ഇപ്പോള്‍ ചില മാസങ്ങള്‍ കടന്നുപോയിരിക്കുന്നു. പൊതുതെരഞ്ഞെടുപ്പ് അതിവേഗം സമീപിക്കുന്നു. കുറെ ഘടകകക്ഷികളെ പിന്തുണക്കാരായി കിട്ടിയില്ലെങ്കില്‍ യുപിഎയുടെ പൊതുവിലും കോണ്‍ഗ്രസിന്റെ പ്രത്യേകിച്ചും നില പരുങ്ങലിലാകും. ഇത്തരം ഒരു അടിയന്തര സമ്മര്‍ദമുണ്ടായപ്പോഴാണ് കനിമൊഴിക്ക് പിന്തുണയുമായി ചെന്നിരിക്കുന്നത്. 2ജി സ്പെക്ട്രം കുംഭകോണത്തില്‍ കനിമൊഴിക്ക് 20 ശതമാനം ഓഹരിപങ്കാളിത്തമുള്ള കലൈഞ്ജര്‍ ടെലിവിഷന്‍ 214 കോടി രൂപ വഴിവിട്ട് സമ്പാദിച്ചുവെന്നായിരുന്നു സിബിഐ കണ്ടെത്തല്‍. 1,76,000 കോടി രൂപയിലെ ബാക്കി സിംഹഭാഗം എവിടെ ആരുടെ പക്കലെത്തി എന്നൊന്നും അന്വേഷണമുണ്ടായില്ല. കനിമൊഴിയുടെ സ്ഥാപനത്തിനുകിട്ടിയ 214 കോടിയില്‍ അന്വേഷണമൊതുങ്ങി. അവരെ അറസ്റ്റുചെയ്തു. കുറ്റപത്രം നല്‍കി. പുറത്തുവിട്ടാല്‍ തെളിവുനശിപ്പിക്കുമെന്നു ബോധിപ്പിച്ച് കോടതിയെക്കൊണ്ട് അവരെ തിഹാര്‍ ജയിലിലടപ്പിക്കുകയും ചെയ്തു. വിചാരണ നേരിടുന്ന അതേ കനിമൊഴിയെത്തന്നെയേ കോണ്‍ഗ്രസ് കണ്ടുള്ളൂ തമിഴ്നാട്ടില്‍ നടക്കുന്ന രാജ്യസഭാതെരഞ്ഞെടുപ്പില്‍ പിന്തുണയ്ക്കാന്‍. ഇപ്പോള്‍ തിഹാര്‍ ജയിലിലടയ്ക്കപ്പെട്ടതും പ്രശ്നമല്ല, കുറ്റപത്രം സമര്‍പ്പിച്ചതും പ്രശ്നമല്ല, വിചാരണ നേരിടുന്നതും പ്രശ്നമല്ല. വോട്ട് കനിമൊഴിക്കുതന്നെ!
തമിഴ്നാട്ടില്‍ എഐഎഡിഎംകെയ്ക്ക് 151 എംഎല്‍എമാരുണ്ട്. അതുകൊണ്ട് നാലുപേരെ രാജ്യസഭയിലേക്ക് ജയിപ്പിച്ചയക്കാന്‍ കഴിയും. ഡിഎംകെയ്ക്കാകട്ടെ 23 അംഗങ്ങളേയുള്ളൂ. ഒരാള്‍ രാജ്യസഭയിലേക്ക് ജയിച്ചുകയറാന്‍ 34 വോട്ട് വേണമെന്നിരിക്കെ ഡിഎംകെയ്ക്ക് ഒരാളെയും ജയിപ്പിക്കാന്‍ ശേഷിയില്ല. പട്ടാളിമക്കള്‍ കക്ഷി രാജ്യസഭാതെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുകയും അഞ്ചാംസ്ഥാനാര്‍ഥിയായി എഐഎഡിഎംകെ സിപിഐയിലെ ഡി രാജയ്ക്ക് പിന്തുണനല്‍കുകയുംചെയ്ത സാഹചര്യത്തില്‍ ആറാംസീറ്റില്‍ ജയിക്കാന്‍ ഒരു വഴിയുമില്ലാതെ കനിമൊഴിയും ഡിഎംകെയും വിഷമത്തിലായി. ഈ ഘട്ടത്തിലാണ് കോണ്‍ഗ്രസ് അഞ്ച് വോട്ടിന്റെ പിന്തുണയുമായി കനിമൊഴിയുടെ അടുത്തേക്ക് ഓടിച്ചെന്നത്. ബാക്കി അല്ലറചില്ലറ വോട്ടുകള്‍കൂടി ശേഖരിച്ചാല്‍ കനിമൊഴിക്ക് രാജ്യസഭയില്‍ പോകാനുള്ള 34 തട്ടിക്കൂട്ടാം.
പ്രശ്നം അതല്ല, രാഷ്ട്രീയ ധാര്‍മികതയെക്കുറിച്ച് സദാ പ്രസംഗിക്കുന്ന കോണ്‍ഗ്രസിന് നാലുമാസംമുമ്പ് മുന്നണിവിട്ട് തങ്ങളെ തള്ളിപ്പറഞ്ഞ് പുറത്തുപോയ പാര്‍ടിയുടെ നേതാവിന് പിന്തുണ നീട്ടിക്കൊണ്ടുചെല്ലാന്‍ എങ്ങനെ കഴിയുന്നു? 2ജി സ്പെക്ട്രം കുംഭകോണത്തിന്റെ മുഴുവന്‍ ഉത്തരവാദിത്തവും എ രാജയ്ക്കും കനിമൊഴിക്കും അവരുള്‍പ്പെട്ട ഡിഎംകെയ്ക്കുമാണെന്ന് സംയുക്തപാര്‍ലമെന്ററി സമിതിയില്‍പ്പോലും വാദിച്ച കോണ്‍ഗ്രസിന് പ്രധാന പ്രതിയായ കനിമൊഴിക്ക് പിന്തുണ നല്‍കാന്‍ എങ്ങനെ സാധിക്കുന്നു? വിചിത്രമാംവിധം അവസരവാദപരമാണ് കോണ്‍ഗ്രസിന്റെ നിലപാടുകള്‍. ഒരുപക്ഷേ, ഇതിനുപിന്നില്‍ മറ്റൊരു സ്ഥാപിതതാല്‍പ്പര്യമുണ്ടാകാം. 2ജി സ്പെക്ട്രം കുംഭകോണത്തില്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിനും ധനമന്ത്രി പി ചിദംബരത്തിനും മറ്റുമുള്ള പങ്ക് കോടതിമുമ്പാകെ പറയാതിരിക്കാന്‍ തക്കവിധം കനിമൊഴിയെ പ്രീണിപ്പിക്കുക എന്നതാണത്. സ്പെക്ട്രം വില്‍പ്പനയ്ക്ക് ധനമന്ത്രി ചിദംബരം അംഗീകാരം നല്‍കിയിരുന്നുവെന്നും അതാകട്ടെ, പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിലായിരുന്നുവെന്നും അന്ന് ടെലികോംമന്ത്രിയായിരുന്ന എ രാജ പറഞ്ഞിട്ടുണ്ട്. എ രാജയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി ചോദിച്ചുള്ള സുബ്രഹ്മണ്യംസ്വാമിയുടെ കത്ത് ഒന്നരവര്‍ഷം മറുപടിപോലും നല്‍കാതെ പൂഴ്ത്തിയത് പ്രധാനമന്ത്രിയാണ്.
2008 നവംബറില്‍ത്തന്നെ കുംഭകോണത്തിന്റെ സമഗ്രചിത്രം സിപിഐ എം നല്‍കിയിട്ടും അതിന്മേല്‍ നടപടി എടുക്കാതിരുന്നത് പ്രധാനമന്ത്രിയാണ്. വിജ്ഞാപനത്തില്‍ പറഞ്ഞ തീയതിക്കുമുമ്പ് സ്പെക്ട്രം ലൈസന്‍സ് അപേക്ഷകള്‍ സ്വീകരിക്കുന്നത് നിര്‍ത്തിവച്ചതു സംബന്ധിച്ച ഫയല്‍ പ്രധാനമന്ത്രിയിലൂടെയാണ് കടന്നുപോയത്. ഏഴുവര്‍ഷംമുമ്പത്തെ നിരക്കില്‍ത്തന്നെ 2008ല്‍ ലൈസന്‍സ് നല്‍കിയാല്‍ മതി എന്ന നിര്‍ദേശത്തിന് പ്രധാനമന്ത്രിയുടെയും അംഗീകാരമുണ്ടായിരുന്നു. ഇതുപോലുള്ള നിരവധി കാര്യങ്ങള്‍ കനിമൊഴി കോടതിയില്‍ പറയാനിടയുണ്ട്. ഇത് മുന്‍കൂട്ടി മനസ്സിലാക്കി അവരെ പ്രീണിപ്പിച്ച് വശത്താക്കുക എന്ന ഉദ്ദേശ്യംകൂടി കോണ്‍ഗ്രസിനുണ്ട് എന്നുകരുതിയാല്‍ തെറ്റില്ല. പൊതുതെരഞ്ഞെടുപ്പില്‍ കൂടുതല്‍ കക്ഷികളെ ഒപ്പംകൂട്ടാനുള്ള രാഷ്ട്രീയസമ്മര്‍ദം വേറെ. ഏതായാലും പ്രായോഗിക രാഷ്ട്രീയത്തിന്റെ മുമ്പില്‍ ധാര്‍മികത അപ്പാടെ കൈയൊഴിയുന്ന കോണ്‍ഗ്രസ് നിലപാടുകളിലെ ഏറ്റവും പുതിയ കണ്ണിയാവുന്നുണ്ട് കനിമൊഴിക്കുള്ള കോണ്‍ഗ്രസ് പിന്തുണ.
deshabhimani editorial
No comments:
Post a Comment