നേരത്തെ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ റവന്യൂ വകുപ്പില്‍ അന്വേഷിച്ചപ്പോള്‍ ഇത് നാസറിന്റെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമിതന്നെയാണെന്നു ബോധ്യപ്പെട്ടതായും എന്നാല്‍ ഇവര്‍ പ്രതിപക്ഷ നേതാവിനും പരാതി നല്‍കിയതിനാലാണ് ഇത് സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനുള്ള നടപടിക്രമങ്ങള്‍ ആലോചിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതേത്തുടര്‍ന്നാണ് നാസര്‍ മുഖ്യമന്ത്രിയുടെ ഭൂമിയും ഇങ്ങനെ കണ്ടുകെട്ടുമോ എന്ന ചോദ്യം ഉന്നയിച്ചത്. സലിംരാജ് അവിഹിത ഇടപെട്ടതിനാല്‍ തന്റെ കിടപ്പാടം നഷ്ടപ്പെടുന്ന അവസ്ഥയിലാണെന്ന് ഇടപ്പള്ളി പത്തടിപ്പാലത്തെ ആഞ്ഞിക്കാത്ത് വീട്ടില്‍ എ കെ നാസര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സലിം രാജ് അവിഹിതമായി ഇടപെട്ട് തന്റെ കുടുംബസ്വത്ത് റവന്യൂഭൂമിയാക്കാന്‍ ശ്രമിക്കുന്നതായും നാസര്‍ പറഞ്ഞു. വര്‍ഷങ്ങളായി ഇവരുടെ കൈവശമുള്ള 1.16 ഏക്കറിന് കരം അടക്കാന്‍ ചെന്നപ്പോള്‍ വസ്തു എളങ്ങല്ലൂര്‍ സ്വരൂപത്തിന്റെ പേരിലാണെന്നും നാസറിന് ഭൂമിയില്‍ അവകാശമില്ലെന്നുമായിരുന്നു റവന്യൂ അധികൃതരുടെ മറുപടി. സലിം രാജിന്റെ ബന്ധുവും അയല്‍വാസിയുമായ കാട്ടിപ്പറമ്പില്‍ അബ്ദുള്‍ മജീദിന്റെ പരാതിയിലാണ് റവന്യൂ അധികൃതരുടെ നീക്കമെന്നാണ് നാസറിന്റെ പരാതി. നാസറും അബ്ദുള്‍ മജീദുമായി സിവില്‍ കേസുണ്ട്. അതിന്റെ പ്രതികാരമായാണ് തന്റെ കുടുംബസ്വത്ത് റവന്യൂഭൂമിയാക്കാന്‍ അബ്ദുള്‍ മജീദിന്റെ ഭാര്യാസഹോദരനായ സലിംരാജ് ശ്രമിക്കുന്നതെന്നും നാസര്‍ പറഞ്ഞു.
വസ്തുവിന്റെ ഉടമസ്ഥാവകാശം കണയന്നൂര്‍ തഹസില്‍ദാരെ ബോധ്യപ്പെടുത്തി നാസര്‍ അനുകൂല ഉത്തരവ് നേടിയിരുന്നു. ലാന്‍ഡ് റവന്യൂ കമീഷണറും അനുകൂല ഉത്തരവും പുറപ്പെടുവിച്ചു. പുതുതായി ചുമതലയേറ്റ ലാന്‍ഡ് റവന്യൂ കമീഷണര്‍ക്ക് അബ്ദുള്‍ മജീദ് അപ്പീല്‍ നല്‍കിയതിനെ തുടര്‍ന്ന് ലാന്‍ഡ് റവന്യൂ കമീഷണര്‍ രേഖകള്‍ പരിഗണിക്കാതെ നാസറിനെയും കുടുംബത്തെയും ഭൂമിയില്‍നിന്ന് ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചു. ഇപ്പോള്‍ നാസര്‍ ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങിയിരിക്കുകയാണ്. സലിം രാജിനെതിരെ ജൂണ്‍ 13ന് ക്ലിഫ് ഹൗസില്‍ മുഖ്യമന്ത്രിയെക്കണ്ട് പരാതി നല്‍കിയിരുന്നു. കാര്യമുണ്ടായില്ല. പിന്നീട് ആഭ്യന്തരമന്ത്രിക്കും റവന്യൂമന്ത്രിക്കും പരാതി നല്‍കി. പക്ഷേ ഇതുവരെ അന്തിമതീരുമാനമായില്ല. നാസറിന്റെ സഹോദരന്‍ എ കെ നൗഷാദ്, ഉമ്മ ഷെരീഫ, നൗഷാദിന്റെ ഭാര്യ ഷിമിത നൗഷാദ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
(അഞ്ജുനാഥ്)
deshabhimani
No comments:
Post a Comment