Sunday, June 30, 2013

ഇനിയും പിടിച്ചുതൂങ്ങാനോ?

പ്രതിഷേധം അടിച്ചമര്‍ത്താന്‍ ശ്രമിച്ചും വിശ്വസ്തരെ ബലിയാടാക്കിയും മുഖ്യമന്ത്രിപദത്തില്‍ ഉമ്മന്‍ചാണ്ടിക്ക് ഇനിയും പിടിച്ചുതൂങ്ങാനാകുമോ. മുഖ്യമന്ത്രിയുടെ ഓഫീസും വസതിയും സരിത തട്ടിപ്പിന്റെ ആസ്ഥാനമാക്കിതിന്റെ തെളിവുകളുടെ പ്രവാഹമാണിപ്പോള്‍. ഭരണസിരാകേന്ദ്രത്തില്‍ തട്ടിപ്പുകാര്‍ക്ക് താവളമൊരുക്കിയ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധത്തെ പൊലീസ് രാജിലൂടെ ഒതുക്കാനാകില്ലെന്ന മുന്നറിയിപ്പാണ് ശനിയാഴ്ച കേരളത്തിലെ തെരുവുകളില്‍ കണ്ടത്. ഉപ്പുതിന്നവര്‍ വെള്ളം കുടിക്കണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല തുറന്നടിച്ചു.

രാഷ്ട്രീയമായി ആരെയും സംരക്ഷിക്കാന്‍ കോണ്‍ഗ്രസിന് ബാധ്യതയില്ലെന്ന ചെന്നിത്തലയുടെ മുന്നറിയിപ്പിനും ഏറെ മാനങ്ങളുണ്ട്. സോളാര്‍തട്ടിപ്പിന് സ്വന്തം ഓഫീസും വസതിയും ഒരുക്കിയ ഉമ്മന്‍ചാണ്ടി നിരായുധനാണ്. ഏതുവിധേനയും പിടിച്ചുനില്‍ക്കാനുള്ള വെപ്രാളമാണ് മുഖ്യമന്ത്രിക്ക്. യുഎന്‍ അവാര്‍ഡ് വാങ്ങി തിരിച്ചെത്തിയ മുഖ്യമന്ത്രി നേരിട്ടത് ശക്തമായ രോഷമാണ്. സംസ്ഥാനത്തിന്റെ അന്തസ്സ് രക്ഷിക്കാനുള്ള മുന്നേറ്റമാണത്. സംരക്ഷണവലയമൊരുക്കിയിട്ടും മുഖ്യമന്ത്രിയെ ഊടുവഴികളിലൂടെ ഒളിച്ചുകടത്തുകയായിരുന്നു. പ്രതിഷേധം ഗ്രനേഡ് പ്രയോഗത്തിലൂടെ അവസാനിപ്പിക്കാമെന്ന ധാര്‍ഷ്ട്യത്തിനെതിരെ നാടൊന്നടങ്കം സമരമുഖത്താണ്. കുറ്റവാളികളെ രക്ഷിക്കാന്‍ പെടാപ്പാടിലായ ഉമ്മന്‍ചാണ്ടി സോളാര്‍ തട്ടിപ്പിനെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തുന്നവരെ സസ്പെന്‍ഡ് ചെയ്യുന്നു. ഫേസ് ബുക്കില്‍ അഭിപ്രായം പറയുന്നത് മഹാപരാധമായി. ഈ കുറ്റം ചുമത്തി പൊലീസുകാരനെ സസ്പെന്‍ഡ് ചെയ്തു. ഇപ്പോള്‍ സെക്രട്ടറിയറ്റ് ജീവനക്കാരനും നടപടിക്ക് ഇരയായി.

സരിതയ്ക്ക് സന്തതസഹചാരി ഫോണ്‍ചെയ്തതില്‍ കുറ്റംകാണാത്ത മുഖ്യമന്ത്രി ജോപ്പനെ അറസ്റ്റ് ചെയ്തപ്പോള്‍ സ്വരംമാറ്റി. കുറ്റംചെയ്തവര്‍ ആരായാലും രക്ഷപ്പെടില്ല എന്നാണിപ്പോള്‍ പറയുന്നത്. ഗണ്‍മാനെ സംരക്ഷിച്ചെങ്കിലും തെളിവ് ശക്തമായപ്പോള്‍സസ്പെന്‍ഡ് ചെയ്യേണ്ടിവന്നു. മുഖ്യമ ന്ത്രിയുടെ ഓഫീസില്‍നിന്ന് അഞ്ചുപേര്‍ പുറത്തായി. ചരിത്രത്തിലാദ്യമായി പേഴ്സണല്‍ സ്റ്റാഫ് അംഗം അറസ്റ്റിലായി. സെക്രട്ടറിയറ്റിലും ക്ലിഫ് ഹൗസിലും തമ്പടിച്ച് തട്ടിപ്പ് നടത്തിയത് താനറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ വാദം പൊളിഞ്ഞുകഴിഞ്ഞു. കഴിഞ്ഞ ജൂലൈ ഒമ്പതിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തി സരിതയുമായി സംസാരിച്ചെന്നാണ് തട്ടിപ്പിനിരയായ ക്രഷര്‍ ഉടമ വെളിപ്പെടുത്തിയത്. താനും സരിതയും കസേരയില്‍ ഇരുന്ന് ജോപ്പനുമായി സംസാരിച്ചു എന്നാണ് മൊഴി. യുഡിഎഫ് അധികാരത്തില്‍ വന്നതുമുതല്‍ സരിത ഇവിടം താവളമാക്കിയെന്നാണ് സൂചന. സരിത ക്ലിഫ് ഹൗസിലും പലതവണ വന്നുപോയി. അവിടെ നല്ല സ്വീകരണവും ലഭിച്ചെന്നും പറയുന്നു.

ആയിരത്തിലേറെ തവണ ജോപ്പനും സരിതയും ഫോണില്‍ സംസാരിച്ചെന്നാണ് അന്വേഷണസംഘത്തിന് ലഭിച്ച വിവരം. മുഖ്യമന്ത്രി സദാ ഉപയോഗിക്കുന്ന രണ്ടു ഫോണില്‍ ഗണ്‍മാന്‍ നാനൂറിലധികം പ്രാവശ്യം വിളിച്ചതായി സമ്മതിച്ചിട്ടുണ്ട്. സരിതയുടെ മറ്റു നമ്പരുകളിലെ ഫോണ്‍ വിവരങ്ങള്‍ ഇനിയും വരാനിരിക്കുന്നു. എന്നിട്ടും സ്വയം കുറ്റവിമുക്തനായി പ്രഖ്യാപിക്കുകയാണ് ഉമ്മന്‍ചാണ്ടി. ഓഫീസും വസതിയും പേഴ്സണല്‍ സ്റ്റാഫും സംശയത്തിന്റെ പിടിയിലായപ്പോള്‍ ശക്തമായി നിഷേധിച്ച മുഖ്യമന്ത്രിക്ക് അധികം പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. ഇവര്‍ക്കെതിരെ നടപടിക്ക് നിര്‍ബന്ധിതനായി. ഇപ്പോള്‍ അവരെ ബലിയാടാക്കി തടിയൂരാനാണ് വെപ്രാളം. മുഖ്യമന്ത്രിയുടെ ഉപജാപകസംഘം നടത്തുന്ന വന്‍ തട്ടിപ്പിന്റെയും അഴിമതിയുടെയും അവിഹിത ഇടപാടുകളുടെയും കൂട്ടത്തിലൊന്നുമാത്രമാണ് സോളാര്‍ തട്ടിപ്പ്. ഇതില്‍ത്തന്നെ എത്രയോ പുറത്തുവരാനിരിക്കുന്നു. കൈയോടെ പിടിക്കപ്പെട്ടിട്ടും വിശുദ്ധന്‍ ചമയുന്ന ഉമ്മന്‍ചാണ്ടിയെ കാത്തിരിക്കുന്നത് ആര്‍ത്തിരമ്പുന്ന ജനരോഷത്തിന്റെ നാളുകളാണ്.
(കെ എം മോഹന്‍ദാസ്)

മുഖ്യമന്ത്രിയെ ചോദ്യംചെയ്യും

സൗരോര്‍ജ തട്ടിപ്പുകേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അന്വേഷണസംഘം ചോദ്യംചെയ്യും. പക്ഷേ എഡിജിപിയുടെ നേതൃത്വത്തില്‍ എങ്ങനെ മുഖ്യമന്ത്രിയെ തട്ടിപ്പുകേസില്‍ ചോദ്യംചെയ്യുമെന്നത് അന്വേഷണസംഘത്തെ കുഴയ്ക്കുകയാണ്. മുഖ്യമന്ത്രിയുടെ നിഴലായി നടന്ന പേഴ്സണല്‍ സ്റ്റാഫ് അംഗം ടെന്നി ജോപ്പന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച് 40 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി അന്വേഷണസംഘത്തിന് തെളിവ് ലഭിച്ചിരിക്കുകയാണ്. ഈ കേസിന്റെ തുടര്‍നടപടികളുടെ ഭാഗമായി ജോപ്പനെയും കൊണ്ട് വരുംദിവസങ്ങളില്‍ സെക്രട്ടറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി മഹസര്‍ തയ്യാറാക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ കോഴക്കേസില്‍ തെളിവെടുപ്പ് നടത്തുമ്പോള്‍ ഓഫീസിന്റെ കസ്റ്റോഡിയനായ മുഖ്യമന്ത്രിയെയും ചോദ്യംചെയ്യേണ്ടിവരും. ഇത് ഒഴിച്ചുകൂടാനാകാത്ത നടപടിയാണ്. എന്നാല്‍, മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്ന ഒരാളെ കോഴക്കേസില്‍ എഡിജിപി ചോദ്യംചെയ്യുന്നത് നീതിപൂര്‍വമായിരിക്കില്ലെന്നതാണ് അന്വേഷണസംഘത്തെ കുഴയ്ക്കുന്നത്.

മുഖ്യമന്ത്രിപദവിയില്‍ തുടരുന്നയാളെ എങ്ങനെ ചോദ്യംചെയ്യുമെന്നതില്‍ വ്യക്തമായ തീരുമാനം ഇതുവരെ അന്വേഷണസംഘത്തിന് കൈക്കൊള്ളാന്‍ സാധിച്ചിട്ടില്ല. 40 ലക്ഷം രൂപയുടെ മൂന്ന് ചെക്കുകളാണ് ശ്രീധരന്‍നായര്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍വച്ച് ജോപ്പന് കൈമാറിയത്. മുഖ്യമന്ത്രിക്കു നല്‍കാനുള്ള തുകയാണെന്ന് ജോപ്പന്‍ പറഞ്ഞിട്ടുണ്ടായിരുന്നു. ശ്രീധരന്‍നായര്‍ പോയശേഷം മുഖ്യമന്ത്രിയുടെ ഓഫീസിന് എതിര്‍വശത്തെ കോണ്‍ഫറന്‍സ് ഹാളില്‍ ജോപ്പനും സരിതാനായരും പോകുകയും മൂന്നില്‍ രണ്ടു ചെക്കുകള്‍ ജോപ്പന്‍ സരിതയെ ഏല്‍പ്പിക്കുകയും ചെയ്തു. ചെക്കുകള്‍ കിട്ടിയ ഉടന്‍ സന്തോഷത്താല്‍ സരിത കെട്ടിപ്പിടിച്ച് തന്നെ ചുംബിച്ചതായും ജോപ്പന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചിട്ടുണ്ട്്. ഓഫീസിലെ പല ഉന്നതരും ചേര്‍ന്ന് തന്നെ ചതിക്കുകയായിരുന്നെന്നും ജോപ്പന്‍ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്്. ഈ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയെ ചോദ്യംചെയ്യാതെ അന്വേഷണനടപടികള്‍ മുന്നോട്ടുകൊണ്ടുപോകാനാകില്ല.

deshabhimani

No comments:

Post a Comment