Thursday, January 6, 2011

ബാഗേപ്പള്ളി താലൂക്ക് പഞ്ചായത്ത് സിപിഐ എമ്മിന്

ബംഗളൂരു: തദ്ദേശ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ ബാഗേപ്പള്ളി താലൂക്കില്‍ സിപിഐ എമ്മിന് ഉജ്വല വിജയം. കര്‍ണാടകത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് സിപിഐ എം ഒറ്റയ്ക്ക് ഒരു താലൂക്ക് പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്നത്. ചിക്ക്ബല്ലാപുര്‍ ജില്ലയിലെ ബാഗേപ്പള്ളി താലൂക്ക് പഞ്ചായത്തില്‍ 15 സീറ്റില്‍ എട്ടും നേടിയാണ് സിപിഐ എം ഒറ്റയ്ക്ക് അധികാരത്തിലെത്തിയത്. ഇതേ ജില്ലയിലെ ഗുഡിബണ്ടെ താലൂക്ക് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയും സിപിഐ എമ്മാണ്.

ബാഗേപ്പള്ളിയടക്കമുള്ള മേഖലകളില്‍ സിപിഐ എം നടത്തിയ പ്രക്ഷോഭങ്ങള്‍ക്ക് ജനങ്ങള്‍ നല്‍കിയ പിന്തുണയാണ് ഉജ്വല വിജയത്തിനു നിദാനം. അനധികൃത മദ്യവില്‍പ്പന തടയുകയും മദ്യപാനത്തിനെതിരെയുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം ഏറ്റെടുത്തു നടത്തുകയും ചെയ്ത സിപിഐ എം പ്രവര്‍ത്തകര്‍ക്കെതിരെ ഇവിടെ നിരന്തരം ഭീഷണിയുണ്ടായിരുന്നു. ഇത് വകവയ്ക്കാതെ ജനകീയ പിന്തുണയോടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോയി. 201 മുതല്‍ 537 വരെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഐ എം സ്ഥാനാര്‍ഥികള്‍ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു സീറ്റില്‍ പത്തില്‍ താഴെ വോട്ടിനാണ് പരാജയപ്പെട്ടത്. കര്‍ണാടക പ്രാന്ത റെയ്ത്തസംഘ, ജനവാദി മഹിളാസംഘ എന്നിവയുടെ പ്രവര്‍ത്തകരും തൊഴിലാളികളുമായിരുന്നു സ്ഥാനാര്‍ഥികള്‍.

ഗുഡിബണ്ടെ താലൂക്കില്‍ 11 സീറ്റില്‍ അഞ്ചും സിപിഐ എമ്മിനാണ്. കോണ്‍ഗ്രസും ജെഡിഎസും യഥാക്രമം നാലും രണ്ടും സീറ്റാണ് നേടിയത്. അടിസ്ഥാന വികസനപ്രശ്നങ്ങളില്‍ സിപിഐ എം കൈക്കൊള്ളുന്ന നിലപാടുകള്‍ക്കുള്ള അംഗീകാരമാണ് ബാഗേപ്പള്ളിയിലെയും ഗുഡിബണ്ടെയിലും ഉജ്വല വിജയമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ജി വി ശ്രീരാമറെഡ്ഡി പറഞ്ഞു. ചിക്ക്ബല്ലാപുര്‍ ജില്ലാ പഞ്ചായത്തിലും സിപിഐ എം രണ്ടുസീറ്റ് നേടി. ബാഗേപ്പള്ളിയില്‍ നിന്ന് ബി സാവിത്രമ്മയും ഗുലൂരില്‍ നിന്ന് നാരായണമ്മയുമാണ് വിജയക്കൊടി പാറിച്ചത്. ഗുല്‍ബര്‍ഗയിലും ഉഡുപ്പിയിലും ഓരോ സീറ്റ് സിപിഐ എമ്മിന് ലഭിച്ചു.

ദേശാഭിമാനി 060111

2 comments:

  1. തദ്ദേശ തെരഞ്ഞെടുപ്പില്‍ കര്‍ണാടകത്തിലെ ബാഗേപ്പള്ളി താലൂക്കില്‍ സിപിഐ എമ്മിന് ഉജ്വല വിജയം. കര്‍ണാടകത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലാദ്യമായാണ് സിപിഐ എം ഒറ്റയ്ക്ക് ഒരു താലൂക്ക് പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്നത്. ചിക്ക്ബല്ലാപുര്‍ ജില്ലയിലെ ബാഗേപ്പള്ളി താലൂക്ക് പഞ്ചായത്തില്‍ 15 സീറ്റില്‍ എട്ടും നേടിയാണ് സിപിഐ എം ഒറ്റയ്ക്ക് അധികാരത്തിലെത്തിയത്. ഇതേ ജില്ലയിലെ ഗുഡിബണ്ടെ താലൂക്ക് പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റകക്ഷിയും സിപിഐ എമ്മാണ്.

    ReplyDelete
  2. Lal salam sagakale........prathyasha nalkunna vartha.....

    ReplyDelete