ഉന്നതവിദ്യഭ്യാസമേഖലയിലെ സഹകരണം കെറിയുടെ സന്ദര്‍ശനത്തിന്റെ പ്രധാന അജന്‍ഡയാകുന്നതും യുഎസ് സമ്മര്‍ദഫലമാണ്. ഉന്നതവിദ്യാഭ്യാസമേഖല ലാഭകരമാണെന്നതാണ് ഈ മേഖലയിലെ അമേരിക്കന്‍ ഭീമന്മാരുടെ താല്‍പ്പര്യം. ഇതിന്റെ മുന്നോടിയായി ഇന്ത്യയിലെ വിദ്യാഭ്യാസ രീതിയില്‍ മാറ്റം വേണമെന്ന് അമേരിക്ക വാദിക്കുന്നു. ഡല്‍ഹി സര്‍വകലാശാല നാലുവര്‍ഷ ഡിഗ്രി കോഴ്സ് തുടങ്ങുന്നത് ഈ പശ്ചാത്തലത്തിലാണ്. ആണവകരാര്‍ ഒപ്പിട്ട് അഞ്ച് വര്‍ഷമായിട്ടും ആണവ വ്യാപാരത്തില്‍ ആശിച്ച പുരോഗതിയില്ലാത്തതില്‍ അമേരിക്കയ്ക്ക് അങ്കലാപ്പുണ്ട്. ആണവദുരന്തമുണ്ടായാല്‍ ഉത്തരവാദിത്തം റിയാക്ടര്‍ നല്‍കിയ കമ്പനിക്കാണെന്ന് വ്യവസ്ഥചെയ്യുന്ന ആണവബാധ്യതാബില്ലാണ് വ്യാപാരത്തിന് തടസ്സമെന്നാണ് അമേരിക്കയുടെ വാദം. അതിനാല്‍ ബില്ലില്‍ മാറ്റം വേണമെന്ന ആവശ്യവും ഉയര്‍ത്തും.
ചൈനയെ പിടിച്ചുകെട്ടാന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍ഷോ ആബെ മുന്നോട്ടുവയ്ക്കുന്ന ഏഷ്യ-പസഫിക്ക് അച്ചുതണ്ടില്‍ ഇന്ത്യയും പങ്കാളിയാകണമെന്നാണ് യുഎസ് സമ്മര്‍ദം. അമേരിക്കയും ജപ്പാനും ആസ്ത്രേലിയയും ഇന്ത്യയും ചേര്‍ന്നാണ് ഈ അച്ചുതണ്ട്. എന്നാല്‍, അടുത്തിടെ അമേരിക്ക കാലിഫോര്‍ണിയയില്‍ ചൈനയുമായി ജി-രണ്ട് ഉച്ചകോടി ചേര്‍ന്നത് എന്തിനെന്ന ചോദ്യം ഇന്ത്യ ഉയര്‍ത്തും. അഫ്ഗാനിസ്ഥാനില്‍നിന്ന് അമേരിക്ക പിന്മാറുന്നതിന്റെ ഭാഗമായി താലിബാനുമായി ചര്‍ച്ച നടത്താനുള്ള അമേരിക്കയുടെ തീരുമാനവും ഇന്ത്യയെ ഉത്കണ്ഠയിലാക്കി. ഭീകരവാദത്തിന്റെ പ്രതിരൂപമായ താലിബാന് മാന്യത നല്‍കുന്നതാണ് ഇന്ത്യയെ അസ്വസ്ഥമാക്കുന്നത്. ദോഹയില്‍ താലിബാന്‍ ഓഫീസ് തുറന്നതും അതില്‍ പാകിസ്ഥാനുള്ള സ്വാധീനവും ഇന്ത്യയെ അലട്ടുന്നുണ്ട്്. കെറി തിങ്കളാഴ്ച പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങുമായും കൂടിക്കാഴ്ച നടത്തും. ചൊവ്വാഴ്ചയാണ് ഉന്നതവിദ്യാഭ്യാസമേഖലയിലെ സഹകരണം സംബന്ധിച്ച കരാര്‍ ഒപ്പുവയ്ക്കുക.
deshabhimani
No comments:
Post a Comment