സ്നോഡെന്റെ പ്രവൃത്തി സത്യത്തിന്റെ പോരാട്ടമാണെന്നും അമേരിക്കയിലെ യുവാക്കള്‍ക്കിടയില്‍ സംഭവിക്കുന്നതിന്റെ പ്രതിനിധിയാണ് അദ്ദേഹമെന്നും മഡൂറോ പറഞ്ഞു. ഇന്റര്‍നെറ്റ്, ഫോണ്‍ചോര്‍ത്തലിലൂടെ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സി നടത്തിയ ആഗോളവിവരചോരണത്തിന്റെ രഹസ്യങ്ങള്‍ ലോകത്തെ അറിയിച്ച സ്നോഡെനെ അമേരിക്ക വേട്ടയാടുകയാണ്. സിഐഎയുടെ ചാരക്കണ്ണുകളെ വെട്ടിച്ച് ഹോങ്കോങ്ങില്‍നിന്ന് പറന്ന സ്നോഡെന്‍ ആറുദിവസമായി മോസ്കോ വിമാനത്താവളത്തിലാണ്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ എവിടെയങ്കിലും അഭയം തേടാനാണ് സ്നോഡെന്‍ ആഗ്രഹിക്കുന്നത്. വിക്കിലീക്സ് സംഘാംഗങ്ങള്‍വഴി ഇക്വഡോറില്‍ അഭയം തേടാനാണ് സ്നോഡെന്റെ നീക്കമെന്നാണ് റിപ്പോര്‍ട്ട്. അഭയാഭ്യര്‍ഥനയില്‍ ഉചിതമായ തീരുമാനം കൈക്കൊള്ളുമെന്നും അമേരിക്കയ്ക്ക് സ്വന്തംനിലപാട് എഴുതി അറിയിക്കാമെന്നും വാഷിങ്ടണിലെ എംബസിവഴി ഇക്വഡോര്‍ അറിയിച്ചിരുന്നു. എന്നാല്‍, സ്നോഡെന് യാത്രാരേഖകളൊന്നും നല്‍കിയിട്ടില്ലെന്നും അദ്ദേഹം ഇക്വഡോറില്‍ എത്തിയശേഷമേ അഭയനടപടികളില്‍ അന്തിമഘട്ടത്തിലേക്ക് കടക്കാനാകൂവെന്നും ഇക്വഡോര്‍ വ്യക്തമാക്കി.
അമേരിക്കയുടെ നടപടികളില്‍ പ്രതിഷേധിച്ച് ഇക്വഡോര്‍ അവരുമായുള്ള വ്യാപാര ഉടമ്പടിയില്‍നിന്ന് വ്യാഴാഴ്ച പിന്മാറി. ഉടമ്പടിയെ അമേരിക്ക ബ്ലാക്ക്മെയിലിന് ആയുധമാക്കുന്നതാണ് ഇക്വഡോറിനെ ചൊടിപ്പിച്ചത്. അതേസമയം, ചൈനീസ് പ്രദേശമായ ഹോങ്കോങ്ങില്‍നിന്ന് പോകാന്‍ സ്നോഡെന് അവസരമൊരുക്കിയതില്‍ അമേരിക്ക രോഷപ്രകടനവും ഭീഷണിയും തുടരുകയാണ്. ഹോങ്കോങ്ങിന്റെ നടപടി മോശമായിപ്പോയെന്നും ഇതിന് ശക്തമായ പ്രത്യാഘാതമുണ്ടാകുമെന്നും അമേരിക്കന്‍ സ്ഥാനപതി സ്റ്റീഫന്‍ യങ് പറഞ്ഞു. സ്നോഡെനെ കൈമാറണമെന്ന് ആവശ്യപ്പെട്ട് അമേരിക്ക നല്‍കിയ അപേക്ഷയില്‍ മതിയായ രേഖകളൊന്നും ഇല്ലായിരുന്നുവെന്ന ഹോങ്കോങ്ങിന്റെ വിശദീകരണത്തെ അദ്ദേഹം തള്ളിക്കളഞ്ഞു. അതിനിടെ, അമേരിക്കയുടെ നിലപാടിനെ റഷ്യ വീണ്ടും വിമര്‍ശിച്ചു. സ്നോഡെന്‍ വിഷയത്തില്‍ തങ്ങളെ പ്രതിസന്ധിയിലാക്കാനാണ് അമേരിക്ക ശ്രമിച്ചതെന്ന് റഷ്യ വ്യക്തമാക്കി.
deshabhimani
No comments:
Post a Comment