Sunday, June 30, 2013

വിള ഇന്‍ഷുറന്‍സ് അട്ടിമറിക്കുന്നത് സ്വകാര്യ കമ്പനിക്കുവേണ്ടി

കാലവര്‍ഷക്കെടുതിയില്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകേണ്ട വിള ഇന്‍ഷുറന്‍സ് പദ്ധതി സര്‍ക്കാര്‍ അട്ടിമറിക്കുന്നത് സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്കുവേണ്ടി. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും പൊതുമേഖലാ സ്ഥാപനമായ അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനിയും സംയുക്തമായി കഴിഞ്ഞവര്‍ഷം നടപ്പാക്കിയ പദ്ധതിയാണ് ഉത്തരവിറക്കാതെ ഇക്കുറി സര്‍ക്കാര്‍ അട്ടിമറിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് അഗ്രികള്‍ച്ചറല്‍ ഇന്‍ഷുറന്‍സ് കമ്പനി (എഐസി) അധികൃതരുമായി കൃഷിവകുപ്പ് വെള്ളിയാഴ്ച നടത്തിയ യോഗം പരാജയപ്പെട്ടു.

ഉത്തരേന്ത്യന്‍ സര്‍ക്കാരുകള്‍ കരിമ്പട്ടികയില്‍ പെടുത്തിയ ധനകാര്യ സ്ഥാപനത്തിനായി സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി അട്ടിമറിക്കാന്‍ നടത്തിയ നീക്കത്തിനു പിന്നാലെയാണ് വിള ഇന്‍ഷുറന്‍സിന്റെ കടയ്ക്കലും കത്തിവയ്ക്കുന്നത്. സ്വകാര്യ ധനകാര്യസ്ഥാപനമായ എച്ച്ഡിഎഫ്സിയുടെ എച്ച്ഡിഎഫ്സി-എര്‍ഗോ ജനറല്‍ ഇന്‍ഷുറന്‍സാണ് പദ്ധതി തട്ടിയെടുക്കാന്‍ രംഗത്തുള്ളത്. കര്‍ഷകരുടെ വിഹിതവും സര്‍ക്കാരുകള്‍ നല്‍കുന്ന സബ്സിഡിയും ഉള്‍പ്പെടെ മറിയുന്ന കോടികളാണ് ഇവരുടെ ലക്ഷ്യം. എച്ച്ഡിഎഫ്സി പിടിമുറുക്കിയതോടെ എഐസിയെ ഒഴിവാക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഗൂഢാലോചന തുടരുകയാണ്. സര്‍ക്കാരിന്റെ അനുമതിയോടെ തിരുവനന്തപുരത്തെ ഇന്‍ഷുറന്‍സ് ദല്ലാള്‍ സ്ഥാപനം എച്ച്ഡിഎഫ്സിക്കായി സമ്മര്‍ദം ചെലുത്തുന്നുണ്ട്. അംഗീകൃത ബ്രോക്കര്‍ സ്ഥാപനമായ ഇവര്‍ നിര്‍ദേശിക്കുന്ന കമ്പനിക്ക് പദ്ധതി നിര്‍വഹണചുമതല നല്‍കാന്‍ സര്‍ക്കാരിനാകും. ഈ അധികാരം ദുരുപയോഗംചെയ്ത്, കഴിഞ്ഞ സീസണ്‍വരെ പദ്ധതി ഭംഗിയായി നടപ്പാക്കിയ എഐസിയെ ഒഴിവാക്കാനാണ് നീക്കം. ജൂണ്‍ ഒന്നിനുമുമ്പ് ഉത്തരവിറക്കി ഒരുമാസത്തിനകം കര്‍ഷകരെ ചേര്‍ക്കുകയാണ് ചെയ്തിരുന്നത്. എഐസി പൊതുമേഖലയിലെ മറ്റ് ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുടെ വ്യാപകശൃംഖല ഉപയോഗിച്ചാണ് കര്‍ഷകരില്‍നിന്ന് അപേക്ഷ സ്വീകരിച്ച് പദ്ധതി നടപ്പാക്കിയിരുന്നത്. സംസ്ഥാനത്ത് എച്ച്ഡിഎഫ്സിക്ക് വ്യാപകമായ ശൃംഖല ഇല്ലെന്നിരിക്കെ, ഇവര്‍ക്കുതന്നെ പദ്ധതി കൈമാറാനുള്ള കൃഷിവകുപ്പിന്റെ നീക്കം ദുരൂഹമാണ്.

സബ്സിഡി ഇനത്തില്‍ ലഭിക്കുന്ന കോടികള്‍ കൈക്കലാക്കുകയാണ് ലക്ഷ്യമെന്നാണ് സൂചന. എച്ച്ഡിഎഫ്സിയുമായി കമീഷന്‍ തുക സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കുന്നതാണ് ഉത്തരവു വൈകുന്നതിനു പിന്നിലെന്നറിയുന്നു. പദ്ധതി വൈകിയാല്‍ ഏറ്റെടുക്കുന്നത് കര്‍ഷകര്‍ക്കും തങ്ങള്‍ക്കും ഗുണകരമാകില്ലെന്ന നിലപാടാണ് എഐസിയുടേത്. ഇത്തരത്തില്‍ പദ്ധതി പരമാവധി വൈകിച്ച് എഐസിയെയും അതുവഴി പൊതുമേഖലാ ഇന്‍ഷുറന്‍സ് കമ്പനികളെയും മാറ്റിനിര്‍ത്താനും ഗൂഢാലോചനയുണ്ട്. സംസ്ഥാനതല ഏകോപനസമിതി ഒരുമാസം മുമ്പ് അംഗീകരിച്ച 12 ജില്ലകളിലെ 10 വിളകള്‍ക്കുള്ള കാലാവസ്ഥാധിഷ്ഠിത ഇന്‍ഷുറന്‍സ് പദ്ധതിയാണ് ഇതുമൂലം ത്രിശങ്കുവിലായത്. പ്രീമിയം തുകയുടെ കാല്‍ശതമാനം മാത്രം കര്‍ഷകനില്‍നിന്ന് ഈടാക്കി ബാക്കിതുക കേന്ദ്ര-സംസ്ഥാന സബ്സിഡിയായാണ് പദ്ധതി നടപ്പാക്കുന്നത്.
(ആനന്ദ് ശിവന്‍)

deshabhimani

No comments:

Post a Comment