Sunday, June 30, 2013

ശൈശവ വിവാഹത്തിനെതിരെ മഹിളാ അസോ. ക്യാമ്പയിന്‍

ശൈശവവിവാഹത്തിനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ വിപുലമായ പ്രചാരണം നടത്തും. ജൂലൈ അഞ്ചുമുതല്‍ 10 വരെ ജില്ലാകേന്ദ്രങ്ങളില്‍ ശൈശവവിവാഹം സാമൂഹ്യതിന്മ എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും.

യുഡിഎഫ് സര്‍ക്കാര്‍ ശൈശവവിവാഹം പ്രോത്സാഹിപ്പിക്കുന്ന തീരുമാനം കൈക്കൊണ്ടത് അപലപനീയമാണ്. 16 വയസ്സിന് താഴെ പ്രായമുള്ള മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാമെന്ന് സൂചിപ്പിക്കുന്ന സര്‍ക്കുലര്‍ നിയമവിരുദ്ധമാണെന്ന് അസോസിയേഷനടക്കം വിവിധ സംഘടനകളും വ്യക്തികളും പ്രതിഷേധിച്ചപ്പോഴാണ് സര്‍ക്കുലര്‍ പിന്‍വലിച്ചത്. എന്നാല്‍, ഇതുവരെനടന്ന വിവാഹങ്ങള്‍ സാധുവാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കയാണ്. ശൈശവവിവാഹം കര്‍ശനമായി നിരോധിക്കാനാവണം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യപദവി എന്നിവയെ അങ്ങേയറ്റം ദോഷകരമായി ബാധിക്കുന്ന ഒന്നാണ് ശൈശവവിവാഹം. ഇന്ത്യയില്‍ നിയമവിരുദ്ധമായ ബാലവിവാഹം ഹിന്ദു, മുസ്ലിം സമുദായങ്ങളില്‍ രാജ്യവ്യാപകമായി നടക്കുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. നൂറ്റാണ്ടുകള്‍ക്കുമുമ്പുള്ള ഇരുളിലേക്ക് മനുഷ്യരെ തളച്ചിടാനാണ് ശ്രമം. നിഷ്കളങ്കരായ പെണ്‍കുട്ടികള്‍ യൗവനത്തിലെത്തുമ്പോഴേക്കും ആരോഗ്യവും വ്യക്തിത്വവും നഷ്ടപ്പെട്ട് വെറും അടിമകളായിത്തീരുന്ന അവസ്ഥയുണ്ടാകും. ഇത്തരം പ്രശ്നങ്ങളില്‍ മതമൗലികവാദികള്‍ പ്രകടിപ്പിക്കുന്ന അഭിപ്രായങ്ങളെ അവജ്ഞയോടെ തള്ളിക്കളയാന്‍ സമൂഹം തയ്യാറാകണമെന്നും അസോസിയേഷന്‍ സംസ്ഥാനസെക്രട്ടറി കെ കെ ശൈലജ പ്രസ്താവനയില്‍ പറഞ്ഞു.

വിവാഹ രജിസ്ട്രേഷന്‍: പുതിയ സര്‍ക്കുലറും നിയമവിരുദ്ധം: യുക്തിവാദിസംഘം

മലപ്പുറം: പുതിയ വിവാഹ രജിസ്ട്രേഷന്‍ സര്‍ക്കുലറും നിയമവിരുദ്ധമാണെന്ന് കേരള യുക്തിവാദിസംഘം പ്രസിഡന്റ് യു കലാനാഥന്‍ പ്രസ്താവനയില്‍ പറഞ്ഞു. 2006ലെ ശൈശവ വിവാഹ നിരോധനനിയമം നിലനില്‍ക്കുന്നകാലത്തോളം 21 വയസ്സില്‍ താഴെയുള്ള പുരുഷനും 18 വയസ്സില്‍ താഴെയുള്ള സ്ത്രീയും തമ്മില്‍ വിവാഹിതരാകാന്‍ പാടില്ല. പുതിയ സര്‍ക്കുലറില്‍ 27-6-13 വരെ നടന്ന എല്ലാ വിവാഹങ്ങളും 2008ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടപ്രകാരം രജിസ്റ്റര്‍ ചെയ്തുകൊടുക്കണമെന്നാണുള്ളത്. ഇത് പഴയ സര്‍ക്കുലറിലുള്ള മുസ്ലിം വിവാഹം എന്ന വാചകം മാത്രം മാറ്റിയാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നും കലാനാഥന്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment