Tuesday, June 25, 2013

പാണക്കാട് തങ്ങളെ "ചന്ദ്രിക"യില്‍നിന്ന് ഒഴിവാക്കി

മുസ്ലിംലീഗ് മുഖപത്രമായ "ചന്ദ്രിക"യുടെ പ്രസാധക സ്ഥാനത്തുനിന്നും സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ ഒഴിവാക്കി. സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവയ്ക്കാണ് പകരം ചുമതല. ഇ കെ വിഭാഗം സുന്നികളുടെ സംഘടനയായ സമസ്ത കേരള ജം ഇയ്യത്തുല്‍ ഉലമ പുതിയ പത്രം തുടങ്ങുന്ന സാഹചര്യത്തിലാണ് തങ്ങളുടെ പിന്‍മാറ്റമെന്നാണ് വിവരം. തങ്ങള്‍ സമസ്തയുടെ വൈസ് പ്രസിഡന്റാണ്. ലീഗും സമസ്തയും തമ്മിലുള്ള അകല്‍ച്ചയുടെ തുടര്‍ച്ചയാണ് പാണക്കാട് തങ്ങളുടെ ഒഴിയലിന് കാരണമെന്നാണ് കരുതുന്നത്. "ചന്ദ്രിക"ക്ക് പകരമായി ഇ കെ വിഭാഗം സുന്നികള്‍ "സുപ്രഭാതം" എന്ന പത്രം നവംബറില്‍ തുടങ്ങാനിരിക്കയാണ്. പാണക്കാട് തങ്ങള്‍ "സുപ്രഭാത"ത്തിന്റെ രക്ഷാധികാരിയാണ്.

കാന്തപുരം സുന്നി വിഭാഗവുമായി ലീഗ് അടുക്കുന്നതാണ് ഇ കെ വിഭാഗത്തെ ചൊടിപ്പിച്ചത്. എക്കാലത്തും ലീഗിനൊപ്പംനിന്ന ചരിത്രമാണ് ഇ കെ വിഭാഗത്തിനുള്ളത്. തെരഞ്ഞെടുപ്പില്‍ ലീഗ് കാന്തപുരത്തിന്റെ സഹായം തേടിയതോടെയാണ് സമസ്ത അകന്നുതുടങ്ങിയത്. തിരുകേശ വിവാദത്തിലും ലീഗ് കാന്തപുരത്തിന് അനുകൂല നിലപാട് സ്വീകരിച്ചു. പ്രശ്നം തീര്‍ക്കാന്‍ പാണക്കാട്ട് യോഗം ചേര്‍ന്നെങ്കിലും ഫലമുണ്ടായില്ല. അതിനിടെ "ചന്ദ്രിക" പത്രം സമസ്തയുടെ വാര്‍ത്തകള്‍ മുക്കുകയാണെന്ന് ആരോപണം ഉയര്‍ന്നു. പത്രത്തില്‍ കാന്തപുരം വിഭാഗത്തിന്റെ വാര്‍ത്തകള്‍ക്കാണ് പ്രാമുഖ്യമെന്നും പരാതിയുണ്ടായി. "ചന്ദ്രിക" പത്രത്തിലൂടെ സമസ്തയുടെ നിലപാടുകള്‍ പുറത്തുവരില്ലെന്ന തിരിച്ചറിവില്‍നിന്നാണ് "സുപ്രഭാത"ത്തിന്റെ വരവ്.

പാണക്കാട് തങ്ങള്‍ പ്രസാധകസ്ഥാനത്തുനിന്ന് മാറിയതുസംബന്ധിച്ചുള്ള വ്യാഖ്യാനങ്ങള്‍ തെറ്റാണെന്ന് ലീഗ് ജനറല്‍ സെക്രട്ടറി കെ പി എ മജീദ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പാണക്കാട് തങ്ങള്‍ നിലവില്‍ "ചന്ദ്രിക"യുടെ മാനേജിങ് ഡയറക്ടറാണ്. കമ്പനി നിയമപ്രകാരം എംഡിയും പ്രിന്റര്‍ ആന്‍ഡ് പബ്ലിഷറും ഒരു വ്യക്തിയാകാന്‍ പാടില്ലെന്നുണ്ട്. അതിനാല്‍ പത്രത്തിന്റെ ഡയറക്ടര്‍ ബോര്‍ഡ് എടുത്ത തീരുമാനമാണിതെന്ന് മജീദ് പറയുന്നു.

deshabhimani

No comments:

Post a Comment