Friday, December 3, 2010

പ്രധാനമന്ത്രി നിരപരാധിയാവുന്നില്ല

2-ജി സ്‌പെക്ട്രം ഇടപാടിനെ സംബന്ധിച്ചുള്ള വാദത്തിനിടെ സുപ്രിംകോടതി നടത്തുന്ന ഓരോ പരാമര്‍ശവും കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതും പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതുമാണ്. സ്‌പെക്ട്രം ഇടപാടു സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പരിശോധിക്കുന്ന വേളയിലും വിവാദ ടേപ്പുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന സന്ദര്‍ഭത്തിലും സുപ്രിംകോടതി നടത്തിയ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും അതീവഗൗരവമുള്ളതാണ്. പ്രധാനമന്ത്രിയെ മറികടന്ന് തീരുമാനങ്ങള്‍ കൈക്കൊണ്ടത് ശരിയായില്ലെന്ന സുപ്രിം കോടതിയുടെ വിമര്‍ശനം മന്ത്രിസഭാതലവന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി എത്രമേല്‍ ദുര്‍ബലനായിരുന്നുവെന്ന് ഭംഗ്യന്തരേണ ചൂണ്ടിക്കാട്ടുന്നതാണ്. എതിര്‍പ്പു പ്രകടിപ്പിച്ച, സാവകാശം തേടിയ പ്രധാനമന്ത്രിയെ വകവയ്ക്കാതെ ടെലികോം മന്ത്രാലയം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് സുപ്രിംകോടതിയുടെ നിഗമനം. ഈ നിഗമനം ശരിയാണെങ്കില്‍ ഒരു കൂട്ടുകക്ഷി മന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍ മന്‍മോഹന്‍സിംഗ് എത്രമാത്രം പരാജയമായിരുന്നുവെന്നു വേണം മനസ്സിലാക്കേണ്ടത്.

സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കുംഭകോണമാണ് ഒന്നേമുക്കാല്‍ ലക്ഷം കോടി രൂപയുടെ സ്‌പെക്ട്രം ഇടപാട്. 'കാണുന്നതിനും ഏറെ അപ്പുറമാണ് യാഥാര്‍ഥ്യമെന്ന് സുപ്രിംകോടതി തന്നെ നിരീക്ഷിച്ചിട്ടുണ്ട്. പ്രധാനമന്ത്രി എതിര്‍പ്പു പ്രകടിപ്പിക്കുകയും സാവകാശം തേടുകയും ചെയ്തിരുന്നൂവെങ്കില്‍ അതിന്റെ അര്‍ഥം ഈ ഭീമമായ അഴിമതി അദ്ദേഹം തിരിച്ചറിഞ്ഞിരുന്നുവെന്നാണ്. എന്നിട്ടും തന്നെ മറികടന്ന് വന്‍കുംഭകോണത്തിന് ടെലികോം മന്ത്രാലയം തുനിഞ്ഞപ്പോള്‍ തന്റെ ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ പ്രധാനമന്ത്രി ബാധ്യസ്ഥനായിരുന്നൂ. അതില്‍ അദ്ദേഹം തീര്‍ത്തും പരാജയപ്പെട്ടെന്ന് വ്യക്തമായിരിക്കുന്നു.

സ്‌പെക്ട്രം അഴിമതി ഇടപാട് പുറത്തുവന്നിട്ടും കുറ്റകരമായ മൗനം പാലിക്കുകയും എ രാജയ്ക്കുനേരെയുള്ള പ്രോസിക്യൂഷന്‍ നടപടികളില്‍ തീരുമാനമെടുക്കാതിരിക്കുകയും ചെയ്ത പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്, അഴിമതി വെളിച്ചത്തുവന്നിട്ടും രാജയെ തന്റെ മന്ത്രിസഭയില്‍ വീണ്ടും ഉള്‍പ്പെടുത്തിയതിലൂടെ അഴിമതിക്കെതിരായി തനിക്ക് ഉറച്ച നിലപാടില്ലെന്ന് കൂടി തെളിയിച്ചു. മാധ്യമ ഇടനിലക്കാരുടെയും കോര്‍പ്പറേറ്റുകളുടേയും പ്രലോഭനങ്ങള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വശംവദരായാണ് രാജയെ മന്ത്രിയാക്കിയതും ഇച്ഛിച്ച വകുപ്പുതന്നെ നല്‍കിയതുമെന്ന് പുറത്തുവന്ന ടെലിഫോണ്‍ സംഭാഷണങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. വന്‍കിട കുത്തക മുതലാളിമാരും ആരാരൊക്കെ മന്ത്രിമാരാകണമെന്നും വകുപ്പുകളേതെന്നും നിശ്ചയിക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചുവെന്നും തെളിയിക്കപ്പെട്ടിരിക്കുന്നു. അഴിമതിയെ ചെറുക്കുക എന്നതിനേക്കാള്‍ കുത്തക മുതലാളിമാരുടെ താല്‍പര്യം സംരക്ഷിക്കുന്നതിലാണ് മന്‍മോഹന്‍സിംഗും കോണ്‍ഗ്രസും ശ്രദ്ധ ചെലുത്തിയത്.

സ്‌പെക്ട്രം ഇടപാടിനെക്കുറിച്ച് എല്ലാക്കാര്യവും പ്രധാനമന്ത്രിയോട് ആലോചിച്ചിരുന്നുവെന്നാണ് എ രാജ പലയാവര്‍ത്തി അവകാശപ്പെട്ടത്. ഇപ്പോഴും അദ്ദേഹത്തിന്റെ അഭിഭാഷകന്‍ അന്ത്യാര്‍ജുന ഈ വാദം കോടതിയില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. എല്ലാം പ്രധാനമന്ത്രിയുടെ അറിവോടെ എന്ന രാജയുടെ വാദത്തെ ഖണ്ഡിക്കുവാന്‍ സര്‍ക്കാര്‍ വിഭാഗം അഭിഭാഷകര്‍ ഇതുവരെ മുന്നോട്ടുവന്നിട്ടുമില്ല.

മാത്രമല്ല, പ്രധാനമന്ത്രിക്കുവേണ്ടി അറ്റോര്‍ണി ജനറല്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലം പരോക്ഷമായെങ്കിലും രാജയുടെ വാദത്തെ ശരിവയ്ക്കുന്നുമുണ്ട്. 2008 ജൂണില്‍ സി പി ഐ പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് ഗുരുദാസ് ദാസ് ഗുപ്ത സ്‌പെക്ട്രം ഇടപാടില്‍ ഖജനാവിന് വന്‍ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിയ്ക്ക് നല്‍കിയ കത്തും 2008 നവംബറില്‍ സി പി ഐ ഡപ്യൂട്ടി ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഢി പ്രധാനമന്ത്രിയ്ക്കു നല്‍കിയ കത്തും അറ്റോര്‍ണി ജനറലിന്റെ സത്യവാങ്മൂലത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

ഇതില്‍ നിന്ന് ഇടപാടുകളിലെ അഴിമതികളെക്കുറിച്ച് പ്രധാനമന്ത്രിയ്ക്കു നേരത്തേതന്നെ അറിയാമായിരുന്നുവെന്ന് വ്യക്തമാണ്. പ്രധാനമന്ത്രി നിസ്സംഗത പാലിച്ചുവെന്ന് സുപ്രിം കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് സര്‍ക്കാരിന് കൂട്ടുത്തരവാദിത്വമില്ലേയെന്നും സ്വകാര്യ കമ്പനിയെപോലെ പ്രവര്‍ത്തിക്കേണ്ട ഒന്നല്ല സര്‍ക്കാരെന്നും സുപ്രിം കോടതി രൂക്ഷമായ ഭാഷയില്‍ പറഞ്ഞത്. ഇതെല്ലാം പ്രധാനമന്ത്രിയ്ക്കു നേരെയുള്ള കുന്തമുനകളാണ് എന്നുള്ളതാണ് വാസ്തവം. സര്‍ക്കാരിന്റെ നടപടികള്‍ ന്യായയുക്തവും പൊതു താല്‍പര്യവും മുന്‍നിര്‍ത്തിയുമാകണം എന്ന് ചൂണ്ടിക്കാട്ടിയ സുപ്രിം കോടതി ഒരു സര്‍ക്കാര്‍ വകുപ്പ് ഇങ്ങനെയാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് താങ്കള്‍ കരുതുന്നുണ്ടോ എന്ന് സോളിസിറ്റര്‍ ജനറലിനോട് ചോദിക്കുക കൂടി ചെയ്യുമ്പോള്‍ സര്‍ക്കാര്‍ പരിപൂര്‍ണമായി പ്രതിക്കൂട്ടിലാവുകയായിരുന്നൂ.

രാജ്യത്തെയാകെ ഞെട്ടിപ്പിച്ച ഈ കുംഭകോണത്തില്‍ നിന്ന് പ്രധാനമന്ത്രിയ്‌ക്കോ കോണ്‍ഗ്രസ് പാര്‍ട്ടിക്കോ ഒഴിഞ്ഞു നില്‍ക്കാനാവില്ല. ജെ പി സി അന്വേഷണത്തെക്കുറിച്ച് പ്രധാനമന്ത്രി മൗനം പാലിക്കുന്നതും കോണ്‍ഗ്രസ് മുഖം തിരിഞ്ഞുനില്‍ക്കുന്നതും അവരുടെ ഭയം വിളിച്ചറിയിക്കുന്നുണ്ട്. ടെലികോം രംഗത്തെ കുത്തകകള്‍ക്കു വേണ്ടി തങ്ങള്‍ നടത്തിയ മറിമായങ്ങള്‍ പുറത്തുവരുമെന്ന് പ്രധാനമന്ത്രിയും കോണ്‍ഗ്രസും ഭയപ്പെടുന്നുവെന്നതാണ് വാസ്തവം.

ജനയുഗം മുഖപ്രസംഗം 031210

2 comments:

  1. 2-ജി സ്‌പെക്ട്രം ഇടപാടിനെ സംബന്ധിച്ചുള്ള വാദത്തിനിടെ സുപ്രിംകോടതി നടത്തുന്ന ഓരോ പരാമര്‍ശവും കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നതും പ്രധാനമന്ത്രിയെ പ്രതിരോധത്തിലാക്കുന്നതുമാണ്. സ്‌പെക്ട്രം ഇടപാടു സംബന്ധിച്ച കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പരിശോധിക്കുന്ന വേളയിലും വിവാദ ടേപ്പുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന സന്ദര്‍ഭത്തിലും സുപ്രിംകോടതി നടത്തിയ പരാമര്‍ശങ്ങളും വിമര്‍ശനങ്ങളും അതീവഗൗരവമുള്ളതാണ്. പ്രധാനമന്ത്രിയെ മറികടന്ന് തീരുമാനങ്ങള്‍ കൈക്കൊണ്ടത് ശരിയായില്ലെന്ന സുപ്രിം കോടതിയുടെ വിമര്‍ശനം മന്ത്രിസഭാതലവന്‍ എന്ന നിലയില്‍ പ്രധാനമന്ത്രി എത്രമേല്‍ ദുര്‍ബലനായിരുന്നുവെന്ന് ഭംഗ്യന്തരേണ ചൂണ്ടിക്കാട്ടുന്നതാണ്. എതിര്‍പ്പു പ്രകടിപ്പിച്ച, സാവകാശം തേടിയ പ്രധാനമന്ത്രിയെ വകവയ്ക്കാതെ ടെലികോം മന്ത്രാലയം പ്രവര്‍ത്തിക്കുകയായിരുന്നുവെന്നാണ് സുപ്രിംകോടതിയുടെ നിഗമനം. ഈ നിഗമനം ശരിയാണെങ്കില്‍ ഒരു കൂട്ടുകക്ഷി മന്ത്രിസഭയുടെ തലവന്‍ എന്ന നിലയില്‍ മന്‍മോഹന്‍സിംഗ് എത്രമാത്രം പരാജയമായിരുന്നുവെന്നു വേണം മനസ്സിലാക്കേണ്ടത്.

    ReplyDelete
  2. സ്പെക്ട്രം അഴിമതി വിഷയത്തില്‍ ഏതുതലത്തിലുള്ള അന്വേഷണമാണ് വേണ്ടതെന്ന കാര്യത്തില്‍ ബിജെപിയില്‍ ഭിന്നസ്വരം. എന്‍ഡിഎ ചെയര്‍മാന്‍ എല്‍ കെ അദ്വാനിയടക്കമുള്ളവര്‍ ജെപിസി അന്വേഷണം വേണമെന്ന് ആവശ്യപ്പെടുമ്പോള്‍ പബ്ളിക് അക്കൌണ്ട് സ് കമ്മിറ്റി (പിഎസി) അന്വേഷിച്ചാല്‍ മതിയാകുമെന്ന് മുതിര്‍ന്ന ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി അഭിപ്രായപ്പെട്ടു. സ്പെക്ട്രം അഴിമതി അന്വേഷിക്കുന്നതില്‍ ജെപിസിയേക്കാള്‍ ഉചിതമാവുക പിഎസിയായിരിക്കുമെന്ന് സമിതി അധ്യക്ഷന്‍കൂടിയായ ജോഷി പറഞ്ഞു. ജെപിസിയാകുമ്പോള്‍ പരിഗണനാവിഷയങ്ങള്‍ സര്‍ക്കാരാണ് നിശ്ചയിക്കുന്നത്. സമിതി തലവന്‍ ഏതുപാര്‍ടിയുടെ ആളുമാകാം. എന്നാല്‍, പിഎസിയുടെ അധ്യക്ഷന്‍ എപ്പോഴും പ്രതിപക്ഷത്തുനിന്നായിരിക്കും. വിഷയത്തിന്റെ എല്ലാ വശങ്ങളും പരിശോധിക്കാനുമാകും- ഡല്‍ഹിയില്‍ ഒരു സെമിനാറില്‍ ജോഷി പറഞ്ഞു. ജെപിസിക്കെതിരെ ജോഷി നടത്തിയ പരാമര്‍ശങ്ങള്‍ നാണക്കേടായതോടെ ബിജെപിയുടെ ഔദ്യോഗിക വിശദീകരണവുമായി എല്‍ കെ അദ്വാനിതന്നെ രംഗത്തെത്തി. വ്യാഴാഴ്ച പതിവില്ലാതെ പാര്‍ലമെന്റില്‍ വാര്‍ത്താസമ്മേളനം നടത്തിയ അദ്വാനി ബിജെപി ജെപിസി അന്വേഷണമെന്ന ആവശ്യത്തില്‍ത്തന്നെ ഉറച്ചുനില്‍ക്കുകയാണെന്ന് അറിയിച്ചു. ജോഷിയുടെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നും അദ്വാനി പറഞ്ഞു. ജെപിസി അന്വേഷണമെന്ന ആവശ്യത്തില്‍നിന്ന് പ്രതിപക്ഷം പിന്നോട്ടുപോകില്ല. ജെപിസി എന്തുകൊണ്ട് വേണ്ടെന്ന് പ്രതിപക്ഷത്തെ ഒരു കക്ഷിയെപ്പോലും ബോധ്യപ്പെടുത്താന്‍ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. സിബിഐ സര്‍ക്കാരിന്റെ വാലായാണ് പ്രവര്‍ത്തിക്കുന്നത്്. സ്വന്തം അജന്‍ഡ നടപ്പാക്കാന്‍ സര്‍ക്കാര്‍ സിബിഐയെ ഉപയോഗിക്കുകയാണ്. എതിര്‍പാര്‍ടികളിലെ നേതാക്കളെ തേജോവധം ചെയ്യുകയെന്ന കടമയാണ് സര്‍ക്കാരിനുവേണ്ടി സിബിഐ ഇപ്പോള്‍ ചെയ്യുന്നതെന്നും- അദ്വാനി പറഞ്ഞു(deshabhimani 031210)

    ReplyDelete