Monday, June 24, 2013

ഫിറോസിനെതിരായ ഫയല്‍ കംപ്യൂട്ടറിലും; സര്‍ക്കാര്‍ വാദം പൊളിഞ്ഞു

സരിത നായരുടെ തട്ടിപ്പുസംഘത്തിലെ കൂട്ടുപ്രതി എ ഫിറോസിനെ ചട്ടങ്ങളും മാനദണ്ഡങ്ങളും കാറ്റില്‍പ്പറത്തി പിആര്‍ഡി ഡയറക്ടറാക്കിയ വിവാദത്തില്‍നിന്ന് തടിയൂരാന്‍ സര്‍ക്കാര്‍ നടത്തുന്ന പ്രചാരണം വീണ്ടും പൊളിഞ്ഞു. ഫിറോസിനെതിരായ ഫയല്‍ പൂഴ്ത്തിയതിന് കഴിഞ്ഞദിവസം സസ്പെന്‍ഡ് ചെയ്ത സെക്രട്ടറിയറ്റ് സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് ജി ബൈജു ഫയല്‍ മേലുദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ടുചെയ്തുവെന്നതിന് വ്യക്തമായ തെളിവുകളുണ്ട്.

മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും വിവര- പൊതുജന വകുപ്പ്, പൊതുഭരണവകുപ്പ് സെക്രട്ടറിമാരും ഉള്‍പ്പെടെ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന സംഭവത്തിലാണ് സെക്രട്ടറിയറ്റിലെ ഏറ്റവും ജൂനിയറായ ഉദ്യോഗസ്ഥനെ ബലിയാടാക്കി രക്ഷപ്പെടാന്‍ നോക്കുന്നത്. 2008ല്‍മാത്രം സെക്രട്ടറിയറ്റ് സര്‍വീസില്‍ കയറിയ ഉദ്യോഗസ്ഥനാണ് ബൈജു. 2009ലാണ് പൊതുഭരണവകുപ്പ് സ്പെഷ്യല്‍ ഇ സെക്ഷനില്‍ അസിസ്റ്റന്റാകുന്നത്. ഈ കാലയളവിലാണ് ക്രൈം നമ്പര്‍ 910/2009 പ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത കേസുസംബന്ധിച്ച് 2010 നവംബര്‍ 25ന് സിറ്റി പൊലീസ് കമീഷണര്‍ റിപ്പോര്‍ട്ട് നല്‍കിയത്. സരിതയും ബിജുവും പ്രതികളായ തട്ടിപ്പുകേസില്‍ ഫിറോസ് മൂന്നാംപ്രതിയെന്നാണ് റിപ്പോര്‍ട്ട്. 2011 ഫെബ്രുവരി 25ന് പൊതുഭരണവകുപ്പിന് ലഭിച്ച ഈ ഫയല്‍ ഡെസ്പാച്ച് സെക്ഷന്‍തൊട്ട് പൊതുഭരണവകുപ്പ് അഡീഷണല്‍ സെക്രട്ടറി, അഡീഷണല്‍ സെക്രട്ടറിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഉള്‍പ്പെടെയുള്ളവര്‍ കാണുകയും കംപ്യൂട്ടറില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സെക്രട്ടറിയറ്റ് കംപ്യൂട്ടര്‍ശൃംഖലയായ ഐഡിയയില്‍ ഇതുണ്ട്. കമീഷണറുടെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടിയെക്കുറിച്ച് പറയാത്തതിനാല്‍ എന്തുചെയ്യണമെന്ന് ചോദിച്ച് നിയമവകുപ്പിന് കുറിപ്പെഴുതിയ വിവരവും ഐഡിയയിലുണ്ട്. ബന്ധപ്പെട്ട വകുപ്പിന് ഉചിതമായ നടപടി എടുക്കാമെന്ന് കാണിച്ച് നിയമവകുപ്പിന്റെ മറുപടി കിട്ടിയത് 2011 മെയ് അവസാനം. നിയമവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ തുടര്‍നടപടി എന്ത് വേണമെന്ന് കുറിപ്പെഴുതി ബൈജു അഡീഷണല്‍ സെക്രട്ടറി എന്‍ കുമാറിന് നല്‍കി. റിപ്പോര്‍ട്ട് നല്‍കി രണ്ടുദിവസത്തിനകം (ജൂണ്‍ ആറിന്) ബൈജുവിന് സ്ഥലംമാറ്റ ഉത്തരവ് കിട്ടി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തി 16-ാംനാളിലാണിത്. സ്ഥലംമാറ്റ ഉത്തരവ് വന്ന അന്നുതന്നെ ബൈജുവിന്റെ പകരക്കാരിയായ പ്രസീത ചുമതലയേറ്റു. ബൈജുവിന്റെ ചുമതലയിലുണ്ടായിരുന്ന ഫയലുകള്‍ കണക്കാക്കി രേഖാമൂലം കൈമാറാന്‍പോലും അവസരം നല്‍കാതെയായിരുന്നു സ്ഥലംമാറ്റം. ഇതിന് ഫിറോസിനുവേണ്ടിയായിരുന്നുവെന്ന് ഈ അതിവേഗത്തില്‍നിന്ന് വ്യക്തം.

ഫിറോസിന്റെ സ്ഥാനക്കയറ്റം വിവാദമായപ്പോഴാണ് ഇതുസംബന്ധിച്ച പൊലീസ് റിപ്പോര്‍ട്ട് മാധ്യമങ്ങള്‍ പുറത്തുവിട്ടത്. ഇതോടെയാണ് ഫയല്‍ എല്‍ഡിഎഫ് ഭരണകാലത്ത് മുക്കിയെന്ന ന്യായവുമായി മന്ത്രി രംഗത്തെത്തിയത്. കാണാതായ ഫയല്‍ അന്നുതന്നെ തിരിച്ചുകിട്ടിയെന്ന് മന്ത്രി പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഫിറോസിനെ സസ്പെന്‍ഡ് ചെയ്തതെന്ന് വാര്‍ത്താക്കുറിപ്പും പുറത്തിറക്കി. രണ്ടുദിവസം കഴിഞ്ഞാണ് വിവാദഫയല്‍ വരാന്തയില്‍ കൂട്ടിയിട്ട ഫയല്‍ക്കൂമ്പാരത്തില്‍നിന്ന് കിട്ടിയെന്നും ഇതിനുത്തരവാദിയായ ബൈജുവിനെ സസ്പെന്‍ഡ് ചെയ്തുവെന്നും വാര്‍ത്താക്കുറിപ്പ് വരുന്നത്. ബൈജു മാറി രണ്ടുവര്‍ഷം കഴിഞ്ഞാണിത്. രണ്ടുവര്‍ഷത്തോളം ഈ ഫയല്‍ സെക്രട്ടറിയറ്റിലെ വരാന്തയിലെ ഫയല്‍ക്കൂമ്പാരത്തില്‍ കണ്ടുവെന്ന് പറയുന്നതും പരിഹാസ്യമായി.

ഒരു വകുപ്പിന്റെ തലവനായി നിയമിക്കുമ്പോള്‍ ഉദ്യോഗസ്ഥനെതിരെ ക്രിമിനല്‍ക്കേസോ അഴിമതിക്കേസോ നിലവിലില്ലെന്നും സ്ഥാനക്കയറ്റം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്നും ആഭ്യന്തരവകുപ്പ് സമ്മതപത്രം നല്‍കണം. ഈ സമ്മതപത്രം സഹിതം മന്ത്രിസഭായോഗം അംഗീകരിച്ചശേഷം മാത്രമേ ഉദ്യോഗസ്ഥനെ വകുപ്പുമേധാവിയായി നിയമിക്കാവൂ. ഇതേക്കുറിച്ച് ഇപ്പോഴും മുഖ്യമന്ത്രിക്കും മന്ത്രിക്കും മറുപടിയില്ല.

deshabhimani

No comments:

Post a Comment