Saturday, June 29, 2013

ജോപ്പന്റെ അറസ്റ്റ് ഗത്യന്തരമില്ലാതെ; ഇനിയാര്?

മുഖ്യമന്ത്രിയുടെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നു: വിഎസ്

ആലപ്പുഴ: സോളാര്‍ തട്ടിപ്പു കേസില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗം ടെന്നി ജോപ്പന്‍ അറസ്റ്റിലായതോടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പങ്ക് കൂടുതല്‍ വ്യക്തമായതായി പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യം പുറത്തുവരില്ല. തട്ടിപ്പുമായി ബന്ധപ്പെട്ട് ആര്‍ക്കൊക്കെ എന്തൊക്കെ കിട്ടിയിട്ടുണ്ടെന്ന് ഉന്നതതല അന്വേഷണത്തിലൂടെയേ പുറത്തുവരൂ. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടമെന്ന പ്രതിപക്ഷ ആവശ്യത്തിന് പ്രസക്തിയേറുകയാണ്. തട്ടിപ്പ് സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങളെല്ലാം ശരിയാണെന്ന് തെളിയുകയാണ്. ഓരോ വിവരങ്ങള്‍ പുറത്തുവരുന്നതനുസരിച്ച് ഓരോരുത്തരെയായി പിടികൂടുകയാണെന്നും വി എസ് പറഞ്ഞു. വിമാനത്താവളംവഴി മനുഷ്യക്കടത്തിന് സൗകര്യമൊരുക്കാന്‍ പാസ്പോര്‍ട്ട് തിരുത്തിയ കേസില്‍ ഇന്റലിജന്‍സ് എഡിജിപി ആറു പേര്‍ക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരാള്‍ക്കെതിരെമാത്രം നടപടി എടുക്കുന്നില്ല. ഇയാള്‍ക്ക് ഉന്നത രാഷ്ട്രീയ നേതൃത്വവുമായുള്ള ബന്ധത്തിന് തെളിവാണിതെന്നും വി എസ് പറഞ്ഞു.

ജിക്കു വിദേശത്തേക്ക് കടക്കാന്‍ ഒരുങ്ങുന്നു

പുതുപ്പള്ളി: മുഖ്യമന്ത്രിയുടെ പിഎ ആയിരുന്ന ജിക്കുമോന്‍ ജേക്കബ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായി സൂചന. സോളാര്‍ തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്ന ഇയാള്‍ ബഹറിനിലുള്ള ഭാര്യയുടെ അടുത്തേക്ക് പോകാന്‍ ശ്രമിക്കുന്നതായാണ് വിവരം. സോളാര്‍ കേസില്‍ സരിതയുമായി നൂറു തവണ ജിക്കു ഫോണ്‍ വിളിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഏറ്റവും വിശ്വസ്തനായ പിഎ എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയെ സോളാര്‍ കേസുമായി ബന്ധിപ്പിക്കുന്ന കണ്ണിയാണ് ജിക്കു. ജോപ്പനെ വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത പൊലീസ് സമാനമായ കുറ്റം ചെയ്ത ജിക്കുവിനെ അറസ്റ്റ് ചെയ്യാന്‍ തയ്യാറാകാത്തത് ഉമ്മന്‍ചാണ്ടിയുമായുള്ള ജിക്കുവിന്റെ ബന്ധത്തിന്റെ വലിപ്പം വ്യക്തമാക്കുന്നു.

ടീം സോളാറിനെപ്പറ്റി ഊര്‍ജമന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കിയിരുന്നു

കൊച്ചി: സോളാര്‍തട്ടിപ്പ് നടത്തിയ ടീം സോളാറിനെക്കുറിച്ച് പാരമ്പര്യേതര ഊര്‍ജമന്ത്രാലത്തിനും അനര്‍ട്ട് അടക്കമുള്ള ഏജന്‍സികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നതായി സൗരോര്‍ജരംഗത്തെ ഏജന്‍സികളുടെയും പ്രചാരകരുടെയും സംഘടനയായ കേരള റിന്യൂവബിള്‍ എനര്‍ജി എന്റര്‍പ്രൈസേഴ്സ് ആന്‍ഡ് പ്രൊമോട്ടേഴ്സ് അസോസിയേഷന്‍ (കെആര്‍ഇഇപിഎ) ഭാരവാഹികള്‍ പറഞ്ഞു. ഇത് അവഗണിക്കപ്പെട്ടു. ഒരുവര്‍ഷംമുമ്പ് എറണാകുളത്ത് സംഘടിപ്പിച്ച പാരമ്പര്യേതര ഊര്‍ജസ്രോതസ് സെമിനാറില്‍ പ്രാസംഗികനായി ടീം സോളാര്‍ പ്രതിനിധി ബിജു രാധാകൃഷ്ണന്റെ പേര് ഉള്‍പ്പെടുത്തിയിരുന്നതായും ഇവര്‍ വ്യക്തമാക്കി. പാരമ്പര്യേതര ഊര്‍ജമന്ത്രാലയത്തിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി. ടീം സോളാര്‍ തമിഴ്നാട്ടില്‍ നടത്തിയ തട്ടിപ്പിനെക്കുറിച്ച് പത്രവാര്‍ത്ത സംഘാടകരുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് ബിജുവിനെ ഒഴിവാക്കി. എന്നാല്‍ സെമിനാറിന്റെ മുന്‍നിരയില്‍ സംഘാടകര്‍ക്കൊപ്പം ബിജുവും ഉണ്ടായിരുന്നു. സരിത എസ് നായര്‍ക്ക് സംസാരിക്കാന്‍ അവസരമൊരുക്കി. സെമിനാറില്‍ ഉണ്ടായിരുന്ന അനര്‍ട്ട് അധികൃതരോട് ഇവരുടെ സ്ഥാപനം തമിഴ്നാട്ടില്‍ നടത്തിയ തട്ടിപ്പുകള്‍ വിശദീകരിച്ചിരുന്നെന്ന് കെആര്‍ഇഇപിഎ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

60 മുതല്‍ 80 ശതമാനംവരെ സബ്സിഡി വാഗ്ദാനംചെയ്താണ്് ടീം സോളാര്‍ ഇടപാടുകാരെ പിടിച്ചെടുത്തത്. ഇപ്പോള്‍ സൗരോര്‍ജമെന്നു പറഞ്ഞ് ജനങ്ങളെ സമീപിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സെമിനാറുമായി സഹകരിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ഡല്‍ഹിയില്‍ പാരമ്പര്യേതര ഊര്‍ജവിഭാഗം ഡയക്ടറെ ടീം സോളാര്‍ അറിയിച്ചിരുന്നു. അനൗദ്യോഗികമായി അനര്‍ട്ടിന്റെ പ്രതിനിധികളെയും ടീം സോളാറിനെക്കുറിച്ചുള്ള സംശയങ്ങള്‍ ധരിപ്പിച്ചിരുന്നു. കെആര്‍ഇഇപിഎ അംഗത്വത്തിനായും ടീം സോളാര്‍ ശ്രമിച്ചു. എന്നാല്‍, സബ്സിഡിയും വിലയും സംബന്ധിച്ച വാഗ്ദാനങ്ങളില്‍ സംശയം തോന്നിയതിനാല്‍ അംഗത്വം നല്‍കിയില്ല. കെആര്‍ഇഇപിഎ സെക്രട്ടറി കെ എന്‍ അയ്യര്‍, ട്രഷറര്‍ ശിവരാമകൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

No comments:

Post a Comment