രാജഭരണകാലത്ത് പേരും പെരുമയും ആഗ്രഹിക്കുന്ന ചില രാജാക്കന്മാര്‍ പ്രജകളുടെ ക്ഷേമം അന്വേഷിക്കാന്‍ പരിവാരസമേതം എഴുന്നള്ളുമായിരുന്നു. രാജകിങ്കരന്മാര്‍ തെരഞ്ഞെടുത്ത ജനങ്ങളെ തിരുമനസ്സിനുമുമ്പില്‍ അണിനിരത്തും. ജനങ്ങളുടെ സങ്കടനിവേദനങ്ങളില്‍ മനസ്സലിയുന്ന രാജാവ് ദാനധര്‍മം നടത്തി പ്രജാക്ഷേമ തല്‍പ്പരന്‍ എന്ന സല്‍കീര്‍ത്തി കരസ്ഥമാക്കും. കരംകൂട്ടി ജനങ്ങളെ കൊള്ളയടിക്കുന്ന ചില രാജാക്കന്മാര്‍ ഇടയ്ക്കിടെ അന്നദാനം നടത്തി അന്നദാതാവായ പൊന്നുതമ്പുരാന്‍ എന്ന ഖ്യാതി നേടിയിരുന്നു.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 2004ലും 2011ലും നടത്തിയ ജനസമ്പര്‍ക്ക പരിപാടി ഒരു രാജകീയദര്‍ബാര്‍ ആയിരുന്നു. ഉമ്മന്‍ചാണ്ടിയുടെ അത്ഭുത രോഗശാന്തി ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ 14 ജില്ലകളിലും മൈതാനങ്ങളില്‍ പുരുഷാരം തടിച്ചുകൂടി. ആയിരക്കണക്കിന് രോഗികളാണ് സ്ട്രെച്ചറിലും വീല്‍ചെയറിലും പരസഹായത്തോടെ മുഖ്യന്റെ ദര്‍ശന സൗഭാഗ്യത്തിനായെത്തിയത്. ദാഹജലം കിട്ടാതെ പലരും പൊരിവെയിലില്‍ തളര്‍ന്നുവീണു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് പിച്ചക്കാശു കിട്ടാനാണ് ഈ പാവങ്ങള്‍ യാചകവേഷം കെട്ടിയത്. 14 ജില്ലകളില്‍ അരങ്ങേറിയ ജനസമ്പര്‍ക്കം എന്ന തെരുവുനാടകത്തിന് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് മുടക്കിയത് 11 കോടിയോളം രൂപയാണ്. മാധ്യമങ്ങളില്‍ പരസ്യം നല്‍കിയതിന് വേറെ നാലുകോടി. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ സ്പോണ്‍സര്‍ചെയ്ത പരിപാടികള്‍ക്ക് പിന്നെയും കോടികള്‍. മൈതാനങ്ങളില്‍ വന്നെത്തിയ ലക്ഷങ്ങളില്‍ കുറെപ്പേര്‍ക്ക് 2000 മുതല്‍ 4000 രൂപ വരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് ലഭിച്ചു. ഭൂമിക്ക് അപേക്ഷ നല്‍കിയ ലക്ഷങ്ങളില്‍ 11 പേര്‍ക്ക് മാത്രമാണ് ഭൂമി ലഭിച്ചത്.
എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് മാനദണ്ഡങ്ങള്‍ക്കു വിധേയമായി ദുരിതമനുഭവിക്കുന്ന പാവങ്ങള്‍ക്ക് ചെക്കായി സഹായത്തുക തപാലില്‍ വീട്ടിലെത്തിച്ചിരുന്നു. വയോധികര്‍, വിധവകള്‍, വികലാംഗര്‍, അപകടം സംഭവിച്ചവര്‍ തുടങ്ങിയവര്‍ക്കെല്ലാം യഥാസമയം എല്ലാ ആനുകൂല്യങ്ങളും കൃത്യമായിരുന്നു. ഇവര്‍ക്കാര്‍ക്കും മൈതാനങ്ങളിലെത്തി മുഖ്യമന്ത്രിയുടെ ദര്‍ശന സൗഭാഗ്യത്തിനായി കാത്തുകെട്ടി കിടക്കേണ്ടിവന്നില്ല. മൈതാനങ്ങളില്‍ പതിനായിരങ്ങള്‍ കണ്ണീര്‍ പൊഴിക്കുകയും മുഖ്യമന്ത്രി കാല്‍ നിലത്തുറപ്പിക്കാതെ അവരുടെ "കണ്ണീരൊപ്പുകയും" നിവേദനങ്ങളില്‍ "ശു" വരച്ചുവിടുകയും ചെയ്ത "റിയാലിറ്റി ഷോ" അന്നുതന്നെ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ടതാണ്. ഇതിന്റെ വീഡിയോ ചിത്രങ്ങളും ചില പത്രറിപ്പോര്‍ട്ടുകളും കാണിച്ചാണ് മുഖ്യമന്ത്രി ഐക്യരാഷ്ട്ര സംഘടനയില്‍നിന്ന് അവാര്‍ഡ് തരപ്പെടുത്തിയത്. ശശി തരൂര്‍മുതല്‍ ഷാഫി മേത്തര്‍വരെയുള്ളവരാണ് അണിയറയില്‍ ചരടുവലിച്ചത്. കഥയറിയാതെ ആട്ടംകണ്ട ഉദ്യോഗസ്ഥര്‍ അത്ഭുത വീഡിയോ കാഴ്ചകള്‍ കണ്ട് മതിമറന്നു.
എന്നാല്‍, ജനസമ്പര്‍ക്ക തെരുവുനാടകത്തിലെ മുഖ്യമന്ത്രിയുടെ ഭാവാഭിനയത്തിന് ഓസ്കര്‍ അവാര്‍ഡ് ലഭിക്കേണ്ടതായിരുന്നു. ഒരു ജനകീയ പ്രണയത്തിന്റെ റൊമാന്റിക് പ്രതിച്ഛായയാണ് 14 ജില്ലകളിലും ജനക്കൂട്ടത്തിനുമുമ്പാകെ ഉമ്മന്‍ചാണ്ടി സൃഷ്ടിച്ചത്. "പോപ്പുലിസം" എന്ന തരികിടയില്‍ വിശ്വസിക്കുന്ന ഉമ്മന്‍ചാണ്ടിയുടെ പ്രചാരണതട്ടിപ്പാണ് ബഹുജനസമ്പര്‍ക്കപരിപാടി. ക്രിയാത്മകമാകേണ്ട ഭരണത്തെ ഉമ്മന്‍ചാണ്ടി പ്രകടനാത്മകമാക്കി. മുഖ്യമന്ത്രി ഒപ്പുവച്ച പരാതികളില്‍ 90 ശതമാനവും ജില്ലാതലത്തിലും ഗ്രാമതലത്തിലും പരിഹരിക്കപ്പെടേണ്ടവയാണ്. വില്ലേജ് ഓഫീസറുടെയും തഹസില്‍ദാരുടെയും കലക്ടറുടെയും അധികാരം നേരിട്ടു കൈയടക്കി കൈയടി വാങ്ങാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചത്. മുഖ്യമന്ത്രി നേരിട്ടുവാങ്ങിയ ലക്ഷക്കണക്കിന് നിവേദനങ്ങളില്‍ ഭൂരിപക്ഷവും ഒരു പരിഹാരവുമില്ലാതെ കലക്ടറേറ്റുകളില്‍ കെട്ടിക്കിടക്കുകയാണ്.
ചുവപ്പുനാടയില്‍ കുരുങ്ങിയ സാധാരണക്കാരന്റെ വേദനയും വേവലാതികളും അവസാനിപ്പിക്കേണ്ടത് തെരുവുനാടകത്തിലൂടെയല്ല. ഭരണസിരാകേന്ദ്രമായ സെക്രട്ടറിയറ്റിലിരുന്ന് ഉദ്യോഗസ്ഥഭരണ സംവിധാനത്തെ ഊര്‍ജിതമാക്കേണ്ട മുഖ്യമന്ത്രി തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്തം മറന്നാണ് തെരുവുഭരണത്തിന് പുറപ്പെട്ടത്. ഇരുപതു മന്ത്രിമാരും നൂറിലേറെ വകുപ്പുമേധാവികളും അനേകായിരം ഉദ്യോഗസ്ഥരും അടങ്ങിയ ഭരണയന്ത്രത്തെ എണ്ണയിട്ട് ചലിപ്പിക്കേണ്ട മുഖ്യമന്ത്രി ചവിട്ടുനാടകം അഭിനയിക്കാന്‍ ജനക്കൂട്ടത്തെ സംഘടിപ്പിക്കുന്നത് അസംബന്ധമാണ്. സംസ്ഥാന ഭരണത്തലവനായ മുഖ്യമന്ത്രി താന്‍ തീരുമാനിക്കേണ്ട പരാതികള്‍മാത്രം സ്വീകരിക്കുന്നതാണ് കരണീയം. മറ്റുകാര്യങ്ങള്‍ നോക്കാന്‍ മന്ത്രിമാരെ പ്രാപ്തമാക്കുകയാണ് മുഖ്യമന്ത്രിയുടെ നേതൃപരമായ ചുമതല. ഒരു പ്രാഥമിക പരിശോധനയും നടത്താതെ മുഖ്യമന്ത്രി ഒരു നിവേദനത്തില്‍ പരിശോധിക്കാന്‍ ഉത്തരവുനല്‍കിയാല്‍ പല തലങ്ങള്‍ കടന്ന് ആ പരാതി താഴെ തട്ടില്‍ എത്തുമ്പോഴേക്കും നിവേദകന്‍ മരിച്ചിരിക്കും. സെക്രട്ടറിയറ്റിലിരുന്ന് നയപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുകയും ഉദ്യോഗസ്ഥ മേധാവിത്വത്തെക്കൊണ്ട് അതു നടപ്പാക്കുകയും ചെയ്യേണ്ട മുഖ്യമന്ത്രി തന്റെ വിലപ്പെട്ട സമയം തെരുവില്‍ നഷ്ടപ്പെടുത്തുന്നത് ഭ്രാന്തമായ നടപടിയാണ്.
അധികാരം ജനങ്ങളിലേക്ക് എന്നതിനുപകരം അധികാരം മുഖ്യമന്ത്രിയിലേക്ക് എന്ന വിപരീതദിശയിലാണ് നീങ്ങുന്നത്. അധികാരവികേന്ദ്രീകരണ പ്രക്രിയയുടെ ഭാഗമായി ത്രിതല പഞ്ചായത്തീരാജ് സംവിധാനത്തെ ശക്തിപ്പെടുത്തേണ്ട മുഖ്യമന്ത്രി താഴത്തെ അധികാരങ്ങള്‍കൂടി കവര്‍ന്നെടുക്കുന്നു- പഞ്ചായത്ത് ഗ്രാമതലഭരണങ്ങളെ ബോധപൂര്‍വം കശാപ്പു ചെയ്യുന്നു. ഉമ്മന്‍ചാണ്ടിയുടെ ഭരണം ആള്‍ക്കൂട്ടത്തിന്റെ ഭരണമാണ്. സെക്രട്ടറിയറ്റിന്റെ ഇടനാഴികളില്‍ റൂട്ട് മാര്‍ച്ച് നടത്തുന്നത് അധികാരദല്ലാളന്മാരാണ്. മുഖ്യമന്ത്രിയുടെ ചുറ്റം കൂടിയിരിക്കുന്നത് ഒരുപറ്റം കൊള്ളക്കാരാണ്. അവിഹിത കാര്യസാധ്യത്തിന് കക്ഷികളെയും കക്ഷത്തില്‍ ഇടുക്കിക്കൊണ്ടുവരുന്ന ഉപജാപകരുടെ തടവറയില്‍ ഉമ്മന്‍ചാണ്ടി അകപ്പെട്ടിരിക്കുന്നു. ശുപാര്‍ശാവ്യവസായം ജനകീയവല്‍ക്കരിച്ചതാണ് അദ്ദേഹത്തിന്റെ ഭരണനേട്ടം.
രണ്ടായിരം വര്‍ഷങ്ങള്‍ക്കുമുമ്പ് യേശുക്രിസ്തു കാനായിലെ കല്യാണത്തിന് പച്ചവെള്ളം വീഞ്ഞാക്കിയതും, അഞ്ചപ്പംകൊണ്ട് അയ്യായിരം പേരുടെ വിശപ്പടക്കിയതും, മരിച്ച ലാസറിനെ ഉയര്‍ത്തെഴുന്നേല്‍പ്പിച്ചതും, കുരുടന് കാഴ്ച നല്‍കിയതും, കുഷ്ഠരോഗിയെ സൗഖ്യമാക്കിയതുമാണ് ഇപ്പോള്‍ ചിലര്‍ നടത്തുന്ന അത്ഭുതരോഗ ശാന്തി ശൂശ്രൂഷയുടെ അടിസ്ഥാനം. ജനങ്ങളുടെ കണ്ണില്‍പൊടിയിടുന്ന ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്കമെന്ന അത്ഭുതരോഗശാന്തിയെ യുഎന്‍ സര്‍ട്ടിഫിക്കറ്റുകൊണ്ട് മഹത്വവല്‍ക്കരിക്കാനാവില്ല. ഈ പുറംവാതില്‍ പുരസ്കാരം പെയ്ഡ് ന്യൂസ് പോലെ കള്ളത്തരമാണ്.
ചെറിയാന്‍ ഫിലിപ്പ് deshabhimani
No comments:
Post a Comment