കേരള റാഡിയയുടെ സ്റ്റേറ്റ് ഹൈവേ
കുഞ്ഞൂഞ്ഞ് കഥകളില്‍ ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തന് പി ടി ചാക്കോ എഴുതുന്നു: ""24 മണിക്കൂറും വന്സുരക്ഷയുള്ള, സന്ദര്‍ശകര്‍ക്ക് കനത്ത നിയന്ത്രണമുള്ള മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹം ജനത്തിന് തുറന്നുകൊടുത്തു. അതിലൂടെ ജനം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ഇരച്ചുകയറി. വിവിധ തരം ആളുകള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. മുഖ്യമന്ത്രിയെ കാണാന്‍ എത്തുന്ന ഒരാള്‍ പറഞ്ഞു. എയ്ഡ്സിനുള്ള മരുന്ന് ഞാന്‍ കണ്ടുപിടിച്ചുവെന്ന്. അത് നന്നായി എന്ന് ഉമ്മന്‍ചാണ്ടി. അതു പരീക്ഷിക്കാന്‍ ഒരാളെ വേണമെന്ന് അയാള്‍. ഉമ്മന്‍ചാണ്ടി ഉടന്‍ ഒരു സ്റ്റാഫിനെ ചുമതലയേല്‍പ്പിച്ചു."" ഉമ്മന്‍ചാണ്ടി ദൂരക്കാഴ്ചയുള്ള നേതാവാണെന്ന് തെളിയിക്കുന്നു ഈ കഥയും. തന്റെ സ്റ്റാഫിനെ കുറിച്ചുള്ള വ്യക്തമായ ബോധ്യവും.
1969ല്‍ രൂപീകരിച്ച വിശാല മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണിയുടെ തലതൊട്ടപ്പനാണ് കെ കരുണാകരന്. തലതൊട്ടപ്പനല്ലെങ്കിലും ആദ്യം മുതല്ക്കുള്ള പ്രമുഖ നേതാവാണ് എ കെ ആന്റണിയും. തൊട്ട് പിന്നില്‍ വയലാര്‍ രവി. അന്നൊക്കെ ഉമ്മന്‍ചാണ്ടി, ആന്റണിയുടെ വെറും നിഴല്‍ മാത്രം. കാലാന്തരത്തില്‍ ഈ മൂന്ന് നേതാക്കളെയും ചതിയില്‍ വീഴ്ത്തിയത് മറ്റാരുമായിരുന്നില്ല. ഉമ്മന്‍ചാണ്ടിയുടെ ഈ "ചതിയന്‍ കഥകള്‍" ചാക്കോ പക്ഷേ, കുഞ്ഞൂഞ്ഞ് കഥകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളരാഷ്ട്രീയത്തിലെ പ്രതിനായകന്റെ രൂപമായിരിക്കും മാര്‍ക്സിസ്റ്റ് വിരുദ്ധ മുന്നണിയിലെ കുതികാല്‍വെട്ടിന്റെ കഥകള്‍ എഴുതുമ്പോള്‍ കുഞ്ഞൂഞ്ഞിന് ലഭിക്കുകയെന്നത് ചാക്കോയ്ക്കും നന്നായി അറിയാം.
1969ല്‍ നിലവില്‍വന്ന ഈ വിശാലമുന്നണി ഒരു ദശാബ്ദം പിന്നിട്ടപ്പോഴേക്കും തകര്‍ന്നു. 1977ല്‍ രാജന് കേസിലെ കോടതി വിധിയെ തുടര്‍ന്ന് കരുണാകരന് രാജിവച്ചപ്പോള്‍ ആന്റണി മുഖ്യമന്ത്രിയായി. പിന്നീട് കെ കരുണാകരനെതിരെ പടയൊരുക്കം നടത്തിയ ആന്റണിയും ഉമ്മന്‍ചാണ്ടിയും വയലാര്‍ രവിയും ഇടതുപക്ഷത്തോടൊപ്പം ചേര്‍ന്നു. ചിക്മംഗ്ളൂര്‍ ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ ഇന്ദിര ഗാന്ധിയെ സ്ഥാനാര്‍ഥിയാക്കിയതില്‍ പ്രതിഷേധിച്ചായിരുന്നു ആന്റണിയുടെ മുഖ്യമന്ത്രിപദത്തില്‍നിന്നുള്ള രാജിയും പിന്നീട് കോണ്‍ഗ്രസില്‍നിന്ന് പുറത്തേക്കുള്ള യാത്രയും. രണ്ട് വര്‍ഷം കൊണ്ട് ആന്റണി ഗ്രൂപ്പിനെ കരുണാകരന്റെ തൊഴുത്തില്‍ കൊണ്ടെത്തിക്കുന്നതിന്റെ ചരടുവലികള്‍ നടത്തിയത് ഉമ്മന്‍ചാണ്ടി. അന്ന് ഇന്ദിര ഗാന്ധിയുടെ വലംകൈയായിരുന്ന കരുണാകരന്റെ ഔദാര്യം കൊണ്ട് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ ഉമ്മന്‍ചാണ്ടി ആദ്യ പണികൊടുത്തതും കരുണാകരന്.
1982-87 കാലയളവിലെ കരുണാകരഭരണത്തിനെതിരെ ആന്റണിയെ മുന്നില്‍നിര്‍ത്തി ശകുനിയെ പോലെ ഒളിഞ്ഞും തെളിഞ്ഞും ഉമ്മന്‍ചാണ്ടി നടത്തിയ ആക്രമണങ്ങള്‍ പക്ഷേ, കരുത്തനായ കരുണാകരന് മുന്നില്‍ വിജയം കണ്ടില്ല. 1991ല്‍ വീണ്ടും കരുണാകരന് മുഖ്യമന്ത്രിയായപ്പോള്‍ കൊട്ടാരവിപ്ലവത്തിന് നേതൃത്വം കൊടുത്തതും ഉമ്മന്‍ചാണ്ടി തന്നെ. മുഖ്യമന്ത്രിപദം സ്വപ്നം കണ്ടാണ് ഇതെല്ലാം ചെയ്തതെങ്കിലും ആന്റണി വിലങ്ങുതടിയായി. 95ല്‍ മുഖ്യമന്ത്രിപദം വീണുകിട്ടിയത് ആന്റണിക്ക്. 2001ല്‍ വീണ്ടും യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോഴും ആന്റണി ഉമ്മന്‍ചാണ്ടിക്ക് ഒഴിയാബാധയായി. കരുണാകരനെ തുരത്താന്‍ ചാരക്കേസും പാമൊലിന്‍ കേസും മറിയം റഷീദയും പാവം പയ്യനുമെല്ലാം ഉമ്മന്‍ചാണ്ടി ആയുധമാക്കി. അന്ന് പയറ്റിയ കുതന്ത്രങ്ങള്‍ അവിടെ അവസാനിച്ചില്ല. സ്വന്തം നേതാവിനെതിരെയും പ്രയോഗിച്ചു. ഐ ഗ്രൂപ്പും കരുണാകരനും ദുര്‍ബലമായ ഘട്ടം നോക്കിയായിരുന്നു ആന്റണിക്കെതിരെ ഉമ്മന്‍ചാണ്ടിയുടെ കരുനീക്കം, കൂട്ടിന് മുസ്ലിംലീഗും. അത് ലക്ഷ്യം കണ്ടു.
ഉമ്മന്‍ചാണ്ടി 2005ല്‍ ആന്റണിയെ പുറത്താക്കി മുഖ്യമന്ത്രിയായി. കരുണാകരനെയും ആന്റണിയെയും ചവിട്ടിവീഴ്ത്തുന്നതിനിടയില് കരുത്തനായ വയലാര്‍ രവിയെയും നാടുകടത്തി. കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കൊലകൊമ്പന്മാരായ ഈ മൂന്ന് നേതാക്കളെയും അരിഞ്ഞുവീഴ്ത്തിയ ഉമ്മന്‍ചാണ്ടിയുടെ കുതന്ത്രങ്ങളാണ് പിന്നീട് കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിയന്ത്രിച്ചത്. ഇതിനിടയില്‍ കെ മുരളീധരന്, രമേശ് ചെന്നിത്തല എന്നിവരെല്ലാം ഉമ്മന്‍ചാണ്ടിയുടെ ഇരകളായി. കെപിസിസി പ്രസിഡന്റ് ആയിരിക്കെ സമവായതന്ത്രം എന്ന പേരില്‍ മുരളിയെ വൈദ്യുതിമന്ത്രിയാക്കിയതും ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് തോല്‍പ്പിച്ചതും ഉമ്മന്‍ചാണ്ടിയുടെ തന്ത്രം. പ്രസിഡന്റ് സ്ഥാനവും മന്ത്രിസ്ഥാനവും പോയ മുരളി പിന്നീട് ഗതികിട്ടാപ്രേതം പോലെ കേരള രാഷ്ട്രീയത്തില്‍ അലഞ്ഞുനടന്നു. തിരിച്ചു കോണ്‍ഗ്രസിലെത്താന്‍ നടത്തിയ സര്‍വശ്രമങ്ങളെയും ചെറുക്കാന്‍ ഉമ്മന്‍ചാണ്ടി കരുക്കള്‍ നീക്കി. അതിന് ചെന്നിത്തലയെയും പത്മജയെയുംപോലും ഉപയോഗിച്ചു. പണ്ട് തന്നെയും ആന്റണിയെയും കോണ്‍ഗ്രസിലേക്ക് തിരിച്ചെടുക്കാന്‍ കരുണാകരന് കാണിച്ച ഔദാര്യംപോലും ഉമ്മന്‍ചാണ്ടി കരുണാകരന്റെ മകനോട് കാണിച്ചില്ല. ആന്റണിയും വയലാര്‍ രവിയും ഇടപെട്ടപ്പോഴും കരുണാകരന് ബ്രഹ്മാസ്ത്രം പ്രയോഗിച്ചപ്പോഴും മാത്രമാണ് ഉമ്മന്‍ചാണ്ടി പിന്മാറിയത്.
കെപിസിസി പ്രസിഡന്റായ മുരളിയെ തുരത്തിയ വഴിതന്നെയാണ് ചെന്നിത്തലയ്ക്കുനേരെയും പ്രയോഗിച്ചുനോക്കിയത്. കേരള യാത്രയ്ക്ക് ശേഷം കോണ്‍ഗ്രസ് സംഘടന ചെന്നിത്തലയുടെ കൈപ്പിടിയിലാകുമെന്ന് ഭയന്ന ഉമ്മന്‍ചാണ്ടി മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് ചെന്നിത്തലയുടെ അടുത്തേക്ക് വിശ്വസ്തരായ ദൂതന്മാരെ അയച്ചു. ഉപമുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി പദങ്ങള്‍ വാഗ്ദാനം ചെയ്തു. കാര്യങ്ങളോടടുക്കുകയും രമേശ് മന്ത്രിയാകുമെന്ന ഘട്ടം എത്തുകയും ചെയ്തപ്പോള്‍ ദുര്‍ബലമായ വകുപ്പേ നല്‍കൂ എന്നുപറഞ്ഞ് നാണം കെടുത്തി. നേരത്തെ മുസ്ലിംലീഗിന് അഞ്ചാംമന്ത്രിസ്ഥാനം നല്കിയപ്പോള് രമേശിനെ മന്ത്രിയാക്കാന്‍ നിര്‍ദേശമുയര്‍ന്നിരുന്നു. അന്ന് തന്റെ വിശ്വസ്തന് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ആഭ്യന്തരമന്ത്രിയാക്കി രമേശിന്റെ വഴി തടഞ്ഞതും ഉമ്മന്‍ചാണ്ടിയുടെ വളഞ്ഞ ബുദ്ധി തന്നെ. രമേശിനെയും മൂലയിലാക്കി പാര്‍ടി നേതൃത്വവും ഭരണനേതൃത്വവും കൈപ്പിടിയിലാക്കാനുള്ള തത്രപ്പാടിനിടയിലാണ് ഇപ്പോള്‍ ടീം സോളാറിലും സരിത എസ് നായരിലും തട്ടിവീഴുന്നത്. ഈ നീണ്ട ജീവിതത്തിനിടയില്‍ കെ കരുണാകരന് തൊട്ട് ചെന്നിത്തല വരെയുള്ളവര്‍ മാത്രമല്ല, ചെറിയാന് ഫിലിപ്പ് തൊട്ട് ബൃഹത്തായ രണ്ടാംനിരയും ഉമ്മന്‍ചാണ്ടിയുടെ കത്തിക്കിരയായി. പാമൊലിന്‍ കേസില്‍ കരുണാകരനെതിരെ പടയൊരുക്കുമ്പോള്‍ അന്ന് ഉമ്മന്‍ചാണ്ടി ധനമന്ത്രിയായിരുന്നു. മന്ത്രിയെന്ന നിലയില്‍ ഉമ്മന്‍ചാണ്ടി കാട്ടിയ കുഴപ്പങ്ങള്‍ തുറന്നുകാട്ടപ്പെട്ടെങ്കിലും തനിക്കെതിരായ കേസ് മുക്കി. ടൈറ്റാനിയം അഴിമതി, സൈന്‍ബോര്‍ഡ് അഴിമതി തുടങ്ങി എണ്ണിയാലൊടുങ്ങാത്ത കേസുകളാണ് ഉമ്മന്‍ചാണ്ടിക്കെതിരെ ഉയര്‍ന്നത്. അന്തരിച്ച മുന്‍മന്ത്രി ടി എം ജേക്കബ്, മുന്‍മന്ത്രി കെ കെ രാമചന്ദ്രന് തുടങ്ങി ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സഹമന്ത്രിമാരായിരുന്നവര് ഉള്‍പ്പെടെ തെളിവുകള്‍ സഹിതം ആരോപണങ്ങള്‍ ഉന്നയിച്ചു. ഇവരെയെല്ലാം അരിഞ്ഞുവീഴ്ത്തിയതും അധികാരവും സ്വാധീനവും കുതന്ത്രങ്ങളും ഉപയോഗിച്ച് ഇതില്‍നിന്നെല്ലാം താല്‍ക്കാലികമായെങ്കിലും തടിയൂരിയതും ചരിത്രത്തിന്റെ ഭാഗം. ഇപ്പോള്‍ സോളാര്‍ തട്ടിപ്പുകേസുകളില്‍ കൈയോടെ പിടികൂടിയപ്പോഴും കുതന്ത്രങ്ങള്‍ പയറ്റുകയാണ്. ജോപ്പന്, സലിംരാജ്, ജിക്കുമോന്, തോമസ് കുരുവിള തുടങ്ങിയ ഉമ്മന്‍ചാണ്ടിയുടെ ആള്‍ക്കൂട്ടം ഓരോന്നായി ശക്തമായ തെളിവുകളുടെ കടന്നല്‍ക്കുത്തേറ്റ് ചിതറിയോടുന്ന പരുവത്തിലാണ്. ആലപ്പുഴ ജില്ലയിലെ മുതുകളത്തുനിന്ന് കടംകയറി നാടുവിട്ട് തലസ്ഥാനത്തെത്തി വിശ്വസ്തനാകുകയും ശതകോടികളുടെ ആസ്തിക്കുടമയാകുകയും ചെയ്ത പെപ്സി തമ്പി മുതല്‍ ഇനിയുമെത്രയോ പേര് പിടികൊടുക്കാതെ വിലസുന്നുണ്ട് ഉമ്മന്‍ചാണ്ടിയുടെ തണലില്‍. അവരുടെ തണലില്‍ ഉമ്മന്‍ചാണ്ടി ആള്‍ക്കൂട്ടത്തിന് നടുവിലെ മോഷ്ടാവിനെ പോലെയും. ഒരു മോഷ്ടാവിന് ഒളിക്കാന്‍ പറ്റിയ ഏറ്റവും നല്ല സ്ഥലം ആള്‍ക്കൂട്ടമാണ്. ജനക്കൂട്ടങ്ങള്‍ക്ക് നടുവില്‍ സുതാര്യനായി നടക്കുന്നുവെന്ന് അവകാശപ്പെടുന്ന മോഷ്ടാവ് പിടിയിലായിരിക്കുന്നു ഇപ്പോള്‍. ഇനിയും ഒഴിഞ്ഞുമാറാനാകില്ല.
മറ്റൊരു കുഞ്ഞൂഞ്ഞ് കഥ.""1966ല്‍ കോട്ടയത്ത് ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ ആന്റണിയും ഉമ്മന്‍ചാണ്ടിയും എത്തി. താന്‍ ഭക്ഷണം കഴിച്ചില്ലെന്ന് ആന്റണി പറഞ്ഞു. ഹോട്ടലില്‍ കയറി ഇരുവരും ഭക്ഷണം കഴിച്ചു. ബില്ലുവന്നപ്പോള്‍ രണ്ടുപേരും കണ്ണില്‍ക്കണ്ണില്‍ നോക്കി. രണ്ടുപേരുടെയും കൈയില്‍ കാശില്ല. ആന്റണി കടയിലുള്ള പത്രം എടുത്ത് വായന തുടങ്ങി. ഉമ്മന്‍ചാണ്ടി റോഡിലേക്ക് കണ്ണ് നട്ടിരുന്നു. അപ്പോള്‍ പുതുപ്പള്ളിക്കാരനായ ഒരാള്‍ അതുവഴി വന്നു. ഉമ്മന്‍ചാണ്ടി ചാടിവീണ് കാര്യം പറഞ്ഞു. അയാള്‍ പണം കൊടുത്തതുകൊണ്ട് രണ്ടുപേരും തടിയൂരി."" ഇതുപോലെ ഉമ്മന്‍ചാണ്ടി തടിയൂരുന്ന കളികളാണ് അഞ്ച് പതിറ്റാണ്ടുകളായി കേരളരാഷ്ട്രീയത്തില്‍ കാണുന്നത്. എല്ലാ നെറികേടുകളില്നിന്നുമുള്ള ഈ തടിയൂരല്‍ തന്ത്രമാണ് ഇപ്പോള്‍ തുറന്നുകാട്ടപ്പെട്ടത്.
(പാമൊലിന്‍, സൈന്‍ബോര്‍ഡ് ഉള്‍പ്പെടെ മറ്റുള്ളവരുടെ ചുമലില്‍ ചാരി തടിയൂരിയ കേസുകളിലേക്ക് നാളെ)
എം രഘുനാഥ് deshabhimani
No comments:
Post a Comment