Thursday, December 2, 2010

ആന്ധ്രയിലെ മാറ്റങ്ങള്‍

ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് നേരിടുന്ന തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ ആ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ മാത്രമായി ഒതുങ്ങുന്നതല്ല. എന്‍ടിആര്‍ പ്രതിഭാസം ഇക്കാലത്തുണ്ടായെങ്കിലും തങ്ങളുടെ അധികാരക്കോട്ട എന്ന് കോണ്‍ഗ്രസ് കരുതിപ്പോരുന്ന സംസ്ഥാനമാണത്. സഖ്യകക്ഷികളുടെ പിന്‍ബലമില്ലാതെ കോണ്‍ഗ്രസ് ഭരിക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്നും. 2004ലും 2009ലും യുപിഎയ്ക്ക് കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞത് ആന്ധ്രാപ്രദേശിലെ വിജയംകൊണ്ടാണ്. അവിടെ ആകെയുള്ള 42 ലോക്സഭാമണ്ഡലങ്ങളില്‍ 2004ല്‍ 29ഉം 2009ല്‍ 33ഉം സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ ദേശീയരാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ ചിത്രം മറ്റൊന്നാവുമായിരുന്നു. ഇങ്ങനെ ദേശീയതലത്തില്‍തന്നെ നിര്‍ണായകമാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആന്ധ്രാപ്രദേശ്. അവിടെയാണ് കോണ്‍ഗ്രസ് തകര്‍ച്ച നേരിടുന്നത്. അതുകൊണ്ടുതന്നെയാണ്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഡല്‍ഹിവരെ എത്താമെന്നു വരുന്നത്.

കുറെക്കാലമായി വിഘടിതമായി നില്‍ക്കുകയായിരുന്നു ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ്. വൈ എസ് രാജശേഖരറെഡ്ഡിയുടെ പിന്‍ഗാമിയായി മുഖ്യമന്ത്രിസ്ഥാനത്ത് റോസയ്യയെ വച്ചപ്പോള്‍ത്തന്നെ റെഡ്ഡിയുടെ മകന്‍ ജഗന്‍മോഹന്‍ റെഡ്ഡി ഇടഞ്ഞതാണ്. റോസയ്യയെക്കൊണ്ട് രാജിവയ്പിച്ചപ്പോള്‍ ഹൈക്കമാന്‍ഡ് അടുത്ത മുഖ്യമന്ത്രിയായി കണ്ടത് കിരണ്‍കുമാര്‍ റെഡ്ഡിയെ. അതോടെ ഇടച്ചില്‍ പൂര്‍ണമായി. ഇതിനിടെയുള്ള ഘട്ടത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനും പ്രത്യേകിച്ച് സോണിയ ഗാന്ധിക്കുമെതിരായി സ്വന്തം ഉടമസ്ഥതയിലുള്ള സാക്ഷി ടിവി ഉപയോഗിച്ചും സ്വയവും നടത്തിയ പ്രചാരണത്തിന്റെ പശ്ചാത്തലംകൂടിയുള്ള സാഹചര്യത്തില്‍, കോണ്‍ഗ്രസില്‍ തനിക്കിനി രക്ഷയില്ല എന്ന് ജഗന്‍മോഹന്‍ തിരിച്ചറിഞ്ഞു. തന്നെയോ, തന്റെ അമ്മയെയോ കാണാന്‍ സോണിയ ഗാന്ധിക്ക് സമയമില്ല എന്നത് ജഗന് കൃത്യമായ ഒരു സന്ദേശമായി അനുഭവപ്പെട്ടു. തന്റെ സമുദായക്കാരന്‍തന്നെയായ മറ്റൊരാളെത്തന്നെ മുഖ്യമന്ത്രിസ്ഥാനത്തേക്ക് കൊണ്ടുവന്നതുതന്നെ രാഷ്ട്രീയമായി കോണ്‍ഗ്രസിനുള്ളില്‍ തന്നെ വകവരുത്താനുള്ള നീക്കമാണെന്ന് ജഗന്‍ തിരിച്ചറിയുകയുംചെയ്തു. ജഗനും അമ്മയും കോണ്‍ഗ്രസ് വിട്ട് പുറത്തുവന്നു.

കോണ്‍ഗ്രസ് വിട്ട ജഗന്‍മോഹന്‍ ഇപ്പോള്‍ ഉയര്‍ത്തിയിട്ടുള്ള മുദ്രാവാക്യം 'തെലുഗ് ആത്മാഭിമാനം' എന്നതാണ്. തെലുങ്കിന്റെ ആത്മാഭിമാനത്തെ ഡല്‍ഹിയിലെ പുത്തന്‍ 'ഗോസായിമാര്‍' ബൂട്സിനടിയില്‍ ഞെരിച്ചമര്‍ത്തുന്നതിനെതിരായി തെലുങ്കുജനത ഉണരണമെന്നാണ് അദ്ദേഹം പറയുന്നത്.

ഈ മുദ്രാവാക്യം പുതിയതല്ല. രണ്ട് പതിറ്റാണ്ടുമുമ്പ് ഇതേ മുദ്രാവാക്യം ആന്ധ്ര കേട്ടിട്ടുണ്ട്. ഹൈദരാബാദ് വിമാനത്താവളത്തില്‍വച്ച് കോണ്‍ഗ്രസുകാരനായ ആന്ധ്രാമുഖ്യമന്ത്രി ആഞ്ജയ്യയെ രാജീവ്ഗാന്ധി പരസ്യമായി ആക്ഷേപിച്ചപ്പോള്‍ മറ്റൊരാള്‍ ഇതേ മുദ്രാവാക്യം ഉയര്‍ത്തി. ആ മുദ്രാവാക്യം കൊടുങ്കാറ്റുപോലെ ആന്ധ്രയിലുടനീളം പടരുകയും മുദ്രാവാക്യമുയര്‍ത്തിയ ആള്‍ കോണ്‍ഗ്രസിനെ തകര്‍ത്ത് ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിസ്ഥാനത്തെത്തുകയും ചെയ്തു. എന്‍ ടി രാമറാവുവാണത്.

അതുകൊണ്ടുതന്നെ ജഗന്‍മോഹനെയും അദ്ദേഹത്തിന്റെ മുദ്രാവാക്യത്തെയും നിസ്സാരവല്‍ക്കരിച്ചു കാണാന്‍ രാഷ്ട്രീയനിരീക്ഷകര്‍ക്ക് കഴിയില്ല. തെലുങ്ക് ആത്മാഭിമാനം എന്നതിനൊപ്പം, തന്റെ അച്ഛനായ വൈ എസ് രാജശേഖരറെഡ്ഡിയുടെ പൈതൃകത്തെക്കൂടി കൂട്ടുപിടിക്കുന്നുണ്ട് അദ്ദേഹം. രാജശേഖരറെഡ്ഡിയുടെ സഹോദരനെ കൂടെ നിര്‍ത്തിക്കൊണ്ട് ഇതിനെ നേരിടാമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. എന്നാല്‍, ഇത് മുന്‍കൂട്ടിക്കണ്ട ജഗന്‍മോഹന്‍, തന്റെ കുടുംബത്തെ പിളര്‍ത്തുകയാണ് സോണിയ ഗാന്ധി എന്നുകൂടി ആക്ഷേപമുന്നയിച്ചിരിക്കുന്നു. കോണ്‍ഗ്രസിന്റെ ആ നീക്കവും ജഗന്‍മോഹന്‍ തനിക്കനുകൂലമാക്കിയെടുത്തു എന്നര്‍ഥം. ഇതില്‍ ഒരു തന്ത്രശാലിത്വംകൂടിയുണ്ട്. അത് ഇനിയുള്ള നാളുകളില്‍ കോണ്‍ഗ്രസിന് എത്ര കനത്ത വെല്ലുവിളിയാവും ഉയര്‍ത്തുക എന്നത് രാജ്യം കാണാന്‍ പോവുകയാണ്. കോണ്‍ഗ്രസിന് വിനാശകരമാവും ഈ പുതിയ സംഭവം എന്നത് തീര്‍ച്ച.

വൈ എസ് രാജശേഖരറെഡ്ഡിയുടെ മരണത്തെത്തുടര്‍ന്ന് ജഗന്‍മോഹന്‍ നടത്തിയ 'യാത്ര' തടയാന്‍ ഹൈക്കമാന്‍ഡ് നടത്തിയ ശ്രമങ്ങള്‍ വിജയിച്ചിരുന്നില്ല. ഹൈക്കമാന്‍ഡിന്റെ വിലക്കുണ്ടായിട്ടും നിരവധി എംഎല്‍എമാരും ചില മന്ത്രിമാരും ആ യാത്രയില്‍ പങ്കെടുത്തുവെന്നതും ഓര്‍ക്കണം. ഇന്ന് ജഗന്‍മോഹന്‍ പാര്‍ടിവിട്ട് പുതിയ പാര്‍ടി പ്രഖ്യാപിച്ചിരിക്കുന്നു. ഇത് കോണ്‍ഗ്രസിലെ പിളര്‍പ്പ് എത്ര ആഴത്തിലുള്ളതാക്കും എന്നത് വരും ദിവസങ്ങളിലറിയാം. നിയമസഭയില്‍ പത്തുപേരുടെ ഭൂരിപക്ഷമേ ആന്ധ്രയില്‍ കോണ്‍ഗ്രസിനുള്ളൂ എന്നിരിക്കെ, ജഗന്‍മോഹന് നീക്കങ്ങള്‍ എളുപ്പമാകുന്നു.

ജഗന്‍മോഹന്‍ ഉയര്‍ത്തിയിട്ടുള്ള വെല്ലുവിളിയെ നടന്‍ ചിരഞ്ജീവിയുടെ പ്രജാരാജ്യം പാര്‍ടിയുടെ അംഗങ്ങളെ കൂടെനിര്‍ത്തി നേരിടാനാവും കോണ്‍ഗ്രസ് ശ്രമിക്കുക. അതിനാകട്ടെ, കോണ്‍ഗ്രസ് വലിയ വില നല്‍കേണ്ടതായി വരികയുംചെയ്യും. ആന്ധ്രാരാഷ്ട്രീയം കുതിരക്കച്ചവടത്തിന്റെ ഘട്ടത്തിലേക്ക് വീണ്ടും ഒരിക്കല്‍ക്കൂടി വഴുതിവീഴാനുള്ള സാധ്യത ഏറെയാണ്.

കിരണ്‍കുമാര്‍ റെഡ്ഡിമന്ത്രിസഭയെ തകര്‍ക്കുന്ന ഒരു നടപടിയും തന്റെ ഭാഗത്തുനിന്നുണ്ടാവില്ല എന്നാണ് ജഗന്‍മോഹന്‍ പറഞ്ഞതെങ്കിലും ആ വാക്കുകളെ അധികനാള്‍ വിശ്വസിക്കാനാവില്ലെന്ന് കോണ്‍ഗ്രസിനറിയാം. കോണ്‍ഗ്രസില്‍നിന്നുള്ള രാജിക്കൊപ്പം ലോക്സഭാംഗത്വംകൂടി രാജിവച്ചത് തപസ്സിനുപോകാനല്ല എന്ന് ആന്ധ്രാരാഷ്ട്രീയത്തെ അറിയുന്ന ആര്‍ക്കും മനസിലാവും. 36 എംഎല്‍എമാര്‍ ജഗനൊപ്പമുണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. ആന്ധ്രയിലെ രാഷ്ട്രീയ ബാലന്‍സ് തെറ്റിക്കാന്‍ അത് വേണ്ടതിലധികമാണുതാനും.

ദേശാഭിമാനി മുഖപ്രസംഗം 021210

1 comment:

  1. ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് നേരിടുന്ന തകര്‍ച്ചയുടെ പ്രത്യാഘാതങ്ങള്‍ ആ സംസ്ഥാനത്തെ കോണ്‍ഗ്രസില്‍ മാത്രമായി ഒതുങ്ങുന്നതല്ല. എന്‍ടിആര്‍ പ്രതിഭാസം ഇക്കാലത്തുണ്ടായെങ്കിലും തങ്ങളുടെ അധികാരക്കോട്ട എന്ന് കോണ്‍ഗ്രസ് കരുതിപ്പോരുന്ന സംസ്ഥാനമാണത്. സഖ്യകക്ഷികളുടെ പിന്‍ബലമില്ലാതെ കോണ്‍ഗ്രസ് ഭരിക്കുന്ന അപൂര്‍വം സംസ്ഥാനങ്ങളിലൊന്നും. 2004ലും 2009ലും യുപിഎയ്ക്ക് കേന്ദ്രത്തില്‍ അധികാരത്തിലെത്താന്‍ കഴിഞ്ഞത് ആന്ധ്രാപ്രദേശിലെ വിജയംകൊണ്ടാണ്. അവിടെ ആകെയുള്ള 42 ലോക്സഭാമണ്ഡലങ്ങളില്‍ 2004ല്‍ 29ഉം 2009ല്‍ 33ഉം സീറ്റുകളില്‍ കോണ്‍ഗ്രസിന് വിജയിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ ദേശീയരാഷ്ട്രീയത്തിലെ കോണ്‍ഗ്രസിന്റെ ചിത്രം മറ്റൊന്നാവുമായിരുന്നു. ഇങ്ങനെ ദേശീയതലത്തില്‍തന്നെ നിര്‍ണായകമാണ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ആന്ധ്രാപ്രദേശ്. അവിടെയാണ് കോണ്‍ഗ്രസ് തകര്‍ച്ച നേരിടുന്നത്. അതുകൊണ്ടുതന്നെയാണ്, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ ഡല്‍ഹിവരെ എത്താമെന്നു വരുന്നത്.

    ReplyDelete