകാര്‍ക്കും കുടചൂടുന്ന സര്‍ക്കാരിനെതിരായ സമരം കേരളം ഏറ്റെടുക്കുന്ന സൂചനയാണ് മാര്‍ച്ച് നല്‍കിയത്. ജനകീയസമരത്തെ ചോരയില്‍ മുക്കിക്കൊല്ലാനുള്ള സര്‍ക്കാര്‍നീക്കം ചെറുക്കുമെന്നും എല്‍ഡിഎഫ് മുന്നറിയിപ്പ് നല്‍കി. പാളയം രക്തസാക്ഷിമണ്ഡപത്തില്‍നിന്നാണ് നിയമസഭാമാര്‍ച്ച് ആരംഭിച്ചത്. മാര്‍ച്ച് നേരിടാന്‍ വന്‍ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരുന്നു. നിയമസഭയ്ക്ക് ഏതാനും വാര അകലെ ബാരിക്കേഡ് ഉയര്‍ത്തി പൊലീസ് മാര്‍ച്ച് തടഞ്ഞു. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു.

സൗരോര്‍ജതട്ടിപ്പില്‍ വ്യക്തമായ പങ്കുള്ളതിനാലാണ് വിവിധ ന്യായവാദങ്ങളുമായി മുഖ്യമന്ത്രി രംഗത്ത് വരുന്നതെന്ന് പിണറായി പറഞ്ഞു. ഒരുനിമിഷംപോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലാത്ത മുഖ്യമന്ത്രി എത്രയും വേഗം രാജിവയ്ക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. സിപിഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ പി സി തോമസ്, കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റ് രാമചന്ദ്രന്‍ കടന്നപ്പള്ളി, സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, സിപിഐ ദേശീയ കൗണ്‍സിലംഗം ബിനോയ് വിശ്വം, എല്‍ഡിഎഫ് തിരുവനന്തപുരം ജില്ലാ കണ്‍വീനര്‍ വി ഗംഗാധരന്‍നാടാര്‍, ജനതാദള്‍ എസ് ജില്ലാ സെക്രട്ടറി കരുംകുളം വിജയകുമാര്‍, ആര്‍എസ്പി സംസ്ഥാന കമ്മിറ്റി അംഗം കെ ജയകുമാര്‍, എന്‍സിപി ജില്ലാ പ്രസിഡന്റ് ആറ്റിങ്ങല്‍ രാമചന്ദ്രന്‍, മേയര്‍ കെ ചന്ദ്രിക എന്നിവര്‍ സംസാരിച്ചു.

deshabhimani

No comments:

Post a Comment