Thursday, June 27, 2013

ഒരു വിശ്വസ്തന്‍കൂടി പുറത്ത്

സോളാര്‍ തട്ടിപ്പുകേസില്‍ ആരോപണ വിധേയനായ ജിക്കുമോന്‍ ജേക്കബ് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിന്ന് രാജിവച്ചു. തട്ടിപ്പുകേസിലെ പ്രതി സരിത നായരെ ഫോണില്‍ വിളിച്ചവരുടെ ലിസ്റ്റില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പേഴ്സണല്‍ അസിസ്റ്റന്റ് ജിക്കുമോന്‍ ജേക്കബിന്റെ പേരും ഉള്‍പ്പെട്ടതായി പൊലീസ് കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘം ഇയാളെ ചോദ്യംചെയ്തു. ഇതോടെ സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പുറത്തായവരുടെ എണ്ണം നാലായി. പരാതിക്കാരിയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ഗിരീഷ് ഉള്‍പടെ അഞ്ചുപേര്‍ പുറത്തായി.

സരിതയുമായി നൂറിലേറെ തവണ ജിക്കുമോന്‍ ഫോണ്‍ സംഭാഷണം നടത്തിയതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. എഡിജിപി മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്നാണ് ജിക്കുവിനോട് രാജി ആവശ്യപ്പെട്ടത്. പ്രത്യേക സംഘം മൊഴി എടുത്തതിനെത്തുടര്‍ന്ന് ഓഫീസില്‍നിന്ന് വിട്ടുനില്‍ക്കുകയായിരുന്ന ജിക്കുമോന്‍ സ്വമേധയാ രാജി നല്‍കിയെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെടുന്നത്. ജിക്കുവും സരിതയും തമ്മില്‍ വഴിവിട്ട രീതിയിലുള്ള സംഭാഷണം നടന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട്. നൂറിലേറെ തവണ ഇരുവരും ഫോണ്‍ സംഭാഷണം നടത്തിയിട്ടുണ്ടെങ്കിലും അതിലേറെയും ജിക്കുവിന് വന്ന ഇന്‍കമിങ് കോള്‍ ആയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ സരിതയ്ക്ക് തടസ്സംകൂടാതെ വരുന്നതിന് ജിക്കുവുമായുള്ള ബന്ധം വഴിതെളിച്ചതായും സൂചനയുണ്ട്. മുഖ്യമന്ത്രിയുടെ മണ്ഡലമായ പുതുപ്പള്ളി സ്വദേശിയാണ് ജിക്കുമോന്‍. വര്‍ഷങ്ങളായി ഇയാള്‍ ഉമ്മന്‍ചാണ്ടിക്കൊപ്പമുണ്ട്. മറ്റു ജില്ലകളിലും ഡല്‍ഹിയിലും ഉമ്മന്‍ചാണ്ടി പോകുമ്പോള്‍ പതിവായി അനുഗമിച്ചിരുന്നു. മണ്ഡലത്തിലെ കാര്യങ്ങളും ഇയാളാണ് നോക്കിയിരുന്നത്.

ഗണ്‍മാന്‍ സലിംരാജ്, ക്ലര്‍ക്ക് ടെന്നി ജോപ്പന്‍, പ്യൂണ്‍ ജേക്കബ് എന്നിവരാണ് സോളാര്‍ തട്ടിപ്പില്‍പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇതിനകം പുറത്തായത്. ഇതില്‍ സലിംരാജിനെ കഴിഞ്ഞ ദിവസം സസ്പെന്‍ഡ് ചെയ്തു. പ്യൂണ്‍ ജേക്കബ് ബിവറേജസ് കോര്‍പറേഷനില്‍നിന്ന് ഡെപ്യൂട്ടേഷനില്‍ വന്നയാളാണ്. ജോപ്പനെയും സലിംരാജിനെയും നേരത്തെ മാറ്റിനിര്‍ത്തിയിരുന്നെങ്കിലും ജിക്കു ഓഫീസില്‍ തുടരുകയായിരുന്നു. ഫോണില്‍ സംസാരിച്ചത് കുറ്റമല്ലെന്നും ആരെയും ബലിയാടാക്കി രക്ഷപ്പെടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞുകൊണ്ടിരുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസും വസതിയുമായി സരിത ഗാഢബന്ധം പുലര്‍ത്തിയതിന്റെ തെളിവുകള്‍ ഒന്നൊന്നായി പുറത്തുവരാന്‍ തുടങ്ങിയതോടെ ഉമ്മന്‍ചാണ്ടിക്ക് നില്‍ക്കക്കള്ളിയില്ലാതായി. ഇതിനിടെ മുഖ്യമന്ത്രിയുടെ പരാതിപരിഹാര സെല്ലില്‍ പരാതി നല്‍കിയ അധ്യാപികയെ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ച ജീവനക്കാരനെയും പുറത്താക്കേണ്ടി വന്നു. സോളാര്‍ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രിക്കെതിരായ തെളിവുകള്‍ നശിപ്പിക്കാന്‍ പൊലീസ് തീവ്രശ്രമം നടത്തുന്നുണ്ട്. ഇതിനിടയിലാണ് മൂടിവയ്ക്കാനാവാത്തവിധം പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കെതിരായ തെളിവുകള്‍ പുറത്തുവന്നത്.

deshabhimani

No comments:

Post a Comment