Sunday, January 9, 2011

മതഭീകരതയുടെ ബഹുവിധ മുഖം കാണാതിരിക്കരുത്

മതഭീകരതയുടെ ദുരന്തങ്ങള്‍ നിരന്തരം അഭിമുഖീകരിക്കുന്ന രാഷ്ട്രമായി ഇന്ത്യ വര്‍ത്തമാനകാലത്ത് മാറിത്തീര്‍ന്നിട്ടുണ്ട്. ഒരു മതം മാത്രമാണ് ഭീകരതയ്ക്ക് പിന്നിലെന്ന പ്രചരണം ശക്തമായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ദുഷ്ടലാക്കോടുകൂടിയുള്ള പ്രചരണമായിരുന്നു അത്. ഇറാഖിനിനെയും അഫ്ഗാനിസ്ഥാനെയും ആക്രമിക്കുന്നതിനും ഇറാനെയും സിറിയയെയും ഭീഷണിപ്പെടുത്തുന്നതിനും പലസ്തീനുനേരെയുള്ള അതിക്രമങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നതിനുമുള്ള ഉപാധിയായിരുന്നു അമേരിക്കയുടെ പ്രചരണം.

അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെയും അധിനിവേശ അജണ്ടകളുടെയും ഭാഗമായി ഉടലെടുത്ത പ്രചരണം ഇന്ത്യയിലും ചില തത്പര കക്ഷികള്‍ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. എന്നാല്‍ ആ പ്രചരണം അസ്ഥാനത്താണെന്ന് തെളിയിക്കുന്നതാണ് പില്‍ക്കാലത്ത് പുറത്തുവന്ന വാര്‍ത്തകളും വസ്തുതകളും. 'ഇസ്ലാം ഭീകരത' ജയ്പ്പൂരിലും ഡല്‍ഹിയിലും ഹൈദരാബാദിലും ബാംഗ്ലൂരിലും മംഗലാപുരത്തും വാരണാസിയിലും സ്‌ഫോടനങ്ങള്‍ക്ക് കാരണമായിരിക്കാം. എന്നാല്‍ മാലേഗാവിലും മഡ്ഗാവിലും അജ്മീറിലും നടന്ന സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ഹൈന്ദവഭീകരശക്തികളാണ് എന്ന് വ്യക്തമാക്കപ്പെട്ടിരുന്നു.

സംഝോത എക്‌സ്പ്രസ് അപകടം, മാലേഗാവ്, അജ്മീര്‍, മെക്ക സ്‌ഫോടനങ്ങള്‍ എന്നിവയില്‍ സംഘപരിവാര നേതാക്കള്‍ക്ക് നേരിട്ട് പങ്കുണ്ടായിരുന്നതായി ആര്‍ എസ് എസ് നേതാവും മെക്ക സ്‌ഫോടന കേസിലെ മുഖ്യപ്രതിയുമായ സ്വാമി അസിമാനന്ദ തന്നെ തന്റെ കുറ്റസമ്മതത്തിലൂടെ വ്യക്തമാക്കിയിരിക്കുന്നു. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ നടന്ന ഭീകരാക്രമണങ്ങളില്‍ 'ഹൈന്ദവ ഭീകരത'യുടെ പ്രതിനിധികള്‍ എങ്ങനെയെല്ലാം പ്രവര്‍ത്തിച്ചുവെന്നും ഏതെല്ലാം ഗൂഢപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തുവെന്നും അസിമാനന്ദ സി ബി ഐയ്ക്കു മുമ്പാകെ വെളിപ്പെടുത്തുകയുണ്ടായി. ജതിന്‍ചാറ്റര്‍ജി എന്ന അസിമാനന്ദയുടെ മൊഴികള്‍ സുപ്രധാനമാണ്. സ്‌ഫോടനങ്ങളുടെ ആസൂത്രണം, അതിനാവശ്യമായ പണം ശേഖരിക്കല്‍, ഭീകരപ്രവര്‍ത്തനത്തിന്റെ നടപ്പാക്കല്‍ എന്നിവയിലൊക്കെ 'ഹൈന്ദവഭീകര' ശക്തികള്‍ നേരിട്ടിടപെട്ടിരുന്നുവെന്നാണ് അസിമാനന്ദ വെളിപ്പെടുത്തിയിരിക്കുന്നത്.

മാലേഗാവിലെ സ്‌ഫോടനത്തിലെ മുഖ്യ പ്രതിയായി കണ്ടെത്തപ്പെട്ടത് സന്ന്യാസ വേഷധാരിയായ പ്രഗ്യാന്‍ സിംഗ് ഠാക്കൂറാണ്. സംഘപരിവാരവുമായി പൂര്‍വകാലത്തുതന്നെ ബന്ധമുണ്ടായിരുന്ന പ്രഗ്യാന്‍ സിംഗ് ആര്‍ ഡി എക്‌സ് ഉള്‍പ്പെടെയുള്ള മാരകായുധങ്ങളെ ആശ്രയിക്കുന്ന വ്യക്തിയാണെന്ന് മാലേഗാവ് സ്‌ഫോടനം തെളിയിച്ചു. ലാഭ - ക്രോധ - മോഹ - ലോഭങ്ങള്‍ വെടിയുന്ന സന്ന്യാസമല്ല പ്രഗ്യാന്‍ സിംഗ് ഠാക്കൂര്‍മാരുടേതെന്നും മാലേഗാവ് സ്‌ഫോടനം തെളിയിച്ചു. സൈന്യത്തില്‍ പോലും ഇത്തരക്കാര്‍ക്ക് നുഴഞ്ഞു കയറാന്‍ കഴിഞ്ഞുവെന്നത് ഏറെ ആശങ്ക ഉണര്‍ത്തുന്ന വസ്തുതയായിരുന്നു. കേണല്‍ പുരോഹിത് അടക്കമുള്ളവര്‍ ഭീകരാക്രമണ പദ്ധതിയിലെ നെടുംതൂണുകളായിരുന്നുവെന്നാണ് വെളിപ്പെടുത്തലുകള്‍.

ബോംബിനെ ബോംബുകൊണ്ട് തന്നെ നേരിടണം എന്ന ആശയമാണ് ആര്‍ എസ് എസ് മുന്നോട്ടുവെച്ചതെന്ന് അസിമാനന്ദ സി ബി ഐയോട് വെളിപ്പെടുത്തിയിരിക്കുന്നു.

'ഹൈന്ദവ ഭീകരത'യും 'ഇസ്ലാം ഭീകരത'യും ഒന്നുപോലെ രാജ്യത്തിന് വിപത്താണ് സൃഷ്ടിക്കുന്നത്.  രാജ്യത്തെ അസ്ഥിരപ്പെടുത്തുവാനും ജനാധിപത്യ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുവാനും മതനിരപേക്ഷ സംസ്‌കാരത്തെ ക്ഷയിപ്പിക്കുവാനുമാണ് ഈ ശക്തികള്‍ യത്‌നിക്കുന്നത്.

ഒരു മതവും മനുഷ്യരെ കൊല്ലാനോ സമൂഹത്തെ അസ്ഥിരപ്പെടുത്തുവാനോ ആഹ്വാനം ചെയ്യുന്നില്ല. എല്ലാ മതങ്ങളും സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും സൗഹൃദത്തിന്റെയും സഹാനുഭൂതിയുടെയും സഹിഷ്ണുതയുടെയും വിശാല ഗാഥകളാണ് മുന്നോട്ട് വയ്ക്കുന്നത്. എല്ലാ മതത്തിലുമുള്ള മഹാഭൂരിപക്ഷംപേര്‍ ഈ പ്രമാണങ്ങളെ അനുസരിക്കുകയും സഹിഷ്ണുതയും സ്‌നേഹവുമുള്ളവരായി കഴിയുകയും ചെയ്യുന്നു. എന്നാല്‍ എല്ലാ മതത്തിലുമുള്ള വളരെ ചെറിയ ന്യൂനപക്ഷം മതം നല്‍കുന്ന മഹനീയ സന്ദേശങ്ങളെ തമസ്‌കരിക്കുകയും ഭീകരതയ്ക്കായി ഉപയോഗിക്കുകയും ചെയ്യുന്നു. തീര്‍ത്തും അപകടകരമായ ഈ പ്രവണതയെ ചെറുക്കാന്‍ മതനിരപേക്ഷ ജനത ആശയപരമായി ആയുധമണിയേണ്ടതുണ്ട്.

ഏതെങ്കിലും ഒരു മതത്തിന്റെ പ്രതിനിധികള്‍ മാത്രമല്ല ഭീകരതയുടെ നീചവഴിയിലൂടെ സഞ്ചരിക്കുന്നതെന്ന് അസിമാനന്ദയുടെ വെളിപ്പെടുത്തലുകളും മാലേഗാവ്-മഡ്ഗാവ് സ്‌ഫോടനങ്ങളുടെ വസ്തുതകളും തെളിയിക്കുന്നു.

രാജ്യം നേരിടുന്ന കടുത്ത വെല്ലുവിളിയും പ്രതിസന്ധിയുമാണ് മതഭീകരത എന്ന തിരിച്ചറിവോടെ അതിനെ പ്രതിരോധിക്കുവാന്‍ ഭരണ സംവിധാനം മുന്നോട്ടുവരണം. അതിനൊപ്പം രാജ്യസ്‌നേഹികളും മതേതര വിശ്വാസികളും പ്രതിരോധനിരയില്‍ അണിനിരക്കണം. അതാണ് കാലഘട്ടത്തിന്റെ ആവശ്യം.

ജനയുഗം മുഖപ്രസംഗം 090111

5 comments:

  1. മതഭീകരതയുടെ ദുരന്തങ്ങള്‍ നിരന്തരം അഭിമുഖീകരിക്കുന്ന രാഷ്ട്രമായി ഇന്ത്യ വര്‍ത്തമാനകാലത്ത് മാറിത്തീര്‍ന്നിട്ടുണ്ട്. ഒരു മതം മാത്രമാണ് ഭീകരതയ്ക്ക് പിന്നിലെന്ന പ്രചരണം ശക്തമായിരുന്നു. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ ദുഷ്ടലാക്കോടുകൂടിയുള്ള പ്രചരണമായിരുന്നു അത്. ഇറാഖിനിനെയും അഫ്ഗാനിസ്ഥാനെയും ആക്രമിക്കുന്നതിനും ഇറാനെയും സിറിയയെയും ഭീഷണിപ്പെടുത്തുന്നതിനും പലസ്തീനുനേരെയുള്ള അതിക്രമങ്ങള്‍ക്ക് ന്യായീകരണം കണ്ടെത്തുന്നതിനുമുള്ള ഉപാധിയായിരുന്നു അമേരിക്കയുടെ പ്രചരണം.

    ReplyDelete
  2. മുഖ പ്രസംഗം ഗംഭീരമായിരിക്കുന്നു. പക്ഷേ, ഒരുപാട് ഒരുപാട് വൈകി പോയി. എനി കുറെ പ്രസംഗിച്ചത് കൊണ്ടോ, കരഞ്ഞതു കൊണ്ടോ നമ്മള്‍ ചെയ്ത് കൂട്ടിയ പാപങ്ങള്‍ ഇല്ലാതാവും എന്നു കരുതുന്നുണ്ടോ ? മേല്‍ പറഞ്ഞ സ്പോടനങ്ങള്‍ നടന്ന ദിവസങ്ങളിലെ നമ്മുടെ തന്നെ പ്ത്രങ്ങളില്‍ ഇസ്ലാമിക ഭീകരവാദത്തിന്റെ നിറം പിടിപ്പിച്ച എത്രയെത്ര കഥകളാണ് മാന്തി പുറത്തിട്ടത്. ജനത്തെ മുഴുവന്‍ ആ കഥകള്‍ പറഞ്ഞു വിശ്വസിപ്പിച്ചില്ലേ ! അന്നേ ചില കോണില്‍ നിന്നും ഇതിനു വിപരീതമായി കുറച്ച് വാര്‍ത്തകള്‍ വന്നെങ്കിലും ആരും തന്നെ അതിന്റെ പുറകെ പോയി അന്വേഷിക്കാന്‍ ശ്രമിച്ചതായി കണ്ടില്ല. ഒരു കാര്‍കരെ ഇല്ലായിരുന്നെങ്കില്‍ നമുക്ക് ഇങ്ങിനെയൊരു മുഖപ്രസംഗം തന്നെ എഴുതേണ്ടി വരില്ലായിരുന്നു. ആത്മാര്‍ഥതയോടെയാണു ഇതെഴുതിയതെന്ന് ജനത്തിനു തോന്നുകയില്ല . കാരണം, മേല്‍ സ്പോടനങ്ങളില്‍ അഴികള്‍ക്കുള്ളിലായ നിരപരാധികളായ കുറെ മനുഷ്യര്‍ കൊടും പീഡനങ്ങളേറ്റു നരകിക്കുമ്പോള്‍ , അവരെക്കുറിച്ച് ഒരു വാക്ക് പറയാന്‍ പോലും മുഖപ്രസാംഗത്തിനു സാധിക്കുന്നില്ല.

    എനി വേറൊരു ദിവസം നമുക്ക് സാക്ഷാല്‍ അബ്ദുല്‍നാസര്‍ മദനിക്കു വേണ്ടിയും ഒന്നു കരയാം. എല്ലാം കഴിഞ്ഞതിനു ശേഷം. ! ഇവിടെ കാര്‍കരെയ്ക്കു പകരം ഒരു ഷാഹിനയാണ് . എന്താണു സംഭവിക്കുക എന്നു പറയാന്‍ കഴിയാത്ത ഒരവസ്ഥ. നമ്മള്‍ ആണും പെണ്ണും കെട്ട അവസ്ഥയിലും

    ReplyDelete
  3. aaru theevravadam cheythalum ath thetu thanne ...avare shishiche theeru.... ath arayalum .... avar ee rajyathu jeevickan arharalla .....

    ReplyDelete
  4. ഇപ്പോഴും തടിയണ്റ്റെവിട നസീറും സുരേഷ്‌ നായരും ഇടതുപക്ഷ ചാനലുകള്‍ക്ക്‌ വരെ രണ്ടുതരം വിഭവമാണ്‌. നസീറ്‍ ആഘോഷിക്കപ്പെടാനുള്ളതും നായര്‍ അമര്‍ത്തി വയ്ക്കാനുള്ളതും.. !

    ReplyDelete
  5. സ്വാമി അസിമാനന്ദിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍, മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റിലായ യുവാക്കളെ മോചിപ്പിക്കണമെന്ന് മുസ്ളിം സംഘടനകളുടെ പ്രതിനിധിസംഘം മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി ആര്‍ ആര്‍ പാട്ടീലിനോട് ആവശ്യപ്പെട്ടു. മലേഗാവ് സ്ഫോടനവുമായി ബന്ധപ്പെട്ട് പതിനഞ്ചോളം മുസ്ളിം യുവാക്കളാണ് അറസ്റിലായത്. ആര്‍എസ്എസ് പ്രവര്‍ത്തകരുടെ പങ്ക് അസിമാനന്ദ് വെളിപ്പെടുത്തിയ പശ്ചാത്തലത്തില്‍ ഇവരെ വെറുതെവിടണം- പ്രതിനിധി സംഘത്തെ നയിച്ച മുന്‍ എംഎല്‍എ സുഷീല്‍ ലോങ്കവാല ആവശ്യപ്പെട്ടു. സിമിയെപ്പോലെ ആര്‍എസ്എസിനെയും നിരോധിക്കണമെന്ന് പ്രതിനിധിസംഘം ആവശ്യപ്പെട്ടു. സ്ഫോടനവുമായി ബന്ധപ്പെട്ട് തടവില്‍ക്കഴിയുന്ന യുവാക്കളെ വിട്ടയക്കാന്‍ മുന്‍ മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി എംഎല്‍എയുമായ നവാബ് മാലിക് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനോട് ആവശ്യപ്പെട്ടു. ഇതേ ആവശ്യമുന്നയിച്ച് എസ്പി എംഎല്‍എ അബു അസിം ആസ്മിയും മുഖ്യമന്ത്രിയെ കണ്ടിരുന്നു.

    ReplyDelete