Friday, December 3, 2010

മൊബൈലിലെ ശല്യസന്ദേശത്തിന് അറുതിയാകുന്നു

പരസ്യക്കമ്പനികളുടെ ഫോണ്‍വിളികളില്‍നിന്നും ആവശ്യമില്ലാത്ത സന്ദേശങ്ങളില്‍നിന്നും ഉപയോക്താക്കള്‍ക്ക് രക്ഷപ്പെടാന്‍ വഴിതെളിയുന്നു. ശല്യമായ ഇത്തരം വിളികളും സന്ദേശങ്ങളും ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ ഒരു പരാതി അയച്ചാല്‍മാത്രംമതി. പരമാവധി രണ്ടു മാസത്തിനുള്ളില്‍ പരിഹാരമുണ്ടാകും. പരാതി രേഖപ്പെടുത്തി രണ്ടു മാസത്തിനകം അനാവശ്യമായ ഇത്തരം വിളികളും സന്ദേശങ്ങളും വരുന്നത് അവസാനിക്കുന്നില്ലെങ്കില്‍ ഇവ അയക്കുന്ന പരസ്യകമ്പനികളും ടെലി മാര്‍ക്കറ്റിങ് കമ്പനികളും വന്‍തോതില്‍ പിഴയൊടുക്കേണ്ടിവരും. ഇത്തരം ഫോണ്‍വിളികള്‍ നിയന്ത്രിക്കാനുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) തീരുമാനിച്ചിരിക്കുകയാണ്. 2007 മുതല്‍ നിയമം നിലവിലുണ്ടെങ്കിലും അത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. അണ്‍ സൊളിസിറ്റഡ് കൊമേഴ്സ്യല്‍ കമ്യൂണിക്കേഷന്‍ (യുസിസി) എന്നു വിളിക്കുന്ന അനാവശ്യ പരസ്യവിളികളും സന്ദേശങ്ങളും ഒഴിവാക്കാന്‍ നാഷണല്‍ ഡുനോട്ട് കോള്‍ (എന്‍ഡിഎന്‍സി) രജിസ്ററില്‍ പരാതി നല്‍കാന്‍ സംവിധാനമുണ്ട്. അതനുസരിച്ച് പരാതി അയക്കുന്ന ഉപയോക്താക്കള്‍ വിഡ്ഢികളാകുന്നു. ഒരു നടപടിയും ഇല്ല.

പരസ്യസന്ദേശങ്ങളുടെ കാര്യത്തില്‍ മാത്രമാണ് പിഴ ഈടാക്കുന്നതടക്കമുള്ള കര്‍ശന നിയന്ത്രണങ്ങള്‍ വരുന്നത്. എന്നാല്‍,പരസ്യസന്ദേശങ്ങളേക്കാള്‍ ഉപയോക്താക്കളെ (പ്രത്യേകിച്ച് സ്ത്രീകളെ) ശല്യംചെയ്യുന്ന അശ്ളീലസന്ദേശങ്ങള്‍ ഒഴിവാക്കാന്‍ ഇനിയും കുറ്റമറ്റ പരിഹാരനടപടികളൊന്നും ആവിഷ്കരിച്ചിട്ടില്ല. ലക്ഷക്കണക്കിനു ഡോളര്‍ സമ്മാനം ലഭിച്ചിട്ടുണ്ടെന്ന് അറിയിച്ചുവരുന്ന വ്യാമോഹിപ്പിക്കുന്ന സന്ദേശങ്ങളുടെ ചതിക്കുഴികളില്‍നിന്ന് രക്ഷനേടാനും നിലവില്‍ മാര്‍ഗമൊന്നുമില്ല. ഇത്തരം സന്ദേശങ്ങള്‍ സ്ഥിരമായി ഏതെങ്കിലുമൊരു നമ്പരില്‍നിന്ന് വന്നാല്‍ പ്രസ്തുത നമ്പരില്‍നിന്നുള്ള വിളികളും സന്ദേശങ്ങളും നിരോധിക്കാന്‍ കഴിയും. സേവനദാതാവിന്റെ സഹായമില്ലാതെ ഉപയോക്താക്കള്‍ക്ക് അവരുടെ മെബൈല്‍ ഫോണില്‍നിന്നുതന്നെ ഇത് ചെയ്യാവുന്നതാണ്. പല നമ്പരുകളില്‍നിന്ന് ഇത്തരം സന്ദേശങ്ങള്‍ വന്നാല്‍ പൊലീസിന്റെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകമാത്രമാണ് ഏക പോംവഴി. എന്നാല്‍, ഏതെങ്കിലും മത്സരത്തില്‍ ലക്ഷക്കണക്കിനു ഡോളര്‍ സമ്മാനം ലഭിച്ചെന്നും അത് ലഭിക്കുന്നതിന് ഒരു നമ്പരിലേക്ക് വിളിക്കണമെന്നും അതിന്റെ പ്രാഥമിക ചെലവുകള്‍ക്കായി ഇത്ര രൂപ അയച്ചുകൊടുക്കണമെന്നുമൊക്കെ പറഞ്ഞ് വരുന്ന സന്ദേശങ്ങള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടാലും നടപടിയെടുക്കാന്‍ ബുദ്ധിമുട്ടാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. കാരണം 'നൈജീരിയന്‍ സ്കാംസ്' എന്നറിയപ്പെടുന്ന ഇത്തരം സൈബര്‍ സാമ്പത്തികകുറ്റങ്ങള്‍ മിക്കവാറും വിദേശരാജ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കുന്നവയാണ്. അവ പിന്തുടര്‍ന്ന് കണ്ടെത്താനും കണ്ടെത്തിയാല്‍ത്തന്നെ പ്രതികളെ പിടികൂടാനോ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാനോ ബുദ്ധിമുട്ടാണ്. അതുകൊണ്ട് ഇത്തരം സന്ദേശങ്ങളോട് പ്രതികരിക്കാതിരിക്കുകയാണ് ബുദ്ധി.

പത്രങ്ങള്‍ വായിക്കുന്നതിനും ടെലിവിഷന്‍ കാണുന്നതിനും ചെലവാക്കുന്നതിന്റെ അഞ്ചിരട്ടിയോളം തുക മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് ചെലവഴിക്കുന്ന സാഹചര്യം മുതലെടുത്താണ് പരസ്യകമ്പനികള്‍ പരസ്യസന്ദേശങ്ങള്‍ക്കായി മൊബൈലുകളെ വ്യാപകമായി ഉപയോഗിച്ചുവരുന്നത്. കേരളത്തില്‍ പ്രതിവര്‍ഷം പത്രം വാങ്ങുന്നതിന് 441 കോടി രൂപയും കേബിള്‍ ടിവിക്കായി 500 കോടിയും ചെലവഴിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനായി ചെലവിടുന്നത് 2000 കോടിയാണെന്നാണ് കണക്ക്.
(കെ വി സുധാകരന്‍)

ദേശാഭിമാനി 031210

1 comment:

  1. പരസ്യക്കമ്പനികളുടെ ഫോണ്‍വിളികളില്‍നിന്നും ആവശ്യമില്ലാത്ത സന്ദേശങ്ങളില്‍നിന്നും ഉപയോക്താക്കള്‍ക്ക് രക്ഷപ്പെടാന്‍ വഴിതെളിയുന്നു. ശല്യമായ ഇത്തരം വിളികളും സന്ദേശങ്ങളും ഒഴിവാക്കാന്‍ ഉപയോക്താക്കള്‍ ഒരു പരാതി അയച്ചാല്‍മാത്രംമതി. പരമാവധി രണ്ടു മാസത്തിനുള്ളില്‍ പരിഹാരമുണ്ടാകും. പരാതി രേഖപ്പെടുത്തി രണ്ടു മാസത്തിനകം അനാവശ്യമായ ഇത്തരം വിളികളും സന്ദേശങ്ങളും വരുന്നത് അവസാനിക്കുന്നില്ലെങ്കില്‍ ഇവ അയക്കുന്ന പരസ്യകമ്പനികളും ടെലി മാര്‍ക്കറ്റിങ് കമ്പനികളും വന്‍തോതില്‍ പിഴയൊടുക്കേണ്ടിവരും. ഇത്തരം ഫോണ്‍വിളികള്‍ നിയന്ത്രിക്കാനുള്ള നിയമം കര്‍ശനമായി നടപ്പാക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) തീരുമാനിച്ചിരിക്കുകയാണ്. 2007 മുതല്‍ നിയമം നിലവിലുണ്ടെങ്കിലും അത് കര്‍ശനമായി നടപ്പാക്കിയിരുന്നില്ല. അണ്‍ സൊളിസിറ്റഡ് കൊമേഴ്സ്യല്‍ കമ്യൂണിക്കേഷന്‍ (യുസിസി) എന്നു വിളിക്കുന്ന അനാവശ്യ പരസ്യവിളികളും സന്ദേശങ്ങളും ഒഴിവാക്കാന്‍ നാഷണല്‍ ഡുനോട്ട് കോള്‍ (എന്‍ഡിഎന്‍സി) രജിസ്ററില്‍ പരാതി നല്‍കാന്‍ സംവിധാനമുണ്ട്. അതനുസരിച്ച് പരാതി അയക്കുന്ന ഉപയോക്താക്കള്‍ വിഡ്ഢികളാകുന്നു. ഒരു നടപടിയും ഇല്ല.

    ReplyDelete