വിവിധ ഭാഗങ്ങളില്‍ കുടുങ്ങിപ്പോയവരില്‍ രോഗികളെയും കുഞ്ഞുങ്ങളെയും വൃദ്ധരെയും ഏറെ അവശരായവരെയും പരിഗണന നല്‍കി ആദ്യം രക്ഷിച്ച് സുരക്ഷാകേന്ദ്രങ്ങളിലെത്തിക്കാനും രക്ഷാകേന്ദ്രങ്ങളിലെത്താന്‍ ബാക്കിയുള്ളവര്‍ക്ക് ഭക്ഷണവും വസ്ത്രവും എത്തിക്കാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടു. സേനാ കോപ്റ്ററുകള്‍ ആസൂത്രിത രക്ഷാപ്രവര്‍ത്തനം നടത്തി. ഒരു ചിട്ടയും പാലിക്കാതെ സ്വകാര്യ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്. സ്വകാര്യ കോപ്റ്ററുകള്‍ വ്യോമസേനയുടെ സമ്പൂര്‍ണ നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ അരാജകത്വം ഉണ്ടാകുമായിരുന്നില്ല. എല്ലാവരെയും രക്ഷിക്കുന്നതില്‍ കേന്ദ്രം പരാജയപ്പെട്ടപ്പോള്‍ അതതു സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ മാത്രമായി കണ്ടെത്തി രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ സ്വന്തംനിലയില്‍ ഹെലികോപ്റ്ററുകളടക്കം സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയത് രണ്ടുതരം രക്ഷാ പ്രവര്‍ത്തനങ്ങളുണ്ടാകാന്‍ ഇടയാക്കി. ഹെലികോപ്റ്ററുകള്‍ അയക്കാന്‍ തീരുമാനിക്കാത്ത സംസ്ഥാന സര്‍ക്കാരുകള്‍ പിന്തള്ളപ്പെട്ടു. ആ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ സൈന്യം എത്തുംവരെ കാത്തുനില്‍ക്കേണ്ടിവന്നു. പ്രതികൂല കാലാവസ്ഥയും ഭക്ഷ്യ-ജല ദൗര്‍ലഭ്യവുംകൂടിയായപ്പോള്‍ പലരും അവശരായി. ചിലര്‍ രക്ഷാകേന്ദ്രങ്ങളിലെത്തുംമുമ്പ് മരിച്ചു. ദുരിതത്തിന്റെ ആഴം ശരിയായി മനസ്സിലാക്കി ഏകോപനത്തോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പരാജയപ്പെട്ട കേന്ദ്രസര്‍ക്കാര്‍ പരാജയം മൂടിവയ്ക്കാന്‍ കോണ്‍ഗ്രസ് നേതാക്കളെ ഉത്തരാഖണ്ഡിലേക്ക് അയക്കുകയായിരുന്നു. ഒടുവില്‍ രാഹുല്‍ഗാന്ധി വരാത്തതിനെച്ചൊല്ലിയായി തര്‍ക്കം. തിങ്കളാഴ്ച രാഹുലും എത്തി.
ഒറ്റപ്പെട്ട് ഇപ്പോഴും 15,000 പേര്‍
ന്യൂഡല്‍ഹി: പ്രളയം നാശംവിതച്ച ഉത്തരാഖണ്ഡില്‍ കനത്ത മഴയെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലായി. മൂന്ന് ദിവസം കൂടി കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പ് ജനങ്ങളെ കടുത്ത ആശങ്കയിലാഴ്ത്തി. മഴ കാര്യമായി പെയ്യാതിരുന്ന സ്ഥലങ്ങളില്‍നിന്ന് രണ്ടായിരത്തോളംപേരെ മാത്രമാണ് തിങ്കളാഴ്ച ഒഴിപ്പിച്ചത്. പതിനയ്യായിരത്തോളം പേര്‍ ഇപ്പോഴും വിവിധ സ്ഥലങ്ങളില്‍ കുടുങ്ങിക്കഴിയുകയാണ്. ബദരീനാഥില്‍ മാത്രം അയ്യായിരത്തോളം പേര്‍ രക്ഷാപ്രവര്‍ത്തകരെ കാത്ത് കഴിയുന്നു. പ്രതികൂല കാലാവസ്ഥയിലും രക്ഷാപ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമത്തിലാണ് കര-വ്യോമസേനകളും ഇന്തോ-തിബത്തന്‍ അതിര്‍ത്തി പൊലീസും. അതിര്‍ത്തി റോഡ് സംഘടന (ബിആര്‍ഒ) തകര്‍ന്ന റോഡുകള്‍ പുനര്‍നിര്‍മിക്കാനുള്ള കഠിനശ്രമത്തിലും.
ഹര്‍സിലില്‍നിന്ന് ഉത്തരകാശിയിലേക്ക് സൈന്യം നടപ്പാത തയ്യാറാക്കി. ശാരീരികശേഷിയുള്ളവരെ ഇവിടെവരെ കാല്‍നടയായി എത്തിച്ച് പിന്നീട് വാഹനത്തില്‍ കൊണ്ടുപോകാനാണ് പദ്ധതി. പ്രളയബാധിതപ്രദേശത്ത് കുടുങ്ങിയ എല്ലാവരെയും രക്ഷപ്പെടുത്തിയശേഷമേ സേനാ ഹെലികോപ്റ്ററുകള്‍ക്ക് വിശ്രമമുണ്ടാകൂവെന്ന് വ്യോമസേനാമേധാവി എന്‍ എ കെ ബ്രൗണ്‍ പറഞ്ഞു. പ്രതീക്ഷ കൈവിടരുതെന്ന് അദ്ദേഹം പറഞ്ഞു. ഐടിബിപി 450 പേരെ ബദരീനാഥില്‍നിന്നും 267 പേരെ ഗംഗോത്രി മനേരി മേഖലയില്‍നിന്നും സുരക്ഷിതസ്ഥാനത്തെത്തിച്ചു.
ഭൈരോണ്‍ ചെത്തി മേഖലയില്‍ നിലവില്‍ ആരും കുടുങ്ങി യിട്ടില്ലെന്ന് ഐടിബിപി സ്ഥിരീകരിച്ചു. ഹര്‍സിലില്‍നിന്ന് 120 പേരെ രക്ഷപ്പെടുത്തിയതായി ദേശീയ ദുരന്തനിവാരണസേന അറിയിച്ചു. കേദാര്‍നാഥ്, അഗസ്ത്യമുനി, നാരായണ്‍ ബാഗര്‍, ദാര്‍ചുല എന്നിവിടങ്ങളില്‍ മൊബൈല്‍ ടവറുകള്‍ ബിഎസ്എന്‍എല്‍ പുനഃസ്ഥാപിച്ചു. 75 സാറ്റലൈറ്റ് ഫോണുകളുടെ സേവനവും ബിഎസ്എന്‍എല്‍ ലഭ്യമാക്കി. രുദ്രപ്രയാഗ്, ഗുപ്ത്കാശി, ഹര്‍സില്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച കനത്ത മഴ പെയ്തു. ഗൗരികുണ്ഡില്‍ കുടുങ്ങിയ അഞ്ഞൂറോളംപേരെ സുരക്ഷിതസ്ഥാനത്ത് എത്തിക്കാനുള്ള ശ്രമം മഴമൂലം ഉപേക്ഷിച്ചു. കേദാര്‍നാഥില്‍ വീണ്ടെടുത്ത മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ഹെലികോപ്റ്ററുകളില്‍ ആവശ്യമായ വിറകും നെയ്യും മറ്റും എത്തിക്കാന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. മൃതദേഹങ്ങളില്‍നിന്ന് വീണ്ടെടുത്ത തിരിച്ചറിയല്‍ രേഖകളും മറ്റും പൊലീസ് സൂക്ഷിക്കും. ഡിഎന്‍എ സാമ്പിളുകളും എടുക്കും. മഴയെ തുടര്‍ന്ന് മന്ദാകിനി, അളകനന്ദ നദികളില്‍ വീണ്ടും ജലനിരപ്പ് ഉയര്‍ന്നു. പിത്തോറഗഡ്, നൈനിത്താള്‍, ചമ്പാവത്ത്, ഹല്‍ദ്വാനി എന്നിവിടങ്ങളിലും തിങ്കളാഴ്ച കനത്ത മഴ പെയ്തു.
"ഷോ" ദൗര്‍ഭാഗ്യകരം
ന്യൂഡല്‍ഹി: പ്രളയക്കെടുതി നേരിടുന്ന ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് സ്വയം പ്രചരിപ്പിക്കുന്ന നേതാക്കളുടെ നടപടി ദൗര്‍ഭാഗ്യകരവും ദുഃഖകരവുമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി പറഞ്ഞു. പ്രചാരണം ആഗ്രഹിക്കുന്ന രാഷ്ട്രീയ നേതാക്കളുടെ സന്ദര്‍ശനം രക്ഷാപ്രവര്‍ത്തനത്തെ ബാധിക്കും. സിപിഐ എം ബോധപൂര്‍വമാണ് ഉത്തരാഖണ്ഡിലേക്ക് നേതാക്കളെ അയക്കാത്തതെന്നും കൂട്ടിച്ചേര്‍ത്തു. രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു യെച്ചൂരി. ദുരിതബാധിതരെ സഹായിക്കാന്‍ പണവും മറ്റ് വസ്തുക്കളും ശേഖരിക്കാന്‍ പ്രവര്‍ത്തകരോട് ആദ്യം ആഹ്വാനംചെയ്തത്സിപിഐ എമ്മാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.
No comments:
Post a Comment