Wednesday, December 15, 2010

കിസാന്‍സഭ സമ്മേളനത്തിന്റെ ശ്രദ്ധേയമായ പ്രഖ്യാപനങ്ങള്‍

അഖിലേന്ത്യാ കിസാന്‍സഭയുടെ 28-ാം ദേശീയ സമ്മേളനം ഉന്നയിച്ച ആവശ്യങ്ങള്‍ ഗൗരവപൂര്‍ണമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുവാന്‍ കേന്ദ്രഭരണാധികാരികള്‍ സന്നദ്ധമാവേണ്ടതാണ്. ഇന്ത്യന്‍ കാര്‍ഷികരംഗം അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധികളും മൗലികമായ വെല്ലുവിളികളും ഔറംഗാബാദിലെ ഭോഗേന്ദ്ര ഝാ നഗറില്‍ നടന്ന സമ്മേളനം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കര്‍ഷക ആത്മഹത്യകളുടെ ദുരന്തഭൂമിയാണ് ഇപ്പോള്‍ ഇന്ത്യ. ഈ ദുരിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുവാനുള്ള ഫലപ്രദവും പ്രായോഗികവുമായ ഒരു നടപടിക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നതാണ് ദുഃഖകരം. കാര്‍ഷികോല്‍പ്പാദന രംഗത്തിനും വിപണിക്കും ഇടയില്‍ വര്‍ത്തിക്കുന്ന ഇടനിലക്കാരെയും വിത്തിറക്കുമ്പോള്‍ തന്നെ വിളയുടെ വില നിശ്ചയിച്ച് സംഭരിക്കുന്ന കുത്തകകളെയും ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. കര്‍ഷകന്റെ അധ്വാനത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുകയും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാക്കുകയും വേണം. ഭൂപരിഷ്‌ക്കരണം, ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും കിനാവായി മാത്രം നിലനില്‍ക്കുകയാണ്. മഹാഭൂരിപക്ഷം കൃഷിപ്രദേശങ്ങളിലും ജലസേചന സൗകര്യമില്ലാത്തതും ഇന്ത്യന്‍ കാര്‍ഷികമേഖലയെ പിന്നോട്ടടിപ്പിക്കുന്നു.

രാജ്യം ഒരു കാര്‍ഷികരാഷ്ട്രമാണെന്ന വസ്തുത പാടേ വിസ്മരിച്ചുകൊണ്ടാണ് ഭരണാധികാരികള്‍ കാര്‍ഷിക മേഖലയെ അഭിമുഖീകരിക്കുന്നത്. ആ തെറ്റായ സമീപനത്തിന്റെ വിപത്തുകളാണ് രാഷ്ട്രം ഇപ്പോള്‍ നേരിട്ടുകൊണ്ടിരിക്കുന്നതും. കൃഷി ഭൂമി വ്യാവസായിക ആവശ്യങ്ങള്‍ക്കായി വന്‍തോതില്‍ കൈമാറ്റം ചെയ്യപ്പെടുന്നതും ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടതാണ്.

കാര്‍ഷിക മേഖല നേരിടുന്ന വെല്ലുവിളികള്‍ പരിഹരിക്കുവാന്‍ കഴിയുന്ന ഫലപ്രദമായ നിര്‍ദേശങ്ങള്‍ക്ക് കിസാന്‍സഭ ദേശീയ സമ്മേളനം രൂപം നല്‍കിയിട്ടുണ്ട്. ഈ നിര്‍ദ്ദേശങ്ങള്‍ ഫലപ്രാപ്തിയിലെത്തിക്കുന്നതിനായുള്ള ദേശവ്യാപക പ്രക്ഷോഭത്തിനും കിസാന്‍സഭ നേതൃത്വം നല്‍കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു. ഇതിന്റെ ഭാഗമായി ബജറ്റ് സമ്മേളനവേളയില്‍ പാര്‍ലമെന്റിലേയ്ക്ക് കര്‍ഷകരുടെ വന്‍ മാര്‍ച്ചും സംഘടിപ്പിക്കും. കര്‍ഷകരുടെ 22 അവകാശങ്ങള്‍ അടങ്ങിയ പത്രികയാണ് ദേശീയ സമ്മേളനം അംഗീകരിച്ചത്. 60 വയസ്സുകഴിഞ്ഞ കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും രണ്ടായിരം രൂപ വീതം പ്രതിമാസ പെന്‍ഷന്‍ നല്‍കുക, കര്‍ഷക ക്ഷേമനിധി രൂപീകരിക്കുക, കേരളത്തിന്റെ മാതൃകയില്‍ ദേശീയ കടാശ്വാസ കമ്മിഷന്‍ രൂപീകരിക്കുക, കാര്‍ഷിക മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഒരു ലക്ഷം കോടിരൂപയുടെ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക എന്നീ സുപ്രധാന ആവശ്യങ്ങള്‍ അവകാശ പത്രികയില്‍ ഉന്നയിച്ചിട്ടുണ്ട്. എന്‍ഡോസള്‍ഫാന്‍ പോലുള്ള മാരക കീടനാശിനികളെ കാര്‍ഷിക മേഖലയില്‍ നിന്നും നിയമം മൂലം ഒഴിവാക്കണമെന്നും കര്‍ഷക സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ഭക്ഷ്യസുരക്ഷ ഗൗരവമായി ചര്‍ച്ചചെയ്യപ്പെടുന്ന കാലമാണിത്. വരും കാലത്ത് ജനങ്ങള്‍ക്കാവശ്യമായ നിലയില്‍ ഭക്ഷ്യോല്‍പ്പാദനം സാധ്യമാക്കാന്‍ വിഘാതങ്ങള്‍ ഏറെയാണെന്ന് ലോകമാകെ തിരിച്ചറിയുന്നുണ്ട്. അത്തരമൊരു ഘട്ടത്തില്‍ നമ്മുടെ ഭക്ഷ്യോല്‍പ്പാദനം വര്‍ധിപ്പിക്കണമെങ്കില്‍ കാര്‍ഷിക മേഖലയ്ക്ക് പ്രത്യേക പരിഗണനയും കര്‍ഷകര്‍ക്ക് പരിരക്ഷയും ഉറപ്പാക്കണം. അതിനു സഹായകരമായ ഒട്ടേറെ നിര്‍ദ്ദേശങ്ങളും ആവശ്യങ്ങളുമാണ് അഖിലേന്ത്യാ കിസാന്‍സഭയുടെ 28-ാം ദേശീയ സമ്മേളനം മുന്നോട്ടുവെച്ചിരിക്കുന്നത്. സജീവമായ ചര്‍ച്ചകളും അനിവാര്യമായ ഭരണനടപടികളും ഇക്കാര്യത്തില്‍ ഉണ്ടാകണം.

ജനയുഗം മുഖപ്രസംഗം 151210

1 comment:

  1. അഖിലേന്ത്യാ കിസാന്‍സഭയുടെ 28-ാം ദേശീയ സമ്മേളനം ഉന്നയിച്ച ആവശ്യങ്ങള്‍ ഗൗരവപൂര്‍ണമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുവാന്‍ കേന്ദ്രഭരണാധികാരികള്‍ സന്നദ്ധമാവേണ്ടതാണ്. ഇന്ത്യന്‍ കാര്‍ഷികരംഗം അഭിമുഖീകരിക്കുന്ന കടുത്ത പ്രതിസന്ധികളും മൗലികമായ വെല്ലുവിളികളും ഔറംഗാബാദിലെ ഭോഗേന്ദ്ര ഝാ നഗറില്‍ നടന്ന സമ്മേളനം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. കര്‍ഷക ആത്മഹത്യകളുടെ ദുരന്തഭൂമിയാണ് ഇപ്പോള്‍ ഇന്ത്യ. ഈ ദുരിതാവസ്ഥയ്ക്ക് പരിഹാരം കണ്ടെത്തുവാനുള്ള ഫലപ്രദവും പ്രായോഗികവുമായ ഒരു നടപടിക്കും കേന്ദ്രസര്‍ക്കാര്‍ തയ്യാറാവുന്നില്ലെന്നതാണ് ദുഃഖകരം. കാര്‍ഷികോല്‍പ്പാദന രംഗത്തിനും വിപണിക്കും ഇടയില്‍ വര്‍ത്തിക്കുന്ന ഇടനിലക്കാരെയും വിത്തിറക്കുമ്പോള്‍ തന്നെ വിളയുടെ വില നിശ്ചയിച്ച് സംഭരിക്കുന്ന കുത്തകകളെയും ഒഴിവാക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. കര്‍ഷകന്റെ അധ്വാനത്തിന് അര്‍ഹിക്കുന്ന അംഗീകാരം നല്‍കുകയും കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് മതിയായ വില ലഭ്യമാക്കുകയും വേണം. ഭൂപരിഷ്‌ക്കരണം, ഇന്ത്യയിലെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലും കിനാവായി മാത്രം നിലനില്‍ക്കുകയാണ്. മഹാഭൂരിപക്ഷം കൃഷിപ്രദേശങ്ങളിലും ജലസേചന സൗകര്യമില്ലാത്തതും ഇന്ത്യന്‍ കാര്‍ഷികമേഖലയെ പിന്നോട്ടടിപ്പിക്കുന്നു.

    ReplyDelete