Sunday, June 30, 2013

അണ്‍എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകളിലെ ശമ്പളം: ഹൈക്കോടതി ഉത്തരവിനു പുല്ലുവില

അണ്‍എയ്ഡഡ്, സിബിഎസ്ഇ സ്കൂളുകളില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതു സംബന്ധിച്ച ഹൈക്കോടതി ഉത്തരവ് സംസ്ഥാനത്തെ ഭൂരിപക്ഷം മാനേജ്മെന്റുകളും നടപ്പാക്കുന്നില്ല. ഉത്തരവ് നടപ്പാക്കിയെന്നു ഉറപ്പുവരുത്തേണ്ട സിബിഎസ്ഇയും മാനേജ്മെന്റുകള്‍ക്ക് കൂട്ടുനില്‍ക്കുന്നു. സിബിഎസ്ഇ സ്കൂളിലെ അധ്യാപകരുടെ ശമ്പളം സംബന്ധിച്ച 2011ല്‍ കേരള സര്‍ക്കാര്‍ ഇറക്കിയ ഉത്തരവും തൊഴില്‍വകുപ്പിന്റെ സര്‍ക്കുലറും സിബിഎസ്ഇ ബോര്‍ഡ് നിര്‍ദേശം പാലിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവും മാനേജ്മെന്റുകള്‍ ഇതുവരെ പാലിച്ചിട്ടില്ല. സംസ്ഥാനത്തെ എത്ര സിബിഎസ്ഇ സ്കൂളുകളിലെ അധ്യാപകര്‍ക്ക് ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ശമ്പളം നല്‍കിയെന്ന് എറണാകുളം കാക്കനാട് സ്വദേശി രാജു വാഴക്കാല വിവരാവകാശനിയമപ്രകാരം അന്വേഷിച്ചപ്പോള്‍ വിഷയം വിവരാവകാശനിയമത്തിന്റെ പരിധിയില്‍ വരുന്നില്ലെന്ന മറുപടിയാണ് സിബിഎസ്ഇ ചെന്നൈ റീജണല്‍ ഓഫീസ് നല്‍കിയത്. സിബിഎസ്ഇയും സ്കൂള്‍ മാനേജ്മെന്റുകളും തമ്മിലുള്ള ഒത്തുകളിയാണ് ഇതിനു പിന്നിലെന്ന് വ്യക്തമാക്കുന്നതാണ് ഈ മറുപടി.

സ്വകാര്യ സിബിഎസ്ഇ, അണ്‍എയ്ഡഡ് സ്കൂളുകളില്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും മിനിമം ശമ്പളം ഉറപ്പാക്കണമെന്ന്ഹൈക്കോടതി 2012 സെപ്തംബറിലാണ് ഉത്തരവിട്ടത്. അധ്യാപകര്‍ക്ക് പ്രൈമറിതലത്തില്‍ 10,000, ഹൈസ്കൂള്‍തലത്തില്‍ 15,000, ഹയര്‍ സെക്കന്‍ഡറിതലത്തില്‍ 20,000 എന്നീ നിരക്കില്‍ ശമ്പളം നല്‍കണമെന്നായിരുന്നു ഉത്തരവ്. ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നാവശ്യപ്പെട്ട് സിബിഎസ്ഇ 2013 ഫെബ്രുവരിയില്‍ സ്കൂളുകള്‍ക്ക് സര്‍ക്കുലറും നല്‍കി. ഇല്ലെങ്കില്‍ അഫിലിയേഷന്‍ റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സിബിഎസ്ഇ ഇപ്പോള്‍ അതെല്ലാം മറന്നമട്ടിലാണ്. ഹൈക്കോടതി നിര്‍ദേശപ്രകാരമുള്ള ശമ്പളം നല്‍കുന്നുവെന്ന് ഉറപ്പുവരുത്താന്‍ സിബിഎസ്ഇ ശ്രമിക്കുന്നില്ല. പരിശോധന നടത്താത്തതിനാല്‍ മാനേജ്മെന്റുകള്‍ തൊഴില്‍ചൂഷണം നിര്‍ബാധം തുടരുന്നു. അണ്‍എയ്ഡഡ് സ്കൂളുകളിലെ അധ്യാപകര്‍ക്ക് മിക്കവാറും 4,000 രൂപമുതല്‍ 6000 രൂപവരെ മാത്രമാണ് മാസശമ്പളം. പത്തും ഇരുപതും വര്‍ഷം സര്‍വീസുള്ളവരാണ് ഈ തുച്ഛശമ്പളത്തില്‍ ജോലിചെയ്യുന്നത്. നാലായിരത്തോളം അണ്‍എയ്ഡഡ് സ്കൂളുകളില്‍ രണ്ടുലക്ഷംവരുന്ന അധ്യാപകരും അധ്യാപകേതര ജീവനക്കാരുമുണ്ട്. ഇവര്‍ക്ക് ഇഎസ്ഐ, പിഎഫ്, ബോണസ്, പ്രസവാനുകൂല്യം തുടങ്ങിയവയൊന്നും മാനേജ്മെന്റുകള്‍ നല്‍കുന്നില്ല. അവധിക്കാല ശമ്പളവും നല്‍കുന്നില്ല. നല്‍കിയാല്‍ത്തന്നെ അധ്യാപകരെ അവധിക്കാലത്ത് സ്കൂളില്‍ ജോലിചെയ്യിപ്പിക്കും. ഇത്തരം നടപടികളെ ചോദ്യംചെയ്താല്‍ അധ്യാപകരെയും ജീവനക്കാരെയും അന്യായമായി പിരിച്ചുവിടുന്നു. അണ്‍എയ്ഡഡ് മേഖലയില്‍ കൂണുപോലെ ഉയര്‍ന്നുവരുന്ന സിബിഎസ്ഇ സ്കൂളുകള്‍ക്കുമേല്‍ സര്‍ക്കാരിനോ വിദ്യാഭ്യാസവകുപ്പിനോ യാതൊരു നിയന്ത്രണവുമില്ല.
(ഇ പി വിനയകൃഷ്ണന്‍)

deshabhimani

No comments:

Post a Comment