Friday, December 3, 2010

ലോകവികലാംഗ ദിനത്തില്‍ ഓര്‍മിക്കേണ്ട വസ്തുതകള്‍

ഇന്ന് ലോക വികലാംഗദിനം. കഴിഞ്ഞ 18 വര്‍ഷമായി വികലാംഗക്ഷേമത്തിനും ഉന്നമനത്തിനുമായി ലോക വികലാംഗദിനം നാം ആചരിക്കുന്നു. നമുക്കുചുറ്റും അവഗണനയ്ക്കുപാത്രമായി ദുരിതങ്ങളും പേറി ഒറ്റപ്പെട്ടു കഴിയേണ്ടിവരുന്ന ഇവര്‍ക്കുവേണ്ടത് സഹതാപമോ ഔദാര്യമോ അല്ല, പകരം മറ്റുള്ളവരെപ്പോലെ തന്നെ ജീവിക്കുവാനുള്ള സാഹചര്യമാണ്. അത് ഒരുക്കേണ്ടത് ഒരു വൈകല്യവുമില്ലാത്തവരുടെ ധര്‍മ്മമാണ്.

വികലാംഗര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ അര്‍ഹരായവര്‍ക്ക് ലഭിക്കാതെ പോകുന്ന ഒരു അവസ്ഥയായിരുന്നു മുമ്പ് കേരളത്തില്‍ ഉണ്ടായിരുന്നത്. ഇതിന് അറുതിവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് എല്ലാ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ഈ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്തതുമൂലം വികലാംഗര്‍ പലതരത്തിലുള്ള പ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. 2001 ലെ സെന്‍സസ് അനുസരിച്ച് കേരളത്തില്‍ 8,60,574 വികലാംഗര്‍ ഉണ്ട്. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ഇത് വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ വെറും 1.5 ലക്ഷം പേര്‍ക്ക് മാത്രമേ ഐഡന്റിറ്റി കാര്‍ഡ് ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇന്ന് സ്ഥിതി അതല്ല. കേരള സാമൂഹ്യസുരക്ഷാ മിഷന്‍ മുഖേന തുടര്‍ പരിപാടികള്‍ സംഘടിപ്പിച്ച് സംസ്ഥാനത്തെ അര്‍ഹരായ മുഴുവന്‍ വികലാംഗര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനായി എന്നത് അഭിമാനാര്‍ഹമായ നേട്ടമാണ്. വികലാംഗര്‍ക്ക് ജോലി സംവരണം ലഭിക്കുന്നതിനുള്ള രേഖ മാത്രമല്ല ഈ തിരിച്ചറിയല്‍ കാര്‍ഡ്. ഇനിമുതല്‍, ഇത് കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍, സംസ്ഥാന സര്‍ക്കാരിന്റെ പൊതുമേഖലാ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനുള്ള പൊതു ആധികാരിക രേഖയായി ഉപയോഗിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവായിട്ടുണ്ട്. വികലാംഗരുടെ അവകാശങ്ങളും ആനുകൂല്യങ്ങളും നേടുവാന്‍ ഈ കാര്‍ഡ് പൂര്‍ണമായും പ്രയോജനപ്പെടുത്തണമെന്നതാണ് എല്ലാ വികലാംഗര്‍ക്കും ഈ ദിനത്തില്‍ നല്‍കുവാനുള്ള പ്രധാന സന്ദേശം.

1995 ലെ വികലാംഗ സംരക്ഷണ നിയമത്തിലെ 33-ാം വകുപ്പ് പ്രകാരം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളും മൂന്ന് ശതമാനത്തില്‍ കുറയാത്ത തസ്തികകള്‍ വികലാംഗര്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു ശതമാനം തസ്തികകള്‍ അന്ധര്‍ക്കും ഒരു ശതമാനം ബധിരര്‍ക്കും ഒരു ശതമാനം ചലനവൈകല്യമുള്ളവര്‍ക്കും വേണ്ടിയുള്ളതാണ്. എന്നാല്‍ പല തസ്തികകളിലും വികലാംഗര്‍ക്ക് ആനുകൂല്യം ലഭിച്ചിരുന്നില്ല. വികലാംഗരെ നിയമിക്കുന്നതിനായി സര്‍ക്കാര്‍ മൂന്ന് ശതമാനം തസ്തികകള്‍ നീക്കിവെച്ചിരുന്നെങ്കിലും 1998 മുതല്‍ 2003 വരെ സംസ്ഥാനത്ത് 1045 തസ്തികകള്‍ ഒഴിവുണ്ടായിരുന്നു. മൂന്ന് ശതമാനം തസ്തികകളില്‍ ഒരു ശതമാനം തസ്തിക അന്ധര്‍ക്ക് വേണ്ടി നീക്കിവെച്ചതായാണെങ്കിലും അന്ധര്‍ക്ക് നിയമനം നല്‍കുന്നതിന് നിയമനാധികാരികള്‍ വിസമ്മതിക്കുന്നതുമൂലം ഈ വിഭാഗത്തില്‍പ്പെട്ടവര്‍ അങ്ങേയറ്റം അവഗണന അനുഭവിച്ചിരുന്നു. ഇതുസംബന്ധിച്ച് നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടും ഗവണ്‍മെന്റിന് നല്‍കിയ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയിരുന്നില്ല. ഇടതുപക്ഷ ജനാധിപത്യമുന്നണി ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഒരു വിദഗ്ധസമിതി രൂപീകരിക്കുകയും ഈ സമിതിയുടെ ശുപാര്‍ശ പ്രകാരം വികലാംഗര്‍ക്ക് അനുയോജ്യമായ കൂടുതല്‍  തസ്തികകള്‍ കണ്ടെത്തുകയും ചെയ്തു. ക്ലാസ് 1, 2 തസ്തികകളില്‍ 28 എണ്ണവും ക്ലാസ് 3, 4 തസ്തികകളില്‍ 204 എണ്ണവും അധിക തസ്തികകള്‍ വികലാംഗ സംവരണത്തിനുള്ള പട്ടികയില്‍ ഉള്‍പ്പെടുത്തിയത് എല്‍ ഡി എഫ് സര്‍ക്കാരാണ്. മാത്രമല്ല സഹകരണ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍, മറ്റ് സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലും മൂന്ന് ശതമാനം സീറ്റുകള്‍ വികലാംഗര്‍ക്ക് സംവരണം ചെയ്തു കൊണ്ട് ഉത്തരവായി. ഇന്ന് വികലാംഗ നിയമനങ്ങളെല്ലാം പി എസ് സി മുഖേന സുതാര്യമായാണ് നടക്കുന്നത് എന്നത് അഭിമാനകരമായ നേട്ടമാണ്. മുന്‍പ് ജില്ലാ കലക്ടര്‍ മുഖാന്തരം നടത്തിയിരുന്ന ഇത്തരം നിയമനങ്ങള്‍ക്ക് കാലതാമസം നേരിട്ടിരുന്നു. ഇതുമൂലമുണ്ടായ 551 ബാക്ക് ലോഗ് ഒഴിവുകള്‍, എംപ്ലോയ്‌െമന്റ് എക്‌സ്‌ചേഞ്ച് മുഖാന്തരം ജോലിചെയ്തിരുന്ന 604 പേര്‍ക്ക് സ്ഥിരനിയമനം നല്‍കിക്കൊണ്ട് നികത്തുവാന്‍ തീരുമാനമെടുത്തു നടപ്പിലാക്കി. 2008 മുതല്‍ 2010 ജൂണ്‍വരെയുള്ള കാലയളവില്‍ 565 വികലാംഗര്‍ക്കാണ് പി എസ് സി മുഖാന്തരം ജോലി ലഭിച്ചത്. ഇതുകൂടാതെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും 10 വര്‍ഷം കാലാവധി പൂര്‍ത്തിയാക്കിയ താല്‍ക്കാലിക വികലാംഗ ജീവനക്കാരെ സ്ഥിരപ്പെടുത്തുവാനുള്ള നടപടികള്‍ പുരോഗമിച്ചുവരികയാണ്.

വികലാംഗക്ഷേമ കോര്‍പ്പറേഷന്റെ പ്രവര്‍ത്തനം ഊര്‍ജിതമാക്കിക്കൊണ്ട് സംസ്ഥാനത്ത് 14 ജില്ലകളിലും പ്രത്യേക ക്യാമ്പുകള്‍ സംഘടിപ്പിച്ച് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്തു. വികലാംഗ പെന്‍ഷന്‍ 300 രൂപയായി വര്‍ധിപ്പിച്ചു. പെന്‍ഷന്‍ ലഭിക്കുന്നതിനുള്ള വരുമാനപരിധി 6000 രൂപയില്‍ നിന്ന് ഗ്രാമപ്രദേശങ്ങളില്‍ ഉള്ളവര്‍ക്ക് 20,000 രൂപയും നഗരപ്രദേശങ്ങളിലുള്ളവര്‍ക്ക് 22,375 രൂപയുമായി ഉയര്‍ത്തി. ഇതുവഴി അര്‍ഹരായ നിരവധി വികലാംഗര്‍ക്ക് പെന്‍ഷന്‍ ലഭിച്ചു. കൂടാതെ മാനസികവും ശാരീരികവുമായ വൈകല്യമുള്ള കുട്ടികള്‍ക്കുവേണ്ടിയുള്ള സ്‌കൂളുകള്‍ക്കായി 10 കോടി രൂപ അനുവദിച്ചു.

ശാരീരികവും മാനസികവുമായ വൈകല്യങ്ങള്‍ മൂലം ശയ്യാവലംബരായ ഒരു വിഭാഗംപേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. ഇവരെ പരിചരിക്കുന്നവര്‍ക്ക് മറ്റ് തൊഴില്‍ ചെയ്യാന്‍ പറ്റാത്തതിനാല്‍ കുടുംബം പൂര്‍ണമായും ദുരിതത്തിലാകുന്നു. ഇവരെ സഹായിക്കുന്നതിന് 'ആശ്വാസ കിരണം' പദ്ധതിക്ക് തുടക്കം കുറിച്ചു. രോഗിക്കുലഭിക്കുന്ന പെന്‍ഷനുപുറമെ ഇവരെ പരിചരിക്കുന്നവര്‍ക്ക് പ്രതിമാസം 300 രൂപാ പെന്‍ഷനും നല്‍കുന്നതാണ് ഈ പദ്ധതി. എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുന്നു.

വികലാംഗര്‍ അവഗണിക്കപ്പെടാന്‍ പാടില്ല, മറിച്ച് ഗവണ്‍മെന്റിന്റെയും സമൂഹത്തിന്റെയും പ്രത്യേക പരിഗണനയ്ക്ക് അവര്‍ അര്‍ഹരാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ നാലരവര്‍ഷക്കാലവും സാമൂഹ്യക്ഷേമ വകുപ്പ് പ്രവര്‍ത്തിച്ചത്. വിധി തളര്‍ത്തിയവര്‍ക്ക് സമൂഹത്തിന്റെ പിന്തുണ ലഭ്യമാക്കി അവരെ ശാക്തീകരിക്കുവാന്‍ സാമൂഹ്യക്ഷേമ വകുപ്പ് അക്ഷീണ പ്രയത്‌നം നടത്തിയിട്ടുണ്ട്. സാമൂഹ്യമുഖ്യധാരയില്‍ നിന്നും പിന്തള്ളപ്പെട്ടവര്‍ക്ക് പ്രതീക്ഷയുടെ വാതായനങ്ങള്‍ തുറന്നു നല്‍കി, അവശതകളെ അതിജീവിക്കുവാനുളള കരുത്ത് പകരാന്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി ഗവണ്‍മെന്റ്‌ കൈക്കൊണ്ട നടപടികള്‍ കണ്ടില്ലെന്നു നടിക്കുവാന്‍ ആര്‍ക്കും കഴിയില്ല.

പി കെ ശ്രീമതി ജനയുഗം/ദേശാഭിമാനി 031210

1 comment:

  1. ഇന്ന് ലോക വികലാംഗദിനം. കഴിഞ്ഞ 18 വര്‍ഷമായി വികലാംഗക്ഷേമത്തിനും ഉന്നമനത്തിനുമായി ലോക വികലാംഗദിനം നാം ആചരിക്കുന്നു. നമുക്കുചുറ്റും അവഗണനയ്ക്കുപാത്രമായി ദുരിതങ്ങളും പേറി ഒറ്റപ്പെട്ടു കഴിയേണ്ടിവരുന്ന ഇവര്‍ക്കുവേണ്ടത് സഹതാപമോ ഔദാര്യമോ അല്ല, പകരം മറ്റുള്ളവരെപ്പോലെ തന്നെ ജീവിക്കുവാനുള്ള സാഹചര്യമാണ്. അത് ഒരുക്കേണ്ടത് ഒരു വൈകല്യവുമില്ലാത്തവരുടെ ധര്‍മ്മമാണ്.

    ReplyDelete