Wednesday, June 26, 2013

മാനേജ്മെന്റ് സീറ്റ് കച്ചവടത്തിനായി ഏകജാലകസംവിധാനം അട്ടിമറിക്കുന്നു

പിറവം: മാനേജ്മെന്റുകളുടെ സീറ്റ് കച്ചവടത്തെ സഹായിക്കാനായി സംസ്ഥാനത്തെ പ്ലസ്വണ്‍ പ്രവേശനത്തിനുള്ള ഏകജാലകസംവിധാനം അട്ടിമറിക്കുന്നതായി ആക്ഷേപം. ഹയര്‍ ഓപ്ഷന്‍ ഏതു സ്കൂളില്‍ ലഭിക്കുമെന്നുള്ളത് വെബ്സൈറ്റ് നോക്കി മനസ്സിലാക്കാനുള്ള അവസരം വിദ്യാഭ്യാസവകുപ്പ് നിര്‍ത്തലാക്കിയതാണ് വിവാദമാകുന്നത്. വെബ്സൈറ്റില്‍ പബ്ലിക് എന്ന കോളത്തില്‍ ശനിയാഴ്ചവരെ വിവരങ്ങള്‍ ലഭ്യമായിരുന്നതായി രക്ഷിതാക്കള്‍ പറയുന്നു. എന്നാല്‍, അതിനുശേഷം വിവരങ്ങള്‍ നല്‍കാത്തതാണ് ആക്ഷേപത്തിനിടയായത്. മുന്‍വര്‍ഷങ്ങളില്‍ അവസാന അലോട്ട്മെന്റ്വരെ കുട്ടികള്‍ക്ക് സ്കോര്‍ കണക്കാക്കി പ്രവേശനം ലഭിക്കാന്‍ സാധ്യതയുള്ള സ്കൂളുകള്‍ കണ്ടെത്താന്‍ കഴിയുമായിരുന്നു. വിദ്യാര്‍ഥികള്‍ക്ക് തങ്ങള്‍ ആഗ്രഹിക്കുന്ന സ്കൂളിലോ വിഷയമോ ലഭിക്കുമോയെന്നറിയാത്ത അവസ്ഥയില്‍ സ്വകാര്യസ്കൂളുകളിലെ മാനേജ്മെന്റ് ക്വോട്ടയില്‍ വന്‍ തുകയ്ക്ക് സീറ്റ് കരസ്ഥമാക്കേണ്ടിവരുമെന്നും അതിനുവേണ്ടിയാണ് വെബ്സൈറ്റില്‍നിന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതര്‍ വിവരങ്ങള്‍ ഒഴിവാക്കിയതെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു.

16നു നടന്ന ആദ്യ അലോട്ട്മെന്റിനുശേഷം വിവിധ സ്കൂളുകളില്‍ താല്‍ക്കാലിക പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ ഇഷ്ട സ്കൂളിനും വിഷയത്തിനുമായി ഹയര്‍ ഓപ്ഷന്‍ നല്‍കി കാത്തിരിക്കുകയാണ്. 30നാണ് രണ്ടാം അലോട്ട്മെന്റ്. സ്കൂളുകളിലെ ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്ക് നല്‍കിയിരിക്കുന്ന പാസ്വേഡ് ഉപയോഗിച്ച് ഏതു സ്കൂളില്‍ അഡ്മിഷന്‍ ലഭിക്കുമെന്ന് കുട്ടികള്‍ക്ക് അറിയാനാകുമെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, സ്വകാര്യസ്കൂളുകളിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ വിദ്യാര്‍ഥികള്‍ക്ക് വിവരം നല്‍കാതെ മാനേജ്മെന്റ് സീറ്റ് കച്ചവടത്തിനായി കൂട്ടുനില്‍ക്കുന്നതായും പരാതിയുണ്ട്. നിലവില്‍ സ്വകാര്യസ്കൂളുകളിലെ മാനേജ്മെന്റ് സീറ്റിനായി 10,000 മുതല്‍ 30,000 രൂപവരെയാണ് ചോദിക്കുന്നത്. സുതാര്യവും സത്യസന്ധവുമായി നടന്നുവന്ന ഏകജാലക സംവിധാനത്തെ ഇല്ലാതാക്കാനുള്ള നീക്കം അവസാനിപ്പിക്കണമെന്ന് കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി എന്‍ സജീവന്‍ ആവശ്യപ്പെട്ടു.

deshabhimani

No comments:

Post a Comment