Monday, June 24, 2013

സെക്രട്ടറിയറ്റ് ജീവനക്കാരെ ബലിയാടാക്കരുത്: സംഘടനകള്‍

സെക്രട്ടറിയറ്റ് വ്യവസായ വകുപ്പിലെ സീനിയര്‍ അസിസ്റ്റന്റ് ജി ബൈജുവിനെ വ്യാജ ആരോപണങ്ങളുടെ പേരില്‍ സസ്പെന്‍ഡ് ചെയ്ത നടപടി സെക്രട്ടറിയറ്റ് ജീവനക്കാരെ അവഹേളിക്കുന്നതും സെക്രട്ടറിയറ്റ് സര്‍വീസിന്റെ അന്തസ്സ് ഇടിച്ചുതാഴ്ത്തുന്നതുമാണെന്ന് ജീവനക്കാരുടെ സംഘടനകള്‍. സെക്രട്ടറിയറ്റ് വരാന്തയില്‍ കൂട്ടിയിട്ടിരിക്കുന്ന ഫയല്‍ കൂമ്പാരത്തില്‍നിന്ന് ഫയല്‍ കണ്ടെടുത്തു എന്ന തെറ്റായ വാര്‍ത്ത സര്‍ക്കാര്‍തന്നെ മാധ്യമങ്ങളിലൂടെ പൊതുജനങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ഇത്സെക്രട്ടറിയറ്റ് സര്‍വീസിന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതും വിശ്വാസ്യതയെ തല്ലിക്കെടുത്തതുമാണെന്ന് കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി കെ ഉമ്മനും കേരള സെക്രട്ടറിയറ്റ് സ്റ്റാഫ് അസോസിയേഷന്‍ ജനറല്‍സെക്രട്ടറി പി ബിജുവും പ്രസ്താവനയില്‍ പറഞ്ഞു.

പിആര്‍ഡി ഡയറക്ടറായിരുന്ന ഫിറോസിനെതിരെ വഞ്ചനാകുറ്റത്തിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് ഉള്‍പ്പെടുന്ന ഫയല്‍ വച്ചുതാമസിപ്പിച്ചുവെന്നാണ് ബൈജുവിനെതിരായ ആരോപണം. 2010 നവംബറിലാണ് അഡീഷണല്‍ ഡയറക്ടറായിരുന്ന ഫിറോസിനെതിരെ പണംതട്ടിപ്പിന് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന പൊലീസ് റിപ്പോര്‍ട്ട് ലഭ്യമാകുന്നത്. പൊതുഭരണ (സ്പെഷ്യല്‍-ഇ) വകുപ്പിലെ അസിസ്റ്റന്റായിരിക്കെ ഈ റിപ്പോര്‍ട്ട് കൈവശം ലഭിച്ച ബൈജു ഉടന്‍തന്നെ അത് ഫയലാക്കി മേലുദ്യോഗസ്ഥര്‍ക്കു സമര്‍പ്പിച്ചു. മേലധികാരികളുടെ ഉത്തരവുപ്രകാരം ഫയല്‍ നിയമവകുപ്പിലേക്ക് ഉപദേശത്തിനായി അയച്ചു. നിയമവകുപ്പിന്റെ ഉപദേശപ്രകാരം മേല്‍നടപടികള്‍ സ്വീകരിച്ചുവരവെ 2011 ജൂണ്‍ 6ന് ബൈജുവിനെ വ്യവസായ വകുപ്പിലേക്ക് സ്ഥലംമാറ്റി. ഫയല്‍തീര്‍പ്പുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പേഴ്സണല്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പകരം ചുമതലയേറ്റ ഭരണാനുകൂല സംഘടനയിലെ അസിസ്റ്റന്റാണ് രണ്ടുവര്‍ഷമായി സെക്ഷനിലെ ഫയലുകള്‍ കൈകാര്യംചെയ്യുന്നത്. രണ്ടുവര്‍ഷമായി ബന്ധപ്പെട്ട അസിസ്റ്റന്റ്, ഫയല്‍ നഷ്ടപ്പെട്ട കാര്യം ശ്രദ്ധയില്‍പെടുത്താതിരുന്നതും ഫയല്‍ കണ്ടെത്താന്‍ ശ്രമിക്കാതിരുന്നതും നിലവിലുള്ള അസിസ്റ്റന്റിന്റെയും മേലധികാരികളുടെയും വീഴ്ചയാണ്. വരാന്തയില്‍നിന്ന് കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന ഫയല്‍, വരാന്തയില്‍ ഉപേക്ഷിച്ചവര്‍തന്നെയായിരിക്കണം ഫിറോസിനെ പിആര്‍ഡി തലവനാക്കിയത് എന്നത് പകല്‍പോലെ വ്യക്തം.

വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ ഒഴിവാക്കി രണ്ടുവര്‍ഷം മുമ്പ് ഫയല്‍ കൈകാര്യംചെയ്ത ബൈജുവിനെ കുറ്റക്കാരനാക്കുന്നത് അന്യായവും ക്രൂരതയുമാണ്. സെക്രട്ടറിയറ്റിന്റെ ഒരു വരാന്തയിലും ഫയലുകള്‍ കൂമ്പാരമായി കിടപ്പില്ല. മറിച്ച്, ഫയലുകള്‍ നിരുത്തരവാദപരമായി കൂമ്പാരം കൂട്ടിയിട്ടിരിക്കുന്നു എന്ന ഭാഷ്യം സെക്രട്ടറിയറ്റ് ജീവനക്കാരെ അവഹേളിക്കാനും പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുമാണ്. സര്‍ക്കാരിന്റെ വീഴ്ചയ്ക്ക് ജീവനക്കാരന്‍ പിഴയടയ്ക്കേണ്ട സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. അന്യായമായ സസ്പെന്‍ഷന്‍ ഉടന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് 24ന് പകല്‍ 11.30ന് സെക്രട്ടറിയറ്റ് ജീവനക്കാര്‍ പ്രതിഷേധപ്രകടനം നടത്തും.

deshabhimani

No comments:

Post a Comment