Friday, June 28, 2013

യുവജനമാര്‍ച്ചുകള്‍ക്കുനേരെ പൊലീസ് ഭീകരത

സോളാര്‍തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഇടതുയുവജന സംഘടനകള്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചുകള്‍ക്കുനേരെ പൊലീസ് വേട്ട. കോഴിക്കോട്ടും മലപ്പുറത്തും കട്ടപ്പനയിലും യുവജന പ്രവര്‍ത്തകരെ പൊലീസ് തല്ലിച്ചതച്ചു. കോഴിക്കോട്ട് സമാധാനപരമായി നടന്ന മാര്‍ച്ചിനെ ഗ്രനേഡും കണ്ണീര്‍വാതകവും ജലപീരങ്കിയുമായാണ് പൊലീസ് നേരിട്ടത്. 60 പേര്‍ക്ക് പരിക്കേറ്റു. ഡിവൈഎഫ്ഐ സംസ്ഥാന ജോ. സെക്രട്ടറി ജി മുരളീധരന്‍, കോഴിക്കോട് ജില്ലാ പ്രസിഡന്റ് സി അശ്വിനിദേവ്, സെക്രട്ടറി എന്‍ രാജേഷ്, എഐവൈഎഫ് ജില്ലാ സെക്രട്ടറി പി ഗവാസ്, ഡിവൈഎഫ്ഐ ജില്ലാ ജോയിന്റ് സെക്രട്ടറി എം പി അജീന്ദ്രന്‍, ജില്ലാ കമ്മിറ്റിയംഗം കെ സിനി, കെ നസീമ എന്നിവരുടെ പരിക്ക് സാരമുള്ളതാണ്. ഇവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ക്കും നിരവധി പൊലീസുകാര്‍ക്കും പരിക്കുണ്ട്. പൊലീസ് കല്ലേറിലും ഗ്രനേഡ് പ്രയോഗത്തിലും കൈരളി ടിവിയുടെ ഒബി വാനും ക്വാളിസും തകര്‍ന്നു. 20 പ്രവര്‍ത്തകരെ അറസ്റ്റ്ചെയ്തു.

മലപ്പുറത്ത് പൊലീസ് മര്‍ദനത്തില്‍ പെണ്‍കുട്ടികളടക്കം 30 പേര്‍ക്ക് പരിക്കേറ്റു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഡിവൈഎഫ്ഐ കേന്ദ്രകമ്മിറ്റിയംഗം പി എ മുഹമ്മദ് റിയാസടക്കം നാലുപേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി പി കെ അബ്ദുള്ള നവാസ്, വൈസ് പ്രസിഡന്റ് കെ പി ഫൈസല്‍, പി ഷാഹിര്‍ എന്നിവരാണ് മെഡിക്കല്‍ കോളേജിലുള്ളത്. നിരവധി പേരെ മഞ്ചേരി ജനറല്‍ ആശുപത്രി, മലപ്പുറം താലൂക്ക് ആശുപത്രി എന്നിവടങ്ങളില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ 11.30ഓടെ കോഴിക്കോട് കലക്ടറേറ്റിന് മുന്നില്‍ മാര്‍ച്ച് എത്തിയപ്പോഴായിരുന്നു പൊലീസ്വേട്ട. ബലപ്രയോഗത്തിന് മുതിര്‍ന്ന പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഈ സമയം കലക്ടറേറ്റിനുള്ളില്‍ നിലയുറപ്പിച്ച പൊലീസുകാര്‍ യുവാക്കളെ കല്ലെറിഞ്ഞു. പിന്നാലെ ലാത്തിച്ചാര്‍ജും. ആറ് തവണ ഗ്രനേഡ് പ്രയോഗിച്ചു. വഴിയാത്രക്കാരും കലക്ടറേറ്റ് ജീവനക്കാരുമടക്കം റോഡിലുണ്ടായിരുന്നവര്‍ക്കാകെ പൊലീസ് മര്‍ദനമേറ്റു. പിരിഞ്ഞുപോകാതെ പ്രവര്‍ത്തകര്‍ നിലയുറപ്പിച്ചതോടെ വീണ്ടും പത്ത് റൗണ്ട് തുടര്‍ച്ചയായി ഗ്രനേഡെറിഞ്ഞു. കൈരളി ടി വി ക്യാമറാമാന്‍ കെ കെ ഷിനു, ഡ്രെവര്‍ കെ റിയാസ്, മാതൃഭൂമി ചീഫ് ഫോട്ടോഗ്രാഫര്‍ കെ കെ സന്തോഷ്, എസിവി ലേഖകന്‍ ഷമീര്‍, ദീപിക ഫോട്ടോഗ്രാഫര്‍ അനുഷ് എന്നിവര്‍ക്ക് പൊലീസ് കല്ലേറില്‍ പരിക്കേറ്റു. മുക്കാല്‍ മണിക്കൂറോളം കലക്ടറേറ്റ് പരിസരവും ദേശീയപാതയും പൊലീസ് യുദ്ധക്കളമാക്കി. പിരിഞ്ഞുപോകുന്നവര്‍ക്കുനേരെയും ഗ്രനേഡെറിഞ്ഞു. വന്‍തോതില്‍ കല്ല് സമാഹരിച്ചാണ് പൊലീസ് തമ്പടിച്ചത്.

ഇടുക്കി കട്ടപ്പനയിലെ ലാത്തിച്ചാര്‍ജില്‍ ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ പ്രസിഡന്റ് കെ പി സുമോദ്, പീരുമേട് ബ്ലോക്ക് പ്രസിഡന്റ് വി ഐ സിംസണ്‍, എഐവൈഎഫ് പ്രവര്‍ത്തകരായ സനീഷ് മോന്‍, സന്തോഷ് ഇടമന എന്നിവര്‍ക്ക് പരിക്കേറ്റു. ഇടുക്കി കവലയില്‍ നിന്നും ആരംഭിച്ച മാര്‍ച്ച് ടൗണ്‍ചുറ്റി കട്ടപ്പന സബ് ട്രഷറി ഓഫീസില്‍ എത്തിയപ്പോഴായിരുന്നു പൊലീസിന്റെ ആക്രമണം.

deshabhimani

No comments:

Post a Comment