Wednesday, June 26, 2013

കപടവിലാപത്തില്‍ മനോരമ

മൂല്യത്തകര്‍ച്ചയുടെയും പിടിപ്പുകേടിന്റെയും നെല്ലിപ്പലക കണ്ട സര്‍ക്കാരിനെ വെള്ളപൂശാന്‍ സഭയുടെ നിലവാരം തകര്‍ന്നു എന്ന വിലാപവുമായി "മനോരമ". സോളാര്‍ അഴിമതി ഉള്‍പ്പെടെയുള്ള കുരുക്കുകളില്‍ അകപ്പെട്ടതോടെ കേരളം കണ്ട മോശം മുഖ്യമന്ത്രിയെന്ന പട്ടമാണ് ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത്. സ്വപുത്രനായ ഉമ്മന്‍ചാണ്ടിയുടെ പരിതാപകരമായ അവസ്ഥയില്‍ മനഃക്ലേശമില്ലാത്ത മനോരമ, നിയമസഭയില്‍ ജനകീയ പ്രശ്നങ്ങള്‍ അവതരിപ്പിക്കാതെ പ്രതിപക്ഷം "ഒളിഞ്ഞുനോട്ട"ത്തില്‍ അഭിരമിക്കുന്നുവെന്ന് വിലപിക്കുകയാണ്. പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയുടെ കുടുംബത്തിന് എതിരെ സംസാരിച്ചുവെന്നുള്ള നുണപ്രചരാണത്തിലാണ് മനോരമ. ധനാഭ്യര്‍ഥനകള്‍ ചര്‍ച്ചകൂടാതെ പാസാക്കി സഭാസമ്മേളനം രണ്ടാഴ്ചത്തേക്ക് റദ്ദുചെയ്ത നടപടി പാര്‍ലമെന്ററി ജനാധിപത്യത്തിന് മേല്‍ വീണ കരിനിഴലാണ്. ഇത് മറയ്ക്കാനാണ് മുഖ്യമന്ത്രിയുടെ കുടുംബാംഗത്തെപ്പറ്റി "സംസ്കാര ശൂന്യമായ" എന്തോ പ്രതിപക്ഷനേതാവ് പറയാന്‍ തുടങ്ങിയെന്നും അപ്പോള്‍ മൈക്ക് ഓഫാക്കി സ്പീക്കര്‍ ജനാധിപത്യത്തെ രക്ഷിച്ചുവെന്നും മനോരമ കെട്ടുകഥയുണ്ടാക്കിയത്.

ഒരു പരദൂഷണവും ഇല്ലാക്കഥയും വി എസ് പറഞ്ഞില്ല. സരിതക്കേസില്‍ കുറ്റക്കാരനായി മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് പുറത്തായ സലിംരാജ് എന്ന പൊലീസുകാരനെ കുറിച്ച് ഉമ്മന്‍ചാണ്ടിയുടെ മുന്‍ മരുമകന്‍ കുടുംബകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം ഉദ്ധരിച്ച് സംസാരം തുടങ്ങിയപ്പോഴാണ് സ്പീക്കര്‍ മൈക്ക് ഓഫാക്കിയത്. കോടതിരേഖ നിയമസഭയില്‍ പരാമര്‍ശിക്കാന്‍ പ്രതിപക്ഷ നേതാവിന് അവകാശമില്ലേ. വി എസിന് പൂര്‍ണമായി സംസാരിക്കാന്‍ അവസരം നല്‍കിയശേഷം തെറ്റെങ്കില്‍ സഭാരേഖയില്‍നിന്ന് നീക്കുകയോ അപകീര്‍ത്തികരമെങ്കില്‍ നടപടിയെടുക്കുകയോ ചെയ്യാമായിരുന്നു. മുഖ്യമന്ത്രിയുടെ റബര്‍ സ്റ്റാമ്പായി സ്പീക്കര്‍ പദവി തരംതാണതില്‍ പൊഴിക്കാന്‍ ഒരുതുള്ളി കണ്ണീര്‍ മനോരമയ്ക്കില്ല. വിവാദ കഥാപാത്രം സലിംരാജിനെ സസ്പെന്‍ഡ് ചെയ്തതോടെ പ്രതിക്കൂട്ടിലായത് സഭ കലക്കിയവരാണ്.

പകര്‍ച്ചപ്പനിയും വിലക്കയറ്റവും വലയ്ക്കുമ്പോഴാണ് അഴിമതി ആരോപണവുമായി പ്രതിപക്ഷം സഭ സ്തംഭിപ്പിച്ചതെന്ന മനോരമയുടെ കുറ്റാരോപണം അസംബന്ധമാണ്. സഭാസമ്മേളനത്തിന്റെ ആദ്യനാളില്‍ അട്ടപ്പാടിയിലെ ആദിവാസി മരണവും രണ്ടാം നാള്‍ പനിമരണവുമാണ് അടിയന്തര പ്രമേയമായി പ്രതിപക്ഷം അവതരിപ്പിച്ചത്. രണ്ടു വിഷയങ്ങളിലും സഭയില്‍ ഇറങ്ങിപ്പോക്ക് നടത്തിയപ്പോള്‍ പനിയെ രാഷ്ട്രീയവല്‍ക്കരിക്കുന്നോയെന്ന് ഭരണപക്ഷത്തിന്റെ ഉച്ചഭാഷണിയായയതും മനോരമ തന്നെ. വിലക്കയറ്റത്തിന്റെ ഭീതിജനകമായ അവസ്ഥയും അടിയന്തരപ്രമേയ നോട്ടീസിലൂടെ സഭയില്‍ കൊണ്ടുവന്നു. സഭയില്‍ വിലക്കയറ്റത്തിന്റെ കാരണവും ദുരിതങ്ങളും അക്കമിട്ടു നിരത്തിയത് തമസ്കരിച്ച മനോരമ പ്രതിപക്ഷം സഭയില്‍ ജനകീയ പ്രശ്നം അവതരിക്കുന്നില്ലെന്ന് ആരോപിക്കുന്നത് കാപട്യം. ഇതേ മാധ്യമങ്ങങ്ങളാണ് 2ജി, കരിക്കരിപാടം അഴിമതികളില്‍ മന്‍മോഹന്‍സര്‍ക്കാരിന്റെ രാജിക്കായി പ്രതിപക്ഷം പൊരുതുമ്പോള്‍ പാര്‍ലമെന്റിന്റെ നിലവാരത്തകര്‍ച്ചയില്‍ വിലപിച്ചത്. അഴിമതിഭരണത്തെ താങ്ങിനിര്‍ത്താനുള്ള കപടവിദ്യയിലാണ് മനോരമാദികള്‍.
(ആര്‍ എസ് ബാബു)

deshabhimani

No comments:

Post a Comment