Wednesday, June 26, 2013

ആരോപണങ്ങള്‍ മുഖ്യമന്ത്രിയും ശരിവയ്ക്കുന്നു: വി എസ്

പ്രതിപക്ഷം കെണ്ടുവന്ന ആരോപങ്ങള്‍ ശരിവയ്ക്കുന്ന നടപടിയാണ് സലീംരാജിന്റെ സസ്പെന്‍ഷന്‍ സൂചിപ്പിക്കുന്നതെന്നും ഇയാളെ പുറത്താക്കാന്‍ മുഖ്യമന്ത്രി നിര്‍ബന്ധിതനായിയെന്നും വി എസ് അച്യുതാനന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫുകള്‍ മാത്രമല്ല. മന്ത്രി കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാന്‍ കെ അബ്ദുള്‍ റഷിദിനെ മലപ്പുറത്ത് പാസ്പോര്‍ട് ഓഫീസറായി നിയമിച്ചതടക്കം അഴിമതിയാണ്. സലീം രാജിനെതിരെ മുഖ്യമന്ത്രിയുടെ മരുമകനായിരുന്ന വ്യക്തി മുമ്പ് കോടതിയില്‍ സത്യവാങ്മൂലം നല്‍കിയ കാര്യങ്ങള്‍ പറയാനാണ് നിയമസഭയില്‍ താന്‍ ശ്രമിച്ചത്. അല്ലാതെ അദ്ദേഹത്തിന്റെ കുടുംബത്തെ അവഹേളിക്കാനല്ല. എന്നാല്‍ അതനുവദിച്ചില്ല. പ്രതിപക്ഷനേതാവായ തനിക്ക് ഇതാണനുഭവമെങ്കില്‍ ഇത്തരക്കാര്‍ക്കെതിരെ പൊതുജനം എങ്ങിനെ മൊഴിനല്‍കും. എന്നാല്‍ ഉമ്മന്‍ചാണ്ടി പ്രതിപക്ഷനേതാവായിരുന്നപ്പോള്‍ തന്റെ കുടുംബാംഗങ്ങള്‍ ക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ അന്വേഷിക്കാമെന്ന നിലപാടാണ് താനെടുത്തത്.

സോളാര്‍ തട്ടിപ്പില്‍ നിയമവിധേയമല്ലാത്ത പണമാണ് പലരും നിക്ഷേപിച്ചിട്ടുള്ളത്. മുഖ്യമന്ത്രിക്കെതിരെ പരാതി പറഞ്ഞാല്‍ ഈ വിധി വരുമെന്നാണ് ബംഗലൂരുവിലെ വ്യവസായി കുരുവിളയുടെ അറസ്റ്റ് സൂചിപ്പിക്കുന്നത്. എന്നാല്‍ ഡല്‍ഹിയിലെ തന്റെ പാവം പയ്യന്റെ പണസ്രോതസുകള്‍ അന്വേഷിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവുന്നില്ല. കുഞ്ഞാലിക്കുട്ടിയുടെ ഗണ്‍മാനായിരുന്ന കെ അബ്ദുള്‍റഷീദിനെ 2012 ല്‍ മലപ്പുറത്ത് പാസ്പോര്‍ട്ട് ഓഫീസറായി നിയമിച്ചത് ശരിയല്ലെന്ന് അന്നേ ചൂണ്ടികാട്ടിയിരുന്നു. ഒരു പൊലീസുകാരനെ പാസ്പോര്‍ട്ട് ഓഫീസറാക്കുന്ന പതിവ് തെറ്റിച്ച് ഇയാളെ നിയമിച്ചത് വിദേശങ്ങളിലേക്ക് പെണ്‍കുട്ടികളെ കടത്താനായിരുന്നു. പെണ്‍വാണിഭത്തിനായി നിരവധിപേരെയാണ് ഇവര്‍ കടത്തിയിട്ടുള്ളത്. അതിന് ഒത്താശചെയ്യാുന്ന നടപടിയാണ് കേന്ദ്ര സഹമന്ത്രി ഇ അഹമ്മദും കുഞ്ഞാലിക്കുട്ടിയും സ്വീകരിച്ചത്.

മനുഷ്യക്കടത്ത് പിടിച്ച ഉദ്യോഗസ്ഥരെ ശകാരിച്ച് നിര്‍വീര്യരാക്കുന്ന നടപടിയാണ് പിന്നീടുണ്ടായത്.പാസ്പോര്‍ട്ട് ഒരിക്കല്‍ റദ്ദായാല്‍ പുതുക്കുന്ന നടപടി ഇന്ത്യയിലില്ല. എന്നാല്‍ മലപ്പുറം, കോഴിക്കോട് പാസ്പോര്‍ട്ട് ഓഫീസര്‍മാര്‍ക്ക് ഇതനുവദിക്കാന്‍ സര്‍ക്കുലറും ഇവരിറക്കി. ഇത് രാജ്യദ്രോഹവും വിദേശ രാജ്യങ്ങളോടുള്ള ക്രൂരതയുമാണ്. പെണ്‍വാണിഭം മാത്രമല്ല പാകിസ്ഥാനില്‍നിന്നുള്ള കള്ളനോട്ടുകളും തീവ്രവാദപ്രവര്‍ത്തനവും ഈ വഴി നടക്കുന്നുണ്ടെന്ന് സംശയിക്കണം. കള്ളനോട്ട്, ആയുധ ഇടപ്പാടുകള്‍ എന്‍എഐ അന്വേഷിക്കണം. കുഞ്ഞാലിക്കുട്ടിയുടെ പേഴ്സണല്‍ സ്റ്റാഫായ പി എസ് അബ്ബാസ് സേഠിന്റെ മരണവും അന്വേഷിക്കണം. ആയുധ ഇടപാടില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാനിരിക്കെയായിരുന്നു മരണം.

മുസ്ലീം ലീഗ് ഒരു സമാന്തര സര്‍ക്കാറായി പ്രവര്‍ത്തിക്കുകയാണ്. മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കാനുള്ള സര്‍ക്കുലറാണ് പുറത്തുവന്നിട്ടുള്ളത്. ഇത് ഭരണഘടനാ വിരുദ്ധമാണ്. പാമോലിന്‍ കേസില്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകമെന്നും വി എസ് പറഞ്ഞു.

deshabhimani

No comments:

Post a Comment