Sunday, June 30, 2013

ആറന്മുള: വാര്‍ത്ത ദുരുദ്ദേശ്യപരം

കോഴഞ്ചേരി: മിച്ചഭൂമിയിലെ താമസക്കാര്‍ക്ക് സഹായമെത്തിക്കുന്നത് സംബന്ധിച്ചുള്ള മാതൃഭൂമി വാര്‍ത്ത അടിസ്ഥാനരഹിതവും ദുരുദ്ദേശ്യപരവുമാണെന്ന് സിപിഐ എം കോഴഞ്ചേരി ഏരിയാ സെക്രട്ടറി ആര്‍ അജയകുമാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

പമ്പാനദിയില്‍ ജലനിരപ്പ് ഉയര്‍ന്ന വിവരം അറിഞ്ഞ ഉടന്‍ തന്നെ പാര്‍ടി ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപനും സെക്രട്ടറിയറ്റംഗം എ പത്മകുമാറും അടക്കമുള്ളവര്‍ ആറന്മുളയിലെത്തി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നതിനും ഇവര്‍ക്കാവശ്യമായ ഭക്ഷണം നല്‍കുന്നതിനും സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും സിപിഐ എം സമരഭൂമിയിലെ താമസക്കാരെ സഹായിക്കുന്നില്ലെന്ന് ആരോപിക്കുന്നത് മറ്റാരെയോ സഹായിക്കാനാണ്. നാല്‍ക്കാലിക്കല്‍ എം ടി എല്‍പി സ്കൂള്‍ അല്ലാതെ ദുരിതാശ്വാസ ക്യാമ്പ് ആരംഭിക്കുന്നതിന് മറ്റൊരു സ്കൂളിന്റെ പേര് ഒരു ഘട്ടത്തിലും ഉയര്‍ന്നിരുന്നില്ല. ആറന്മുള ഗവ. വിഎച്ച്എസില്‍ ക്യാമ്പ് ആരംഭിക്കാം എന്ന് തഹസില്‍ദാര്‍ അറിയിച്ച വാര്‍ത്ത നൂറു ശതമാനം സത്യവിരുദ്ധമാണ്. മിച്ചഭൂമിയിലെ സമരമുഖത്ത് താമസിക്കുന്നവര്‍ക്കു മുഴുവന്‍ സഹായവും ചെയ്തു കൊടുക്കുന്നത് സിപിഐ എം ആണ്. ഈ ആരോപണം വിമാനത്താവള വിരുദ്ധ സമരത്തെ പരാജയപ്പെടുത്താനും സ്വകാര്യ കമ്പനിയെ സഹായിക്കുന്നതിനും വേണ്ടിയാണെന്ന് സംശയിക്കണം. ആറന്മുള മിനിസിവില്‍സ്റ്റേഷനില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാന്‍ സിപിഐ എം മാത്രമാണ് രംഗത്തുണ്ടായിരുന്നതെന്നും ഏരിയാ സെക്രട്ടറി പറഞ്ഞു.

deshabhimani

No comments:

Post a Comment