പാലക്കാട് കിന്‍ഫ്രാപാര്‍ക്കില്‍ സോളാര്‍ പ്ലാന്റ് സ്ഥാപിച്ചുനല്‍കാന്‍ കോന്നി സ്വദേശി ശ്രീധരന്‍നായരുമായി സരിത എസ് നായരും ടെന്നി ജോപ്പനും കരാറുണ്ടാക്കിയത് അഞ്ചുകോടിക്ക്. ഇതിന്റെ ആദ്യഗഡുവായി 40 ലക്ഷം രൂപയുടെ മൂന്നു ചെക്കുകള്‍ ശ്രീധരന്‍നായരില്‍നിന്ന് കൈപ്പറ്റിയത് സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വച്ചാണെന്നും ജോപ്പന്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രിയുടെ കോള്‍സെന്ററിലെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചാണ് ശ്രീധരന്‍നായരില്‍നിന്ന് ചെക്ക് വാങ്ങിയത്. ശ്രീധരന്‍നായരെ പുറത്താക്കിയശേഷം മൂന്നു ചെക്കുകളില്‍ ഒരെണ്ണം താന്‍ എടുത്തു. രണ്ടെണ്ണം സരിതയും. ഇടപാടിന് പ്രത്യുപകാരമായി സരിത തന്നെ കെട്ടിപ്പിടിച്ച് ചുംബിച്ചെന്നും ജോപ്പന്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.
40 ലക്ഷം ജോപ്പനും സരിതയ്ക്കും നല്‍കിയതായി ചെങ്ങന്നൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എഡിജിപി ഹേമചന്ദ്രന് മൊഴിനല്‍കിയ ശ്രീധരന്‍നായരും സമ്മതിച്ചിട്ടുണ്ട്. പദ്ധതിക്ക് സര്‍ക്കാര്‍ പിന്തുണയുണ്ടെന്ന് ജോപ്പന്‍ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുക കൈമാറിയത്. പദ്ധതിക്ക് 39 കോടി ചെലവ് വരുമെന്നും സര്‍ക്കാര്‍ ഇളവ് കഴിഞ്ഞ് 5 കോടി തന്നാല്‍മതിയെന്നും ജോപ്പന്‍ വാഗ്ദാനംചെയ്തെന്നും ശ്രീധരന്‍നായര്‍ പറഞ്ഞു.
സരിതയുമായി രണ്ടുവര്‍ഷത്തിലേറെയായി ആഴത്തിലുള്ള ബന്ധമുണ്ടെന്ന് ജോപ്പന്‍ വെളിപ്പെടുത്തി. തട്ടിപ്പുകാരിയാണെന്ന് നേരത്തേ അറിയാമായിരുന്നു. സരിതയുമായി എല്ലാ തരത്തിലും ബന്ധമുണ്ട്. പലപ്പോഴും ഒരുമിച്ച് ദൂരയാത്രകള്‍ പോയിട്ടുണ്ട്. സ്ഥിരമായി ഫോണിലും ബന്ധപ്പെടാറുണ്ട്. സൗരോര്‍ജപദ്ധതിയുടെ പേരിലാണ് സരിതയെ മുഖ്യമന്ത്രിക്ക് പരിചയപ്പെടുത്തിയത്. മറ്റ് മന്ത്രിമാരുടെ സ്റ്റാഫുകളെയും ഉന്നത ഉദ്യോഗസ്ഥരെയും പരിചയപ്പെടുത്തി കൊടുത്തതും താനാണ്. എന്നാല്‍, ജിക്കുവും സലിംരാജും പതിവായി സരിതയെ വിളിക്കുന്നതില്‍ നീരസമുണ്ടായിട്ടുണ്ട്. ഈ വിഷയത്തില്‍ സരിതയുമായി പിണങ്ങിയിട്ടുണ്ട്.
ടീം സോളാറിന്റെ പാര്‍ട്ണറാണെന്നും മുഖ്യമന്ത്രി അറിഞ്ഞുള്ള പദ്ധതിയാണെന്നും ശ്രീധരന്‍നായരെ പറഞ്ഞുവിശ്വസിപ്പിച്ചതായി ചെങ്ങന്നൂരില്‍ നടന്ന തെളിവെടുപ്പില്‍ ജോപ്പന്‍ പറഞ്ഞു. അതിനിടെ ശ്രീധരന്‍നായരെ പരാതിയില്‍നിന്ന് പിന്‍വലിപ്പിക്കാന്‍ ഉന്നത തലത്തില്‍ നീക്കംനടന്നിരുന്നു. എന്നാല്‍, ശ്രീധരന്‍നായര്‍ പരാതിയില്‍ ഉറച്ചുനിന്നതാണ് ജോപ്പന്റെ അറസ്റ്റിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ ചില ബന്ധുക്കള്‍ക്ക് ഇടപാടുമായുള്ള ബന്ധത്തെ പറ്റി വ്യക്തമായ വിവരം ലഭിച്ചെങ്കിലും ആ വഴിക്ക് നീങ്ങണ്ടായെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
തിരുവഞ്ചൂര്‍ - ശാലു ബന്ധം മറനീക്കുന്നു
കോട്ടയം: നടി ശാലുമേനോനെ സംരക്ഷിക്കാനുള്ള ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ നീക്കങ്ങളില്‍ കോണ്‍ഗ്രസിലും യുഡിഎഫിലും അമര്‍ഷം. വ്യക്തമായ തെളിവുകള്‍ പുറത്തായിട്ടും ശാലുവിനെതിരെ നടപടിയെടുക്കാത്തതിനെതിരെ ചീഫ് വിപ്പ് പി സി ജോര്‍ജ് പരസ്യമായി രംഗത്തെത്തി. ശാലുവിനെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണന്ന് കേരള കോണ്‍ഗ്രസ് എമ്മിന്റെ മറ്റൊരു മുതിര്‍ന്ന നേതാവ് "ദേശാഭിമാനി"യോട് പറഞ്ഞു.
കോണ്‍ഗ്രസിലെ ഐ വിഭാഗവും എയിലെ തിരുവഞ്ചൂര്‍ വിരുദ്ധരും ഇത് ശരിവക്കുന്നു. ശാലുവിന്റെ വീടിന്റെ പാലുകാച്ചലിന് മന്ത്രി തിരുവഞ്ചൂര്‍ എത്തിയപ്പോള്‍ സ്വീകരിച്ചത് സോളാര്‍ കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണനാണ്. ശാലുവും ബിജുവും മന്ത്രിക്കിരുവശത്തുമായി നില്‍ക്കുന്ന ചിത്രവും വീഡിയോയും പുറത്താകുമെന്ന ഭയത്താലാണ് ഈ വഴിക്കുള്ള അന്വേഷണം തിരുവഞ്ചൂര്‍ തടഞ്ഞത്. ബിജുവിന്റെയും സരിതയുടെയും മൊഴിയിലും ശാലുവിനെതിരായ തെളിവുകളുണ്ട്. ജയിലിലായ ജോപ്പന്റെ മൊഴിയും ഇത് സ്ഥിരീകരിക്കുന്നു. കേസിന്റെ എല്ലാ കാര്യങ്ങളും അന്വേഷണ സംഘത്തിന് എഴുതി നല്‍കുമെന്ന് വെളിപ്പെടുത്തിയ പി സി ജോര്‍ജ് തിരുവഞ്ചൂര്‍ ശാലുവിന്റെ വീട്ടിലെത്തിയതായി സ്ഥിരീകരിച്ചു. ഫോട്ടോകളും വീഡിയോയും നശിപ്പിക്കപ്പെട്ടതായി ചടങ്ങിന്റെ ചിത്രങ്ങളെടുത്ത ഫോട്ടോഗ്രാഫറും വെളിപ്പെടുത്തി. പൊലീസിന്റെ നിര്‍ദേശപ്രകരാമാണ് ഇത് ചെയ്തതെന്നാണ് സൂചന.
ശാലു ബിജുവിനൊപ്പം നില്‍ക്കുന്ന ചിത്രം പുറത്തായപ്പോഴാണ് തിരുവഞ്ചൂരുമൊത്തുള്ള ചിത്രം നശിപ്പിക്കാന്‍ പൊലീസിന് നിര്‍ദേശമെത്തിയത്. ഇതിന്റെ ആസൂത്രണത്തില്‍ ചിത്രത്തില്‍ ഉള്‍പ്പെട്ട കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷും കോട്ടയം ഡിസിസി അംഗം പി എന്‍ നൗഷാദും രംഗത്തത്തുണ്ടായിരുന്നു. നൗഷാദും കൊടിക്കുന്നിലുമാണ് കേന്ദ്ര സിനിമ സെന്‍സര്‍ ബോര്‍ഡില്‍ ശാലുവിന് അംഗത്വം തരപ്പെടുത്തിയത്.
ഉമ്മന്‍ചാണ്ടിയുടെ വിശ്വസ്തനും ഓഫീസ് ജീവനക്കാരനുമായ ജോപ്പനെ ഉള്‍പ്പടെ ജയിലില്‍ അടച്ചിട്ടും ശാലുവിനെ സംരക്ഷിക്കുന്നതാണ് എ വിഭാഗത്തിന്റെ എതിര്‍പ്പിന് കാരണം. ബിജുവുമായി ശാലുവിന് വര്‍ഷങ്ങളുടെ അടുപ്പമുണ്ട്. മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ശാലുവില്‍നിന്ന് കിട്ടിയ വിവരങ്ങളിലൂടെ മറ്റ് തെളിവുകളിലേക്ക് നീങ്ങിയാല്‍ ശാലുവിന്റെ അറസ്റ്റും അനിവാര്യമാകും. ബിജു ഒളിവിലാകുന്നതിന്റെ തലേന്ന് തന്നോടൊപ്പം ഉണ്ടായിരുന്നതായി ശാലു വെളിപ്പെടുത്തിയിരുന്നു. ശാലുവിന്റെ മൊബൈലും ഒളിവില്‍ പോകുമ്പോള്‍ ബിജുവിന്റെ കയ്യിലായിരുന്നു. ഈ മൊബൈല്‍ മാറ്റത്തിലൂടെയാണ് പ്രതി പൊലീസിനെ കബളിപ്പിച്ചത്.
(എസ് മനോജ്)
deshabhimani
No comments:
Post a Comment