Thursday, June 27, 2013

ലൈംഗികാതിക്രമത്തിന് ഇരയാകുന്ന കുട്ടികളെ മാധ്യമങ്ങള്‍ വെളിപ്പെടുത്തുന്നത് നിയമലംഘനം

പ്രായപൂര്‍ത്തിയാകാത്തവര്‍ ഇരകളായ ലൈംഗികാതിക്രമ കേസുകള്‍ റിപ്പോര്‍ട്ട്ചെയ്യുമ്പോള്‍ പലപ്പോഴും മാധ്യമങ്ങള്‍ നിയമം ലംഘിക്കുകയാണെന്ന് കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി മെമ്പര്‍ സെക്രട്ടറിയും ജില്ലാ ജഡ്ജിയുമായ പി മോഹന്‍ദാസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അച്ഛന്‍ കുട്ടിയെ പീഡിപ്പിച്ചു എന്ന വാര്‍ത്തയ്ക്കൊപ്പം അച്ഛന്റെ ചിത്രവും വിലാസവും നല്‍കുമ്പോള്‍ കുട്ടിയെയും ആളുകള്‍ തിരിച്ചറിയുന്ന സ്ഥിതിയുണ്ട്. അയല്‍വാസി പീഡിപ്പിച്ചുവെന്ന വാര്‍ത്തയില്‍പോലും വിലാസവും മറ്റു വിവരങ്ങളും ചേര്‍ക്കുമ്പോള്‍ ഇരയെ തിരിച്ചറിയാന്‍ ഇടവരുത്തുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗികകുറ്റങ്ങള്‍ തടയുന്നതിന് 2012 നവംബറില്‍ പാസാക്കിയ നിയമത്തിന്റെ ലംഘനമാണ് ഇക്കാര്യത്തില്‍ നടക്കുന്നത്. ഇപ്പോള്‍ വിധി പ്രസ്താവിച്ചു തുടങ്ങിയ പറവൂര്‍ പീഡനക്കേസിന്റെ വാര്‍ത്തയിലും നിയമലംഘനം ഉണ്ടായിട്ടുണ്ട്. പ്രതികളുടെ ചിത്രവും വിവരങ്ങളും നല്‍കുമ്പോള്‍ ഇരകളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കണം.

ലൈംഗിക കുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പുതിയ നിയമം ഒട്ടേറെ പരിരക്ഷയാണ് ഇരകള്‍ക്കു നല്‍കുന്നത്. ജില്ലാ സെഷന്‍സ്കോടതികളില്‍ നേരിട്ട് പരാതി പറയാനും കേസെടുക്കാനുമാകും. ജില്ലാ ജഡ്ജിക്കാണ് ഇത്തരം കേസുകളുടെ ചുമതല. സാധ്യമായിടത്തോളം വനിതാ അന്വേഷകയേ കുട്ടികളില്‍നിന്നു മൊഴിയെടുക്കാവൂ. അതും യൂണിഫോമിലാകരുത്. വിശ്വാസമുള്ളവരുടെ സാന്നിധ്യത്തിലാവണം മൊഴിയെടുപ്പ്. 30 ദിവസത്തിനകം മൊഴിയെടുപ്പ് പൂര്‍ത്തിയാക്കണം. ഒരുവര്‍ഷത്തിനകം കേസും തീര്‍പ്പാക്കണം. എത്രയും വേഗം വൈദ്യപരിശോധന നടത്തണം. അതും വനിതാ ഡോക്ടര്‍ ആകണം. വനിതാ ഡോക്ടര്‍ ഇല്ലെങ്കില്‍ വകുപ്പുതല മേധാവിയുടെ അനുമതിയോടെ പുരുഷ ഡോക്ടര്‍ക്ക് പരിശോധിക്കാം. അതും മാതാപിതാക്കളുടെ സാന്നിധ്യത്തിലാവണം. കോടതിയില്‍ പ്രതിയെ കണ്ടുകൊണ്ട് മൊഴി നല്‍കേണ്ടതില്ല. പ്രതിഭാഗം വക്കീലിന് ഇരയോട് നേരിട്ട് ചോദ്യങ്ങള്‍ ഉന്നയിക്കാനാവില്ല. ഇദ്ദേഹം ജഡ്ജിയോടു പറയുകയും ജഡ്ജി കുട്ടിയോടു ചോദിക്കുകയുമാണ് വേണ്ടത്. ഇരയുടെ ഭാഷയിലാവണം ചോദ്യം ചെയ്യല്‍. ഇതിന് ആവശ്യമെങ്കില്‍ പരിഭാഷകനെയോ വ്യാഖ്യാതാവിനെയോ നിശ്ചയിക്കണം. വൈകല്യമുള്ള കുട്ടികളുടെ കാര്യത്തിലാണ് വ്യാഖ്യാതാവിന് പ്രസക്തിയേറെ. കുറ്റവാളിയല്ലെന്ന് തെളിയിക്കേണ്ട ബാധ്യത പ്രതിയുടേതാണ്.

അധ്യാപകര്‍, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍, ഹെല്‍പ് ഡസ്ക് എന്നീ സംവിധാനങ്ങള്‍വഴി പീഡനത്തെക്കുറിച്ചും അതിക്രമങ്ങളെക്കുറിച്ചും കുട്ടികളില്‍ സജീവമായ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും പി മോഹന്‍ദാസ് പറഞ്ഞു. ജില്ലകളില്‍നിന്നുള്ള ചൈല്‍ഡ് ലൈന്‍ പ്രതിനിധികളായ ഗോപാലകൃഷ്ണന്‍, ജിജോ ജോസഫ്, നിതീഷ് എം ജോര്‍ജ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani

No comments:

Post a Comment