Wednesday, December 8, 2010

വിമോചനസമരകാലത്തെ ‘ചില സ്പിരിറ്റുകള്‍’

..സ്കൂളുകള്‍ പൂട്ടിയിടുമെന്നഹങ്കരിക്കുന്ന സ്വകാര്യ സ്കൂള്‍ മാനേജര്‍മാരെ പൊതുവെയും സമുദായ സംഘടനാ നേതൃത്വങ്ങളെ പ്രത്യേകിച്ചും കമ്യൂണിസ്റ്റു പാര്‍ട്ടി സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായര്‍ ചില, വളരെ പഴയതല്ലാത്ത കാര്യങ്ങള്‍ ഓര്‍മപ്പെടുത്തി.

ഈ രാജ്യത്ത് കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇതിന്റെയെല്ലാം പിന്നില്‍ ത്യാഗത്തിന്റേതായ ചരിത്രമുണ്ട്. ഇന്നു മാനേജര്‍മാരാണെന്നു പറഞ്ഞു നടക്കുന്നവരുടെയല്ല. പിന്നെയോ? ഇന്നാട്ടിലെ സാധാരണക്കാരന്റെ. ആ കാര്യം വിസ്മരിച്ചുകൊണ്ടാണ് സ്കൂള്‍ പൂട്ടുമെന്ന് പറയുന്നത്. സ്കൂളിന്റെ ഭിത്തിയിലെ ഓരോ കല്ലിനും ഓരോ ചരിത്രമുണ്ട്. നാട്ടുകാരുടെ സംഭാവനയുടെ ചരിത്രം. കമ്യൂണിസ്റ്റു പാര്‍ട്ടി താലൂക്ക് സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മന്നത്തിന്റെ തട്ടകമായ ചങ്ങനാശ്ശേരിയിലത്തിയാണ് എം.എന്‍ ഈ ഓര്‍മപ്പെടുത്തല്‍ നടത്തിയത്.

എന്നാല്‍ ഇതൊന്നും കേട്ട് കുലുങ്ങുന്നയാളല്ല മന്നം. ഏപ്രില്‍ ഒന്‍പതിന് മുന്‍പ്രസ്താവന മന്നം കുറച്ചുകൂടി വിശദമായി പുതുക്കി. സംസ്ഥാ‍നത്തെ 7000ല്പരം സ്വകാര്യ വിദ്യാലയങ്ങള്‍ മധ്യവേനലവധി കഴിഞ്ഞ് തുറക്കുന്നതല്ലെന്ന് സ്കൂള്‍ മാനേജര്‍മാരുടെ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ മന്നം ഔപചാരികമായി പ്രഖ്യാപിച്ചു. കേശവദാസപുരത്ത് എന്‍.എസ്.എസ് ഓഫീസില്‍ വെച്ചായിരുന്നു ഈ പ്രഖ്യാപനം. ബില്ലിനെ ആദ്യം അനുകൂലിച്ചത് വായിച്ചുനോക്കാതെയാണെന്നും മന്നം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രഖ്യാപനം കഴിഞ്ഞ് ഒരു ദിവസമാവുമ്പോഴേക്കും സമനില തെറ്റിയ നിലയിലാണ് മന്നത്തെ നമുക്ക് കാണാന്‍ കഴിയുക. കോന്നിയില്‍ പത്തനം തിട്ട താലൂക്കിലെ 99 കരയോഗങ്ങളുടെ മഹാസമ്മേളനമായിരുന്നു രംഗം. വിദ്യാഭ്യാസബില്ലിനെ അനുകൂലിക്കുന്ന കേരള കൌമുദിയോടും എഡിറ്റര്‍ സുകുമാരനോടും അതുവഴി എസ്.എന്‍.ഡി.പി യോഗത്തോടും ഈഴവരോടുമായിരുന്നു ക്ഷോഭം മുഴുവന്‍. വാമൊഴി ഇങ്ങനെ.

“വല്ലതും തന്നേക്കാമെന്നു പറഞ്ഞാല്‍ പിന്മാറുന്നവനല്ല നായര്‍. നായരുടെ പണം കൊണ്ട് നായരുണ്ടാക്കിയ പള്ളിക്കൂടം അടച്ചിട്ടാല്‍ ഈഴവന്‍ തുറപ്പിക്കുമെന്നു പറയുന്നതിന്റെ അര്‍ത്ഥം മനസ്സിലാകുന്നില്ല.”

അവിടെയും നിര്‍ത്തിയില്ല മന്നം.

“പൊതുനിരത്തില്‍ നടക്കാനും അമ്പലത്തില്‍ കയറിതൊഴാനും അനുവദിച്ച അപരാധം തിരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. നായര്‍ ത്യാഗപൂര്‍വകമായ സേവനം നടത്തിയതുകൊണ്ട് ഈഴവനും നായര്‍ക്കു സമനായി എന്നു മനസ്സിലാക്കണം.”

ഏപ്രില്‍ 12 തിരുവനന്തപുരം പത്രസമ്മേളനം


“നായര്‍ക്കു നഷ്ടപ്പെടാന്‍ യതൊന്നുമില്ല. നേടാനാണെങ്കില്‍ പലതുമുണ്ട്. നായരെ തെങ്ങുകയറ്റാനും കള്ളുചെത്താനും പരിശീലിപ്പിക്കണം.”

ഏപ്രില്‍ 15 - കൊല്ലം താലൂക്ക് എന്‍.എസ്.എസ് യൂണിയന്റെ വക മന്നത്തിനു സ്വീകരണം പറവൂരില്‍

“ നായര്‍ മരിച്ചിട്ടില്ല. കമ്യൂണിസ്റ്റുകാരും അവരുടെ ചെപ്പില്‍ കഴിയുന്ന നേതാക്കന്മാരും നായര്‍ ചത്തുപോയെന്ന് വിചാരിക്കുകയാണ്. നായര്‍ മരിക്കുകയില്ല. മറ്റുള്ളവര്‍ മരിച്ചാലും നായര്‍ മരിക്കുകയില്ല.”

ഏപ്രില്‍ 16 - ചെങ്ങന്നൂര്‍, നായര്‍ മഹാസമ്മേളനം


“നിയമനിഷേധമാണ് നായരുടെ അടുത്ത നടപടി. ഈ മന്ത്രിമാര്‍ ചൊല്‍പ്പടിക്ക് വന്നില്ലെങ്കില്‍ അവര്‍ തെക്കോട്ട് കന്യാകുമാരി കടക്കും. അല്ലെങ്കില്‍ ആലപ്പുഴക്ക് പടിഞ്ഞാറ്.”

ഏപ്രില്‍ 22 - ചേര്‍ത്തല സമ്മേളനം

“പൂട്ടിയിടുന്ന സ്കൂള്‍ തുറപ്പിക്കാന്‍ മറ്റൊരു ശക്തിക്കും സാധ്യമല്ല. ഈ കമ്യൂണിസ്റ്റ് ഭരണമവസാനിപ്പിക്കാതെ ഒരൊറ്റ നായര്‍ സ്ത്രീയും പുരുഷനും കിടന്നുറങ്ങുകയില്ല.”

ഏപ്രില്‍ 26 - പഴവങ്ങാടി

പലതുകൊണ്ടും പ്രസിദ്ധമായിരുന്നു പഴവങ്ങാടി പ്രസംഗം. മുണ്ടശ്ശേരിയുടെ തലയില്‍ പന്തം കൊളുത്തി നാടുകടത്തണമെന്ന ‘കു’പ്രയോഗം പഴവങ്ങാടിയിലാണ് മന്നം നടത്തിയത്. ഈഴവന്റെ ഭരണമാണ് ഇവിടെ നടക്കുന്നത് അതുകൊണ്ടാണ് എതിര്‍ക്കുന്നത് എന്ന് പറഞ്ഞതും ഇവിടെത്തന്നെ.

“കമ്യൂണിസ്റ്റുകാര്‍ക്ക് ജാ‍തിയില്ല, മതമില്ല. മൃഗമെന്നോ മനുഷ്യനെന്നോ വ്യത്യാസമില്ല. അമ്മയെന്നോ പെങ്ങളെന്നോ വ്യത്യാസമില്ല. കമ്യൂണിസ്റ്റ് പാര്‍ട്ടിയെ കേരളത്തില്‍ നിന്നെന്നല്ല ഭാരതഭൂമിയില്‍ നിന്നുതന്നെ പുറത്ത് റഷ്യക്ക് അയച്ചുകഴിയുമ്പോഴേ എന്റെ ബുദ്ധിക്ക് മാര്‍ദ്ദവമുണ്ടാകൂ.”

മന്നം പഴവങ്ങാടിയില്‍ ഇത്രയൊക്കെ പറയുമ്പോള്‍ ഒപ്പമിരിക്കുന്ന കുഞ്ഞാട് ചാഴിക്കാടനും എന്തെങ്കിലുമൊക്കെ പറഞ്ഞല്ലേ പറ്റൂ. മന്നത്തെ തുടര്‍ന്നു സംസാരിച്ച കുമ്പളത്ത് ശങ്കുപിള്ളയും ജോസഫ് ചാഴിക്കാടനും കമ്യൂണിസ്റ്റുകാരെ ഭര്‍സിക്കാന്‍ പരസ്പരം മത്സരിച്ചെങ്കിലും കുമ്പളത്തിനു ചാഴിക്കാടന്റെ അടുത്തെത്താന്‍ പോലും പറ്റിയില്ല.

“...ഈ രാജ്യത്തെ 30 ലക്ഷം ക്രിസ്ത്യാനികളും ഞാനും കമ്യൂണിസ്റ്റുകാര്‍ ഈ രാജ്യത്തു നിന്നും പോകണമെന്നുള്ളവരാണ്. കമ്യൂണിസ്റ്റുകാരും ക്രിസ്ത്യനും തമ്മില്‍ സന്ധിയില്ലാത്ത സമരമാണ്. ഞങ്ങള്‍ക്ക് രാജിയേയില്ല. നായര്‍ സന്ധി പറഞ്ഞാലും ഞങ്ങള്‍ക്ക് സാധ്യമല്ല. ഇന്നു പള്ളികളില്‍ ഒരു കല്‍പ്പന പുറപ്പെടുവിച്ചിട്ടുണ്ട്. മേയ് 3ന് 12 മണിക്കൂര്‍ എല്ലാ ക്രിസ്ത്യാനികളും പള്‍ലിയില്‍ പോയി ഈ രാജ്യത്തുനിന്നും കമ്യൂണിസ്റ്റ് വിപത്തിനെ ഒഴിവാക്കിത്തരണേയെന്ന് പ്രാര്‍ഥിക്കണമെന്നതാണ് കല്‍പ്പന. അതിനു ഫലമുണ്ടാ‍വാതിരിക്കില്ല. രാമായണത്തില്‍ പറഞ്ഞതുപോലെ ‘സുഗ്രീവരാഘവന്മാര്‍ അഗ്നിസാക്ഷിയായി സത്യവും ചെയ്തു.’ നായരും ക്രിസ്ത്യാനിയും മറ്റു നല്ലയാളുകളും ചേര്‍ന്ന് ധീരമായി മുന്നോട്ടുപോകാം. വിജയം സുനിശ്ചിതമാണ്. നായരുടെ കൂടെ ക്രിസ്ത്യാനി എന്തിനും തയ്യാ‍ാ‍ാണ്. ആധ്യാത്മികവും ഭൌതികവുമായി മനുഷ്യരാശിക്ക് ദോഷം ചെയ്തുകൊണ്ടിരിക്കുന്ന ഈ കമ്യൂണിസ്റ്റുകാരെ നമുക്ക് പറഞ്ഞയക്കണം. ഈ നല്ല കാര്യത്തിന് എത്ര പേരെ വേണമെങ്കിലും ബലി കഴിക്കാന്‍ ക്രിസ്ത്യാനി തയ്യാറാണ്.”

ക്രിസ്ത്യാനികളെ ബലികൊടുക്കാന്‍ തന്നെയാണ് പറഞ്ഞവര്‍ ഉദ്ദേശ്യിക്കുന്നതെന്ന് അന്നാര്‍ക്കും മനസ്സിലായില്ലെന്ന് മാത്രം.

എം.എസ്. ശ്രീകല - 1957-59 വാര്‍ത്തകള്‍ക്കപ്പുറം, അധ്യായം 26, രണ്ട് വര്‍ഷം തികയുമ്പോള്‍, പേജ് 167-169

1 comment:

  1. .സ്കൂളുകള്‍ പൂട്ടിയിടുമെന്നഹങ്കരിക്കുന്ന സ്വകാര്യ സ്കൂള്‍ മാനേജര്‍മാരെ പൊതുവെയും സമുദായ സംഘടനാ നേതൃത്വങ്ങളെ പ്രത്യേകിച്ചും കമ്യൂണിസ്റ്റു പാര്‍ട്ടി സെക്രട്ടറി എം.എന്‍. ഗോവിന്ദന്‍ നായര്‍ ചില, വളരെ പഴയതല്ലാത്ത കാര്യങ്ങള്‍ ഓര്‍മപ്പെടുത്തി.

    ഈ രാജ്യത്ത് കുറെ വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഇതിന്റെയെല്ലാം പിന്നില്‍ ത്യാഗത്തിന്റേതായ ചരിത്രമുണ്ട്. ഇന്നു മാനേജര്‍മാരാണെന്നു പറഞ്ഞു നടക്കുന്നവരുടെയല്ല. പിന്നെയോ? ഇന്നാട്ടിലെ സാധാരണക്കാരന്റെ. ആ കാര്യം വിസ്മരിച്ചുകൊണ്ടാണ് സ്കൂള്‍ പൂട്ടുമെന്ന് പറയുന്നത്. സ്കൂളിന്റെ ഭിത്തിയിലെ ഓരോ കല്ലിനും ഓരോ ചരിത്രമുണ്ട്. നാട്ടുകാരുടെ സംഭാവനയുടെ ചരിത്രം. കമ്യൂണിസ്റ്റു പാര്‍ട്ടി താലൂക്ക് സമ്മേളനത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ മന്നത്തിന്റെ തട്ടകമായ ചങ്ങനാശ്ശേരിയിലത്തിയാണ് എം.എന്‍ ഈ ഓര്‍മപ്പെടുത്തല്‍ നടത്തിയത്.

    എന്നാല്‍ ഇതൊന്നും കേട്ട് കുലുങ്ങുന്നയാളല്ല മന്നം. ഏപ്രില്‍ ഒന്‍പതിന് മുന്‍പ്രസ്താവന മന്നം കുറച്ചുകൂടി വിശദമായി പുതുക്കി. സംസ്ഥാ‍നത്തെ 7000ല്പരം സ്വകാര്യ വിദ്യാലയങ്ങള്‍ മധ്യവേനലവധി കഴിഞ്ഞ് തുറക്കുന്നതല്ലെന്ന് സ്കൂള്‍ മാനേജര്‍മാരുടെ ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായ മന്നം ഔപചാരികമായി പ്രഖ്യാപിച്ചു. കേശവദാസപുരത്ത് എന്‍.എസ്.എസ് ഓഫീസില്‍ വെച്ചായിരുന്നു ഈ പ്രഖ്യാപനം. ബില്ലിനെ ആദ്യം അനുകൂലിച്ചത് വായിച്ചുനോക്കാതെയാണെന്നും മന്നം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete