സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലാകുന്നതില്‍നിന്ന് സ്വയം രക്ഷപ്പെടുന്നതിനു വേണ്ടിയാണ് മുഖ്യമന്ത്രി ഇപ്പോഴും അധികാരത്തില്‍ കടിച്ചുതൂങ്ങുന്നതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പേഴ്സണല്‍ സ്റ്റാഫിനെ ബലിയാടാക്കി രക്ഷപ്പെടാന്‍ താനില്ല എന്ന് നിയമസഭയില്‍ പ്രറഞ്ഞ മുഖ്യമന്ത്രി, ഇപ്പോള്‍ അവരെ ബലിയാടാക്കി രക്ഷപ്പെടാനുള്ള തത്രപ്പാടിലാണ്. ഇതിനുവേണ്ടി സംസ്ഥാന പോലീസിനെ ദുരുപയോഗം ചെയ്യുന്നു- വി എസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജോപ്പന്‍ അറസ്റ്റിലായ കേസിലെ ശ്രീധരന്‍നായര്‍ നല്‍കിയ പരാതിയില്‍ പറയുന്നത് മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു എന്നാണ്. കോന്നി പോലീസ് സ്റ്റേഷനിലെ 656/2013 എന്ന പ്രഥമവിവര റിപ്പോര്‍ട്ടും അതിനാധാരമായ പരാതിയും പരിശോധിച്ചാല്‍ ഇത് ബോദ്ധ്യപ്പെടും. ഇത് മറച്ചുവെച്ച് ജോപ്പനില്‍ കേസൊതുക്കാന്‍ പോലീസ് കൂട്ടുനില്‍ക്കുന്നു. മുഖ്യമന്ത്രിയുടെ ചേംബറിലെ വിഡിയോ ദൃശ്യങ്ങള്‍ തെളിവായി പിടിച്ചെടുക്കുകയും പരിശോധിക്കുകയും ചെയ്യാന്‍ പോലീസ് അറച്ചുനില്‍ക്കുന്നു. ഇത്രയും നടപടിതന്നെ ഉണ്ടായത് ശ്രീധരന്‍ നായര്‍ കോടതിയെ സമീപിച്ചതുകൊണ്ടും കോടതി ഇടപെട്ടതും കൊണ്ടാണ്. സരിത തട്ടിപ്പിന്റെ ഇരകളെ സ്വീകരിച്ചിരുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിലാണ് എന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നു. ക്രിമിനല്‍ നടപടിക്രമം അനുസരിച്ച് കൃത്യം നടന്ന സ്ഥലത്ത് പ്രതികളെ എത്തിച്ച് മഹസര്‍ തയ്യാറാക്കണം എന്നാണ് നിബന്ധന. അതായത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പ്രതികളെ കൊണ്ടുവന്ന് തട്ടിപ്പിന്റെ മഹസര്‍ തയ്യാറാക്കണം. ഈ നാണക്കേട് മലയാളികളുടെ തലയില്‍ കെട്ടിവെക്കാനാണോ സര്‍ക്കാര്‍ ശ്രമിക്കുന്നത്?-വി എസ് ചോദിച്ചു.
ശാലു മേനോനെ പ്രതിചേര്‍ക്കാന്‍ പോലീസ് തയ്യാറാവാത്തതിന്റെ കാരണം വ്യക്തമാണ്. അവരുടെ വീടിന്റെ പാലുകാച്ചിന്റെ വിഡീയോ ചിത്രീകരിച്ച ഫോട്ടോഗ്രാഫറുടെ കമ്പ്യൂട്ടറില്‍നിന്ന് രേഖകള്‍ പോലീസ് എടുത്തുമാറ്റി എന്ന ആരോപണം ഗുരുതരമാണ്. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ജോപ്പനെതിരെ ഇപ്പോള്‍ വഞ്ചനാക്കുറ്റം മാത്രമാണ് ചുമത്തിയിരിക്കുന്നത്. അടിയന്തരമായി സലിംരാജിന്റേയും ജോപ്പന്റെയും ജിക്കുമോന്റെയും, അനധികൃത സ്വത്ത് സംബന്ധിച്ചും ഈ ക്രിമിനല്‍ തട്ടിപ്പിന് കൂട്ടുനിന്നതിനെക്കുറിച്ചും വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണം. അതുപോലെ മുഖ്യമന്ത്രിയുടെയും മകന്റെയും പോക്കറ്റായ പാവംപയ്യന്റെ ധനസ്രോതസ്സുകളെക്കുറിച്ചും അന്വേഷണം നടത്തണം. മുഖ്യമന്ത്രിയുടെ സ്റ്റാഫിലേക്ക് ഇത്രയും ക്രിമിനലുകളെ നിയമിക്കാന്‍ മുഖ്യമന്ത്രി കാട്ടിയ വൈഭവം പ്രശംസിക്കാതെ വയ്യ വി എസ് പരിഹസിച്ചു.
ഉത്തരാഖണ്ഡില്‍ കുടുങ്ങിയ മലയാളികളുടെ കാര്യത്തിലോ, മണിപ്പാലില്‍ പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ വിഷയത്തിലോ നാട്ടിലെ പ്രളയദുരിതത്തിലോ ഒന്നും ശ്രദ്ധിക്കാന്‍ സര്‍ക്കാരിനാവുന്നില്ല. ജയിലില്‍ പോകാതിരിക്കാന്‍ വേണ്ടി തെളിവു നശിപ്പിക്കുന്നതില്‍ മാത്രമാണ് മന്ത്രിമാര്‍ക്ക് ശ്രദ്ധ. ഇനിയും മലയാളികളുടെ ക്ഷമ പരീക്ഷിക്കാതെ മുഖ്യമന്ത്രി ഉടന്‍ രാജിവെച്ച് ജൂഡീഷ്യല്‍ അന്വേഷണത്തിന് വിധേയനാകണം-വി എസ് ആവശ്യപ്പെട്ടു.
ജോസ് തെറ്റയിലിന്റെ കാര്യത്തില്‍ ജനതാദള്‍ ആണ് തീരുമാനം എടുക്കേണ്ടതെന്ന് ചോദ്യത്തിനു മറുപടിയായി വി എസ് പറഞ്ഞു.
പേഴ്സണല്‍സ്റ്റാഫ്: പേരുദോഷമായെന്ന് ചെന്നിത്തല
കോഴിക്കോട്: കോണ്‍ഗ്രസ് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന്റെ പ്രവര്‍ത്തനത്തിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ടിയല്ല മന്ത്രിമാരാണിപ്പോള്‍ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നത്. അടുത്തിടെയുണ്ടായ സംഭവവികാസങ്ങള്‍ പാര്‍ടിക്ക് ദോഷമുണ്ടാക്കി- കെഎസ്ടി വര്‍ക്കേഴസ് യൂണിയന്‍(ഐഎന്‍ടിയുസി) സംസ്ഥാന സമ്മേളന ഉദ്ഘാടനവേളയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് പേരുദോഷമുണ്ടാക്കിയെന്ന ആരോപണം കെപിസിസി പ്രസിഡന്റ് ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു കെപിസിസി പ്രസിഡന്റിന്റെ വിമര്‍ശനം.
കേന്ദ്രമന്ത്രിമാര്‍ പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതിനൊരു വ്യവസ്ഥയുണ്ട്. ഡല്‍ഹിയിലതിന് കൃത്യമായ സമ്പ്രദായമുണ്ട്. പൊലീസ് പരിശോധനയടക്കം കഴിഞ്ഞാണ് നിയമനം. എന്നാല്‍ ഇവിടെ മന്ത്രിമാരുടെ താല്‍പര്യാര്‍ഥമാണിതെല്ലാം നടത്തുന്നത്. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പാര്‍ടി ഇടപെടും. നിയമനം സുതാര്യമാക്കും. മന്ത്രിമാര്‍ക്ക് പൂര്‍ണസ്വാതന്ത്ര്യം കൊടുത്താലുണ്ടാകുന്ന പ്രശ്നങ്ങളാണ് ഇപ്പോള്‍ കാണുന്നത്.മുഖ്യമന്ത്രിയുടെ ഓഫീസ് ദുര്‍വിനിയോഗം ചെയ്ത ആരെയും സംരക്ഷിക്കാന്‍ പാര്‍ടി അനുവദിക്കില്ലെന്നും രമേശ് വ്യക്തമാക്കി.
പേഴ്സണല്‍ സ്റ്റാഫിനെ നിയമിക്കുന്നതില്‍ സിപിഐ എമ്മും എല്‍ഡിഎഫും തുടരുന്ന രീതിയാണ് നല്ലത്. പാര്‍ടി അറിഞ്ഞാകണം നിയമനം. മുഖ്യമന്ത്രിയുടെ പേഴ്സണല്‍ അസിസ്റ്റന്റ് ടെന്നിജോപ്പന്‍ അറസ്റ്റിലായതും സോളാര്‍തട്ടിപ്പും നേരിട്ട് പരമാര്‍ശിക്കാതെയായിരുന്നു ചെന്നിത്തലയുടെ ആക്ഷേപം. ടാഗോര്‍ഹാളില്‍ നടന്ന ചടങ്ങില്‍ യൂണിയന്‍ പ്രസിഡന്റ് തമ്പാനൂര്‍ രവി അധ്യക്ഷനായി.
പേഴ്സണല്‍ സ്റ്റാഫില്‍ ഇനിയും വമ്പന്‍വമ്പന്‍സ്രാവുകള്‍
കോഴിക്കോട് : മുഖ്യമന്ത്രിക്ക് ഐക്യരാഷ്ട്രസഭാഅവാര്‍ഡ് കിട്ടി പ്രഭാതസൂര്യനെപ്പോലെ വെട്ടിത്തിളങ്ങേണ്ട സമയത്ത് ഗ്രഹണസ്ഥിതിയാണ് സര്‍ക്കാരിനെന്ന് കെ മുരളീധരന്‍ എംഎല്‍എ. ഇപ്പോള്‍ രണ്ടുമുന്നുപേരെയെ പിടിച്ചിട്ടുള്ളു. ഇതിലും വമ്പന്‍സ്രാവുകള്‍ ചില മന്ത്രിമാരുടെ പേഴ്സണല്‍സ്റ്റാഫിലുണ്ട്. എമഎല്‍എമാരുടെ കത്തും നിവേദനവും പൂഴ്തുന്ന വിദ്വാന്മാരുണ്ട് സ്റ്റാഫില്‍. പത്താം ക്ലാസ് പോയിട് നാലാംക്ലാസും ഡ്രില്ലുമാണ് പലരുടെയും യോഗ്യത.മന്ത്രി പറഞ്ഞാലും കേള്‍ക്കാത്തസ്റ്റാഫുമുണ്ട്.ഇക്കാര്യത്തില്‍ കെപിസിസി കര്‍ശനമായി ഇടപെടണം.രോഗമറിഞ്ഞ് ചികിത്സിക്കണം.
സ്ക്രീന്‍ചെയ്ത് സുതാര്യമായിരിക്കണം നിയമനം. സിപിഐ എം അധികാരമേറിയാല്‍ അവരുശട സര്‍വീസ് സംഘടനകള്‍ക്കാണ് പേഴ്സണല്‍സ്റ്റാഫില്‍ പ്രാധാന്യം. എന്നാല്‍ കോണ്‍ഗ്രസ് വന്നാല എന്‍ജിഒ അസോസിയേഷനെയും മറ്റും പരിഗണിക്കില്ല.ഒട്ടേറെ നല്ലകാര്യം ചെയ്തിട്ടും ചീത്തപ്പേരുണ്ടാക്കിയ വമ്പന്മാരാണ് പേഴസണല്‍സ്റ്റാഫിലുള്ളത്. ഇപ്പം സോളാറെന്ന് പേരുകേള്‍ക്കുമ്പം ഞങ്ങള്‍ക്ക് ഭയമാണ്. കഴിഞ്ഞത് കഴിഞ്ഞു. പക്ഷെ ഇനി ആവര്‍ത്തിക്കാനനനുവദിക്കരുത്. നിയമസഭയില്‍ എല്ലാത്തിനും മുഖ്യമന്ത്രി ഇടപെടേണ്ടിവരുന്ന സ്ഥിതിയാണെന്നും മുരളി പറഞ്ഞു. കെഎസ്ടി വര്‍ക്കേഴ്സ്യൂണിയന്‍ (ഐഎന്‍ടിയുസി) സംസ്ഥാനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍
deshabhimani
No comments:
Post a Comment