Tuesday, June 25, 2013

ചാരപ്രവര്‍ത്തനം പൗരന്മാരുടെ ജീവന്‍ രക്ഷിക്കാനെന്ന്: കെറി

ലോകരാഷ്ട്രങ്ങളുടെ പരമാധികാരവും വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും ലംഘിച്ച് അമേരിക്ക നടത്തുന്ന ചാരപ്രവര്‍ത്തനത്തെ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ജോണ്‍കെറി ന്യായീകരിച്ചു. ആയിരക്കണക്കിന് അമേരിക്കക്കാരുടെ ജീവന്‍ രക്ഷിക്കാനായത് ചാരപ്രവര്‍ത്തനം വഴിയാണെന്നും നാലാംവട്ട തന്ത്രപ്രധാന സംഭാഷണത്തിനുശേഷം ഹൈദരാബാദ് ഹൗസില്‍ വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമൊത്ത് നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ജോണ്‍കെറി പറഞ്ഞു. അമേരിക്കയുടെ ചാരപ്രവര്‍ത്തനം പുറത്തുവിട്ട എഡ്വേഡ് സ്നോഡനെ ഹോങ്കോങ്ങില്‍നിന്ന് മോസ്കോയിലേക്ക് പറക്കാന്‍ അനുവദിച്ച ചൈനയുടെയും റഷ്യയുടെയും നടപടി നിരാശാജനകമാണെന്നു പറഞ്ഞ കെറി ഇരു രാഷ്ട്രങ്ങളും അതിന്റെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയുംചെയ്തു.

പ്രിസം പദ്ധതിയെക്കുറിച്ച് തെറ്റായ വാര്‍ത്തയാണ് പ്രചരിപ്പിക്കുന്നത്. മൊത്തത്തിലുള്ള പരിശോധനമാത്രമാണ് നടത്താറുള്ളത്. ആണവകരാര്‍ എത്രയുംപെട്ടെന്ന് പ്രാവര്‍ത്തികമാക്കാന്‍ ഇന്ത്യ തയ്യാറാകണം. 2008ലാണ് ഇന്ത്യ-അമേരിക്ക ആണവകരാര്‍ ഒപ്പിട്ടത്. ഇതുവരെയും അതിന്റെ ഭാഗമായ ബിസിനസ് അമേരിക്കയ്ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍, അമേരിക്കന്‍ ആണവക്കമ്പനിയായ വെസ്റ്റിങ്ഹൗസ് ഇലക്ട്രിക് കമ്പനിയുമായി ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് അടുത്തുതന്നെ റിയാക്ടര്‍ കരാറിലെത്താന്‍ ഇന്ത്യ തയ്യാറാകണമെന്നാണ് അമേരിക്കയുടെ ആഗ്രഹം- കെറി വ്യക്തമാക്കി.

deshabhimani

No comments:

Post a Comment