തിമിര്‍ത്താടുന്ന കാലവര്‍ഷം മരണവും കെടുതിയും വിതയ്ക്കുമ്പോഴും സംസ്ഥാനഭരണം നിശ്ചലം. ഭരണക്കുഴപ്പത്തിന്റെ ചുഴിയില്‍ അകപ്പെട്ട മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും നാടിന്റെയും നാട്ടുകാരുടെയും ജീവല്‍പ്രശ്നങ്ങളില്‍ ഇടപെടാന്‍ സമയവും ശ്രദ്ധയുമില്ല. സോളര്‍തട്ടിപ്പ് കേസില്‍ കുരുങ്ങിയ മുഖ്യമന്ത്രി, സ്ഥാനം സംരക്ഷിക്കാനുള്ള കൂടിയാലോചനകളിലും കൂടിക്കാഴ്ചകളിലുമാണ്. കാലവര്‍ഷക്കെടുതി വ്യാപകമാണ്. തിങ്കളാഴ്ചമാത്രം 11 മരണമുണ്ടായി. ആകെ മരണം അറുപതിലേറെ. പതിനായിരത്തിലധികം വീടുകള്‍ തകര്‍ന്നു. കൃഷിനാശം വ്യാപകം. എന്നിട്ടും ഇതിലിടപെട്ട് സഹായമെത്തിക്കാനോ കെടുതി കേന്ദ്രസര്‍ക്കാരിനെ ധരിപ്പിച്ച് സഹായം വാങ്ങിയെടുക്കനോ മുഖ്യമന്ത്രിക്ക് താല്‍പ്പര്യമില്ല.
തുടര്‍ച്ചയായി മഴപെയ്യുന്നതിനാല്‍ ആദിവാസികളും കുഞ്ഞുങ്ങളും പട്ടിണിയിലും പനിയുടെ പിടിയിലുമാണ്. വയനാട്, അട്ടപ്പാടി, ഇടുക്കി ഉള്‍പ്പെടെയുള്ള ആദിവാസി മേഖലയില്‍ സൗജന്യറേഷനും ചികിത്സാ സഹായവും നല്‍കുന്ന പതിവും മുടക്കി. അട്ടപ്പാടിയില്‍ കുഞ്ഞുങ്ങളുടെ കൂട്ടമരണം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തിയ പ്രതിപക്ഷം സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വാക്കൗട്ട് നടത്തി. എന്നിട്ടും ഭരണയന്ത്രം ഉണര്‍ന്നില്ല. ഉത്തരാഖണ്ഡില്‍ ഹിമാലയന്‍ സുനാമിയില്‍പ്പെട്ട് ബദരീനാഥ്, കേദാര്‍നാഥ് തുടങ്ങിയ സ്ഥലങ്ങളില്‍ കുടുങ്ങിപ്പോയ ശിവഗിരിയിലെ സന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അടിയന്തര സഹായമെത്തിക്കാനും സര്‍ക്കാര്‍ ഇടപെട്ടില്ല. പത്തു മലയാളികളെ കാണാതായി. അടിയന്തിര സഹായമെത്തിക്കണമെന്നാവശ്യപ്പെട്ട് ശിവഗിരി മഠത്തിലെ സന്യാസിമാര്‍ക്ക് സെക്രട്ടറിയറ്റ് കവാടത്തില്‍ സത്യഗ്രഹമിരിക്കേണ്ടി വന്നു. സമരത്തെ പിന്തുണച്ച കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല സന്യാസിമാരുടെ ഉല്‍ക്കണ്ഠയില്‍ പങ്കാളിയായി. സര്‍ക്കാര്‍ അനാസ്ഥക്കെതിരെ എംപിമാരായ എ സമ്പത്തും എം പി അച്യുതനും ഡല്‍ഹിയില്‍ സത്യഗ്രഹമിരുന്നു. ഇതേ തുടര്‍ന്നാണ് ബുധനാഴ്ച സന്യാസിമാര്‍ ഉള്‍പ്പെടെയുള്ളവരെ ബദരീനാഥില്‍നിന്ന് വ്യോമസേന ഡെറാഡൂണില്‍ എത്തിച്ചത്. സത്യഗ്രഹമിരുന്ന സന്യാസിമാരുമായോ എംപിമാരുമായോ ഫോണില്‍ സംസാരിക്കാന്‍പോലും മുഖ്യമന്ത്രി തയ്യാറായില്ല. മണിപ്പാലില്‍ മലയാളി എംബിബിഎസ് വിദ്യാര്‍ഥിനി കൂട്ടബലാല്‍സംഗത്തിനിരയായി അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുമ്പോഴും സഹായമെത്തിക്കാനോ പ്രതികളെ പിടികൂടാനാവശ്യമായ സമ്മര്‍ദ്ദമുയര്‍ത്താനോ സംസ്ഥാന സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സര്‍ക്കാര്‍ പ്രതിനിധികളാരെങ്കിലും സ്ഥലത്തെത്തുകയോ മുഖ്യമന്ത്രി പ്രശ്നത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല.
സൗദിയില്‍ തുടങ്ങിയ സ്വദേശിവല്‍ക്കരണമായ "നിതാഖത്ത്" കുവൈത്ത്, ബഹറെറന്‍ എന്നിവിടങ്ങളിലും നടപ്പാക്കിതിന്റെ ഭാഗമായി മലയാളികളുടെ കൂട്ടപ്പലായനം തുടരുന്നു. ഇതിനെ സമ്മര്‍ദ്ദതന്ത്രങ്ങളിലൂടെ പ്രതിരോധിക്കാനോ തിരിച്ചുവന്നവരെ പുനരധിവസിപ്പിക്കാനോ കഴിയുന്നില്ല. രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശവുമായി ബന്ധപ്പെട്ടുണ്ടായ ഭരണസ്തംഭനം സരിത കേരളം കുംഭകോണത്തിലൂടെ കൂടുതല്‍ കടുത്തു. സംസ്ഥാനത്ത് പകര്‍ച്ചപ്പനിയും പനിമരണവും തുടരുന്നു. ഇതിന്റെ ഭയാനകസ്ഥിതി നിയമസഭയില്‍ പ്രതിപക്ഷം തുറന്നുകാട്ടിയപ്പോള്‍ 140 പനിമരണം ഉണ്ടായെന്നും പത്തുലക്ഷം പേര്‍ക്ക് പനി പിടിച്ചിട്ടുണ്ടെന്നും ആരോഗ്യമന്ത്രി വി ശിവകുമാര്‍ വ്യക്തമാക്കി. പക്ഷേ, ആരോഗ്യ- ശുചീകരണ സംവിധാനങ്ങള്‍ കുറ്റമറ്റതായില്ല. അരി, പലവ്യഞ്ജനം, പച്ചക്കറി എന്നിവക്കെല്ലാം തീവിലയായിട്ടും വിലനിയന്ത്രണത്തിന് നടപടിയില്ല. ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് അഴിമതിക്കാരുടെയും സ്ത്രീപീഡനക്കാരുടെയും കേന്ദ്രമായി. ഓഫീസില്‍ വെബ്ക്യാമറ സ്ഥാപിച്ചതിന്റെയും കോടികള്‍ തുലച്ച ജനസമ്പര്‍ക്ക പരിപാടിയുടെയും പേരില്‍ ലഭിച്ച ഐക്യരാഷ്ട്രസഭാ അവാര്‍ഡ് ഏറ്റുവാങ്ങാന്‍ ഉമ്മന്‍ചാണ്ടി വ്യാഴാഴ്ച ബഹ്റൈനിലേക്ക്പോകുമ്പോള്‍ സംസ്ഥാനം നാളിതുവരെ നേരിടാത്ത ഭരണ സ്തംഭനത്തിലാണ്.
(ആര്‍ എസ് ബാബു)
deshabhimani
No comments:
Post a Comment