ഇന്നോവ കാറിന്റെ അടര്‍ന്നുവീണ പെയിന്റ് (പെയിന്റ് ഫ്ളേക്ക്) ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സ്ഥലത്തുനിന്ന് ലഭിച്ചതല്ലെന്ന് പ്രതിഭാഗം അഭിഭാഷകര്‍. പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണപിഷാരടി മുമ്പാകെ അന്വേഷണ ഉദ്യോഗസ്ഥനായ കുറ്റ്യാടി സിഐ വി വി ബെന്നിയുടെ ക്രോസ് വിസ്താരത്തിലാണ് പ്രതിഭാഗം ഇക്കാര്യം ഉന്നയിച്ചത്. 2012 മെയ് അഞ്ചിന് വള്ളിക്കാട്ടെ സംഭവസ്ഥലത്തുനിന്ന് സീന്‍മഹസര്‍ തയ്യാറാക്കുന്നതിനിടെയാണ് പെയിന്റിന്റെ ഭാഗം ലഭിച്ചതെന്ന സിഐയുടെ മൊഴി കളവാണെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. അഞ്ചിന് തയ്യാറാക്കിയ സീന്‍മഹസര്‍ രണ്ടുദിവസം വൈകിയാണ് കോടതിയില്‍ സമര്‍പ്പിച്ചത്. മഹസറില്‍ തിരുത്തല്‍ വരുത്താനായിരുന്നു ഇത്. ഇന്നോവ കാര്‍ കണ്ടെടുത്തശേഷം സീന്‍ മഹസര്‍ കൃത്രിമമായി തയ്യാറാക്കി പെയിന്റ് ഫ്ളേക്ക് അതില്‍ ചേര്‍ത്തതാണെന്നും പ്രതിഭാഗം വാദിച്ചു. വടകര ഡിവൈഎസ്പി സീന്‍ മഹസര്‍ തയ്യാറാക്കാന്‍ കൂടെ വന്നില്ലെന്ന് സിഐ പറഞ്ഞു. ഡിവൈഎസ്പി സംഭവസ്ഥലം പരിശോധിച്ചില്ല. അന്വേഷണമേധാവികളായ ഐജി വിന്‍സന്‍ എം പോള്‍, എസ്പി അനൂപ്കുരുവിള ജോണ്‍, ഡിവൈഎസ്പി കെ പി ഷൗക്കത്തലി എന്നിവരോടൊപ്പം സംഭവസ്ഥലത്ത് പോയതായി ഓര്‍മയില്ലെന്ന് സിഐ പറഞ്ഞു.
മാതൃഭൂമി പത്രത്തില്‍ 2012 മെയ് ഏഴിന് പ്രസിദ്ധീകരിച്ച ചിത്രത്തില്‍ ഇവരോടൊപ്പം സിഐ ബെന്നി നില്‍ക്കുന്ന ഫോട്ടോ പ്രതിഭാഗം കാണിച്ചു. അന്വേഷണ മേധാവികള്‍ക്കൊപ്പം ചിത്രത്തില്‍ കാണുന്നതു തന്നെയാണെന്ന് സിഐ മൊഴി നല്‍കി. 2012 മെയ് അഞ്ച് മുതല്‍ 17 വരെ കേസുമായി ബന്ധപ്പെട്ട് ആരെയൊക്കെ ചോദ്യംചെയ്തെന്ന് കൃത്യമായി പറയാനാകില്ല. ആരാണ് കൃത്യം ചെയ്തതെന്ന് കോടതിയില്‍ നല്‍കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ല. അക്രമിസംഘം എന്നു മാത്രമാണ് രേഖപ്പെടുത്തിയത്. കൊല നടന്നശേഷം റോഡ് ബ്ലോക്ക് ചെയ്തിരുന്നോ എന്നുമറിയില്ല. പ്രതിയോടൊപ്പം തെളിവെടുപ്പിനായി മൈസൂരുവിലേക്ക് പോയപ്പോള്‍ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ ആരെല്ലാമാണെന്ന് ഓര്‍മയില്ലെന്നും സിഐ പറഞ്ഞു. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ സി ശ്രീധരന്‍നായര്‍, എം അശോകന്‍, കെ വിശ്വന്‍, വിനോദ്കുമാര്‍ ചമ്പോളന്‍, കെ എം രാംദാസ്, കെ അജിത്കുമാര്‍, എന്‍ ആര്‍ ഷാനവാസ്, പി ശശി, വി വി ശിവദാസന്‍ എന്നിവരും പ്രോസിക്യൂഷനുവേണ്ടി പി കുമാരന്‍കുട്ടിയും ഹാജരായി. വ്യാഴാഴ്ച ഡിവൈഎസ്പി കെ പി ഷൗക്കത്തലിയെ വിസ്തരിക്കും.
deshabhimani
No comments:
Post a Comment