മതിയായ രേഖകളില്ലാതെ കഴിഞ്ഞവര്‍ഷം കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളംവഴി ഗള്‍ഫിലേക്ക് കടത്തിയത് 1124 പേരെ. ഇതില്‍ 112 സ്ത്രീകള്‍. 2011 ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ മാത്രം 600 പേരെ കരിപ്പൂര്‍ വഴി കടത്തിയെന്ന് അന്വേഷണത്തില്‍ വ്യക്തമായി. എമിഗ്രേഷന്‍ ചട്ടം മറികടന്ന് മതിയായ രേഖകളില്ലാതെ യുവതികളെയും വീട്ടുജോലി വിസയില്‍ കടത്തി. 2011ലാണ് ഗള്‍ഫിലേക്കുളള മനുഷ്യക്കടത്ത് കരിപ്പൂരില്‍ സജീവമായത്. യുഡിഎഫ് ഭരണത്തില്‍ ഉന്നതബന്ധമുള്ള പൊലീസ് ഉദ്യോഗസ്ഥരാണ് കരിപ്പൂരില്‍ മനുഷ്യക്കടത്തിന്റെ ചുക്കാന്‍ പിടിക്കുന്നത്. എസ്എസ്എല്‍സി യോഗ്യതയുള്ള 30 വയസിന് മുകളില്‍ പ്രായമുള്ള സ്ത്രീകള്‍ക്കാണ് വീട്ടുജോലിക്കുള്ള വിസയില്‍ എമിഗ്രേഷന്‍ അനുവദിക്കുന്നത്. എന്നാല്‍ കരിപ്പൂര്‍ വഴി വിദേശത്തെത്തിയ പല യുവതികള്‍ക്കും 25 കഴിഞ്ഞിരുന്നില്ല. പെണ്‍വാണിഭം ലക്ഷ്യമിട്ടാണ് ദുബായിലേക്കും മറ്റും ഇവരെ കടത്തിയതെന്ന സംശയം ബലപ്പെടുകയാണ്.
എമിഗ്രേഷന്‍ കൗണ്ടറില്‍ ചാര്‍ജുള്ള പൊലീസ് ഉദ്യോഗസ്ഥരും ഓഫീസ് കവാടത്തില്‍ രേഖകള്‍ പരിശോധിക്കുന്നവരുമാണ് വിമാനത്താവളത്തില്‍ മനുഷ്യക്കടത്തിന് നേതൃത്വംനല്‍കിയത്. ഒരാള്‍ക്ക് വിദേശത്ത് ജോലി എമിഗ്രേഷന്‍ ലഭിക്കാന്‍ പത്താംക്ലാസ് നിര്‍ബന്ധമാണ്. മൂന്ന് വര്‍ഷത്തിലധികം വിദേശത്ത് ജോലിചെയ്തവര്‍ക്കും പാന്‍കാര്‍ഡ് ഉള്ളവര്‍ക്കും എമിഗ്രേഷന്‍ അനുവദിക്കുന്നുണ്ട്. ഇത്തരം മാനദണ്ഡം പാലിക്കാതെയാണ് നൂറുകണക്കിന് യാത്രക്കാര്‍ക്ക് എമിഗ്രേഷന്‍ അനുവദിച്ചത്. കരിപ്പൂരിലെ മനുഷ്യക്കടത്തിന് എമിഗ്രേഷന്‍ ഉദ്യോഗസ്ഥരും ട്രാവല്‍ ഏജന്റുമാരും പാസ്പോര്‍ട്ട് ഓഫീസിലെ ചില ഉദ്യോഗസ്ഥരും കണ്ണികളാണെന്ന് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോക്ക് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിനിടെയാണ് മനുഷ്യക്കടത്ത് സിബിഐയും നിരീക്ഷിച്ചുതുടങ്ങിയത്.
കുവൈത്ത്, ദുബായ്, ബഹറൈന്‍ എന്നിവിടങ്ങളിലേക്കാണ് കരിപ്പൂര്‍ വഴി വ്യാപകമായി മനുഷ്യക്കടത്ത്. പ്രതിഫലമായി ഒരു യാത്രക്കാരനില്‍നിന്ന് ഈടാക്കിയത്. 22,000 മുതല്‍ 30,000 രൂപവരെയാണ്. ട്രാവല്‍ ഏജന്റാണ് യാത്രക്കാരനില്‍നിന്ന് പണം വാങ്ങുന്നത്. വീതംവയ്പില്‍ 10,000 മുതല്‍ 15,000 വരെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥരുടെ കോഴയാണ്. പാസ്പോര്‍ട്ട് ഓഫീസ് ഉദ്യോഗസ്ഥന്മാര്‍ക്കും തുക നല്‍കണം. 2011-2012 വര്‍ഷത്തില്‍ ദിവസവും 20ഉം 30ഉം യാത്രക്കാര്‍ കരിപ്പൂര്‍ വഴി കയറിപ്പോയതായാണ് വിവരം. അനധികൃതമായി പോകേണ്ടവരുടെ പട്ടിക നേരത്തെ ട്രാവല്‍ ഏജന്റ് എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തിയാല്‍ പട്ടിക നോക്കി ഇവര്‍ക്ക് യാത്രാനുമതി നല്‍കും. നിരവധി കേസുകളിലെ പ്രതികളും മനുഷ്യക്കടത്തിന്റെ തണലില്‍ ഗള്‍ഫിലേക്ക് കടന്നു. മയക്കുമരുന്ന്, കള്ളനോട്ട് ഏജന്റുമാരും പെണ്‍വാണിഭക്കാരുംവരെ ഇത് മുതലെടുത്തെന്നാണ് കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്. അവസാനം സദാചാര പൊലീസ് ചമഞ്ഞ് കൊടിയത്തൂരില്‍ ഷഹീര്‍ബാബയെന്ന യുവാവിനെ അടിച്ചുകൊന്ന കേസിലെ രണ്ട് പ്രതികളും കരിപ്പൂര്‍വഴിയാണ് കടന്നത്. കേരളത്തില്‍ വിവാദമായ പെണ്‍വാണിഭക്കേസിലെ രണ്ട് ഇരകളെയും മതിയായ രേഖകളില്ലാതെയാണ് ഗള്‍ഫിലേക്ക് കടത്തിയതെന്നും സൂചനയുണ്ട്. 2011 മുതല്‍ സിബിഐ നടത്തിയ പരിശോധനയില്‍ മാത്രമാണ് കൃത്രിമയാത്രാരേഖകള്‍ പിടിച്ചെടുത്തത്. 46 വ്യാജ പാസ്പോര്‍ട്ടുകളും കണ്ടെത്തി. കരിപ്പൂര്‍വഴി വിദേശത്തേക്ക് കടത്താന്‍ കൊണ്ടുവന്ന വ്യാജ കറന്‍സിയും പിടികൂടിയിരുന്നു.
(ബഷീര്‍ അമ്പാട്ട്)
ഒരാള്‍ക്കു മാത്രം നടപടിയില്ല
കൊച്ചി: നെടുമ്പാശേരി മനുഷ്യക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ച് എഡിജിപി കണ്ടെത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്യാത്തതില്‍ ദുരൂഹത. ഡിവൈഎസ്പി മുഹമ്മദ് ഇക്ബാലിനെയാണ് സസ്പെന്‍ഷനില്‍നിന്ന് ഒഴിവാക്കിയത്. മലപ്പുറത്ത് ജോലിചെയ്യുന്ന ഇയാളുടെ മുസ്ലിം ലീഗ് ബന്ധവും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് എംഎല്‍എയുടെ സമ്മര്‍ദവുമാണ് നടപടി ഒഴിവാക്കാന്‍ കാരണമെന്നാണ് സൂചന.
സംഭവത്തില്‍ നേരിട്ടു പങ്കുണ്ടെന്ന് കണ്ടെത്തിയ 36 പൊലീസ് ഓഫീസര്‍മാരെക്കുറിച്ചുള്ള റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിനു നല്‍കിയിരുന്നു. ഇതില്‍ അടിയന്തരമായി നടപടിയെടുക്കേണ്ടവരെക്കുറിച്ച് ആഭ്യന്തരവകുപ്പ് പിന്നീടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. തുടര്‍ന്ന് 15 പേരുടെ പട്ടിക ക്രൈംബ്രാഞ്ച് വീണ്ടും സമര്‍പ്പിച്ചു. ഇതനുസരിച്ച് ഇതുവരെ 14 പേരെ സസ്പെന്‍ഡ്ചെയ്തു. ഇതില്‍ എസ്പിമാരായ ഭുവനചന്ദ്രന്‍, ജമാലുദ്ദീന്‍, ഡിവൈഎസ്പിമാരായ മഹേഷ്കുമാര്‍, സോമരാജന്‍ എന്നിവരെ ബുധനാഴ്ചയാണ് ആഭ്യന്തര സെക്രട്ടറി സസ്പെന്‍ഡ് ചെയ്തത്. എന്നാല്‍ മുഹമ്മദ് ഇക്ബാലിനെ ഒഴിവാക്കി. മനുഷ്യക്കടത്ത് നടന്ന കാലയളവില്‍ ഇയാള്‍ ആറുമാസം നെടുമ്പാശേരി വിമാനത്താവളം എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലിചെയ്തിരുന്നു. വ്യാജ പാസ്പോര്‍ട്ടിലും മറ്റും യാത്രയ്ക്കെത്തിയ തീവ്രവാദ ബന്ധമുള്ളവരെയും പെണ്‍വാണിഭത്തിനായി സ്ത്രീകളെയും വിദേശത്തേക്ക് കയറ്റിവിട്ട സംഭവത്തിലാണ് 36 പൊലീസ് ഓഫീസര്‍മാര്‍ക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയത്. നെടുമ്പാശേരിവഴി വ്യാജ പാസ്പോര്‍ട്ടില്‍ ആളുകളെ വിദേശത്തു കയറ്റിവിട്ട കേസില്‍ എമിഗ്രേഷന്‍ മുന്‍ എസ്ഐ രാജു മാത്യു, കോണ്‍സ്റ്റബിള്‍ പി എ അജീബ് എന്നിവര്‍ നേരത്തെ പിടിയിലായി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഒത്താശയോടും സമ്മതത്തോടുംകൂടിയാണ് മനുഷ്യക്കടത്ത് നടന്നതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍&ലവേ; കണ്ടെത്തിയിരുന്നു. കേസിലെ പ്രധാന കണ്ണിയായ തൃശൂര്‍ വലപ്പാട് സ്വദേശി സുരേഷിനെ ഇതുവരെ പിടികൂടാനായിട്ടില്ല.
അബ്ദുള്‍റഷീദില്‍നിന്ന് കണ്ടെടുത്ത തുക ട്രാവല്‍ ഏജന്‍സികള്‍ നല്‍കിയതെന്ന്
കൊച്ചി: മലപ്പുറം പാസ്പോര്‍ട്ട് ഓഫീസര്‍ അബ്ദുള്‍റഷീദില്‍നിന്ന് സിബിഐ കണ്ടെടുത്ത തുക ട്രാവല്‍ ഏജന്‍സികള്‍ നല്‍കിയതെന്ന് സൂചന. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ എങ്ങിനെ പാസ്പോര്‍ട്ട് ഓഫീസറായി നിയമിച്ചുവെന്നതും അന്വേഷണസംഘത്തിന് അത്ഭുതം സൃഷ്ടിക്കുന്നു. ഇതുസംബന്ധിച്ചെല്ലാം അന്വേഷണം നടത്തുമെന്ന് സിബിഐ വൃത്തങ്ങള്‍ വെളിപ്പെടുത്തി. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ മുന്‍ ഗണ്‍മാനാണ് അബ്ദുള്‍റഷീദ്. അബ്ദുള്‍റഷീദിന്റെ ഓഫീസില്‍ 17ന് സിബിഐ നടത്തിയ റെയ്ഡില്‍ 2,35,000 രൂപയാണ് കണ്ടെടുത്തത്. ഇയാളെക്കുറിച്ച് വ്യാപകമായ പരാതികള്‍ ലഭിച്ച സാഹചര്യത്തിലായിരുന്നു റെയ്ഡ്. പാസ്പോര്‍ട്ട് നല്‍കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലംഘിക്കുന്നതിനോ വ്യാജപാസ്പോര്‍ട്ട് ലഭ്യമാക്കുന്നതിനോ ഉള്ള പ്രതിഫലമാണ് കണ്ടെടുത്ത തുകയെന്ന് സംശയമുണ്ട്. ഈ സാഹചര്യത്തില്‍ ഇദ്ദേഹം ഒപ്പിട്ടുനല്‍കിയ പാസ്പോര്‍ട്ടുകള്‍പോലും പരിശോധിക്കേണ്ട സാഹചര്യമാണുള്ളത്. മനുഷ്യക്കടത്ത്പോലുള്ള തട്ടിപ്പുകളിലും ഇയാള്‍ക്ക് പങ്കാളിത്തമുണ്ടോ എന്നതുസംബന്ധിച്ചും അന്വേഷിക്കും.
രാജ്യത്ത് ഒരിടത്തും ഇത്തരത്തില്‍ താഴ്ന്ന റാങ്കിലുള്ളയാള്‍ പാസ്പോര്‍ട്ട് ഓഫീസറായി നിയമിക്കപ്പെട്ടിട്ടില്ലെന്നത് ഏറെ ദുരൂഹത ഉയര്‍ത്തുന്നു. അണ്ടര്‍ സെക്രട്ടറി പദവിയിലുള്ളവരെയാണ് പാസ്പോര്‍ട്ട് ഓഫീസര്‍മാരായി പരിഗണിക്കുക. റഷീദിന്റെ നിയമനത്തില്‍ രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായതായാണ് കരുതുന്നത്. വിദേശകാര്യ സഹമന്ത്രിയുടെ പാര്‍ടിയുമായി അടുത്ത ബന്ധമുള്ളയാള്‍ എന്ന നിലയ്ക്ക് മുസ്ലിംലീഗും പ്രതിക്കൂട്ടിലാണ്. റഷീദിനെക്കുറിച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ കഴിഞ്ഞദിവസം ഉന്നയിച്ച കാര്യം ശരിവയ്ക്കുന്നതാണ് സിബിഐക്കും ലഭിച്ചിട്ടുള്ള വിവരങ്ങള്‍. അതേസമയം പണ്ട് തന്റെ ഗണ്‍മാനായിരുന്നയാള്‍ ഇപ്പോള്‍ പാസ്പോര്‍ട്ട് ഓഫീസറായതിന് താന്‍ എന്തു പിഴച്ചു എന്ന സമീപനമാണ് പി കെ കുഞ്ഞാലിക്കുട്ടിയുടേത്. അതിനിടെ ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ നിര്‍ദേശത്തെത്തുടര്‍ന്ന് മരവിപ്പിച്ചു.
deshabhimani
No comments:
Post a Comment