Sunday, June 30, 2013

ക്യൂബയില്‍നിന്ന് ഇക്കൊല്ലം 10,500 നവഡോക്ടര്‍മാര്‍

ആരോഗ്യമേഖലയില്‍ ലോകം വിസ്മയത്തോടെ നോക്കുന്ന ക്യൂബയില്‍നിന്ന് ഈ അധ്യയനവര്‍ഷം ബിരുദം നേടി പുറത്തിറങ്ങുന്നത് 10,500 ഡോക്ടര്‍മാര്‍. ഇതില്‍ 4843 പേര്‍ വിദേശികളാണ്. ക്യൂബന്‍ പൗരന്മാര്‍ 5,683. വിവിധ ക്യൂബന്‍ പ്രവിശ്യകളില്‍ ജൂലൈ 19 മുതല്‍ 27 വരെ ബിരുദദാന ചടങ്ങുകള്‍ നടക്കും. മറ്റ് 70 രാജ്യങ്ങളില്‍നിന്നുള്ളവരാണ് ഈവര്‍ഷം ക്യൂബയുടെ വൈദ്യശാസ്ത്ര മികവ് സ്വന്തമാക്കി പുറത്തിറങ്ങുന്നത്. ഇതില്‍ ഒമ്പത് രാജ്യങ്ങളില്‍നിന്ന് നൂറിലേറെ പേരുണ്ട്. ബൊളീവിയ (855), ഇക്വഡോര്‍ (718), മെക്സിക്കോ (444), അര്‍ജന്റീന (387), എല്‍ സാല്‍വദോര്‍ (386), ഗയാന (280), കിഴക്കന്‍ തിമോര്‍ (194), അംഗോള (118), ചൈന (101) എന്നീ രാജ്യങ്ങളാണ് ഈവര്‍ഷം ഏറ്റവും കൂടുതല്‍ ക്യൂബന്‍ ഡോക്ടര്‍മാരെ സൃഷ്ടിച്ചത്.

1961 മുതല്‍ 2012 വരെ 1,24,700 ഡോക്ടര്‍മാരാണ് ക്യൂബയിലെ സര്‍വകലാശാലകളില്‍നിന്ന് വിദ്യാഭ്യാസം നേടിയിറങ്ങിയത്. വൈദ്യശാസ്ത്രമേഖലയിലെ മറ്റു കോഴ്സുകള്‍കൂടി കണക്കിലെടുത്താല്‍ ഈ വര്‍ഷം ബിരുദം നേടിയത് 29,712 പേരാണെന്ന് പൊതുജനാരോഗ്യ വിദ്യാഭ്യാസ മന്ത്രാലയ മേധാവി ഡോ. ജോ എമിലിയോ കാബല്ലറോയെ ഉദ്ധരിച്ച് "ഗ്രാന്‍മ" റിപ്പോര്‍ട്ട്ചെയ്തു. ഇതില്‍ 5020 പേര്‍ മറ്റു രാജ്യങ്ങളില്‍നിന്നുള്ളവരാണ്. ക്യൂബന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച് നടപ്പാക്കുന്ന പുതിയ പരിശീലന പദ്ധതിയില്‍ മെഡിസിന്‍, ഡെന്റിസ്ട്രി, നേഴ്സിങ്, സൈക്കോളജി, ഹെല്‍ത്ത് ടെക്നോളജി തുടങ്ങി 21 കോഴ്സുകളുണ്ട്. 13 മെഡിക്കല്‍ സര്‍വകലാശാലകളാണ് ക്യൂബയിലുള്ളത്. മൂന്ന് സ്വതന്ത്ര ഫാക്കല്‍റ്റികളും ലാറ്റിനമേരിക്കന്‍ സ്കൂള്‍ ഓഫ് മെഡിസിനും അടക്കമുള്ള സ്ഥാപനങ്ങളിലായി ആകെ 37,500 പ്രൊഫസര്‍മാര്‍. മറ്റ് 20 രാജ്യങ്ങളില്‍ ക്യൂബന്‍ മെഡിക്കല്‍ അധ്യാപകര്‍ ക്ലാസെടുക്കുന്നുമുണ്ട്.

1959ലെ ക്യൂബന്‍ വിപ്ലവസമയത്ത് രാജ്യത്തുണ്ടായിരുന്ന ഡോക്ടര്‍മാരുടെ എണ്ണത്തിന്റെ ഒന്നര മടങ്ങാണ് ഈ അധ്യയനവര്‍ഷം പുറത്തിറങ്ങുന്ന ഡോക്ടര്‍മാര്‍. ചികിത്സാരംഗത്ത് വികസിത രാജ്യങ്ങളെപ്പോലും വെല്ലുന്ന സംവിധാനമാണ് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെയും വിപ്ലവകരമായ പദ്ധതികളിലൂടെയും ക്യൂബ നേടിയെടുത്തത്. മറ്റ് ലാറ്റിനമേരിക്കന്‍ രാജ്യങ്ങളിലെല്ലാം ക്യൂബന്‍ ഡോക്ടര്‍മാരെ സന്നദ്ധസേവനത്തിന് നിയോഗിച്ചിട്ടുണ്ട്. ലോകമെമ്പാടും പ്രകൃതിദുരന്തമേഖലകളില്‍ ക്യൂബന്‍ മെഡിക്കല്‍ വിദഗ്ധര്‍ അസാധാരണമായ സേവനമാണ് കാഴ്ചവെക്കുന്നത്. ഫുട്ബോള്‍ ഇതിഹാസം മാറഡോണ ലഹരിവിമുക്ത ചികിത്സയ്ക്ക് വിജയകരമായി വിധേയനായത് ക്യൂബയിലാണ്. വെനസ്വേലന്‍ വിപ്ലവനായകന്‍ ഹ്യൂഗോ ഷാവേസിന്റെ ചികിത്സ ക്യൂബയിലായിരുന്നു.

deshabhimani

No comments:

Post a Comment