തൊടുപുഴ: പി ജെ കുര്യനെതിരെ സൂര്യനെല്ലി പെണ്‍കുട്ടി സമര്‍പ്പിച്ച പുനരവലോകന ഹര്‍ജി കോടതി തള്ളി. കേസിലെ ഒന്നാംപ്രതി ധര്‍മരാജന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പെണ്‍കുട്ടി നല്‍കിയ ഹര്‍ജിയാണ് ശനിയാഴ്ച തൊടുപുഴ സെഷന്‍സ് ജഡ്ജി കെ എബ്രഹാം മാത്യു തള്ളിയത്.
കേസില്‍ ശിക്ഷിക്കപ്പെട്ടശേഷം പരോളിലിറങ്ങി ഒളിവില്‍പോയ ധര്‍മരാജന്‍ ഒരു ചാനലിനോട് പി ജെ കുര്യന്റെ പങ്ക് വെളിപ്പെടുത്തിയിരുന്നു. കുര്യനെയും കേസിലെ പ്രതികളായ ഉണ്ണികൃഷ്ണന്‍ നായര്‍, ജമാല്‍ എന്നിവരെയും താനാണ് സ്വന്തം കാറില്‍ കുമളി റസ്റ്റ് ഹൗസില്‍ പെണ്‍കുട്ടിയുടെ അടുത്തെത്തിച്ചതെന്ന് ധര്‍മരാജന്‍ പറഞ്ഞു. ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കുര്യനടക്കമുള്ളവര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് പെണ്‍കുട്ടി പുനരവലോകന ഹര്‍ജി നല്‍കിയത്. എന്നാല്‍, വിസ്താരവേളയില്‍ ധര്‍മരാജന്‍ മലക്കംമറിഞ്ഞു. കുര്യനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ മദ്യലഹരിയില്‍ നടത്തിയതാണെന്ന് കോടതിയെ അറിയിച്ചു. ഈ സത്യവാങ്മൂലമാണ് പെണ്‍കുട്ടിയുടെ ഹര്‍ജി നിരസിക്കാന്‍ ഇടയാക്കിയത്. പി ജെ കുര്യനുവേണ്ടി അഡ്വ. രാംകുമാര്‍ ഹാജരായി.
ധര്‍മരാജന്റെ മൊഴിമാറ്റം സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകര്‍ ആവശ്യപ്പെട്ടു. സെഷന്‍സ് കോടതി വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കും. മേല്‍കോടതിയില്‍ നിന്ന് നീതി ലഭിക്കുമെന്ന വിശ്വാസമുണ്ട്. അതിനായി നിയമപോരാട്ടം തുടരുമെന്നും പെണ്‍കുട്ടിക്കുവേണ്ടി ഹാജരായ അഡ്വ. കെ വി ഭദ്രകുമാരിയും അഡ്വ. എ ജെ വില്‍സണും പറഞ്ഞു.
നീതി നിഷേധം: മഹിളാ അസോസിയേഷന്‍
ന്യൂഡല്‍ഹി: സൂര്യനെല്ലിക്കേസില്‍ രാജ്യസഭാ ഡെപ്യൂട്ടി ചെയര്‍മാന്‍ പി ജെ കുര്യനെതിരെ പെണ്‍കുട്ടി നല്‍കിയ ഹര്‍ജി തള്ളിയ തൊടുപുഴ കോടതിയുടെ വിധി നീതിനിഷേധത്തിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് അഖിലേന്ത്യാ ജനാധിപത്യ മഹിളാഅസോസിയേഷന്‍ കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു.
ജില്ലാ കോടതി വിധി ദൗര്‍ഭാഗ്യകരവും നീതീകരിക്കാനാകാത്തതുമാണ്. പി ജെ കുര്യനാണ് തന്നെ ബലാത്സംഗം ചെയ്തതെന്ന പെണ്‍കുട്ടിയുടെ ആരോപണം ഗൗരവമായി കാണാന്‍ കോടതി തയ്യാറായിട്ടില്ല. കേസിന്റെ തുടക്കംമുതല്‍ പി ജെ കുര്യന്റെ പേര് പെണ്‍കുട്ടി പറയുന്നു. എന്നിട്ടും കാര്യക്ഷമമായ അന്വേഷണമോ ജുഡീഷ്യല്‍ നടപടികളോ ഉണ്ടായിട്ടില്ല. ഈ കോടതി വിധി കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ച ജസ്റ്റിസ് ജെ എസ് വര്‍മ സമിതിയുടെ ശുപാര്‍ശകളെ അട്ടിമറിക്കുന്നു. പി ജെ കുര്യന്റെ പേര് ബോധപൂര്‍വം വലിച്ചിഴച്ചതാണെന്ന കോടതി പരാമര്‍ശം പരാതി നല്‍കാനുള്ള ഇരയുടെ അവകാശത്തെ ചോദ്യംചെയ്യുന്നതാണെന്നും മഹിളാ അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.
deshabhimani
No comments:
Post a Comment