സോളാര്‍തട്ടിപ്പിന് മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡിലുള്ള കത്ത് ഉപയോഗപ്പെടുത്തിയെന്ന് തെളിഞ്ഞു. സര്‍ക്കാര്‍ മുദ്രയും മുഖ്യമന്ത്രിയുടെ ഒപ്പുമുള്ള ലെറ്റര്‍പാഡ് ഉപയോഗിച്ച് വ്യാജക്കത്തുണ്ടാക്കിയതാണെന്ന് പൊലീസ് അവകാശപ്പെട്ടു. നിക്ഷേപകരെ വിശ്വസിപ്പിക്കാന്‍ സരിത മുഖ്യമന്ത്രിയുടെ കത്ത് ഉപയോഗിച്ചതായി നേരത്തെ വ്യക്തമായിരുന്നെങ്കിലും, അങ്ങിനെയൊരു കത്തില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവര്‍ത്തിച്ചത്. കത്തെവിടെയെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.
മുഖ്യമന്ത്രിയുടെ കത്ത് വിശ്വസിച്ചാണ് നിരവധി പേര്‍ സരിതയുടെയും ബിജുരാധാകൃഷ്ണന്റെയും തട്ടിപ്പിനിരയായത്. കത്ത് പുറത്തുവന്നാലുള്ള അപകടം മനസ്സിലാക്കിയാണ് പൊലീസിന്റെ മുന്‍കൂര്‍ ജാമ്യം. കത്തുണ്ടെന്ന് സമ്മതിച്ചതോടെ മുഖ്യമന്ത്രിയും ഓഫീസും കൂടുതല്‍ കുരുക്കിലായി. ബിജുവിനും സരിതയ്ക്കും വ്യാജ കത്തുണ്ടാക്കി കൊടുത്തെന്നാരോപിച്ച് കൊച്ചി തമ്മനത്തെ കംപ്യൂട്ടര്‍ സ്ഥാപനമായ ഗ്രാഫിക്സ്് ഉടമ ഫ്രെനി എന്ന പോളിനെ തിങ്കളാഴ്ച അറസ്റ്റ് ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡില്‍ നാല് കത്ത് തയ്യാറാക്കി കൊടുത്തതായി ഫ്രെനി സമ്മതിച്ചെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് തരപ്പെടുത്തിയ ലെറ്റര്‍പാഡിലാണ് കത്ത് തയ്യാറാക്കിയതെന്നും പൊലീസ് അവകാശപ്പെടുന്നു. എന്നാല്‍, ബിജു കൊണ്ടുവന്ന പെന്‍ഡ്രൈവിലെ ഉള്ളടക്കം പ്രിന്റ് എടുക്കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഫ്രെനി പറഞ്ഞു. തിരുവനന്തപുരത്തെ സ്വിസ് സോളാര്‍ ഓഫീസിലെ കംപ്യൂട്ടര്‍ പരിശോധിച്ചപ്പോള്‍ കത്ത് കണ്ടെത്തിയെന്നാണ് പൊലീസ് ഭാഷ്യം. മുഖ്യമന്ത്രിയുടെ പേരില്‍ കേന്ദ്ര ഊര്‍ജമന്ത്രാലയ സെക്രട്ടറിക്ക് എഴുതിയ കത്തും ഇതിലുണ്ടെന്ന് പൊലീസ് പറയുന്നു.
തിരുവനന്തപുരത്ത് തട്ടിപ്പിനിരയായ വ്യക്തിക്ക് ലഭിച്ച കത്തിന്റെ പകര്‍പ്പാണ് തങ്ങളുടെ കൈയിലുള്ളതെന്നും പൊലീസ് മാധ്യമങ്ങളെ അറിയിച്ചു. തമ്പാനൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഗ്രാഫിക്സ് ഉടമയെ അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുമായും അദ്ദേഹത്തിന്റെ ഓഫീസും വസതിയുമായും സരിതയ്ക്കുള്ള ഗാഢബന്ധം പുറത്തുവന്നപ്പോള്‍ കത്തും ചര്‍ച്ചാവിഷയമായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഇത് സമ്മതിച്ചില്ല. കത്തുണ്ടെന്ന് ചൂണ്ടിക്കാട്ടിയപ്പോഴൊക്കെ കത്ത് കാണിക്കൂവെന്ന് പറഞ്ഞ് തടിയൂരാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. സരിതയുടെ കൈവശമുള്ള കത്തും മറ്റ് രേഖകളും ഉന്നതരുമായുള്ള ബന്ധം ചിത്രീകരിച്ച വെബ്ക്യാമറയും പൊലീസ് നേരത്തെ കൈവശപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയിലേക്ക് നീളുന്ന എല്ലാ തെളിവും ഇല്ലാതാക്കുന്ന ദൗത്യത്തിനിടയിലാണ് കൂടുതല്‍ കത്തുണ്ടെന്ന് പൊലീസ് മനസ്സിലാക്കിയത്. ഇത് ഏതെങ്കിലും വിധത്തില്‍ പുറത്തുവരുമെന്ന് ഭയന്ന് ഇതുവരെ നിഷേധിച്ച കാര്യം ഒടുവില്‍ സ്ഥിരീകരിച്ചു.
കഴിഞ്ഞ മാര്‍ച്ചിലും സരിത മുഖ്യമന്ത്രിയെ ഡല്‍ഹിയില്‍ കണ്ടു
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഡല്‍ഹി യാത്രാദിനങ്ങളില്‍ സോളാര്‍ തട്ടിപ്പുകേസിലെ പ്രതി സരിത എസ് നായരും ഡല്‍ഹിയില്‍ എത്തിയതിന്റെ കൂടുതല്‍ രേഖകള്‍ പുറത്ത്. കടല്‍ കൊലക്കേസില്‍ പ്രതികളായ ഇറ്റാലിയന്‍ സൈനികര്‍ തിരിച്ചുവരില്ലെന്ന പ്രചാരണത്തെത്തുടര്‍ന്ന് സംസ്ഥാനത്തിന്റെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കാന്‍ മുഖ്യമന്ത്രി ഡല്‍ഹിയില്‍പ്പോയ കഴിഞ്ഞ മാര്‍ച്ച് 13ന് സരിതയും അവിടെ എത്തി. ഇതിന്റെ തലേന്ന് (12ന്) എം ഐ ഷാനവാസ് എംപിയെ ഡല്‍ഹിയിലെ മൊബൈല്‍ ഫോണില്‍ സരിത വിളിച്ചിരുന്നതായും വ്യക്തമായി. എം ഐ ഷാനവാസിന്റെ 9013180109 എന്ന ഡല്‍ഹി നമ്പരില്‍ പകല്‍ 12.17നാണ് വിളിച്ചത്. ഡല്‍ഹിയില്‍നിന്ന് മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായ ടെന്നി ജോപ്പന്റെ മൊബൈല്‍ ഫോണിലേക്ക് സരിത എസ്എംഎസ് അയച്ചിട്ടുണ്ട്. ഇതുകൂടാതെ തിരുവനന്തപുരത്ത് മുഖ്യമന്ത്രിയോട് അടുപ്പമുള്ള കേന്ദ്രങ്ങളില്‍നിന്ന് സരിതയ്ക്ക് ഫോണ്‍വിളികള്‍ വന്നിട്ടുണ്ട്. ഇതുസംബന്ധിച്ച രേഖകള്‍ ചൊവ്വാഴ്ച റിപ്പോര്‍ട്ടര്‍ ചാനല്‍ പുറത്തുവിട്ടു.
മാര്‍ച്ച് 13ന് രാവിലെ 11മുതല്‍ രാത്രി 11വരെ ഡല്‍ഹിയില്‍ സരിത മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു. ഇവരുടെ കേരളത്തിലെ നമ്പര്‍തന്നെയാണ് ഉപയോഗിച്ചത്. അന്ന് സരിത വിളിച്ചതും ഫോണിലേക്ക് വന്നതുമായി 42 കോളുകളാണ് ഉള്ളത്. സരിതയുമായി 2012 ഡിസംബര്‍ 27ന് ഡല്‍ഹി വിജ്ഞാന്‍ഭവനില്‍ മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഡല്‍ഹിയിലെ "പാവം പയ്യന്‍" തോമസ് കുരുവിളയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മുഖ്യപ്രതി ബിജുരാധാകൃഷ്ണനെ ജൂണ്‍ മൂന്നുമുതല്‍ ആറുവരെ ഡല്‍ഹിയില്‍ ലീലാ പാലസ് ഹോട്ടലില്‍ മുറി എടുത്തു കൊടുത്ത് താമസിപ്പിച്ചതും തോമസ് കുരുവിളയാണെന്ന് വ്യക്തമായിരുന്നു. മുഖ്യമന്ത്രി ഡല്‍ഹിയിലുള്ളപ്പോള്‍ ഒന്നിലധികം തവണ സരിത അവിടെ എത്തിയിരുന്നു എന്നാണ് ഇപ്പോള്‍ വ്യക്തമാകുന്നത്.
ശാലുവിനെ രക്ഷിക്കാന്‍ കൊടിക്കുന്നിലിന്റെ നേതൃത്വത്തില്‍ യോഗം
ചങ്ങനാശ്ശേരി: സോളാര്‍ തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ട ശാലുമേനോനെ സംരക്ഷിക്കുന്നതിന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെ നേതൃത്വത്തില്‍ രഹസ്യ യോഗം ചേര്‍ന്നു. എ വിഭാഗം കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റ് പി എസ് അബ്ദുള്‍ ഗഫൂറിന്റെ വീട്ടില്‍ തിങ്കളാഴ്ച വൈകുന്നേരം ആറിനാണ് യോഗം ചേര്‍ന്നത്. ഔദ്യോഗിക എ വിഭാഗത്തിലെ പ്രമുഖര്‍ യോഗത്തില്‍നിന്നും വിട്ടുനിന്നു. ശാലുമേനോനെ കേന്ദ്ര സെന്‍സര്‍ ബോര്‍ഡംഗമാക്കിയത് താനാണെന്ന് പ്രഖ്യാപിച്ചതിനുശേഷം ആദ്യമായാണ് കൊടിക്കുന്നില്‍ സുരേഷ് ചങ്ങനാശ്ശേരിയില്‍ യോഗം ചേര്‍ന്നത്. ഡിസിസി അംഗവും ആപ്പിള്‍ട്രീ ചിട്ടികമ്പനിയുടെ ഉടമസ്ഥനുമായ കെ ജെ ജെയിംസ്, ശാലുവിനൊപ്പം കേന്ദ്ര സെന്‍സര്‍ ബോര്‍ഡംഗവുമായ പി എന്‍ നൗഷാദ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം ചേര്‍ന്നത്. ശാലുമേനോന്റെ വീടിന് നൂറുമീറ്റര്‍ അടുത്താണ് അബ്ദുള്‍ ഗഫൂറിന്റെ വീട്. കെ ജെ ജയിംസിനെ സംരക്ഷിക്കാന്‍ കേന്ദ്രമന്ത്രി തയ്യാറാകാത്തതിനെതിരെ യോഗത്തില്‍ വിമര്‍ശനമുയര്‍ന്നു. ശാലുമേനോനെ ഏത് വിധേനയും സംരക്ഷിക്കേണ്ടത് യുഡിഎഫ് സര്‍ക്കാരിന്റെയും താനുള്‍പ്പെടെയുള്ള രണ്ട് കേന്ദ്രമന്ത്രിമാരുടെയും നിലനില്‍പ്പിന്റെ പ്രശ്നമാണെന്ന് യോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് ആമുഖമായി സംസാരിച്ചെന്ന് യോഗത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാവ് അറിയിച്ചു.
മുഖ്യമന്ത്രി അറിഞ്ഞില്ലെന്നത് വിശ്വസിക്കാനാവില്ല: ഗൗരിയമ്മ
ആലപ്പുഴ: സോളാര്‍ തട്ടിപ്പുകേസിലെ പ്രതികള്‍ പലതവണ ഓഫീസിലേക്ക് വിളിച്ചിട്ടും മുഖ്യമന്ത്രി അറിഞ്ഞില്ലെന്നു പറയുന്നത് വിശ്വസിക്കാനാവില്ലെന്ന് ജെഎസ്എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ ആര്‍ ഗൗരിയമ്മ പറഞ്ഞു. സത്യം പുറത്തുകൊണ്ടുവരാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് തട്ടിപ്പ് അറിഞ്ഞില്ലെന്നു പറഞ്ഞാല്‍ അംഗീകരിക്കില്ല. ഓഫീസിലേക്കും തിരിച്ചും വിളിച്ച ഫോണ്‍കോള്‍ വിവരങ്ങള്‍ സെക്രട്ടറിമാര്‍ മന്ത്രിമാരെ ധരിപ്പിച്ചിട്ടുണ്ടാകും. താനും ഏറെക്കാലം മന്ത്രിയായിട്ടുണ്ട്. ഓഫീസില്‍ നടക്കുന്ന കാര്യങ്ങളുടെ പൂര്‍ണ ഉത്തരവാദിത്വം അതത് മന്ത്രിമാര്‍ക്കാണ്. ഇതില്‍നിന്ന് ആര്‍ക്കും ഒളിച്ചോടാനാകില്ല. മന്ത്രിമാര്‍ ജനങ്ങള്‍ക്കുവേണ്ടി ഒന്നുംചെയ്യുന്നില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
ഡിജിറ്റല്‍ സ്ഥാപന ഉടമ അറസ്റ്റില്‍
പെരുമ്പാവൂര്‍: ടീം സോളാറിനു വേണ്ടി ഗ്രാഫിക്സ് ജോലികള്‍ ചെയ്തിരുന്ന കംപ്യൂട്ടര്‍ സ്ഥാപനത്തിന്റെ ഉടമയെ പൊലീസ് അറസ്റ്റ്ചെയ്തു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക ലെറ്റര്‍പാഡ് കൃത്രിമമായി തയ്യാറാക്കിയെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം. എറണാകുളം നളന്ദ പബ്ലിക് സ്കൂളിനു സമീപം "ഗ്രാഫിക്സ്" എന്ന സ്ഥാപനം നടത്തുന്ന തമ്മനം പള്ളത്തുവീട്ടില്‍ മനീക്കിന്റെ മകന്‍ ഫ്രെനി എന്നു വിളിക്കുന്ന പോളി (46)നെയാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് സ്ഥാപനത്തില്‍നിന്ന് പെരുമ്പാവൂര്‍ ഡിവൈഎസ്പി കെ ഹരികൃഷ്ണന്‍ അറസ്റ്റ്ചെയ്തത്. മുഖ്യമന്ത്രിയുടെ പേരില്‍ നാലു കത്തുകള്‍ തയ്യാറാക്കിയിട്ടുണ്ടെന്ന് ഫ്രെനി സമ്മതിച്ചതായി പൊലീസ് പറയുന്നു. സരിത അറസ്റ്റ്ചെയ്യപ്പെട്ട ദിവസം കംപ്യൂട്ടറില്‍നിന്ന് കത്തിന്റെ മാതൃക ഡിലീറ്റ് ചെയ്യുകയുംചെയ്തു. മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്ന് ലെറ്റര്‍ പാഡ് തരപ്പെടുത്തി ഉള്ളടക്കം മാറ്റി മറ്റൊന്ന് ഉണ്ടാക്കിയെന്നാണ് പൊലീസ് ഭാഷ്യം. കേസ് രജിസ്റ്റര്‍ചെയ്ത തമ്പാനൂര്‍ സ്റ്റേഷനിലേക്ക് ഫ്രെനിയെ കൈമാറി.
deshabhimani
No comments:
Post a Comment